Follow Us On

13

October

2024

Sunday

കുരിശ് ഒരു പാഠശാല

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

നീ തനിച്ചാണെന്ന് തോന്നിയിട്ടുണ്ടോ; തിരസ്‌കരിക്കപ്പെട്ടെന്നും അവഹേളിക്കപ്പെട്ടെന്നും തോന്നിയിട്ടുണ്ടോ; ജീവിതത്തിൽ എന്നും ദുരന്തങ്ങളും സഹനങ്ങളും മാത്രമാണെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ കുരിശിലേക്ക് നോക്കൂ, നീ തിരിച്ചറിയും നിനക്ക് സംഭവിച്ചത് ഒന്നുമല്ലെന്ന്! കുരിശിന്റെ പുകഴ്ചയുടെ തിരുനാളിൽ (സെപ്തം.14), രക്ഷയുടെ അടയാളമായ കുരിശുരൂപം ധ്യാന വിഷയമാക്കുന്നു ലേഖകൻ.

അത്യന്ത തമസില്‍പെട്ടുഴലും ലോകത്തിന്ന് സത്യത്തിന്‍ പ്രഭാപൂരം കാട്ടിയെന്നതിനാലെ മുള്‍ക്കിരിടീവും ചാര്‍ത്തി അങ്ങ് വിശ്രമം കൊള്‍വൂ മൂര്‍ഖ്മാം നിയമത്തിന്നരാജമുനകളില്‍ ആ ഹന്ത കുരിശില്‍ തന്‍ പൂവല്‍മെയ് തറയ്ക്കപ്പെട്ടാ കുലാത്മാവായ് കിടക്കുന്നൊരീ സമയത്തും സ്‌നേഹശീലനാം ഭവാന്‍ ഈശനോടപേക്ഷിച്ചു ഈ കടുംകൈ ചെയ്‌തോര്‍ക്ക് മാപ്പു നല്‍കുവാന്‍മാത്രം

(മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.പി.അപ്പന്‍ രചിച്ച ‘കുരിശില്‍’ എന്ന കൃതിയില്‍നിന്ന്)

*********

കുരിശ് സ്‌നേഹത്തിന്റെ പാഠശാലയാണെന്ന് പറഞ്ഞത് വിശുദ്ധ മാക്‌സ്മില്യന്‍ കോള്‍ബെയാണ്. ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ പഠിക്കേണ്ട എല്ലാ പാഠങ്ങളും ഉള്‍ക്കൊണ്ട പാഠശാലതന്നെയാണ് കാല്‍വരിയിലെ കുരിശ്. അതുകൊണ്ടാണ് കുരിശിനെ ക്രിസ്തുവിന്റെ അവസാന വചനപീഠമായി ധന്യന്‍ ബിഷപ്പ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ വാഴ്ത്തിയത്. വെറും മൂന്നു വര്‍ഷംമാത്രം നീണ്ടുനിന്ന തന്റെ പ്രബോധനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു കാല്‍വരിയില്‍ സ്വന്തം രക്തം കുടിച്ചു കുതിര്‍ത്ത ആ മരക്കുരിശ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, കുരിശിനെ ക്രിസ്തു ബലിയര്‍പ്പിച്ച അള്‍ത്താരയെന്നാണ് പറയുന്നത്. സ്വന്തം ശരീരം പകുത്ത് രക്തത്തില്‍ മുക്കി മാനവരാശിക്ക് ഭക്ഷിക്കാന്‍ കൊടുത്ത അള്‍ത്താര. ആ അള്‍ത്താരയാകുന്ന കുരിശിലാണ് ക്രിസ്തു വിശുദ്ധ കുര്‍ബാനയായി പിറന്നത്.

സഹനത്തിന്റെ പാഠം

നിന്റെ ജീവിതത്തില്‍ നീ തനിച്ചാണെന്ന് തോന്നിയിട്ടുണ്ടോ? കുരിശിലേക്ക് നോക്കൂ, നിന്റെ രക്ഷകനായ ക്രിസ്തുവും അവിടെ തനിച്ചാണ്. നിന്റെ ജീവിതത്തില്‍ നീ തിരസ്‌കരിക്കപ്പെട്ടെന്നും അവഹേളിക്കപ്പെട്ടെന്നും നിനക്ക് തോന്നിയിട്ടുണ്ടോ? കുരിശിലേക്ക് നോക്കിയാലും, അതില്‍ നഗ്‌നനായി പിടയുന്ന ക്രിസ്തുവും മനുഷ്യരുടെ തുപ്പലുകളും ആക്ഷേപങ്ങളും ഏറ്റവന്‍ തന്നെയാണ്.

നിന്റെ ജീവിതത്തില്‍ എന്നും ദുരന്തങ്ങളും അന്യായമായ സഹനങ്ങളും രോഗപീഡകളും മാത്രമാണെന്ന് തോന്നിയിട്ടുണ്ടോ? കുരിശിലേക്ക് നോക്കൂ, അവന്‍ നിന്നെക്കാള്‍ നീതിമാനായിരുന്നിട്ടും അവന് ഈ ഗതി വന്നുവെന്ന് മനസിലാക്കുക. നിന്റെ ജീവിതത്തില്‍ നിനക്ക് സകലതും നഷ്ടപ്പെട്ടെന്ന് കരുതുന്നുണ്ടോ? കുരിശിലേക്ക് നോക്കൂ, തുറന്നുപിടിച്ച കരങ്ങളില്‍ ആണികള്‍ മാത്രം സ്വന്തമായുള്ള ക്രിസ്തുവിനും ലോകം നല്‍കുന്ന സകലതും നഷ്ടമായിട്ടുണ്ട്. സ്വന്തമായുണ്ടായിരുന്ന അമ്മയെപ്പോലും.

അവസാനതുള്ളി ചോരയില്‍ മുക്കി ഒരു തിരുവോസ്തി കണക്ക് മാനവരാശിക്ക് സമ്മാനമായി നല്‍കിയവനാണ് ക്രിസ്തു. കുരിശിലെ നിസ്വന്‍. അതെ, ആ കുരിശില്‍നിന്നാണ് നാം പാഠങ്ങള്‍ പഠിക്കേണ്ടത്; സ്‌നേഹത്തിന്റെ, കരുണയുടെ, ക്ഷമയുടെ, പങ്കുവയ്ക്കലിന്റെ, സഹനത്തിന്റെ, ഉപേക്ഷയുടെ, ത്യാഗത്തിന്റെ എന്നുവേണ്ട പഠിക്കേണ്ട എല്ലാ പാഠങ്ങളും. മനുഷ്യന് ഊഹിക്കാവുന്നതിലും പ്രാപിക്കാവുന്നതിലും അധികം രഹസ്യങ്ങള്‍ കുടികൊള്ളുന്ന നൊമ്പരത്തിന്റെ ചഷകമാണ് കാല്‍വരിയിലെ ക്രിസ്തുവിന്റെ കുരിശ്.

പ്രളയത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ സുഹൃത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: “അച്ചാ, ഞാന്‍ എന്റെ ദൈവത്തെ ഉള്ളറിഞ്ഞു വിളിച്ച നിമിഷങ്ങളായിരുന്നു അത്. എന്റെ വാഹനങ്ങളോ ഞാന്‍ സമ്പാദിച്ചുകൂട്ടിയ വസ്തുക്കളോ ഒന്നും എന്റെ രക്ഷയ്ക്ക് വന്നില്ല. കൈയിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ ആരെയും വിളിക്കാന്‍ കഴിയാത്ത വസ്തുവായിത്തീര്‍ന്നു. ആദ്യമൊന്നും വീടുവിട്ടിറങ്ങാന്‍ ഞാന്‍ തയാറായില്ല. എന്നാല്‍ പ്രാണനെക്കാള്‍ വലുതല്ല സമ്പാദിച്ചു കൂട്ടിയതൊന്നും എന്ന് അടിക്കടി ഉയരുന്ന വെള്ളത്തെ നോക്കിയപ്പോ ഞാന്‍ തിരിച്ചറിഞ്ഞു. കുഞ്ഞിനെ മുതുകില്‍ ഇരുത്തി ഭാര്യയെയും മറ്റു മക്കളെയും കൂട്ടി ഞാന്‍ നടന്നു നീങ്ങുമ്പോള്‍ ജലം ജനല്‍പാളികളെ വിഴുങ്ങിത്തുടങ്ങിയിരുന്നു.

“കുന്നിന്‍മുകളിലുള്ള അഭയാര്‍ത്ഥിക്യാംപില്‍നിന്ന് പിറ്റേന്ന് ഞാന്‍ നോക്കുമ്പോള്‍ വീട് പരിപൂര്‍ണമായും മുങ്ങിയിരുന്നു. എന്റെ വീടിനു മുകളില്‍ പുഴ. ചുറ്റിനും പകലായിരുന്നിട്ടും എനിക്ക് മൊത്തം ഇരുട്ടായിരുന്നു. വല്ലാത്ത നിരാശ. മഴ പെയ്തിരുന്നതുകൊണ്ട് ഞാന്‍ കരഞ്ഞത് ആരും തിരിച്ചറിഞ്ഞില്ല. പള്ളിയായിരുന്നു ഞങ്ങളുടെ ക്യാംപ്. അതിന്റെ ഒരു മൂലക്കുപോയി ഞാന്‍ ഇരുന്നുകരഞ്ഞു. ക്രിസ്തുവിനോട് എനിക്ക് വെറുപ്പും പകയും തോന്നി. എന്നാല്‍, ആ ഇരിപ്പില്‍ അള്‍ത്താരയില്‍ തൂങ്ങിക്കിടക്കുന്ന കുരിശിനെ ഞാന്‍ സ്‌നേഹപൂര്‍വം നോക്കി.

“ക്രിസ്തുവും എന്നോടൊപ്പം കരയുന്നതുപോലെ എനിക്കനുഭവപ്പെട്ടു. അവനോട് അപ്പോഴെനിക്ക് വല്ലാത്ത സ്‌നേഹം തോന്നി. അപ്പോഴേക്കും ഭക്ഷണത്തിന്റെ സമയമായിരുന്നു. അന്നന്നുവേണ്ടുന്ന ആഹാരം ഞങ്ങള്‍ക്ക് നല്‍കണമേ എന്ന പ്രാര്‍ത്ഥനയുടെ അര്‍ത്ഥം അന്നെനിക്ക് ശരിക്കും മനസിലായി. അന്നുവരെ ഭാര്യ എനിക്ക് ഭക്ഷണം വിളമ്പി തരും. എന്താണ് കറിയെന്ന് എനിക്കറിയാമായിരുന്നു. എന്റെ രുചിക്കനുസരിച്ച് അവള്‍ ഭക്ഷണം പാകം ചെയ്യുമായിരുന്നു. എന്നാല്‍ അന്ന് ഞാനും മക്കളും പാത്രവും പിടിച്ച് വരിയില്‍നിന്നു; അന്നന്നുവേണ്ടുന്ന ആഹാരത്തിനുവേണ്ടി.”

ക്ഷമയുടെ പാഠം

ആ സുഹൃത്ത് പ്രളയത്തിനുശേഷം വീട്ടില്‍ ചെന്ന്, വീടു വൃത്തിയാക്കി വെഞ്ചരിപ്പിച്ചശേഷം ആദ്യം പ്രതിഷ്ഠിച്ചത് ഒരു ക്രൂശിതരൂപമായിരുന്നു. അവന്‍ പിന്നീട് പറഞ്ഞു: “ഇപ്പോള്‍ അധികമൊന്നും സമ്പാദിക്കണമെന്നില്ല. എല്ലാം അവിടുത്തെ ഹിതംപോലെ നടക്കട്ടെ.” കുരിശ് അളവില്ലാത്ത സ്‌നേഹത്തിന്റെ പാഠം പകരുന്ന ഒരോര്‍മയാണ്. നിനക്ക് ദൈവത്തില്‍ താല്‍പ്പര്യമില്ലെങ്കിലും ദൈവത്തിന് നിന്നില്‍ താല്‍പ്പര്യമുണ്ടെന്നതിന്റെ തെളിവാണ് കുരിശ്. സ്‌നേഹം എന്നാല്‍ ഉപേക്ഷയാണെന്ന പാഠവും കുരിശ് പഠിപ്പിക്കുന്നു.

കുരിശ് ക്ഷമയുടെ പാഠം പഠിപ്പിക്കുന്നുണ്ട്. മഹത്കരമായ ക്ഷമ രണ്ടു തരത്തില്‍ ഉണ്ടെന്നാണ് ക്രിസ്തുവിന്റെ കുരിശില്‍ നോക്കി വിശുദ്ധ അഗസ്റ്റിന്‍ പറഞ്ഞത്. ഒന്ന്: ഒരുവന്‍ ക്ഷമാപൂര്‍വം എല്ലാം സഹിക്കുന്നു. രണ്ട്: ഒഴിവാക്കാന്‍ സാധിക്കുമായിരുന്നിട്ടുപോലും ക്ഷമാപൂര്‍വം എല്ലാം സഹിക്കുക. ഇതില്‍ ശത്രുവിനോടുപോലും പരിഭവം പറയാത്ത ക്രിസ്തുവിന് ഒരിക്കലും കുരിശ് ഒഴിവാക്കാന്‍ പറ്റാത്ത അനിവാര്യത അല്ലായിരുന്നു. പക്ഷേ, മാനവരാശിയുടെ വീണ്ടെടുപ്പിനുവേണ്ടിയാണ് ത്യാഗപൂര്‍വമായ ക്ഷമയിലൂടെ അവന്‍ കുരിശില്‍ പ്രാണന്‍ വെടിഞ്ഞത്. അതില്‍ അവന്‍ പൂര്‍ണതൃപ്തനായിരുന്നു. പരാതികളും പരിഭവങ്ങളും ഇല്ലായിരുന്നു.

ഓര്‍ത്തുപോവുകയാണ് കാന്‍സര്‍ ബാധിതയായ ഒരു സിസ്റ്ററിന്റെ വാക്കുകള്‍: “ഞാന്‍ നല്ലവണ്ണം പാടുമായിരുന്നു. അക്കാലത്ത് എന്നെ ഏവര്‍ക്കും ഇഷ്ടമായിരുന്നു. സ്ഥലംമാറ്റ സമയത്ത് എന്നെ അവരുടെ സമൂഹത്തില്‍ വേണമെന്ന് പലരും അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എനിക്ക് രോഗം വന്നപ്പോള്‍ ഞാന്‍ തിരസ്‌കൃതയായി. ഒരിക്കല്‍ ചികിത്സയ്ക്കുശേഷം വിശ്രമത്തിനുവേണ്ടി ഒരു മഠത്തിലേക്ക് എനിക്ക് സ്ഥലംമാറ്റം ലഭിച്ചു. അത് പെട്ടെന്നുവന്ന സ്ഥലംമാറ്റം ആയിരുന്നു. രോഗികളായ പലരും വിശ്രമിക്കുന്ന ആ ഭവനത്തിലേക്ക് ഞാനും എത്തിച്ചേര്‍ന്നു.

എന്റെ സാധനങ്ങള്‍ കാഴ്ചമുറിയില്‍ ഇറക്കിവെച്ച് അധികാരികള്‍ മദറിനോട് കാര്യം പറഞ്ഞ് തിരിച്ചുപോയി. കാഴ്ചമുറിയുടെ പിറകുവശത്തുള്ള വരാന്തയില്‍നിന്ന് മദറിന്റെ ശബ്ദം ഉയരുന്നത് ഞാന്‍ കേട്ടു. ശ്ശോ മടുത്തു. ഈ അമ്മയെയും ഇങ്ങോട്ടേക്കാണോ നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്?

“എന്റെ മനസ് വല്ലാതെ വേദനിച്ചു. കോണിപ്പടി ചവിട്ടി കയറി ഞാന്‍ മുകളിലത്തെ നിലയിലേക്ക് കയറി. അവിടെ ഭിത്തിയില്‍ ഒരു കുരിശു രൂപം വരാന്തയുടെ മൂലക്ക് സ്ഥാപിച്ചിരുന്നു. അതിനുമുമ്പില്‍ അല്‍പ്പനേരം ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: എന്റെ ഈശോയേ, എനിക്ക് വല്ലാതെ വേദനിക്കുന്നുണ്ട്. നിനക്ക് തലചായ്ക്കാന്‍ ഇടമില്ലായിരുന്നു. നീ പിറന്നത് കാലിത്തൊഴുത്തില്‍. മരിച്ചത് മരക്കുരിശിലും. നീ തിരസ്‌കരിക്കപ്പെട്ടവനാണ്, ഞാനും. എന്നാലും എനിക്കിവിടെ ഒരു മുറിയും കട്ടിലും ഉണ്ടല്ലോ? നിനക്ക് അതുപോലും ഇല്ലായിരുന്നു. നീ ക്ഷമിച്ചതുപോലെ ക്ഷമിക്കാനുള്ള കൃപ എനിക്കും തരണമേ. മദര്‍ പണിയെടുത്ത് മടുത്തതിനാലാണ് അങ്ങനെ പറഞ്ഞത്, അല്ലാതെ എന്നോടുള്ള വെറുപ്പുകൊണ്ടല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.” അങ്ങനെ പ്രാര്‍ത്ഥിച്ചു തീര്‍ന്നപ്പോള്‍ ആ സിസ്റ്റര്‍ കാണുന്നത് സന്തോഷത്തോടെ തന്റെ സാധനങ്ങളും ചുമന്ന് തന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വരുന്ന മദറിനെയാണ്.

സ്‌നേഹത്തിന്റെ പാഠം

മാതൃസ്‌നേഹത്തിന്റെയും പുത്രസ്‌നേഹത്തിന്റെയും അടയാളമാണ് കുരിശ്. പ്രസിദ്ധ വചനപ്രഘോഷകന്‍ ഫാ. റാനിയെരോ കന്തലമെസയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്: “യേശുവിന്റെ കുരിശിന്‍ ചുവട്ടില്‍ മറിയം ഉണ്ടായിരുന്നെങ്കില്‍ ആ ദിവസങ്ങളില്‍ അവള്‍ ജറുസലേമില്‍ ഉണ്ടായിരുന്നുവെന്നത് തീര്‍ച്ചയാണ്. സംഭവിച്ചതെല്ലാം കാണുകയും തന്റെ മകന്റെ പീഡാനുഭവത്തില്‍ മുഴുവനും അവള്‍ സാക്ഷിയായിത്തീരുകയും ചെയ്തു എന്നര്‍ത്ഥം. കുരിശിന്‍ ചുവട്ടില്‍ മറിയം നിന്നത് മറ്റു സ്ത്രീകളെ പോലെയല്ല. മറിച്ച്, അവന്റെ അമ്മ എന്ന നിലയിലാണ്. മകന്റെ മരണത്തിന് മാതൃഹൃദയം സാക്ഷിയാകുന്നു. അതുകൊണ്ട് കുരിശിലെ ധ്യാനം നമ്മെ മാതൃഭക്തിയിലേക്കും മാതാപിതാക്കളോടുള്ള കര്‍ത്തവ്യവും മക്കളോടുള്ള കര്‍ത്തവ്യവും നിറവേറ്റുന്നതിലേക്കും ക്ഷണിക്കുന്നു.

മനുഷ്യനെ ദൈവവുമായും മനുഷ്യനെ മനുഷ്യനുമായും ബന്ധിപ്പിക്കുന്നതിന്റെകൂടി ഓര്‍മയാണ് കുരിശ്. കുരിശിന്റെ മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഭാഗം മനുഷ്യനെ ദൈവവുമായി ബന്ധിപ്പിക്കുന്നതിന്റെയും ഇരുവശങ്ങളിലേക്കും നീളുന്ന പാര്‍ശ്വങ്ങള്‍ മനുഷ്യനെ മനുഷ്യനിലേക്കും അടുപ്പിക്കുന്നതിന്റെയും അടയാളങ്ങളാണ്. കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധ്യമല്ല എന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ് കുരിശ് (1 യോഹ. 4:20).

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?