ലൂർദിനും ഫാത്തിമയ്ക്കും വളരേമുമ്പേ, പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്താൽ അനുഗൃഹീതമായ ദേശമാണ് ഫ്രാൻസിലെ ലാസലെറ്റ്. തന്റെ പുത്രന്റെ സന്നിധിയിലേക്ക് മടങ്ങിവരൂ എന്ന അപേക്ഷയുമായി കണ്ണീരോടെ പരിശുദ്ധ അമ്മ ലാസലെറ്റിൽ നൽകിയ സന്ദേശം ഇന്നും പ്രസക്തമാണ്.
ഒരു കാലഘട്ടത്തിൽ, ‘കത്തോലിക്ക സഭയുടെ മൂത്തപുത്രൻ’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ദേശമായിരുന്നു ഫ്രാൻസ്. ലോകത്തിനുതന്നെ ക്രിസ്തുവിന്റെ പ്രകാശം പരത്താൻ കഴിവുള്ള വിശ്വാസീസമൂഹവും വിശുദ്ധ ജോൺ മരിയ വിയാനിയെപ്പോലെ ഒത്തിരിയേറെ പുണ്യാത്മാക്കളും ജീവിച്ച സ്ഥലം. പരിശുദ്ധ അമ്മയോട് പ്രത്യേക ഭക്തിയും ആദരവും ഫ്രാൻസിലെ ജനങ്ങൾക്ക് ഉണ്ടായിരുന്നു എന്നതിന് തെളിവാണ് മാതാവിന്റെ നാമധേയത്തിൽ ഫ്രാൻസിൽ തലയുയർത്തി നിൽക്കുന്ന ദൈവാലയങ്ങൾ.
എന്നാൽ, 1789ൽ ആരംഭിച്ച ഫ്രഞ്ച് വിപ്ലവം ഫ്രാൻസിന്റെ ദൈവവിശ്വാസത്തെ വെല്ലുവിളിച്ചു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിങ്ങനെ പൊതുവെ സ്വീകാര്യമായ മുദ്രാവാക്യങ്ങളിലൂടെ വിപ്ലവം ജനഹൃദയങ്ങളിൽ വേരിറക്കിയപ്പോൾ ഇളക്കം തട്ടിയത് നൂറ്റാണ്ടുകളുടെ കെട്ടുറപ്പുള്ള വിശ്വാസത്തൂണുകൾക്കാണ്. പലയിടങ്ങളിലും വിശ്വാസം യുക്തിക്ക് വഴിമാറി. ‘നോത്രദാം’ കത്തീഡ്രലിൽ ശത്രുക്കൾ പരസ്യമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. ഫ്രാൻസിലെ അനേകം ആശ്രമങ്ങളും ദൈവാലയങ്ങളും വിപ്ലവസൈന്യം പിടിച്ചെടുത്തു. പതിനേഴായിരത്തോളം മിഷനറിമാർ കഴുത്തറുത്ത് കൊല്ലപ്പെട്ടു.
ഡാർവിന്റെ പരിണാമസിദ്ധാന്തം, മനുഷ്യസൃഷ്ടി ദൈവത്തിൽ നിന്നാണെന്ന വിശ്വാസത്തെ പരിണാമത്തിലേക്കും യുക്തിയിലേക്കും പറിച്ചുനട്ടു. മനുഷ്യൻതന്നെയാണ് മനുഷ്യന്റെ അധിപതി എന്നതിലേക്ക് കാര്യങ്ങൾ നീങ്ങി. നിരീശ്വരവാദം കൊടികുത്തി വാണു. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് ഫ്രാൻസിലെ ആൽപ്‌സ് പർവതപ്രാന്തത്തോട് ചേർന്നു സ്ഥിതിചെയ്യുന്ന ലാസലെറ്റ് മലമുകളിൽ 1848 സെപ്റ്റംബർ 19ന് മാക്‌സിമിൻ (11 വയസ്), മെലനി (15 വയസ്) എന്നീ ഇടയകുട്ടികൾക്ക് പരിശുദ്ധ കന്യക നിറകണ്ണുകളുമായി പ്രത്യക്ഷപ്പെട്ട്, തന്റെ പുത്രന്റെ സന്നിധിയിലേക്ക് തിരിച്ചുവരണമെന്ന് അപേക്ഷിച്ചത്.
ദൈവത്തിൽനിന്ന് ജനം എപ്പോഴെല്ലാം അകന്നിട്ടുണ്ടോ അപ്പോഴെല്ലാം ദൈവിക വെളിപ്പെടുത്തലുകളുമായി പരിശുദ്ധ അമ്മ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതു മരിയൻ പ്രത്യക്ഷത്തിന്റെയും കാതലായ ഭാഗം എന്നത്, ദൈവത്തിലേക്കുള്ള തിരിച്ചുവരവിനുള്ള ആഹ്വാനവും ഓർമപ്പെടുത്തലുമാണ്. എന്നാൽ അതിനോടൊപ്പം ഓരോ കാലഘട്ടത്തിൽ സംഭവിക്കുന്ന അപചയങ്ങൾക്കും മൂല്യച്യുതികൾക്കുമുള്ള തിരുത്തലുകളും മരിയൻ പ്രത്യക്ഷങ്ങളിൽ കാണാനാകും.
മാതാവ് അവിടെ പ്രത്യക്ഷപ്പെട്ടത് എങ്ങിനെയാണ്, എന്തെല്ലാമാണ് ആ കുഞ്ഞുങ്ങളോട് പറഞ്ഞത് എന്നിവയിലൂടെ ലാസലെറ്റിലെ മരിയൻ ഇടപെടൽ നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ മനസിലാക്കിയെടുക്കാനാകും. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 7200 അടി ഉയരത്തിലാണ് ലാസലെറ്റ് മല സ്ഥിതി ചെയ്യുന്നത്. ആൽപ്‌സ് പർവതനിരകളുടെ ഓരംചേർന്ന് സ്ഥിതിചെയ്യുന്നതിനാൽ നവംബർ അവസാനം മുതൽ ഫെബ്രുവരി വരെ ശക്തമായ മഞ്ഞുവീഴ്ചയുള്ള സ്ഥലം കൂടിയാണിത്.
വളരെ പാവപ്പെട്ട കുടുംബത്തിൽനിന്നുള്ളവരായിരുന്നു മാക്‌സിമിനും മെലനിയും. സമൂഹത്തിൽ നിലയും വിലയുമില്ലാത്ത കുടുംബങ്ങൾ, ദരിദ്രർ. അക്ഷരവിജ്ഞാനമില്ലാത്ത കുട്ടികൾ. ദാരിദ്ര്യംമൂലം മെലനിയുടെ സഹോദരി പലപ്പോഴും ഭിക്ഷാടനത്തിനുവരെ പോയിരുന്നു. മാക്‌സിമിന്റെ കുടുംബത്തിന്റെ സ്ഥിതിയും ഏറെ വ്യത്യസ്തമല്ലായിരുന്നു. ഇപ്രകാരമുള്ള കുടുംബങ്ങളിൽനിന്നാണ് തന്റെ സന്ദേശം നൽകാൻ മാതാവ് പൈതങ്ങളെ തിരഞ്ഞെടുക്കുന്നതെന്നത് ചിന്തിക്കുമ്പോൾ ഒരുകാര്യം വ്യക്തം- മനുഷ്യൻ കാണുന്നതല്ല കർത്താവ് കാണുന്നത്!
ഒരു പാറക്കല്ലിൽ ഇരുന്ന് തന്റെ കരങ്ങളിൽ മുഖം അമർത്തി കരഞ്ഞുകൊണ്ടാണ് ലാസലെറ്റിൽ പ്രത്യക്ഷപ്പെട്ട കന്യകാമാതാവ് കുഞ്ഞുങ്ങൾക്ക് ദർശനം നൽകിയത്. തുടർന്ന് അവിടെനിന്ന് എഴുന്നേറ്റ് കുട്ടികളുമായി സംസാരിച്ച മുഴുവൻ സമയവും അവൾ കരയുകയായിരുന്നു. ‘അവൾ സംസാരിച്ചപ്പോൾ അവളുടെ കണ്ണുകളിൽനിന്ന് കണ്ണീർ ധാരധാരയായി ഒഴുകുകയായിരുന്നു. എന്നാൽ ആ കണ്ണീർതുള്ളികൾ നിലംപതിക്കാതെ അപ്രത്യക്ഷമായി,’ എന്നായിരുന്നു കുടട്ടകളുടെ സാക്ഷ്യം.
പരിശുദ്ധ കന്യകാമാതാവ് തന്റെ പ്രത്യക്ഷത്തിന്റെ മുഴുവൻ സമയവും കരഞ്ഞുകൊണ്ട് സന്ദേശം നൽകിയ ഏകസ്ഥലം ലാസലെറ്റാണ്. അതിനാൽ ലാസലെറ്റ് മാതാവിനെ ‘കരയുന്ന മാതാവ്’, ‘കണ്ണീരിന്റെ മാതാവ്’ എന്നും വിളിച്ചുവരുന്നു. പാദങ്ങൾവരെ നീണ്ടുകിടക്കുന്ന മേലങ്കിയും അതിനു മുകളിലായി കർഷകസ്ത്രീകൾ ധരിക്കാറുള്ള മേൽവസ്ത്രവും അമ്മ ധരിച്ചിരുന്നു. സാധാരണക്കാർക്കിടയിൽ സാധാരണക്കാരിയായി മാതാവ് വന്നത് അമ്മ നമുക്ക് ഏതൊരവസ്ഥയിലും സമീപസ്ഥയാണെന്ന ഉറപ്പ് തരുന്നതിനുകൂടിയാണ്.
പ്രാർത്ഥന, പരിത്യാഗം, തീക്ഷ്ണത എന്നീ മൂന്നു കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിരിക്കണമെന്ന് ലാസലെറ്റിലെ മരിയൻ പ്രത്യക്ഷം ഓർമപ്പെടുത്തുന്നു. മാതാവ് പാറക്കല്ലിൽനിന്ന് എഴുന്നേറ്റ് കുട്ടികളെ തന്റെ അരികിലേക്ക് ചേർത്തുനിർത്തി. അവർക്കിടയിലൂടെ ആർക്കും കടന്നുപോകാൻ പറ്റാത്തത്ര അടുപ്പത്തിലായിരുന്നു അവൾ. അതിനുശേഷമാണ് തന്റെ സന്ദേശങ്ങൾ മാതാവ് മക്കളിലൂടെ ലോകത്തിന് നൽകിയത്. ആ അമ്മയുടെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചിരുന്നു. ഏറെ സ്‌നേഹത്തോടെയാണ് അമ്മ കുട്ടികളോട് സംസാരിച്ചത്.
മാതൃദർശനം ലഭിച്ച ആ രണ്ടു പൈതങ്ങളും സാധാരണ ജീവിതം നയിച്ച് മരണം പ്രാപിച്ചു. അവരിലൂടെ നൽകപ്പെട്ട ആ സന്ദേശങ്ങൾക്ക് നൂറ്റാണ്ടുകൾക്കിപ്പുറവും പ്രസക്തിയുണ്ട്. ഏവരുടെയും മാനസാന്തരത്തിനും ആത്മീയ ഉണർവിനും തിരുസഭയോടുള്ള സ്‌നേഹത്തിനും നോമ്പിനും ഉപവാസത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ചുമുള്ള ആ അമ്മയടെ ഓർമപ്പെടുത്തലുകൾ നമുക്ക് മറക്കാതിരിക്കാം. നമ്മുടെ തിരിച്ചുവരവിനായി സ്വർഗത്തിൽനിന്ന് ഭൂമിയിലെത്തി കരഞ്ഞ അമ്മയാണവൾ. അനുരഞ്ജകയായ അമ്മ. ആ കണ്ണീരിനുള്ള മറുപടി നമ്മുടെ വിശുദ്ധ ജീവിതമല്ലാതെ മറ്റെന്താണ്?
Leave a Comment
Your email address will not be published. Required fields are marked with *