Follow Us On

09

March

2025

Sunday

ഓഗസ്റ്റ് 15: മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍

1950 നവംബര്‍ ഒന്നിന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് ‘മാതാവിന്റെ സ്വര്‍ഗ്ഗാരോപണം’ കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്. തീര്‍ച്ചയായും അപ്പസ്തോലന്‍മാരില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ള വിശ്വാസ-നിക്ഷേപത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ വിശ്വാസവും.

പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ കാതല്‍. ഇതോടു കൂടി പുരാതനവിശ്വാസം കത്തോലിക്കാ സിദ്ധാന്തമാവുകയും, ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ട ഒരു സത്യമാണ് സ്വര്‍ഗ്ഗാരോഹണം എന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

പരിശുദ്ധ അമ്മയുടെ പേരിലുള്ള ഏറ്റവും പഴക്കമേറിയ തിരുനാള്‍ ദിനം സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആണ്. എന്നാല്‍ ഈ തിരുനാളാഘോഷം ഏറ്റവും ആദ്യമായി നിലവില്‍ വന്നതെങ്ങിനെ എന്ന് അറിവില്ല. ഇത് റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ ജെറുസലേം നഗരം വിശുദ്ധ നഗരമായി പുനസ്ഥാപിച്ച (c. 285-337) കാലങ്ങളില്‍ ആയിരുന്നിരിക്കാമെന്ന് കരുതപ്പെടുന്നു.

ഏതാണ്ട് 135-ല്‍ ചക്രവര്‍ത്തിയായിരുന്ന ഹഡ്രിയന്‍ (76-138) ഈ നഗരം ഇടിച്ചു നിരപ്പാക്കി. പിന്നീട് ജൂപ്പീറ്ററിന്റെ ആദരണാര്‍ത്ഥം പുതുക്കി പണിതത് മുതല്‍ ഏതാണ്ട് രണ്ട് നൂറ്റാണ്ടോളം ഈ നഗരം വിജാതീയരുടെ നഗരമായി നിലകൊള്ളുകയായിരുന്നു. ആ ഇരുനൂറ് വര്‍ഷക്കാലയളവില്‍ യേശുവിന്റെ എല്ലാ ഓര്‍മ്മകളും ഇവിടെ നിന്നും നശിപ്പിക്കപ്പെടുകയും, കര്‍ത്താവിന്റെ ജീവിതം മരണം, ഉത്ഥാനം തുടങ്ങിയവ കൊണ്ട് വിശുദ്ധമാക്കപ്പെട്ട സ്ഥലങ്ങളെല്ലാം വിജാതീയരുടെ ക്ഷേത്രങ്ങളായി മാറ്റപ്പെടുകയും ചെയ്തു.

336-ല്‍ ‘ഹോളി സെപ്പള്‍ച്ചര്‍’ ദേവാലയം നിര്‍മ്മിക്കപ്പെട്ടതിനു ശേഷമാണ്, ആ വിശുദ്ധ സ്ഥലങ്ങളെല്ലാം പുനരുദ്ധരിക്കപ്പെടുകയും, നമ്മുടെ കര്‍ത്താവിന്റെ ഓര്‍മ്മപുതുക്കലുകള്‍ ജെറുസലേമിലെ ജനങ്ങള്‍ കൊണ്ടാടി തുടങ്ങുകയും ചെയ്തത്. യേശുവിന്റെ മാതാവിനെ കുറിച്ചുള്ള ഒരു ഓര്‍മ്മ, പുരാതന ക്രൈസ്തവ സമൂഹം ജീവിച്ചിരുന്ന സിയോന്‍ മലയിലെ ‘മറിയത്തിന്റെ കബറിടത്തെ’ ചുറ്റിപ്പറ്റിയുള്ളതാണ്. മറിയം നിത്യവിശ്രമം പ്രാപിച്ച സ്ഥലമാണ് ആ മല. അവിടെവെച്ചാണ് മറിയം മരിച്ചത്. ആ സമയത്ത് മറിയത്തിന്റെ ഓര്‍മ്മപുതുക്കല്‍ ആഘോഷിക്കപ്പെട്ടിരുന്നു. പില്‍ക്കാലത്ത് അത് സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആയി മാറി.

ഒരുകാലത്ത് മറിയത്തിന്റെ ഓര്‍മ്മപുതുക്കല്‍ പലസ്തീനില്‍ മാത്രമേ രേഖപ്പെടുത്തപ്പെട്ടിരുന്നുള്ളു, പിന്നീട് ചക്രവര്‍ത്തി ഈ തിരുനാളിനെ കിഴക്കന്‍ രാജ്യങ്ങളിലെ സഭകളിലെല്ലാം പ്രചാരത്തില്‍ വരുത്തി.

ഏഴാം നൂറ്റാണ്ടില്‍, ‘ദൈവമാതാവിന്റെ ഗാഢ നിദ്ര’ (Falling Asleep (Dormitio) of the mother of God) എന്ന പേരില്‍ ഈ തിരുനാള്‍ റോമില്‍ ആഘോഷിക്കപ്പെട്ടു തുടങ്ങി. മാതാവിന്റെ മരണത്തേക്കാളുപരിയായ പല കാര്യങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് അധികം താമസിയാതെ ഈ ആഘോഷത്തിന്റെ പേര് “മറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണം” (Assumption of Mary) എന്നായി മാറി. പരിശുദ്ധ മാതാവ് തന്റെ ഉടലോടും, ആത്മാവോടും കൂടി സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെട്ടു എന്ന് ഈ തിരുനാള്‍ പ്രഖ്യാപിക്കുന്നു. ഈ വിശ്വാസം അപ്പസ്തോലന്‍മാരുടെ കാലത്തോളം പഴക്കമുള്ള ഒന്നാണ്.

പരിശുദ്ധ മറിയത്തിന്റെ തിരുശേഷിപ്പുകള്‍ ഒന്നും തന്നെ ആദരിക്കപ്പെട്ടിരുന്നില്ല എന്ന വസ്തുത ആദ്യം മുതലേ വ്യക്തമാക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ജെറുസലേമിന്റെ ഒരറ്റത്ത് അവള്‍ മരണപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കല്ലറ മാത്രമാണ് ആകെ ഉള്ളത്. ആ സ്ഥലം അധികം താമസിയാതെ ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറുകയും ചെയ്തു. ഇപ്പോള്‍ ആ സ്ഥലത്ത് ‘ഡോര്‍മീഷന്‍ ഓഫ് മേരി’ എന്ന ബെനഡിക്ട്ന്‍ ആശ്രമമാണ് സ്ഥിതി ചെയ്യുന്നത്.

മെഡിറ്ററേനിയന്‍ ലോകത്തിലെ മുഴുവന്‍ മെത്രാന്‍മാരും പങ്കെടുത്ത് കൊണ്ട് 451-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ചാൽസിഡോൺ സുനഹദോസ് കൂടിയപ്പോള്‍, തങ്ങളുടെ തലസ്ഥാനത്ത് സൂക്ഷിക്കുവാനായി പരിശുദ്ധ മറിയത്തിന്റെ തിരുശേഷിപ്പുകള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ട് വരുവാന്‍ മാര്‍സിയന്‍ ചക്രവര്‍ത്തി ജെറുസലേമിലെ പാത്രിയര്‍ക്കീസിനോട് ആവശ്യപ്പെട്ടു. പിന്നീട് അവളുടെ കല്ലറ തുറന്ന് നോക്കിയെങ്കിലും അത് ശൂന്യമായി കിടക്കുന്നതാണ് കണ്ടതെന്നും അതിനാല്‍ മറിയം ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെട്ടുവെന്ന് അപ്പസ്തോലന്‍മാര്‍ അനുമാനിച്ചുവെന്നും പാത്രിയാര്‍ക്കീസ് ചക്രവര്‍ത്തിയെ അറിയിച്ചു.

എട്ടാം നൂറ്റാണ്ടില്‍ ജെറുസലേമിലെ വിശുദ്ധ സ്ഥലങ്ങളില്‍ ദിവ്യ കര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതില്‍ പ്രസിദ്ധനായിരുന്നു വിശുദ്ധ ജോണ്‍ ഡമാസെന്‍സ്‌. മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിനെക്കുറിച്ചുള്ള തിരുസഭയുടെ വിശ്വാസം പരിശുദ്ധ മറിയത്തിന്റെ കബറിടത്തില്‍ വെച്ച് വിശുദ്ധന്‍ ഇപ്രകാരം പ്രകടിപ്പിക്കുകയുണ്ടായി. “മൃതദേഹം യഥാവിധി അടക്കം ചെയ്തുവെങ്കിലും, അത് മരണപ്പെട്ട അതേ അവസ്ഥയില്‍ അവിടെ കണ്ടെത്തുവാന്‍ കഴിയുകയോ, മൃതദേഹം അഴുകുകയോ ചെയ്തിട്ടില്ല. അങ്ങ് അങ്ങയുടെ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക്‌ എടുക്കപ്പെട്ടു, ഓ മാതാവേ, രാജ്ഞി, അങ്ങ് സത്യത്തില്‍ ദൈവമാതാവാണ്”. മറിയത്തിന്റെ ജീവിതരഹസ്യവും, രക്ഷാകര ദൗത്യത്തിലുള്ള അവളുടെ പങ്കും അടയാളപ്പെടുത്തുന്നവയാണ് മറിയത്തിന്റെ എല്ലാ തിരുനാളുകളും.

ദൈവകുമാരന് ജീവന്‍ നല്‍കിയ ശരീരം അഴുകുന്നത് ശരിയല്ലാത്തതിനാല്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തോടു കൂടി മറിയത്തിലുള്ള ദൈവത്തിന്റെ പദ്ധതികള്‍ പൂര്‍ണ്ണമായി. ഭൂമിയിലെ നമ്മുടെ നശ്വരമായ ജീവിതം അവസാനിക്കുമ്പോള്‍ നാം നയിക്കപ്പെടുന്ന പാതയിലേക്കാണ് ഈ തിരുനാള്‍ നമ്മുടെ കണ്ണുകളെ തിരിക്കുന്നത്. അനശ്വരതയിലേക്ക് ഉറ്റു നോക്കുന്നതാണ് പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍. നമ്മുടെ ജീവിതാവസാനത്തിനു ശേഷം നമുക്കും മാതാവിനെ പിന്‍ചെല്ലുവാന്‍ കഴിയുമെന്ന പ്രതീക്ഷ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ നമുക്ക്‌ നല്‍കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?