Follow Us On

20

March

2023

Monday

മലയാളി സാന്നിധ്യം ഏറെയുള്ള നോർത്തേൺ അറേബ്യ വികാരിയത്തിന് പുതിയ ഇടയൻ

മലയാളി സാന്നിധ്യം ഏറെയുള്ള നോർത്തേൺ അറേബ്യ വികാരിയത്തിന് പുതിയ ഇടയൻ

ബഹ്റൈൻ: മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന്‌  പ്രവാസികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായ നോർത്തേൺ അറേബ്യ അപ്പസ്‌തോലിക് വികാരിയത്തിന് പുതിയ ഇടയൻ. ഫ്രഞ്ച് മിഷണറിയും ട്രിനിറ്റേറിയൻ സന്യാസസഭാംഗവുമായ മോൺ. അൽഡോ ബെരാർഡിയെയാണ് പുതിയ വികാർ അപ്പസ്‌തോലിക്കയായി ഫ്രാൻസിസ് പാപ്പ നിയമിച്ചത്. ട്രിനിറ്റേറിയൻ സന്യാസസഭയുടെ വികാർ ജനറലായി ശുശ്രൂഷ ചെയ്യവേയാണ് പുതിയ നിയോഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനാരോഹണ തീയതി പിന്നീട് പ്രഖ്യാപിക്കും.

അറേബ്യയിലെ വികാരിയത്തുകളുടെ (നോർത്തേൺ ആൻഡ് സതേൺ) അധ്യക്ഷ പദവിയിലേക്ക് കപ്പൂച്ചിൻ സഭയ്ക്കു പുറത്തുനിന്നുള്ള വൈദീകനെ നിയമിക്കുന്നത് ഇതാദ്യമാണ്. വടക്കൻ അറേബ്യയുടെ പ്രഥമ വികാർ അപ്പസ്‌തോലിക്കയായിരുന്ന ബിഷപ്പ് കാമിലോ ബല്ലീൻ കാലം ചെയ്തതിനെ തുടർന്ന് 2020മുതൽ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിലായിരുന്നു നോർത്തേൺ അറേബ്യ വികാരിയത്ത്. സതേൺ അറേബ്യ വികാരിയത്തിന്റെ അധ്യക്ഷനായിരുന്ന ബിഷപ്പ് പോൾ ഹിൻഡർ ഒ.എഫ്.എം ആയിരുന്നു അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ.

ഫ്രാൻസിലെ ലോങ്വില്ലെ ലെസ് മെറ്റ്സിൽ 1963 സെപ്റ്റംബർ 30നാണ് മോൺ. അൽഡോ ബെരാർഡിയുടെ ജനനം. 1982- 1984 കാലഘട്ടത്തിൽ വില്ലേഴ്സ് ലെസ് നാൻസിയിലെ മേജർ സെമിനാരിയിൽ തത്ത്വശാസ്ത്ര വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹം രണ്ട് വർഷത്തോളം മഡഗാസ്‌കറിൽ മിഷണറി സേവനം ചെയ്തു. തുടർന്ന് 1986ൽ ട്രിനിറ്റേറിയൻ സഭയുടെ നൊവിഷ്യേറ്റിൽ പ്രവേശിതനായി. കാനഡയിലെ മോൺട്രിയൽ മേജർ സെമിനാരിയിൽ ദൈവശാസ്ത്ര പ~നം പൂർത്തിയാക്കി 1990ൽ വ്രതവാഗ്ദാനം നടത്തി. 1991ലായിയിരുന്നു തിരുപ്പട്ട സ്വീകരണം.

ഫ്രാൻസിലെ അർസ് സുർ മൊസെല്ലെയിൽ ഇടവക വികാരിയായി ശുശ്രൂഷ ആരംഭിച്ച അദ്ദേഹം തുടർന്ന് സ്‌കൂൾ ചാപ്ലൈൻ, മാനസികാരോഗ്യ കേന്ദ്രം ചാപ്ലൈൻ, ബോയ് സ്‌കൗട്ട് അസിസ്റ്റന്റ്, കാത്തലിക് ആക്ഷൻ അസിസ്റ്റന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. 2000 മുതൽ 2006വരെ സുഡാനിയൻ അഭയാർത്ഥികളെ സംരക്ഷിക്കുന്ന ഈജിപ്തിലെ സെന്റ് ബക്കിത സെന്ററിൽ സേവനം ചെയ്തു. 2007- 2010 കാലഘട്ടത്തിൽ ബഹറൈൻ തലസ്ഥാനമായ മനാമയിലെ സേക്രഡ് ഹാർട്ട് ഇടവക വികാരിയുമായിരുന്നു ഇദ്ദേഹം.

രൂപത സ്ഥാപിക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടുകളുള്ള സാഹചര്യങ്ങളിൽ സ്ഥാപിക്കുന്ന രൂപതയ്ക്ക് സമാനമായ ഭരണസംവിധാനമാണ് അപ്പസ്‌തോലിക് വികാരിയത്ത്. രണ്ട് വികാരിയത്തുകളാണ് അറേബ്യയിലുള്ളത്. ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന നോർത്തേൺ അറേബ്യ വികാരിയത്തും യെമൻ, ഒമാൻ, യു.എ.ഇ എന്നിവ ഉൾപ്പെടുന്ന സതേൺ അറേബ്യ വികാരിയത്തും. മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണത്തിന് പ്രവാസികൾക്ക് അജപാലന ശുശ്രൂഷ ലഭ്യമാകുന്നതിലൂടെയും ശ്രദ്ധേയമാണ് ഈ വികാരിയത്തുകൾ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?