‘നിന്റെ തലയിലൂടെ ഞാന്‍ ഓട്ടയിടും’ എന്ന് പറഞ്ഞ് പാസ്റ്റര്‍ യൂറി സെമന്‍യുക്കിനെ കൊല്ലാനായി വേട്ടയാടിയ ഗുണ്ടാനേതാവ് ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളും ഭാര്യയും പാസ്റ്റര്‍ യൂറി സെമന്‍യുക്ക് നയിക്കുന്ന മിനിസ്ട്രിയുടെ ഭാഗമാണ്. ഗുണ്ടാനേതാവിനാല്‍ നിരന്തരം വേട്ടയാടപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്തൊന്നും തനിക്ക് ദൈവസാന്നിധ്യം അനുഭവിക്കാന്‍ കഴിഞ്ഞില്ലെന്ന് പാസ്റ്റര്‍ പറയുന്നു. എന്നാല്‍ നമുക്ക് ദൈവത്തെ അനുഭവിക്കാന്‍ പറ്റാത്തപ്പോഴും ദൈവം നമ്മോട് ഒപ്പമുണ്ടെന്ന് മുകളില്‍ നല്‍കിയിരിക്കുന്ന വിവാഹ ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സാക്ഷ്യപ്പെടുത്തുകയാണ്. നടുക്ക് നിന്ന് ദമ്പതികളെ അനുഗ്രഹിക്കുന്നത് പാസ്റ്റര്‍ യൂറി സെമന്‍യുക്കാണ്. അദ്ദേഹത്തെ കൊല്ലാനായി വേട്ടയാടിയ മാഫിയ നേതാവിന്റെ മകനാണ് വരന്‍. അടുത്ത് നില്‍ക്കുന്ന സുന്ദരിയായ വധു തന്റെ മകളാണെന്ന് പറയുമ്പോള്‍ യൂറിയുടെ തൊണ്ടയിടറുന്നില്ല. കാരണം ദൈവം വഴിനടത്തുന്ന അത്ഭുതാവഹങ്ങളായ ഇതുപോലുള്ള നിരവധി അനുഭവങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ ഒരോ ദിനവും കടന്നുപോകുന്നത്.
ഗവണ്‍മെന്റിന്റെയും മാഫിയുടെയും സോവ്യറ്റ് രഹസ്യാന്വേഷണ വിഭാഗമായ കെജിബിയുടെയും പോലും വെല്ലുവിളികളെ അതിജീവിച്ച് പാസ്റ്റര്‍ യൂറി സെമന്‍യുക്ക് സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന ട്രാന്‍സ്‌നിസ്ട്രിയയില്‍ നടത്തുന്ന ശുശ്രൂഷ ഈ വര്‍ഷം 25 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. ഐക്യരാഷ്ട്ര സഭ ഒദ്യോഗികമായി രാജ്യമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഒരു സ്വതന്ത്ര രാജ്യം പോലെ പ്രവര്‍ത്തിക്കുന്ന ഭരണപ്രദേശമാണ് സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന ട്രാന്‍സ്‌നിസ്ട്രിയ. റഷ്യയുടെ ശക്തമായ പിന്‍ബലം ഉള്ളതുകൊണ്ടും ഉക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്നതുകൊണ്ടും യുദ്ധത്തിന്റെ അന്തരീക്ഷത്തിലൂടെയാണ് ഈ പ്രദേശം ഇന്ന് കടന്നുപോകുന്നത്.
2000-ലാണ്, പാസ്റ്റര്‍ യൂറി സെമന്‍യുക്കും ഭാര്യയും 3 കുട്ടികളും മാതൃരാജ്യമായ ഉക്രെയ്നില്‍ നിന്ന് ട്രാന്‍സ്‌നിസ്ട്രിയയിലേക്ക് സുവിശേഷവുമായ കടന്നുവരുന്നത്. ഉക്രെയ്‌നില്‍ നിന്ന് ഏറെ അരാജകത്വം നിറഞ്ഞ ട്രാന്‍സ്‌നിസ്ട്രിയയിലേക്ക് കുടുംബമായി നടത്തിയ ആ പറിച്ചുനടലിന് പിന്നിലും അത്ഭുതാവഹമായ ഒരു ദൈവിക ഇടപടെലിന്റെ കഥയുണ്ട്. കോമയിലേക്ക് വഴുതി വീണ തന്റെ മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നാലും ‘പാരലൈസ്ഡ്’ ആയിരിക്കും എന്ന് ഡോക്ടര്‍മാരെല്ലാവരും വിധിയെഴുതിയ ഘട്ടത്തില്‍ യൂറി ദൈവവുമായി ഒരു സംഭാഷണം നടത്തി. ‘ ദൈവമേ നീ ഉണ്ടെന്ന് എനിക്കറിയാം. എന്റെ മകനെ സുഖപ്പെടുത്തിയാല്‍ ഞാന്‍ നിനക്ക് വേണ്ടി പ്രത്യേകമായ എന്തെങ്കിലും ചെയ്യാം’ എന്നതായിരുന്നു അന്ന് അദ്ദേഹം ദൈവത്തിന് നല്‍കിയ വാക്ക്. അടുത്ത ദിവസം ഡോക്ടര്‍മാരെ ഉള്‍പ്പടെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ മകന്‍ കോമയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ദൈവം അദ്ദേഹത്തോട് ട്രാന്‍സ്‌നിസ്ട്രിയയിലേക്ക് പോകുവാന്‍ വ്യക്തമായി ആവശ്യപ്പെടുന്നത്. എന്ത് ചെയ്യണമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മുന്‍പില്‍ ഭാര്യ ഓക്‌സാനക്ക് ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ,-‘ ദൈവത്തോട് നിങ്ങള്‍ വാക്കു കൊടുത്തതല്ലേ? ഇനി മറ്റ് മാര്‍ഗങ്ങളൊന്നുമില്ല.’
ട്രാന്‍സ്‌നിസ്ട്രിയയിലെ പ്രതികൂലമായ സാഹചര്യത്തില്‍ യൂറിയുടെ നേതൃത്വത്തില്‍ നടത്തിയ ദൈവികശുശ്രൂഷകളില്‍ ദൈവം അത്ഭുതാകരമായി ഇടപെട്ടു. അദ്ദേഹത്തിന്റെ സുവിശേഷ ശുശ്രൂഷയില്‍ പങ്കെടുത്തതിലൂടെ അനേകര്‍ മാനസാന്തരപ്പെട്ടു. കാന്‍സര്‍ പോലുള്ള മാരക അസുഖങ്ങള്‍ വരെ പലര്‍ക്കും സുഖപ്പെട്ടു. മാഫിയസംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരില്‍ ചിലര്‍ മാനസാന്തരപ്പെട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതോടെയാണ് പ്രദേശത്തെ മാഫിയ നേതാക്കളുടെ നോട്ടപ്പുള്ളിയായി യൂറിയും കുടുംബവും മാറിയത്. അവരുടെ നിരവധി അക്രമങ്ങളില്‍ നിന്ന് അത്ഭുതാകരമായി സംരക്ഷിക്കപ്പെട്ടതിന്റെ നിരവധി അത്ഭുതസാക്ഷ്യങ്ങള്‍ അദ്ദേഹത്തിന് പറയാനുണ്ട്. ”ഓരോ ദിവസവും രാവിലെ, ഞാന്‍ ഉണരുമ്പോള്‍, ഞാന്‍ എന്നോട് തന്നെ പറയും, ‘യൂറി, നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, സുവിശേഷം പ്രസംഗിക്കാന്‍ നിനക്ക് ഒരു ദിവസം കൂടിയുണ്ട്, ദൈവരാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ ഒരു ദിവസം കൂടിയുണ്ട്’ ”, അദ്ദേഹം പറയുന്നു
ഇന്ന് ട്രാന്‍സ്‌നിസ്ട്രിയയിലെ ഏറ്റവും വലിയ ഇവാഞ്ചലിക്കല്‍ മിനിസ്ട്രിക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു. സുവിശേഷ പ്രഘോഷണം, നേതൃത്വ പരിശീലനം, ആവശ്യക്കാര്‍ക്ക് വിറക്, ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ നല്‍കുന്നതുള്‍പ്പെടെയുള്ള സാമൂഹിക സഹായങ്ങള്‍, യുവാക്കള്‍ക്കായുള്ള ക്യാമ്പുകള്‍ തുടങ്ങിയ ശുശ്രൂഷകളില്‍ മിനിസ്ട്രി സജീവമാണ്. ’24 വര്‍ഷങ്ങള്‍ക്ക് ശേഷവും ഞങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു!,’ അദ്ദേഹം പറയുന്നു. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ അനിശ്ചിതാവസ്ഥയുടെ നടുവിലും തങ്ങളുടെ ശുശ്രൂഷകള്‍ ഇവര്‍ അഭംഗുരം തുടരുകയാണ്.’ഞങ്ങളുടെ വിളി ഞങ്ങള്‍ക്കറിയാം. സുവിശേഷം പ്രസംഗിക്കാനും ജനങ്ങളെ ശിഷ്യപ്പെടുത്താനുമാണ് ദൈവം നമ്മോട് ആവശ്യപ്പെട്ടത്. അതില്‍ മാറ്റമില്ല. യുദ്ധം ഉണ്ടെങ്കിലും യുദ്ധം ഇെല്ലങ്കിലും. ചുറ്റും നേരിടുന്ന സാഹചര്യം എന്തുതന്നെയായാലും, ഞങ്ങള്‍ വിളിയില്‍ ഉറച്ചു നില്‍ക്കുന്നു.’ യൂറി കൂട്ടിച്ചേര്‍ക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *