Follow Us On

22

January

2025

Wednesday

ജപമാലയെ തള്ളിപ്പറയരുത്, അത് സുവിശേഷമാണ്‌

ഡോ. സിബി മാത്യൂസ് ഐ.പി.എസ്

ജപമാല പ്രാർത്ഥന ബൈബിൾ അധിഷ്ഠിതമല്ലെന്ന് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ മാത്രമല്ല, ജപമാല അർപ്പണത്തെ കടമകഴിക്കൽപോലെ ചൊല്ലുന്നവർക്കുമുള്ള ഓർമപ്പെടുത്തലാണ് ഡോ. സിബി മാത്യൂസ് ഐ.പി.എസിന്റെ (റിട്ട.) ഈ ലേഖനം.

പരിശുദ്ധ അമ്മയുടെ ജപമാലഭക്തിക്കായി തിരുസഭ പ്രത്യേകമായി മാറ്റിവെച്ചിരിക്കുന്ന ഒക്‌ടോബർ മാസത്തിന്റെ സമാപനത്തിലേക്ക് നീങ്ങുകയാണ് നാം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയുള്ള ജപമാല പ്രാർത്ഥനയ്ക്ക് വലിയ പ്രാധാന്യമാണ് കത്തോലിക്കാ വിശ്വാസികൾ അനുദിന ജീവിതത്തിൽ നൽകുന്നത്. പരിശുദ്ധ കന്യകാമാതാവിനോടുള്ള ഭക്തി മറ്റുചില പൗരസ്ത്യ സഭകളിലും ആചരിക്കുന്നുണ്ടെങ്കിലും മരിയഭക്തിയും ജപമാല പ്രാർത്ഥനയും പ്രൊട്ടസ്റ്റന്റ് സഭകൾക്ക് വർജ്യമാണ്, വിഗ്രഹാരാധനപോലെ നിഷിദ്ധമായി ഇവർ ഇതിനെ കാണുന്നു. മാത്രമല്ല, തിരുവചനം അപ്രകാരം ഒരു പ്രാർത്ഥന പഠിപ്പിക്കുന്നില്ലെന്നും ഇവർ പ്രചരിപ്പിക്കുന്നു.

ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ജപമാലപ്രാര്‍ത്ഥന ബൈബിള്‍ വിരുദ്ധമാണെന്ന പ്രചാരണത്തില്‍ കഴമ്പില്ല. യേശുക്രിസ്തുവിന്റെ ഭൗമികജീവിതത്തിലെ 20 പ്രധാനപ്പെട്ട സംഭവങ്ങള്‍തന്നെയാണ് ജപമാലയിലെ ‘രഹസ്യങ്ങളായി’ ധ്യാനവിഷയമാക്കുന്നത്. ഓരോ ദശകത്തിനും ആരംഭമായി കര്‍ത്തൃപ്രാര്‍ത്ഥനയാണ് ചൊല്ലുന്നത്. ഇതെല്ലാം ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആര്‍ക്കാണ് പറയാനാവുക?

അപ്പോള്‍പ്പിന്നെ ബാക്കിയുള്ളത് നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയാണ്. ഇതിന്റെ ആദ്യഭാഗം ഗബ്രിയേല്‍ മാലാഖയുടെ വാക്കുകള്‍ത്തന്നെയല്ലേ? (ലൂക്കാ 1:28, 42, 43). സംശയാലുക്കള്‍ സുവിശേഷം പരിശോധിച്ച് ബോധ്യപ്പെടട്ടെ. മറിയത്തിന്റെ മാധ്യസ്ഥം തേടിയുള്ള നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയുടെ അവസാന വാചകത്തോടാണ് എതിര്‍പ്പെങ്കില്‍, ഇങ്ങനെ എതിര്‍പ്പ് പറയുന്നവര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കുന്ന മൈതാനങ്ങളിലും പ്രാര്‍ത്ഥനാഹാളുകളിലും സ്റ്റേജില്‍നിന്നുകൊണ്ട് വചനപ്രഘോഷണം നടത്തുന്ന പാസ്റ്റര്‍മാരുടെ പ്രാര്‍ത്ഥനാസഹായം തേടുന്നുണ്ടല്ലോ.

അതില്‍ തെറ്റൊന്നും കാണാത്തവര്‍, പക്ഷേ ദൈവപുത്രന് ജന്മം നല്‍കിയ പരിശുദ്ധ മറിയത്തിന്റെ ”എല്ലാ തലമുറകളും എന്നെ ഭാഗ്യവതിയെന്നു പ്രകീര്‍ത്തിക്കും” (ലൂക്കാ 1:48) എന്ന് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് പ്രഘോഷിച്ച ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയുന്നതെങ്ങനെ? ഇത് ‘അജ്ഞാനികളായ’ കത്തോലിക്കരുടെ വിഗ്രഹാരാധനയാണെന്ന് പ്രചരിപ്പിക്കുന്നതെങ്ങനെ? എവിടെയാണ് സത്യമെന്ന് സംശയാലുക്കള്‍ പരിശോധിച്ചറിയട്ടെ.

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട് ജപമാല നല്‍കിയെന്നും ആ സവിശേഷമായ പ്രാര്‍ത്ഥനാരീതിയിലൂടെ അക്കാലത്ത് ദക്ഷിണ യൂറോപ്പില്‍ ശക്തമായിരുന്ന ‘ആല്‍ബിജന്‍സിയന്‍’ പാഷണ്ഡതയ്‌ക്കെതിരെ മുന്നേറ്റം നടത്തി തകര്‍ക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ചരിത്രസത്യങ്ങളുടെ അടിസ്ഥാനത്തിൽ സഭ പഠിപ്പിക്കുന്നു. ഡൊമിനിക്കന്‍ സന്യാസിമാരിലൂടെയാണ് ജപമാലഭക്തി യൂറോപ്യന്‍ രാജ്യങ്ങളിലെങ്ങും പ്രചരിച്ചത്. ഓരോ ദശകത്തിനുംമുമ്പ് യേശുക്രിസ്തുവിന്റെ ഇഹലോക ജീവിതകാലത്തെ തെരഞ്ഞെടുക്കപ്പെട്ട സംഭവങ്ങളെ ധ്യാനിക്കുന്ന രീതി പ്രഷ്യയിലെ വിശുദ്ധ ഡൊമിനിക് (പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധന്‍) ആരംഭിച്ചു എന്നാണ് പാരമ്പര്യം.

ഫാത്തിമ പ്രാര്‍ത്ഥന
1571-ലെ സുപ്രസിദ്ധമായ ലെപ്പാന്റോ യുദ്ധത്തില്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ സുശക്തമായ നാവികസേനയെ മെഡിറ്ററേനിയന്‍ കടലില്‍നടന്ന ഉഗ്രയുദ്ധത്തില്‍ ക്രൈസ്തവരാജ്യങ്ങളുടെ സംയുക്തസേന നിശേഷം തകര്‍ത്തു. യുദ്ധം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരവെ, അന്ന് പാപ്പയായിരുന്ന അഞ്ചാം പീയൂസ് ക്രൈസ്തവരാജ്യങ്ങള്‍ക്ക് സന്ദേശം നല്‍കി – ”എല്ലാ ജനങ്ങളും ജപമാല ചൊല്ലി പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടുക.”

നിര്‍ണായകമായ ആ യുദ്ധത്തില്‍ ഒട്ടോമന്‍ സേന വിജയിച്ചിരുന്നുവെങ്കില്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ മുഴുവനും ഇസ്ലാമിക ഭരണത്തിനുകീഴില്‍ അമര്‍ന്നുപോകുമായിരുന്നു. പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥംവഴിയായി ലഭിച്ച ഈ മഹാവിജയത്തിന് കൃതജ്ഞതാസൂചകമായി ആ ഭീകരയുദ്ധം നടന്ന ഒക്‌ടോബര്‍ ഏഴ് എന്നത് പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളായി ആചരിക്കേണ്ടതാണെന്ന് അഞ്ചാം പീയൂസ് പാപ്പ ആഹ്വാനം ചെയ്തു. അത് ഇന്നും  തുടരുന്നു.

പതിനാറാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ജപമാലപ്രാര്‍ത്ഥനകളില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഒന്നാം ലോകമഹായുദ്ധം നടന്നുവരവെ, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ മോചനത്തിനായി ‘ഫാത്തിമ പ്രാര്‍ത്ഥന’ ഓരോ ദശകത്തിനുംമധ്യേ കൂട്ടിച്ചേര്‍ക്കപ്പെട്ടു.

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി (റിഡംപ്റ്ററിസ്റ്റ് സന്യാസസഭാ സ്ഥാപകന്‍) വലിയൊരു മരിയഭക്തനായിരുന്നു. ജപമാലപ്രാര്‍ത്ഥനയ്ക്ക് വലിയ പ്രാധാന്യമാണ് അദ്ദേഹം നല്‍കിയിരുന്നത്. അതേപോലെതന്നെ വിശുദ്ധ ജോണ്‍ മരിയ വിയാനിയും. 1858-ല്‍ ഫ്രാന്‍സിലെ ലൂര്‍ദില്‍ ബെര്‍ണഡറ്റ് എന്ന ബാലികയ്ക്ക് പതിനെട്ട് തവണ പ്രത്യക്ഷപ്പെടുകയും ‘ഞാന്‍ അമലോത്ഭവയാണ്’ എന്ന് വെളിപ്പെടുത്തുകയും ചെയ്ത പരിശുദ്ധ കന്യകാമറിയം വെളുത്ത വസ്ത്രവും നീല നിറമുള്ള അരക്കച്ചയും ധരിച്ചുകൊണ്ട് ജപമാലയുമായി നില്‍ക്കുന്നതായിട്ടാണ് ആ ബാലികയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിലൂടെ ജപമാലഭക്തി വീണ്ടും ശക്തിപ്പെടുകയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ വലിയ വിശുദ്ധനായിരുന്ന പാദ്രേപിയോ ദിവസേന 40 ജപമാലകള്‍ ചൊല്ലി പ്രാര്‍ത്ഥിക്കുമായിരുന്നു. പോളണ്ടില്‍ ബിഷപ്പായിരിക്കവെ കരോള്‍ വോയ്റ്റീവയോട്, ‘താങ്കള്‍ കത്തോലിക്കാസഭയുടെ അത്യുന്നത പദവിയില്‍ എത്തിച്ചേരും’ എന്ന് അനേക വര്‍ഷങ്ങള്‍ക്കുമുമ്പേ വിശുദ്ധ പാദ്രേപിയോ പ്രവചനം നടത്തിയിരുന്നു.
പിന്നീട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയായി അദ്ദേഹം 1978-ല്‍ സ്ഥാനമേറ്റു. ഒരു വധശ്രമത്തില്‍നിന്ന് മാതാവിന്റെ സംരക്ഷണത്താല്‍ അദ്ദേഹം രക്ഷപ്പെട്ടത് സുപ്രസിദ്ധമാണല്ലോ. വലിയ മരിയഭക്തനായിരുന്ന അദ്ദേഹം 2002-ല്‍ ജപമാല പ്രാര്‍ത്ഥനയില്‍ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആകെ ഇരുപത് ദശകങ്ങളാക്കി.

”ലളിതസുന്ദരവും ബൈബിള്‍ അധിഷ്ഠിതവുമായ ഈ പ്രാര്‍ത്ഥനാരീതി ജീവിതത്തിന്റെ ഒരു ഭാഗമാക്കൂ” എന്ന് ജപമാല ഭക്തിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ആഹ്വാനം നമുക്കും സ്വീകരിച്ച്, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക എന്നത് ദിനചര്യയുടെ ഭാഗമാക്കുവാന്‍ കഴിയട്ടെ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?