Follow Us On

21

November

2024

Thursday

വൈവിധ്യങ്ങള്‍ മനംകവരുന്ന ദൈവാലയങ്ങള്‍

വൈവിധ്യങ്ങള്‍ മനംകവരുന്ന  ദൈവാലയങ്ങള്‍

മാത്യു സൈമണ്‍
പര്‍വതശിഖരങ്ങള്‍ ആകാശത്തോട് അടുത്താണ് സ്ഥിതിചെയ്യുന്നത്; അതിനാല്‍ത്തന്നെ ദൈവത്തോടും എന്നാണ് കരുതപ്പെടുന്നത്. സീനായ് മുതല്‍ സീയോന്‍ വരെ പല പര്‍വതങ്ങളും വിശുദ്ധഗ്രന്ഥത്തിലെ വിവിധ ദൈവിക ഇടപെടലുകളുടെയും സ്വര്‍ഗീയസംഭവങ്ങളുടെയും പശ്ചാത്തലമായിട്ടുണ്ട്. മലകളെക്കുറിച്ച് 500 തവണയെങ്കിലും വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതത്തിന്റെ ആരംഭം മുതല്‍, കുത്തനെയുള്ള പാറക്കെട്ടുകള്‍, കുന്നുകള്‍ എന്നിവയുടെ മുകളില്‍ ദൈവാലയങ്ങളും മറ്റും നിര്‍മ്മിച്ചിരിക്കുന്നത് കാണാന്‍ കഴിയും. ഇത്തരത്തില്‍ പര്‍വതങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചില മനോഹരമായ ദൈവാലയനിര്‍മ്മിതികളെ പരിചയപ്പെടാം.

1. ചാപ്പല്‍ ഓണ്‍ ദി റോക്ക്, ഡെന്‍വര്‍, അമേരിക്ക

1936 ല്‍ നിര്‍മ്മിച്ച, ‘ചാപ്പല്‍ ഓണ്‍ ദി റോക്ക്’ എന്നറിയപ്പെടുന്ന സെന്റ് കാതറിന്‍ ഓഫ് സിയന്നയുടെ നാമധേയത്തിലുള്ള ദൈവാലയം കൊളറാഡോ സംസ്ഥാനത്തിലെ ഏറ്റവും പ്രധാനസ്ഥലങ്ങളില്‍ ഒന്നാണ്. അലെന്‍സ് പാര്‍ക്കിനടുത്തുള്ള റോക്കി മൗണ്ടന്‍ നാഷണല്‍ പാര്‍ക്കിന് തൊട്ടുപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഇത് മോണ്‍സിഞ്ഞോര്‍ ജോസഫ് ബോസെറ്റിയാണ് നിര്‍മ്മിച്ചത്.
1916 ല്‍ ഇതുവഴി സഞ്ചരിച്ച മോണ്‍. ബോസെറ്റി വലിയ പാറക്കൂട്ടം കണ്ടപ്പോള്‍ ‘ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും, നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല’ എന്ന മത്തായി 16:18 ദൈവവചനം ഓര്‍മിച്ചു. ഇതേത്തുടര്‍ന്ന് അവിടെ ഒരു ദൈവാലയം നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അങ്ങനെ മാലോ ദമ്പതികള്‍ സംഭാവന ചെയ്ത സ്ഥലത്ത് ആര്‍ക്കിടെക്റ്റ് ജാക്വസ് ബെനഡിക്ടിന്റെ രൂപകല്‍പനയില്‍ 20 വര്‍ഷംകൊണ്ട് മോണ്‍സിഞ്ഞോര്‍ തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി. 1993 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലോക യുവജന ദിനത്തില്‍ പങ്കെടുക്കുന്നതിനായി ഡെന്‍വറിലേക്കുള്ള തന്റെ യാത്രയുടെ ഭാഗമായി ഈ ചാപ്പല്‍ സന്ദര്‍ശിച്ചിരുന്നു.

2. ചാപ്പല്‍ ഇന്‍ ദി റോക്ക്‌സ്, ജര്‍മ്മനി

‘ചാപ്പല്‍ ഇന്‍ ദി റോക്ക്‌സ്’ എന്നും ‘ക്രാഗ് ചര്‍ച്ച്’ എന്നും അറിയപ്പെടുന്ന ഫെല്‍സെന്‍കിര്‍ച്ചെ ദൈവാലയം പശ്ചിമ ജര്‍മ്മന്‍ പട്ടണമായ ഇഡാര്‍-ഒബെര്‍സ്റ്റീനിനടുത്തുള്ള പാറക്കെട്ടുകളില്‍ നിന്ന് കുഴിച്ചെടുത്തതാണെന്ന് തോന്നുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു രാജകുമാരന്‍, തന്റെ സഹോദരനെ ഒരു പാറക്കെട്ടിന് മുകളിലുള്ള തങ്ങളുടെ കോട്ടയില്‍ നിന്ന് തള്ളിയിട്ട് കൊന്നതിന് പ്രായശ്ചിത്തമായി നിര്‍മ്മിച്ചതാണ് ഇതെന്ന് ഒരു ഐതീഹ്യമുണ്ട്. ഒരു ഉറവയില്‍ നിന്ന് രൂപംകൊണ്ട പ്രകൃതിദത്തമായ ഒരു ഗുഹയാണിത്. മുമ്പ് പ്രതിരോധ കോട്ടയായും സമീപത്തെ ഗ്രാമീണര്‍ക്ക് ആപത്തില്‍ ഒരു അഭയകേന്ദ്രമായും മാറിയ ഈ ഗുഹ പിന്നീട് 1484ല്‍ ദൈവാലയത്തിനുള്ള സ്ഥലമായി മാറുകയുമായിരുന്നു. ഈ ദൈവാലയത്തിലെ അതിശയിപ്പിക്കുന്ന കലാസൃഷ്ടികള്‍ കാണുന്നതിന് 230 പടികളുള്ള ഗോവണിപ്പാത കയറി പ്രതിവര്‍ഷം ഒരുലക്ഷത്തോളം സന്ദര്‍ശകരാണ് എത്തുന്നത്.

3. സാഗ്ര ഡി സാന്‍ മിഷേല്‍, ഇറ്റലി

വടക്കന്‍ ഇറ്റലിയിലെ പിര്‍ചിരിയാനോ പര്‍വതത്തിന് മുകളില്‍ നിര്‍മ്മിച്ചതാണ് സാഗ്ര ഡി സാന്‍ മിഷേല്‍ അഥവ സെന്റ് മൈക്കിള്‍സ് ആബി. ലൂസിഫറുമായി യുദ്ധം ചെയ്ത മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ ബഹുമാനാര്‍ത്ഥം വിശുദ്ധ ജോണ്‍ വിന്‍സെന്റ് എന്ന സന്യാസിയാണ് മലമുകളിലെ ഈ ആശ്രമം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. വില്യം എന്ന സന്യാസി രചിച്ച ആബിയെക്കുറിച്ചുള്ള ആദ്യരേഖാമൂലമുള്ള തെളിവുകള്‍ പ്രകാരം, പത്താം നൂറ്റാണ്ടിന്റെ അവസാനം നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ഇറ്റാലിയന്‍ എഴുത്തുകാരനായ ഉംബര്‍ട്ടോ ഇക്കോ തന്റെ അവാര്‍ഡ് നേടിയ നോവലായ ദി നെയിം ഓഫ് ദി റോസിന്റെ (1980) പശ്ചാത്തലമായി ഈ ദൈവാലയം തിരഞ്ഞെടുത്തത് ഇതിന്റെ പ്രശസ്തിക്ക് കാരണമായിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ ബെനഡിക്‌ടൈന്‍ സന്യാസിമാര്‍ ഈ കെട്ടിടം വിപുലീകരിച്ച് വഴി യാത്രക്കാരായ തീര്‍ത്ഥാടകര്‍ക്കായി ഒരു ചെറിയ ആശ്രമവും ചില അതിഥിമുറികളും കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

4. ജ്വാരി മൊണാസ്ട്രി, റിപ്പബ്ലിക് ഓഫ് ജോര്‍ജിയ

കിഴക്കന്‍ യൂറോപ്പിലെ ജോര്‍ജിയയില്‍ രണ്ട് നദികളുടെ സംഗമസ്ഥാനത്ത് പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ച ജ്വാരി മൊണാസ്ട്രി ജോര്‍ജിയന്‍ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണവും യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതുമാണ്. പ്രാദേശിക പാരമ്പര്യമനുസരിച്ച് നാലാം നൂറ്റാണ്ടിലെ സെന്റ് നിനോ എന്ന സുവിശേഷകയായ സ്ത്രീ ഇവിടെ ഒരു മരക്കുരിശ് സ്ഥാപിച്ചു. താമസിയാതെ ജോര്‍ജിയയുടെ എല്ലാഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ഇവിടേക്ക് എത്തിത്തുടങ്ങി. നിലവിലെ കെട്ടിടം എറിസ്തവാരി സ്റ്റെപനോസ് ഒന്നാമന്റെ വാഴ്ചയില്‍ 590-605 കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ്.
ഈ ദൈവാലയസമുച്ചയം ജോര്‍ജിയന്‍ വാസ്തുവിദ്യയുടെ സവിശേഷതയായി നിലകൊള്ളുകയും മറ്റ് പല ആരാധനാലയങ്ങളുടെയും നിര്‍മ്മാണ ശൈലിക്ക് മാതൃകയാകുകയും ചെയ്തിട്ടുണ്ട്.

5. സെന്റ് മൈക്കല്‍ ഡി ഐഗ്വില്‍,
ലെ പുയ്, ഫ്രാന്‍സ്

279 അടി ഉയരത്തിലുളള ഒരു കുന്നിന്‍ മുകളിലാണ് സെന്റ് മൈക്കല്‍ ഡി ഐഗ്വില്‍ എന്ന ഫ്രാന്‍സിലെ ഈ ദൈവാലയം നിര്‍മ്മിച്ചിരിക്കുന്നത്. സ്‌പെയിനിലെ സാന്റിയാഗോ ഡി കമ്പോസ്റ്റേലയിലെ സെന്റ് ജയിംസിന്റെ ദൈവാലയത്തിലേക്ക് ഗോഡെസ്‌കാല്‍ക് എന്ന ബിഷപ് നടത്തിയ തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിവന്നതിന്റെ സന്തോഷത്തില്‍ അദ്ദേഹം 969 ല്‍ നിര്‍മ്മിച്ചതാണ് ഈ ദൈവാലയം. അതിനാല്‍ ഈ ചാപ്പലിലെ വാസ്തുവിദ്യയുടെ ചില ഭാഗം സ്‌പെയിനിലെ കോര്‍ഡോബ കത്തീഡ്രലിനെ അനുസ്മരിപ്പിക്കുന്നതാണ്.
നിരവധി സന്ദര്‍ശകര്‍ അവരുടെ തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് ഈ ദൈവാലയത്തില്‍ അവരുടെ വാക്കിംഗ് സ്റ്റിക്കുകള്‍ വെഞ്ചരിക്കാറുണ്ട്. പാറയുടെ മുകള്‍ഭാഗത്തിന് 187 അടി വ്യാസമുണ്ട്. അതിനാലാണ് ‘സൂചി’ എന്നര്‍ത്ഥം വരുന്ന ‘ഐഗ്വില്‍’ എന്ന പേര് ലഭിച്ചത്. 268 പടികളുള്ള ഗോവണിയിലൂടെ മാത്രമേ ഈ ചാപ്പലില്‍ പ്രവേശിക്കാന്‍ കഴിയൂ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?