Follow Us On

22

December

2024

Sunday

അവസാന ആഴ്ചയിൽ മുറുകെപ്പിടിക്കാം മൂന്ന് ചിന്തകൾ!

നിധിൻ ആദപ്പിള്ളിൽ

ഉയിർപ്പ് തിരുനാളിലേക്കുള്ള ആത്മീയയാത്ര നോമ്പിന്റെ അവസാന ആഴ്ചയിലേക്ക്‌ പ്രവേശിക്കുമ്പോൾ, ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ബന്ധങ്ങൾ ഊഷ്മളമാക്കാനും സൗഹൃദം ആഴപ്പെടുത്താനുമുള്ള മൂന്ന് സുപ്രധാന ചിന്തകൾ പങ്കുവെക്കുന്നു ലേഖകൻ.

‘ബി സ്‌ലോ ടു ഫാൾ ഇന്റു ഫ്രണ്ട്ഷിപ്പ് ബട്ട് വെൻ യു ആർ ഇൻ, കണ്ടിന്യൂ ഫേം ആൻഡ് കോൺസ്റ്റന്റ്.’ ഇപ്രകാരം കുറിക്കുമ്പോൾ സോക്രട്ടീസിന്റെ മിഴികൾ നിറഞ്ഞിരിക്കണം. ദൈവം തനിക്കായി ഈ ഭൂമിയിൽ കരുതിവെച്ച കൂട്ടുകാരി സന്താപ്പ അത്രത്തോളം മുറിവേൽപ്പിച്ചിരുന്നു. എങ്കിലും അവളെ കൂടുതൽ സ്‌നേഹിച്ചാണ് സോക്രട്ടീസ് ‘മധുരപ്രതികാരം’ വീട്ടിയതും ദാമ്പത്യബന്ധത്തിന്റെയും സൗഹൃദത്തിന്റെയും നിഘണ്ടുവിൽ ഹൃദയംകൊണ്ട് റോസാപുഷ്പങ്ങൾ വിരിയിച്ചതും. മുറിവേൽക്കാതെ ആർക്കും ആരെയും സ്‌നേഹിക്കാനാവില്ലെന്ന ഖലീൽ ജിബ്രാന്റെ വരികളും കാലാതിവർത്തിയാണല്ലോ?

നോമ്പ്, നമ്മുടെ ആരാധനാക്രമ വത്സരത്തിൽ അങ്ങനെയും ഒരു കാലമുണ്ട്. പശ്ചാത്താപത്തിന്റെയും പാപബോധത്തിന്റെയും പഴയ സങ്കൽപ്പങ്ങളിൽ ഫ്രെയിം ചെയ്തുവെക്കേണ്ട കാലം മാത്രമല്ല ഇത്. സ്‌നേഹത്തിനും സൗഹൃദത്തിനും നൂതനമായ ഹൃദയഭാഷ്യങ്ങൾ രൂപപ്പെടുത്തേണ്ട കാലംകൂടിയാണിത്. ‘നെസ് നെ വ്യൂ’ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ‘നോമ്പ്’ എന്ന മലയാള പദം ഉത്ഭവിച്ചത്. ‘മാറിനിൽക്കുക’ എന്നാണ് ഈ വാക്യത്തിന്റെ അർത്ഥം.

അമ്പത് ദിനരാത്രങ്ങളെയല്ല മറിച്ച്, ഈ മാറിനിൽപ്പിലൂടെ സ്വാംശീകരിക്കേണ്ട വിശുദ്ധിയിലേക്കുള്ള 50 തിരിച്ചറിവുകളെക്കുറിച്ചാണ് നോമ്പുകാലം നമ്മോട് സംവദിക്കുന്നത്. വാക്കിലും ചിന്തയിലുംമാത്രം ഒതുക്കി നിർത്തിയിരുന്ന ദൈവത്തെ കർമംകൊണ്ടുകൂടി പ്രഘോഷിക്കുന്ന താപസകാലമാണ് നോമ്പ്. നെറ്റിയിൽ ഒരു നുള്ള് വിഭൂതിയെന്നപോലെ ശരീരത്തിലും ആത്മാവിലും ചില സ്‌നേഹശാഠ്യങ്ങൾകൊണ്ട് അതിർവരമ്പുകൾ രേഖപ്പെടുത്തി ജീവിതം കളഭംപോലെ പ്രസാദാത്മകമാക്കാനുള്ള ക്ഷണവുമാണത്.

ശരീരത്തെക്കാൾ ഉപരിയായി ആത്മാവിനെ നോവിക്കുകയും ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന കർമങ്ങളാണ് നോമ്പിനെ നൊമ്പരമാക്കി മാറ്റുന്നത്. ആനൊമ്പരങ്ങളാണ് നമ്മെ നവീകരിക്കുന്നതും നവസൃഷ്ടിയാക്കുന്നതും. നാം നോമ്പിന്റെ അവസാന ദിനങ്ങളിലാണ്. ഈ ചുരുങ്ങിയ കാലയളവുകൾകൊണ്ട് ബന്ധങ്ങൾ ഊഷ്മളമാക്കാനും സൗഹൃദം സായൂജ്യമാക്കാനുമുള്ള ചില ചിന്തകൾ പങ്കുവെക്കാം.

ശ്രവണം

അധരങ്ങളിൽമാത്രം ഒതുങ്ങിനിൽക്കുന്നു നമ്മുടെ വർത്തമാന പ്രാർത്ഥനാകർമങ്ങൾ. എന്നാൽ, വാക്കുകൾകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ഉദ്യമങ്ങൾക്ക് വിരാമമിടാൻ നോമ്പ് ഓർമപ്പെടുത്തുന്നു. അധരത്തിന് വാതിലും പൂട്ടും നിർമിക്കാൻ പ്രഭാഷകൻ ആവശ്യപ്പെടുന്നത് വെറുതെയല്ല. ‘അധരം നിശ്ചലമാകുമ്പോഴാണ് ഹൃദയം സജീവമാകുന്നത്.’ ഹൃദയത്തെ ഉദ്ദീപിപ്പിക്കാൻ ശ്രവണത്തോളം സുകൃതമണിഞ്ഞ മറ്റൊരു ഇടനാഴിയില്ല.

നോമ്പ് ക്ഷണിക്കുന്നത് ശ്രവണത്തിന്റെ താക്കോൽദ്വാരത്തിലേക്കാണ്. ദിവ്യകാരുണ്യസവിധേ ആയിരിക്കുമ്പോൾ, സന്ധ്യാപ്രാർത്ഥനയ്ക്ക് മുട്ടുകുത്തുമ്പോൾ, ജപമാല മണികളിൽ വിരലോടിക്കുമ്പോൾ, കൂദാശകളിൽ പങ്കുകൊള്ളുമ്പോൾ ഞാൻ അവനോട് ചോദിക്കേണ്ട ഒരു വരി ചോദ്യമുണ്ട്: ‘നാഥാ, നിനക്കെന്താണ് എന്നോട് പറയാനുള്ളത്?’ ചോദ്യത്തിനുശേഷം മനസ് ശാന്തമാക്കണം. അവന്റെ അങ്കിയുടെ കാൽപെരുമാറ്റം നമ്മുടെ കർണപുടങ്ങളിൽ അപ്പോൾ അലയടിക്കും.

ദാമ്പത്യബന്ധങ്ങളെ ദൃഢപ്പെടുത്തുന്നതും ഈ ശ്രവണംതന്നെയല്ലേ? എന്റെ വാക്കുകൾ ജീവിതപങ്കാളി ശ്രദ്ധിക്കണമെന്ന് ശഠിക്കുമ്പോൾ അവനെ/അവളെ ശ്രവിക്കാൻ തയാറാകുന്നുണ്ടോ നാം? രണ്ടുപേർക്കും സംസാരിക്കാൻ ചില വിഷയങ്ങൾ ഉണ്ടാവില്ലേ? പഠിക്കണമെന്നും ഹോംവർക്ക് ചെയ്യണമെന്നും മക്കളോട് ആവശ്യപ്പെടുമ്പോൾ അവർക്കെന്താണ് പറയാനുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? മക്കൾക്കും സംസാരിക്കാൻ വെമ്പുന്ന ഹൃദയമില്ലേ?

മലയാളത്തിലെ പ്രമുഖ നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ ‘കേൾക്കുന്നുണ്ടോ?’ എന്ന ഹ്രസ്വചിത്രം മനസിനെ ഭാരപ്പെടുത്തും. പ്രമുഖ കന്നട- ഇംഗ്ലീഷ് എഴുത്തുകാരിയായ സുധാ മൂർത്തിയുടെ ‘ഹൊറിഗല്ലു’ എന്ന ചെറുകഥയും വായനക്കാരോട് പങ്കുവെക്കുന്നത് ശ്രവണത്തിന്റെ മാഹാത്മ്യം തന്നെ. എറിക്ക് എറിസണിന്റെ ‘ദ ആർട് ഓഫ് ലിവിംഗ്’ എന്നതുപോലെ തന്നെ ജീവിതത്തിൽ നാം സ്വായത്തമാക്കേണ്ട കലയാണ് ആൻ ആർട് ഓഫ് ലിസണിംഗ്’ എന്നത്.

അപരനെ ഞാൻ ശ്രവിക്കുമ്പോൾ എന്റെ ഹൃദയത്തിലേക്ക് ഞാൻ അയാളെ ക്ഷണിക്കുകയാണ്, ആത്മാർത്ഥമായി സ്‌നേഹിക്കുകയാണ്. ഒന്ന് ഓർത്താൽ, പരസ്പരം ശ്രവിക്കാൻ തയാറായാൽ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങൾ നമ്മുടെ ഗാർഹിക പരിസരങ്ങളിലുണ്ടോ? ഇല്ല. അതിനാൽ ഈ ഉയിർപ്പ് തിരുനാളിൽ ഫ്രാൻസിസ് പാപ്പയുടെ ഭാഷയിൽ പറഞ്ഞാൽ, വായടക്കാം… ചെവി തുറക്കാം… ഒപ്പം ഹൃദയവും…

ഗ്രഹണം

സൗഹൃദത്തിന് വസന്തത്തിന്റെ ചിറകുകളണിയിക്കുന്ന അടുത്തഘട്ടം ഗ്രഹണമാണ്. അവന്റെ മൊഴികൾ ശ്രവിക്കാൻ മാത്രമല്ല, ഗ്രഹിക്കാനും സാധിക്കണം. ഈശോ തന്റെ പീഡാനുഭവവും ഉത്ഥാനവും വിവരിക്കുന്ന മനോഹരമായ ചിത്രം ചിത്രകാരൻകൂടിയായ വിശുദ്ധ ലൂക്കാ വാക്കുകൾക്കിടയിലൂടെ വരച്ചുകാട്ടുന്നുണ്ട് (ലൂക്കാ 18:31-34). എന്നാൽ അൽപ്പം വ്യസനത്തോടെ സുവിശേഷകൻ കുറിച്ചിടുന്നു, ‘ഈശോ ശിഷ്യരോട് അരുൾചെയ്ത കാര്യങ്ങളൊന്നും അവർ ഗ്രഹിച്ചില്ല. അവയെല്ലാം അവരിൽനിന്ന് മറയ്ക്കപ്പെട്ടിരിക്കുന്നു’ എന്ന്.

ക്രിസ്തുരഹസ്യത്തിന്റെ പൊരുൾ അറിയണമെങ്കിൽ തത്വജ്ഞാനിയുടെ അറിവിന്റെ നിക്ഷേപമല്ല വേണ്ടത്. നിഷ്‌കളങ്കതയും സുതാര്യതയും ചേർന്ന ശിശുഹൃദയമാണ് അനിവാര്യം. ഈശോയെ ശിഷ്യർ അത്ഭുതപ്രവർത്തകന്റെയും സൗഖ്യദായകന്റെയും റോളിലാണ് പ്രതിഷ്ഠിച്ചത്. അതുകൊണ്ടുതന്നെ പെട്ടെന്നൊരുനാൾ താൻ വിജാതീയർക്ക് ഏൽപ്പിക്കപ്പെടുമെന്നും തന്നെ അവർ വധിക്കുമെന്നുമുള്ള വാക്കുകൾ അവർക്ക് വിശ്വസിക്കാനായില്ല. ഈശോ ഈ ഭൂമിയിൽ വന്നത് തന്റെ ഭരണത്തിലൂടെ പിതാവുമായി ലോകത്തെ രമ്യപ്പെടുത്താനാണെന്ന ബോധ്യം അവർക്കുണ്ടായില്ല.

ഈ തിരിച്ചറിവിന്റെ വിത്തുകൾ എന്നിലും വേരുപൊട്ടി മുളയ്ക്കണമെങ്കിൽ എന്റെ ഹൃദയത്തിലും നൈർമല്യത രൂപപ്പെടണം. യൗവനത്തിൽനിന്ന് ആത്മീയ ശിശുത്വത്തിലേക്കുള്ള വളർച്ചയാകണം ഈ നോമ്പ്. സ്‌കൂളിൽനിന്ന് വീട്ടിലെത്തുന്ന കുട്ടി തന്റെ പിതാവിനോട് സ്‌കൂളിലെ വിശേഷങ്ങൾ പങ്കുവെക്കുംപോലെ സ്വർഗീയ അപ്പനോടും (ദൈവത്തോടും) ആ അപ്പന്റെ മക്കളോടും (സഹോദരങ്ങളോടും) സ്വതന്ത്രമായി ഇടപെടാൻ നമുക്ക് സാധിക്കണം. ശ്രവിക്കുന്ന കാര്യങ്ങൾ തലച്ചോറുകൊണ്ടല്ല, ഹൃദയംകൊണ്ട് മനസിലാക്കാനും കണ്ണുംപൂട്ടി വിശ്വസിക്കാനും സാധിക്കണം.

ഈ ലോകത്തിലെ ബുദ്ധിമാന്മാരെ ലജ്ജിപ്പിക്കാൻ ശിശുക്കൾക്ക് അങ്ങ് സകലതും വെളിപ്പെടുത്താൻ തയാറായി എന്ന പിതാവിനോടുള്ള ഈശോയുടെ പ്രാർത്ഥനയുടെ പൊരുൾ ഇതുതന്നെയാണ്. അതിനാൽ ഈ നോമ്പിലൂടെ നമുക്കും യാത്രയാവാം. കുസൃതികൾ ഉറങ്ങുന്ന, മണ്ണപ്പം ചുടുന്ന, കണ്ണാംപൊത്തി കളിക്കുന്ന ബാല്യകാലസ്മരണകളിലേക്ക്… ആ ശൈശവദശയുടെ നന്മകളെ തിരികെ പിടിക്കാം.

ശുശ്രൂഷ

സൗഹൃദത്തിന്റെ അവസാനഘട്ടം പ്രവൃത്തിപദമാണ്. അതാണ് ശുശ്രൂഷ. എന്നാൽ, ശുശ്രൂഷയെ അപരന് ഞാൻ ചെയ്യുന്ന സേവനം മാത്രമായി ഒതുക്കുന്നത് ശരിയല്ല. ശുശ്രൂഷ വെറും സേവനത്തെക്കാൾ ഉപരി ഹൃദയത്തിന്റെ ഒരു മനോഭാവമാണ്- ‘ആൻ ആറ്റിറ്റിയൂഡ്’. അപരനോടുള്ള സ്‌നേഹത്തിൽനിന്ന് സ്വാഭാവികമായി സംഭവിക്കുന്ന ഒന്ന്. ഒരു അരുവിയിലെ ജലകണങ്ങൾ ഇറ്റിറ്റു വീഴുംപോലെ ലളിതമായി… സാന്ദ്രമായി… സംഗീതമായി… എന്നിൽനിന്ന് ഒലിച്ചിറങ്ങണം. ‘ശുശ്രൂഷ’ എന്ന പദത്തിന്റെ സർവ ലാവണ്യവും പെയ്തിറങ്ങുന്നത് ആ മഹാഗുരുവിന്റെ തിരുഹൃദയ രശ്മികളിൽനിന്നാണ്.

ഈശോ അഗാധമായി സ്‌നേഹിച്ചിരുന്ന ശിഷ്യനെന്ന് അഭിമാനത്തോടും അൽപ്പം ഗർവോടുംകൂടി പരോക്ഷമായി നമ്മോട് സംവദിക്കുന്ന യോഹന്നാൻതന്നെ തന്റെ കാവ്യഭംഗിയുള്ള വരികൾകൊണ്ട് ആ മഹാസംഭവത്തെ വർണിക്കുന്നുണ്ട്. ‘ശിഷ്യരുടെ പാദക്ഷാളന കർമം,’ (യോഹ. 13). ആ പാദക്ഷാളന കർമത്തിലൂടെ അപരന്റെ വ്യക്തിത്വത്തെ പ്രകാശിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുകയാണ് ഈശോ. അത്ര പ്രധാനപ്പെട്ടതായി കരുതാതെ സമാന്തരസുവിശേഷകർ വിട്ടുകളഞ്ഞ ഈ പരിശുദ്ധ കർമത്തെക്കുറിച്ച്, കുർബാന സംസ്ഥാപനത്തെപ്പോലെ ശക്തമായി യോഹന്നാൻ കുറിക്കുന്നത് ഈ ശുശ്രൂഷയുടെ മാഹാത്മ്യം നമ്മെ അറിയിക്കാൻവേണ്ടി മാത്രമായിരുന്നില്ലേ!

ശുശ്രൂഷയുടെ കാലമായി തീരണം ഈസ്റ്റർ ദിനങ്ങൾ. പാദം കഴുകുന്നതും പാണികൾക്ക് വിധേയമാകുന്നതും മാത്രമല്ല ശുശ്രൂഷ; അപരന്റെ വ്യക്തിത്വത്തെ പ്രകാശിപ്പിക്കാൻ ഞാൻ ചെയ്യുന്ന ഏതൊരു ലളിത കർമവും ശുശ്രൂഷയാണ്. വഴിപോക്കനെ നോക്കി പുഞ്ചിരിക്കുമ്പോൾ, നമസ്‌തേ പറയുമ്പോൾ, അപരന്റെ ഇടർച്ചയിൽ പറയുന്ന ആശ്വാസവാക്കുകൾപോലും ശുശ്രൂഷയാണ്. കാരണം അവന്റെ തകർച്ചയിൽ, കുറ്റപ്പെടുത്താതെ കൂടെ നിൽക്കാൻ ഒരാളുണ്ടെന്ന തോന്നൽ ജീവിതത്തെ തരളിതമാക്കും.

അതിനാൽ ഈ ഈസ്റ്ററിൽ നമ്മുടെ സ്‌നേഹത്തിനും സൗഹൃദത്തിനും സുകൃതങ്ങളുടെ രുചികൂട്ടുകൾ സൃഷ്ടിക്കപ്പെടട്ടെ. ശ്രവണവുംഗ്രഹണവും ശുശ്രൂഷയുംവഴി അവനോടൊപ്പം ‘മൂന്നാംപക്കം’ പ്രത്യാശയുടെ പുലരിയിലേക്ക് നമുക്കും കാതോർക്കാം. ഉയിർപ്പിന്റെ ഉത്സവത്തിലേക്ക് ഉദയം ചെയ്യാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?