Follow Us On

22

January

2025

Wednesday

ദൈവത്തിന്റെ വഴികൾ!

‘വെറും ലോഹമായ നമ്മെ ഉലയിൽവെച്ച് ഊതി ഉരുക്കി സ്ഫുടം ചെയ്ത് തനിത്തങ്കമാക്കി മാറ്റുന്ന മഹാനായ ശിൽപ്പി തന്നെയല്ലേ ദൈവം’- തിരുഹൃദയ തിരുനാളിൽ (ജൂൺ 16)
വായിക്കാം, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന ചിന്ത.

കൂടെ സഞ്ചരിക്കുന്നവനാണ് (എമ്മാനുവൽ) ദൈവം. ‘ഞാൻ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നൽകുകയും ചെയ്യും,’ (പുറ.33:14). വിശ്വസിക്കുന്നവരോടൊപ്പം അവരുടെ താങ്ങും തണലുമായി നടക്കുന്ന ദൈവം നമ്മുടെ സങ്കടങ്ങളിൽ ആശ്വാസവും ആവശ്യങ്ങളിൽ സന്നിഹിതനും സദാ സന്നദ്ധതയുള്ള സഹായിയുമാണ്. കരുതലോടെ നമ്മെ കാക്കുന്ന കർത്താവാണവിടുന്ന്.

ദൈവം നിർവികാരനോ നിശ്ചലനോ അല്ല. മനുഷ്യമക്കളോടൊപ്പം പങ്കുപറ്റാൻ, അവരോടൊപ്പം ചരിക്കാൻ, കൂടെ വസിക്കാനൊക്കെ ഏറെ കൊതിക്കുന്ന സ്‌നേഹപിതാവായ ദൈവത്തിന്റെ മനസ് നമുക്ക് കാണാൻ കഴിയണം. ഒരു നല്ല അപ്പന് തന്റെ പ്രിയമക്കളെ അനാഥമായി വിട്ടിട്ടു സന്തോഷവാനായിരിക്കാൻ കഴിയുമോ? പെറ്റമ്മ നമ്മെ മറക്കുകയോ ത്യജിക്കുകയോ ചെയ്താലും ദൈവത്തിന് ഒരിക്കലും അതിനാവില്ല. ‘സകലരുടെയും കണ്ണുനീർ അവിടുന്ന് തുടച്ചുനീക്കും.’ (ഏശ.25:8).

ഒരു സംഭവം ഓർമയിലെത്തുന്നു. എട്ടു വർഷത്തെ കഠിന തടവു കഴിഞ്ഞ് ജയിൽ വിമോചിതനായ ഒരു യുവാവിന്റെ കഥ. താൻ എല്ലാവരാലും വെറുക്കപ്പെട്ടവനും ത്യജിക്കപ്പെട്ടവനുമെന്ന് കരുതിയ അയാൾ നിസ്സംഗനായി മുന്നിൽ നീളുന്ന പാതയിലൂടെ അലക്ഷ്യമായി നടക്കുകയായിരുന്നു. ‘ഒന്നു നിൽക്കണേ,’ എന്ന സ്വരംകേട്ട് അയാൾ നിന്നു. അയഞ്ഞ നിക്കർ മാത്രം ധരിച്ച് ആകെ മുഷിഞ്ഞ് ക്ഷീണിച്ച ഒരു ആൺകുട്ടി തന്റെ അടുക്കലേക്ക് നടന്നുവരുന്നത് അയാൾ കണ്ടു.

ആ കുട്ടി അയാളോട് ചോദിച്ചു: ‘വരാൻ എന്താ ഇത്ര വൈകിയത്?’ അയാൾ അന്ധാളിച്ചുപോയി. ‘ആരു വൈകിയെന്നാ….?’ ഉത്തരം: ‘വൈകിയാലും വരുമെന്ന് എനി ക്കുറപ്പുണ്ടായിരുന്നു, മരിക്കാൻ നേരത്ത് അമ്മ എന്നോട് പറഞ്ഞിരുന്നു.’ അമ്മയെ മറവു ചെയ്തതുമുതൽ അവനെന്നും അവിടെ കാത്തുനിൽക്കുമായിരുന്നു. ‘ആരു വിളിച്ചിട്ടും ഞാൻ പോയില്ല.എനിക്കു വേറെയാരാണുള്ളത്?’ അവന്റെ ശബ്ദം ഇടറി. നിറമിഴികൾ പൊത്തി അവൻ തേങ്ങി. സംഭ്രമത്തോടെ അയാൾ ചോദിച്ചു: ‘കുട്ടീ ഞാനാരാണെന്നാണ് നീ വിചാരിക്കുന്നത്?’ ‘ദൈവം….അല്ലാതാരാ?’ പൂർണബോധ്യമുള്ളതുപോലെ അവൻ പറഞ്ഞു.

മെലിഞ്ഞ കൈകൾകൊണ്ട് അവൻ ആ മനുഷ്യനെ ചുറ്റിപ്പിടിച്ചു. ‘ഞാൻ ഇത്രനാൾ സഹിച്ചതൊന്നും കണ്ടില്ലേ?’ അവൻ ആ മനുഷ്യന്റെ പാർശ്വത്ത് മുഖം അമർത്തി തേങ്ങി. ‘അമ്മ പറഞ്ഞിരുന്നു ഏതു വേഷത്തിലും വരാമെന്ന്. എങ്ങനെ ആയാലെന്താ ഞാൻ പെട്ടെന്നു തിരിച്ചറിഞ്ഞില്ലേ?’ ‘എന്റെ ദൈവം എന്റെ പ്രാർത്ഥന കേട്ടു’ (മിക്ക 7:7).

അയാൾ അവനെ ചേർത്തു തലോടി. അവൻ സാവധാനം മുഖമുയർത്തി. അവന്റെ കണ്ണുകളിലും മുഖത്തും നവമായ ഒരു പ്രകാശം പരന്നതുപോലെ. അയാൾ അവന്റെ കണ്ണുകളിലേക്ക് മാറിമാറി നോക്കി. ആ കുട്ടിയുടെ കണ്ണുകളിലൂടെ ആ മനുഷ്യന് അയാളെത്തന്നെ കാണാനായി. അവന്റെ ചെമ്പിച്ച മുടിയും വാടിയ മുഖവും തലോടിക്കൊണ്ട് അയാൾ പറഞ്ഞു: ‘ഞാനും വിചാരിച്ചിരുന്നു എനിക്കിനി ആരുമില്ലല്ലോ എന്ന്.’

ഇല്ലായ്മകളെ ഉള്ളായ്മകളാക്കുകയും കരുതലോടെ കാത്തിരിക്കുകയും ചെയ്യുന്ന ദൈവം! ‘കർത്താവാണ് എന്റെ കാവൽക്കാരൻ നിനക്ക് തണലേകാൻ അവിടുന്ന് നിന്റെ വലതുഭാഗത്തുണ്ട്’ (സങ്കീ.121:5). വെറും ലോഹമായ നമ്മെ ഉലയിൽവെച്ച് ഊതി ഉരുക്കി സ്ഫുടം ചെയ്ത് തനിത്തങ്കമാക്കി മാറ്റുന്ന മഹാനായ ശിൽപ്പി തന്നെയല്ലേ ദൈവം. നമ്മെ അനാഥരായി വിടാത്ത നമ്മെക്കുറിച്ച് നിയതവും ശുഭകരവുമായ പദ്ധതികളുള്ളവനാണ് അവിടുന്ന്. ‘അവിടുന്ന് തന്റെ മാർഗങ്ങൾ നമ്മെ പഠിപ്പിക്കുന്നു. നമുക്ക് അവിടുത്തെ വഴികളിലൂടെ നടക്കാം’ (മിക്ക 4:2).

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?