വത്തിക്കാന്‍ സിറ്റി: വിശുദ്ധഗ്രന്ഥത്തിലും സഭാ പാരമ്പര്യത്തിലും നങ്കൂരമിട്ടിരിക്കുന്ന മരിയന്‍ ആത്മീയത, ഓരോ വ്യക്തിയോടുമുള്ള ദൈവത്തിന്റെ വ്യക്തിപരമായ സ്‌നേഹത്തിന്റെ അഗാധമായ സൗന്ദര്യം വെളിപ്പെടുത്തുന്നുവെന്ന് ലിയോ 14 -ാമന്‍ പാപ്പ. മരിയന്‍ ആത്മീയതയുടെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിലര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മരിയന്‍ ആത്മീയതയുടെ ജൂബിലിക്കായി 30,000 ത്തോളം തീര്‍ത്ഥാടകര്‍ റോമില്‍ എത്തിയിരുന്നു.
പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചിരിക്കുന്ന പ്രസ്ഥാനങ്ങള്‍, സാഹോദര്യ സംഘടനകള്‍, പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, ദൈവാലയങ്ങള്‍ എന്നിവയുടെ പ്രതിനിധകള്‍ ജൂബിലിക്കായി റോമിലേക്ക് വന്നതിന് പരിശുദ്ധ പിതാവ് നന്ദി പ്രകടിപ്പിച്ചു. മറിയത്തിന്റെ മാതൃകയിലൂടെ, സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും വിപ്ലവകരമായ സ്വഭാവവും ദൈനംദിന ജീവിതത്തിലുള്ള സ്വാധീനവും സഭയ്ക്ക് കാണാന്‍ കഴിയുമെന്ന് പാപ്പ പറഞ്ഞു.
ദൈവമാതാവിനോടുള്ള ഭക്തി ഭൂമിയുടെ മുഖം തന്നെ എന്നന്നേക്കുമായി മാറ്റിമറിച്ചെന്ന് പാപ്പ തുടര്‍ന്നു. നമുക്ക് മരിയന്‍ ഭക്തി നവീകരണത്തിനും പരിവര്‍ത്തനത്തിനും ഒരു പ്രേരകശക്തിയായി ഉപയോഗിക്കാം. മറിയത്തില്‍, എളിമയും ആര്‍ദ്രതയും ദൗര്‍ബല്യത്തിന്റെ അടയാളങ്ങളല്ല, മറിച്ച് ശക്തരുടെ ഗുണങ്ങളാണെന്ന് നാം കാണുന്നു. നീതിക്കുവേണ്ടിയുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് മറിയത്തിന്റെ സാന്നിധ്യം ഗാര്‍ഹിക ഊഷ്മളത നല്‍കുന്നതായും പാപ്പ പറഞ്ഞു. പ്രസംഗത്തിന് ശേഷം, പോര്‍ച്ചുഗലില്‍ നിന്ന് കൊണ്ടുവന്ന ഫാത്തിമ മാതാവിന്റെ യഥാര്‍ത്ഥ തിരുസ്വരൂപത്തിന് മുന്നില്‍ സഭയെയയും ലോകത്തെയും പരിശുദ്ധ കന്യകാമറിയത്തിന് പാപ്പ സമര്‍പ്പിച്ചു. യുദ്ധത്തിന്റെ ബാധയാല്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്കായി പാപ്പ പത്യേകം പ്രാര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *