Follow Us On

02

December

2023

Saturday

ജപമാല എന്ന അത്ഭുതശക്തി!

സിസ്റ്റർ ഡാലിയ തെരേസ CMC

ജപമാല എന്ന അത്ഭുതശക്തി!

പ്രതിസന്ധികളെ അതിജീവിക്കാൻ ജപമാല പകർന്ന അത്ഭുതശക്തിയുടെ നിരവധി
സാക്ഷ്യങ്ങൾ മുന്നിലുള്ളപ്പോൾ, സമകാലീന വെല്ലുവിളികളെ അതിജീവിക്കാൻ നമുക്കും ജപമാല കരങ്ങളിലെടുത്ത്‌ പരിശുദ്ധ അമ്മയ്‌ക്കൊപ്പം ഈശോയുടെ തിരുമുഖം ധ്യാനിക്കാം, തിരുസഭ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ.

മറിയത്തിന്റെ പാഠശാലയിലിരുന്ന് ക്രിസ്തുവിനെ ധ്യാനിക്കുന്നതിനും അനുകരിക്കുന്നതിനുമുള്ള മാർഗമാണ് ജപമാല. ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ജീവിതത്തിന്റെയും വിശുദ്ധിയുടെയും പ്രാർത്ഥനയാണത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ‘പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല’ എന്ന അപ്പസ്‌തോലിക ലേഖനത്തിൽ പഠിപ്പിക്കുന്നതുപോലെ അത് അവിടുന്നിൽനിന്നും പഠിക്കലാണ്; അവിടുത്തോടുള്ള പ്രാർത്ഥനയാണ്, അവിടുത്തോടുള്ള നമ്മുടെ അനുരൂപപ്പെടലാണ്.

ജപമാല ചൊല്ലുക എന്നാൽ മറിയത്തോടൊപ്പം യേശുവിന്റെ തിരുമുഖം ധ്യാനിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല. അമ്മയെ ബഹുമാനിക്കുമ്പോൾ പുത്രനെയാണ് ബഹുമാനിക്കുകയും സ്‌നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നത്. തിരുസഭയിൽ പാഷണ്ഡത ശക്തമായിരുന്ന കാലത്ത് ഡൊമിനിക്കൻ സഭാംഗങ്ങൾ ഈ പ്രാർത്ഥന എങ്ങനെ പ്രയോജനപ്പെടുത്തിയെന്ന് ജപമാലയുടെ ചരിത്രം ഓർമിപ്പിക്കുന്നു. ഇന്നു നമ്മൾ പുതിയ പല വെല്ലുവിളികളും നേരിടുന്നുണ്ട്. എന്തുകൊണ്ട് മുമ്പേ പോയവരുടെ വിശ്വാസത്തോടുചേർന്ന് നമുക്കും ജപമാല ആശ്രയിച്ചുകൂടാ?

ജപമാല നമുക്ക് വഴിവിളക്കാണ്, ശക്തികേന്ദ്രമാണ്. നിരന്തരം ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ഒരു വ്യക്തി പാപത്തിന്റെയും അന്ധകാരത്തിന്റെയും ശാപത്തിന്റെയും കെടുതികളിൽനിന്നും രക്ഷിക്കപ്പെടും. കണ്ണീരൊഴുക്കി തന്റെ മുമ്പിൽ വിളിച്ചപേക്ഷിക്കുന്ന തന്റെ പ്രിയപ്പെട്ട മക്കൾക്ക് വാരിക്കോരി അനുഗ്രഹങ്ങൾ ചൊരിയുന്നവളാണ് പരിശുദ്ധ അമ്മ. നിരന്തരം ജപമാല ചൊല്ലുമ്പോൾ ചിലർക്കെങ്കിലും ആവർത്തനവിരസത തോന്നാം. ഒരു പ്രാവശ്യം നന്മനിറഞ്ഞ മറിയം ചൊല്ലിയാലും പോരേ, എന്തേ മാതാവു കേൾക്കില്ലേ? എന്നിങ്ങനെ ചോദിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്.

നന്മനിറഞ്ഞ മറിയമേ, നിനക്കു സ്തുതി. കർത്താവ് നിന്നോടുകൂടെ. സ്ത്രീകളിൽ നീ അനുഗ്രഹീതയാകുന്നു. നിന്റെ ഉദരഫലവും അനുഗ്രഹീതം! ഈ വാക്കുകൾ എന്താണ്? ദൈവത്തിന്റെ വചനമല്ലേ? വചനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് വചനം നിങ്ങളെ ശുദ്ധീകരിക്കും, വചനം നിങ്ങളെ സ്വതന്ത്രരാക്കും എന്നല്ലേ. നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഈ വചനങ്ങൾക്ക് വിശുദ്ധീകരിക്കാനും സ്വതന്ത്രരാക്കാനും കഴിയും. എന്നാൽ, ഈ വചനങ്ങൾക്കെതിരെ സാത്താൻ സർവശക്തിയുമെടുത്ത് പൊരുതും. കാരണം, രക്ഷയുടെ ആദ്യ വചനങ്ങളാണത്.

ആ വചനങ്ങൾക്ക് അമ്മ ‘ആമ്മേൻ’ പറഞ്ഞപ്പോഴാണ് സാത്താന്റെ പതനം ആരംഭിച്ചത്. അതുകൊണ്ടാണ് ജപമാല പ്രാർത്ഥനയോട് സാത്താനിത്ര വിദ്വേഷം. നന്മനിറഞ്ഞ മറിയമേ ആവർത്തിക്കുമ്പോൾ പരിശുദ്ധ കന്യകയെയാണ് സംബോധന ചെയ്യുന്നതെങ്കിലും മാതാവിനോടൊപ്പവും മാതാവിലൂടെയും നമ്മുടെ സ്‌നേഹപ്രകടനം യേശുവിലേക്കാണു ലക്ഷ്യം വച്ചിരിക്കുന്നത്.

ജപമാല സമാധാനത്തിന്റെ പ്രാർത്ഥനയാണ്. ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ ഓരോ ദിവസവും രക്തച്ചൊരിച്ചിലിന്റെയും ആക്രമണത്തിന്റെയും പുതിയ മുഖങ്ങൾ പ്രത്യക്ഷപ്പെടുന്ന സഹസ്രാബ്ദത്തിൽ ജപമാലയുടെ പുനരുത്ഥാനം നമ്മുടെ സമാധാനമാണ്. അതു ശത്രുതയുടെ മതിലുകൾ തകർത്തു നമ്മെ ഒന്നിപ്പിക്കുന്ന ക്രിസ്തുരഹസ്യത്തിൽ ലയിക്കുന്ന ധ്യാനം തന്നെയാണ്.

തന്മൂലം സമാധാനം പ്രസരിപ്പിക്കുന്നതിനോട് പ്രതിബദ്ധമായ മനസില്ലാതെ ഒരാൾക്കു ജപമാല ചൊല്ലാനാവില്ല. പ്രത്യേകിച്ച് ഓരോ ക്രിസ്ത്യാനിയുടെയും ഹൃദയത്തോട് ഏറെ ചേർന്നുനിൽക്കുന്ന ജപമാലയ്ക്ക് വളരെയധികം പ്രസക്തിയുണ്ട്. കുടുംബങ്ങളിൽ സമാധാനം ഉണ്ടാകുന്നതിന് മാധ്യസ്ഥം യാചിച്ച് വളരെ ഭക്തിയോടെ ജപമാലയർപ്പിച്ചാൽ അവിടേക്ക് സമാധാനവുമായി അമ്മ കടന്നുവരും.

ഭക്തിയോടെ നിരന്തരം, ജപമാല ചൊല്ലുന്ന പല സ്ഥലങ്ങളിലും സുഗന്ധവാഹിനിയായും പലവിധത്തിലുള്ള അടയാളങ്ങൾ നൽകിയും അമ്മ കടന്നുവരുന്നു. പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ട് അമ്മ തന്നെ പറയുന്നു നിങ്ങൾ ജപമാല ചൊല്ലി പ്രാർത്ഥിക്കുവിൻ എന്ന്.
പരിശുദ്ധ അമ്മയോടു നിരന്തരം ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നവരെ അമ്മ ഒരു നാളും കൈവിടില്ല. ഏത് അപകടകെണിയിലും നമുക്കു മുൻപേ പോയി അമ്മ നമ്മളെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.

അഖണ്ഡ ജപമാലയുടെ ശക്തി എത്ര വലുതാണ്! അമ്മ നമ്മുടെ കൂടെ ആയിരുന്ന് നമ്മെ സഹായിക്കുന്നു, അനുഗ്രഹിക്കുന്നു. നമുക്ക് ഇടവിടാതെ ജപമാല ചൊല്ലി പ്രാർത്ഥിക്കാം. എല്ലാ ശത്രുക്കളിൽനിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽനിന്നും വിടുതൽ പ്രാപിച്ച് വിശ്വാസത്തോടെ അമ്മയുടെ കരങ്ങളിൽ പിടിച്ച് നമുക്ക് മുന്നേറാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?