Follow Us On

29

March

2024

Friday

മിഷന്‍ സുഡാന്‍

മിഷന്‍ സുഡാന്‍

ഫാ. മാത്യു ആശാരിപറമ്പില്‍

ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലെ ഏറ്റവും ദരിദ്രവും അപരിഷ്‌കൃതവുമായ സുഡാനിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ സലേഷ്യന്‍ സഭാംഗമായ സിസ്റ്റര്‍ ഗ്രേസി അടിച്ചിറക്ക് ആവേശമായിരുന്നു. ബിരുദാനന്തര ബിരുദവും ബിഎഡുമുള്ള ഈ മുപ്പതുകാരി അധ്യാപനത്തിന്റെയും യുവജനപ്രേഷിതത്വത്തിന്റെയും സാധ്യതകള്‍ അന്ന് മനസില്‍ കണ്ടിരുന്നു. കുഞ്ഞുനാള്‍ മുതല്‍ മനസില്‍ സൂക്ഷിച്ചിരുന്ന മിഷനറി തീക്ഷ്ണതയുമായി അങ്ങനെ 1997-ല്‍ സുഡാനിലെത്തി.

തെക്കന്‍ സുഡാനിലെ ജൂബാ നഗരത്തിലെ കോണ്‍വെന്റിലേക്കാണ് നിയോഗിക്കപ്പെട്ടത്. യുദ്ധത്തിന്റെ ദുരിതങ്ങള്‍ ഏറ്റവും അധികം അനുഭവിക്കേണ്ടിവന്ന വെസ്റ്റേണ്‍ ബെഹര്‍ ഗസല്‍ സംസ്ഥാനത്തെ വാവ് എന്ന ഗ്രാമത്തില്‍ സലേഷ്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ സിസ്റ്റര്‍ ഗ്രേസി എത്തുന്നത് 1998-ലാണ്. ഒരു വശത്ത് കൊടുംപട്ടിണി, മറുവശത്ത് ആഭ്യന്തരയുദ്ധം. രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള മുസ്ലീം ഭൂരിപക്ഷപ്രദേശവും തെക്കുള്ള ക്രിസ്തീയ ഭൂരിപക്ഷപ്രദേശവും തമ്മില്‍ ആധിപത്യത്തിനുള്ള യുദ്ധത്തിലായിരുന്നു. സമ്പത്തിന്റെ സിംഹഭാഗവും വടക്കന്‍ മേഖലകളില്‍ ചെലവഴിക്കപ്പെടുന്നതിനാല്‍ ദക്ഷിണഭാഗം അവികസിതവും ദരിദ്രവുമായിരുന്നു.

വെടിയൊച്ചകളുടെ നടുവിലേക്ക്
വെടിയൊച്ചകളുടെയും നിലവിളികളുടെയും നടുവിലേക്കാണ് സിസ്റ്റര്‍ ചെന്നത്. 2005 വരെ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. വടക്കന്‍ സൈന്യം ഭവനങ്ങള്‍ കൊള്ളയടിച്ചും വീടുകള്‍ അഗ്നിക്ക് ഇരയാക്കിയും സ്ത്രീകളെ പീഡിപ്പിച്ചും ആക്രമിച്ചപ്പോള്‍ പ്രതിരോധമായി തെക്കന്‍ഭാഗവും രംഗത്തുവന്നു. അതോടെ ഒളിപ്പോരുകളും ആക്രമണങ്ങളും പെരുകി. ജീവന്‍ നിലനിര്‍ത്താന്‍ പലായനം ചെയ്യേണ്ടി വന്ന ജനം വനാന്തരങ്ങളിലേക്കും സുരക്ഷിതമെന്നു തോന്നിയ പള്ളികളിലേക്കും ക്രിസ്തീയ സ്ഥാപനങ്ങളിലേക്കും ഓടിയെത്തി. ഭക്ഷണമില്ല, മരുന്നില്ല, തലചായ്ക്കുവാന്‍ ഇടമില്ല. ഈ നിസഹായതയുടെ നടുവിലാണ് സിസ്റ്റര്‍ തന്റെ ദൈവവിളിയുടെ ഉള്ളിലെ പ്രത്യേകവിളി തിരിച്ചറിഞ്ഞത്. കോണ്‍വെന്റിന്റെ സുരക്ഷിതത്വത്തിനും കോളജ് അധ്യാപികയുടെ സ്റ്റാറ്റസിനുമപ്പുറം ജനത്തിന്റെ മുറിപ്പാടുകളിലേക്ക് കൈകള്‍ നീട്ടുവാന്‍ ഹൃദയം തുടിച്ചു. പള്ളിമുറ്റത്ത് അഭയം തേടിയവര്‍ക്കുവേണ്ടി താല്‍ക്കാലിക ഷെഡുകള്‍ കെട്ടി. രണ്ടായിരത്തോളം ആളുകള്‍ക്ക് ഒരു ദിവസം ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത ദിനങ്ങള്‍ സിസ്റ്ററിന്റെ ഓര്‍മയിലുണ്ട്.

വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍, മാന്യമായ വസ്ത്രംപോലുമില്ലാത്ത അവസ്ഥ, മരുന്നു കിട്ടാതെ മരിച്ചുവീഴുന്ന ഗര്‍ഭിണികളും കുഞ്ഞുങ്ങളും… സഭാധികാരികളുടെ മുമ്പിലും സുഹൃത്തുക്കളുടെ അടുത്തും ഈ പട്ടിണിപ്പാവങ്ങള്‍ക്കുവേണ്ടി സിസ്റ്റര്‍ ഗ്രേസി കൈനീട്ടി. അങ്ങനെ ലഭിച്ച പണംകൊണ്ട് മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ ക്ലിനിക്കുകള്‍ സ്ഥാപിച്ചു. വിദേശത്തുനിന്ന് ശേഖരിച്ച ഭക്ഷണവും മരുന്നുംകൊണ്ട് അവരെ പരിപാലിച്ചു.
2005 ല്‍ രണ്ടു ഭാഗക്കാരും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ജനഹിതപരിശോധനയ്ക്ക് തയാറായി. എങ്കിലും യുദ്ധാനന്തര കാലത്തും ദാരിദ്ര്യവും രോഗങ്ങളും ഭീകരമായിരുന്നു. തെക്കുഭാഗത്തുള്ള 99 ശതമാനം ജനങ്ങളും സ്വതന്ത്രരാജ്യത്തിനായി നിലകൊണ്ടതിനാല്‍ 2011 ജൂലൈ ഒമ്പതിന് യുഎന്‍ നേതൃത്വത്തില്‍ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. ജുബ തലസ്ഥാനമായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 56-ാമത്തെയും ലോകത്തിലെ 193-ാമത്തെ രാജ്യമായും സൗത്ത് സുഡാന്‍ നിലവില്‍ വന്നു.

ജീവന്‍ രക്ഷിക്കാന്‍ വനത്തിലേക്ക്
സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അധികാര കൈമാറ്റം സുഗമമായിരുന്നില്ല. ഇതേതുടര്‍ന്ന് ഉണ്ടായ ആഭ്യന്തരയുദ്ധത്തിലും വംശഹത്യയിലും ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. വനത്തിന്റെ ഉള്‍ഭാഗങ്ങളിലേക്ക് പ്രാണരക്ഷാര്‍ത്ഥം ജനങ്ങള്‍ പലായനം ചെയ്തു. അഗ്നിനാളങ്ങളും വെടിയൊച്ചകളും നിലവിളികളും ഉയരാത്ത ഒരു ദിനംപോലും ഇല്ലായിരുന്നു. നിലവിളികള്‍ മുഴങ്ങിയപ്പോള്‍ മനസിന്റെ നന്മകള്‍ സ്‌നേഹപ്രവാഹമായി ഒഴുകി. സിസ്റ്റര്‍ ഇവരുടെ മുഴുവന്‍സമയ ശുശ്രൂഷകയായി മാറി.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പതിനായിരക്കണക്കിന് പാവപ്പെട്ടവരെ ശുശ്രൂഷിച്ചു. മുറിവേറ്റവരെ വച്ചുകെട്ടുവാന്‍ ആളില്ല, മരുന്നില്ല, ഗര്‍ഭിണികള്‍ ചികിത്സ കിട്ടാതെ മരണത്തിലേക്ക് നീങ്ങുന്നു, പോഷകാഹാരം ലഭിക്കാതെ വിളറി വെളുത്ത കുഞ്ഞുങ്ങള്‍, നാണം മറയ്ക്കാന്‍പോലും ഉടുതുണിയില്ലാത്തവര്‍. സിസ്റ്റര്‍ ലോകം മുഴുവനിലുമുള്ള നല്ല മനുഷ്യരുടെ സഹായംതേടി. ഈ കരിപുരണ്ട ജീവിതങ്ങള്‍ക്ക് മുമ്പില്‍ സിസ്റ്റര്‍ മറ്റൊരു മദര്‍ തെരേസയായി മാറുകയായിരുന്നു.

പത്തേക്കര്‍ സ്ഥലത്തിന്റെ പണം മിഷന്
രോഗികളെ ശുശ്രൂഷിക്കാന്‍ കുറച്ചുപേരെ ഒരുക്കണമെന്ന ചിന്തയില്‍ ഒരു നഴ്‌സിങ്ങ് സ്‌കൂളിന് സിസ്റ്റര്‍ തുടക്കംകുറിച്ചു. തദ്ദേശീയരായ ഇരുപത് പെണ്‍കുട്ടികളെ സൗജന്യമായി നഴ്‌സിങ്ങും മിഡ്‌വൈഫറിയും പഠിപ്പിച്ച് ഗ്രാമങ്ങളിലേക്ക് അയച്ചു. അങ്ങനെ വാവ് നഗരത്തില്‍ രൂപതയുടെ പിന്‍ബലത്തോടെ രാജ്യത്തെ ആദ്യ നഴ്‌സിങ്ങ് സ്‌കൂള്‍ സ്ഥാപിതമായി. സര്‍ക്കാരിന് അസാധ്യമായത് സാധ്യമാക്കിയപ്പോള്‍ ആശുപത്രി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നാല്‍പത് ഏക്കറോളം സ്ഥലം സൗജന്യമായി നല്‍കി. വിവിധ ഏജന്‍സികളുടെ സഹായത്തോടെ അവിടെ വലിയ ആശുപത്രിയും ബിഎസ്‌സി നഴ്‌സിങ്ങ് കോളജും സിസ്റ്റര്‍ കെട്ടിയുയര്‍ത്തി. 200 കിടക്കകളുള്ള ഈ മാതൃ-ശിശു സൗഹൃദ ഹോസ്പിറ്റല്‍ രാജ്യത്തിലെ ഏറ്റവും വലിയ ആതുരശുശ്രൂഷാകേന്ദ്രമാണ്. ലോകം മുഴുവനിലുമുള്ള നല്ല മനസുകളുടെ സമര്‍പ്പണത്തിന്റെ ഫലം!

കോട്ടയം ജില്ലയില്‍നിന്ന് അടിച്ചിറയില്‍ ജോസഫ്, തലശേരിക്കു സമീപം ചെറുവാഞ്ചേരിയില്‍ എത്തിയത് 1947 ലാണ്. ജോസഫ്-മേരി ദമ്പതികളുടെ എട്ടുമക്കളില്‍ അഞ്ചാമത്തെ ആളാണ് സിസ്റ്റര്‍ ഗ്രേസി. പത്താംക്ലാസിനുശേഷം സലേഷ്യന്‍ സഭയുടെ ഗോഹൗട്ടി പ്രൊവിന്‍സില്‍ അവള്‍ ദൈവവിളി കണ്ടെത്തി. സുഡാനിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിഞ്ഞ് ആദ്യസഹായവുമായി എത്തിയത് കുടുംബാംഗങ്ങളായിരുന്നു. സിസ്റ്ററിന്റെ വീതമായി മാറ്റിവച്ചിരുന്ന പത്തേക്കര്‍ സ്ഥലം വിറ്റ് തുക അവര്‍ ഈ പാവപ്പെട്ടവര്‍ക്കായി കൊടുത്തു. ആങ്ങളമാരും അവരുടെ മക്കളും മാറിമാറി മൂന്നും നാലും മാസം സിസ്റ്ററിന്റെ കൂടെനിന്ന് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. സിസ്റ്ററിനെ സഹായിക്കുന്നതിനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ‘മേരി ഹെല്‍പ്’ എന്ന സന്നദ്ധസംഘടന രൂപീകരിച്ച് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പണിയായുധങ്ങളും സമാഹരിച്ച് അവിടെ എത്തിച്ചുകൊടുത്തു (ഞാനും ഈ സന്നദ്ധ സംഘടനയില്‍ അംഗമാണ്).

ഭക്ഷണം ഒരു നേരം
തികച്ചും ദരിദ്രരാണ് ഈ ജനത. തലസ്ഥാന നഗരത്തിലെ അപൂര്‍വം റോഡുകള്‍ മാത്രമാണ് ടാറിട്ടിട്ടുള്ളത്. നഗരത്തില്‍ മാത്രമേ വൈദ്യുതിയുള്ളൂ. മരക്കൊമ്പുകള്‍കൊണ്ട് ഭിത്തിയാക്കി പുല്ലുമേഞ്ഞ് കൂടാരങ്ങള്‍പോലെ നിര്‍മിച്ചതാണ് വീടുകള്‍. ചോളം, മുതിര, പഴങ്ങള്‍, കായകള്‍ എന്നിവചേര്‍ന്ന ഭക്ഷണം മിക്കവാറും ഒരു നേരം മാത്രമേയുള്ളൂ. കേരളത്തിന് സമാനമായ കാലാവസ്ഥയാണ്. കരുത്തുള്ളവന് പൊന്ന് വിളയിക്കാന്‍ സാധിക്കുന്ന മണ്ണ്. കൃഷി ചെയ്യാന്‍ ആളുകളും സാമഗ്രികളും ഇല്ലാത്തതിനാല്‍ അധികം ഉപയോഗപ്പെടുത്തിയിട്ടില്ല. എണ്ണയും സ്വര്‍ണവും ഭൂമിക്കടിയില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അവ വില്‍പനച്ചരക്കുകളാക്കുവാന്‍ ദുര്‍ബലരായ ഈ ജനത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ചൈനയില്‍നിന്നുള്ള വ്യവസായികള്‍ എണ്ണ കുഴിച്ചെടുക്കുവാന്‍ അവിടം കയ്യേറിത്തുടങ്ങിയിരിക്കുന്നു.

ഭക്ഷണം പ്രതീക്ഷിച്ച് സ്‌കൂളിലേക്ക്
സേവനമേഖലകളുടെ വൈവിധ്യവും വിശാലതയും കാരണം ഒരു കോണ്‍വെന്റിന്റെ നിയമങ്ങള്‍ മുഴുവന്‍ പാലിച്ച് ചട്ടക്കൂട്ടില്‍ ഒതുങ്ങിനില്‍ക്കുവാന്‍ സിസ്റ്ററിന് കഴിയാത്ത സാഹചര്യം ഉണ്ടായി. മദര്‍ ജനറലില്‍നിന്ന് അനുവാദം വാങ്ങി സന്യാസിയായിത്തന്നെ ഒറ്റയ്ക്ക് സമര്‍പ്പണജീവിതം നയിക്കുകയാണിപ്പോള്‍. യുദ്ധത്തിലും വര്‍ഗീയ ലഹളകളിലും ചിതറിക്കപ്പെട്ട തലമുറയുടെ ഏറ്റവും വലിയ ദുരന്തം കുട്ടികള്‍ക്ക് അക്ഷരജ്ഞാനം നിഷേധിക്കപ്പെട്ടതാണ്. സിസ്റ്റര്‍ ഉള്‍ഗ്രാമങ്ങളില്‍ചെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. പതിനഞ്ചില്‍പരം ഗ്രാമങ്ങളില്‍ സ്‌കൂള്‍ തുടങ്ങുവാന്‍ സര്‍ക്കാര്‍ സ്ഥലം സിസ്റ്ററിന് സൗജന്യമായി നല്‍കി. ഒരു നേരം ലഭിക്കുന്ന ഭക്ഷണത്തിനുവേണ്ടിയാണ് പല കുട്ടികളും സ്‌കൂളില്‍ വരാന്‍ തുടങ്ങിയത്. ഇരുപതോളം സ്‌കൂളുകള്‍ സിസ്റ്റര്‍ നടത്തുന്നു. സ്ത്രീകളെ ശക്തരാക്കുന്ന തൊഴില്‍ സംരംഭങ്ങളും ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സിസ്റ്റര്‍ തുടക്കംകുറിച്ചു. വാവ് രൂപതയും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും സിസ്റ്ററിന് പിന്തുണ നല്‍കുന്നു. വിവിധ ഗോത്രഭാഷകള്‍ ഉണ്ടെങ്കിലും ഇംഗ്ലീഷ് ഇവിടെ സുപരിചിതമാണ്.

പെരുകുന്ന പ്രതിസന്ധികള്‍
കഴിഞ്ഞ അഞ്ചുവര്‍ഷമായി ഹോളി ഫാമിലി സന്യാസിനി സമൂഹത്തിലെ നാല് സിസ്റ്റേഴ്‌സ്, സിസ്റ്റര്‍ ഗ്രേസിയോടൊത്ത് സേവനം ചെയ്യുന്നുണ്ട്. സലേഷ്യന്‍ വൈദികരും തമിഴ്‌നാട്ടില്‍ സ്ഥാപിതമായ-ആഫ്രിക്കന്‍ മിഷന്‍ പ്രവര്‍ത്തനം ലക്ഷ്യമിടുന്ന എംഎംഐ (മിഷന്‍ ഓഫ് മേരി ഇമ്മാക്കുലേറ്റ്) എന്ന വൈദിക സമൂഹവും സിസ്റ്ററിനെ സഹായിക്കുന്നു. പ്രായവും രോഗങ്ങളും സിസ്റ്ററിനെ അലട്ടുന്നുണ്ട്. വരുമാന സ്രോതസുകള്‍ കുറയുമ്പോഴും ആവശ്യങ്ങള്‍ ഏറിവരുകയാണ്. വ്യത്യസ്തമായ ശുശ്രൂഷാമേഖലകള്‍… കരുതലും കരുത്തുമുള്ള മിഷനറിമാര്‍ക്ക് പ്രവര്‍ത്തനമേഖലകള്‍ വിശാലമാകുകയാണ്.
തലശേരി അതിരൂപതാംഗമായ സിസ്റ്ററിന്റെ വിസ്മയകരമായ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ് ആര്‍ച്ച്ബിഷപ് ജോസഫ് പാംപ്ലാനിയോടൊപ്പമായിരുന്നു അവിടേയ്ക്ക് പോയത്. ഇക്കഴിഞ്ഞ ഡിസംബര്‍ 4 മുതല്‍ 10 വരയൊയിരുന്നു സന്ദര്‍ശനം. തിരിച്ചുവരുമ്പോള്‍ അദ്ദേഹം ആത്മഗതം ചെയ്തത് ഒരാള്‍ക്ക് ഇത്രയധികം ശുശ്രൂഷകള്‍ കര്‍ത്താവിനുവേണ്ടി ചെയ്യാന്‍ കഴിയുന്നല്ലോ എന്നായിരുന്നു. യേശുസ്‌നേഹവും മിഷനറി തീക്ഷ്ണതയുമുള്ള പ്രേഷിതരെ ആഫ്രിക്ക മാടിവിളിക്കുകയാണ്. 80 ശതമാനം ക്രിസ്ത്യാനികളുള്ള ഈ രാജ്യത്തിലെ മഹാഭൂരിപക്ഷവും കത്തോലിക്കരാണ്. എന്നാല്‍ വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും ക്ഷാമം കാരണം കൗദാശിക ജീവിതവും വിശ്വാസ പരിശീലനവും നാമമാത്രമാണ്.

ദൈവാലയങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റില്‍
പല ഗ്രാമങ്ങളിലും മാസത്തിലൊരിക്കലാണ് ദിവ്യബലി. മുളക്കമ്പുകളില്‍ പുല്ല് മേഞ്ഞോ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയതോ ആയ ഷെഡുകളാണ് പള്ളികള്‍. പൊടിമണ്ണില്‍ കുത്തിയിരുന്ന് ആടിയും പാടിയും പ്രാര്‍ത്ഥനകള്‍ ചൊല്ലി അവര്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു. മാമോദീസ ലഭിക്കാത്ത നൂറുകണക്കിന് കുട്ടികള്‍. ആദ്യകുര്‍ബാന, സ്ഥൈര്യലേപനം തുടങ്ങിയവ സ്വീകരിക്കാത്തവരാണ് ഭൂരിഭാഗം യുവജനങ്ങളും. അവിടുത്തെ ബിഷപ് എന്നോട് ചോദിച്ചത്, ‘അച്ചന് ഇവിടെ ധ്യാനകേന്ദ്രം തുടങ്ങാമോ’ എന്നായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിശ്വാസത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കാമോ എന്നാണ് അര്‍ത്ഥം.
ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ള യുവവൈദികര്‍ക്കും സിസ്റ്റേഴ്‌സിനും അല്മായര്‍ക്കും ഇത് കര്‍ത്താവ് നല്‍കുന്ന വെല്ലുവിളിയാണ്. ഒരു കൊന്ത തരാമോ, ബൈബിള്‍ തരാമോ എന്നൊക്കെ അവര്‍ ചോദിക്കുന്നത് അലങ്കാരമായി അണിയാനോ മേശയില്‍ വെറുതെ ഇടാനോ അല്ല. മറിച്ച്, നെഞ്ചോട് ചേര്‍ത്ത് സ്വീകരിക്കാനാണ്. ആത്മാക്കളുടെ രക്ഷയ്ക്കും ദൈവരാജ്യത്തിനുംവേണ്ടി അധ്വാനിക്കാനുള്ള മനസോടെ ഇരുണ്ട ഭൂഖണ്ഡത്തിലേക്ക് നടന്നാലോ?

ഫോണ്‍: 9447607101

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?