Follow Us On

12

January

2025

Sunday

ആയുധം

ആയുധം

ആയുധ പൂജ എന്നൊരു കര്‍മ്മം ഹൈന്ദവ സഹോദരങ്ങള്‍ക്കിടയിലുണ്ട്. ഈശോയുടെ മരണം ധ്യാനിച്ചുകൊണ്ടിരിക്കുന്ന നമ്മളും ചില ആയുധധാരികളെ അവന്റെ മരണവുമായി ബന്ധപ്പെട്ടു കാണുന്നുണ്ട്. അവനെ പിടിക്കാന്‍ അവര്‍ ആയുധങ്ങളുമായി ആ രാവില്‍ വന്നു എന്നാണ് വായന. വടിവാളും കമ്പിപ്പാരയും  ചാട്ടവാറുമെല്ലാം കൈയില്‍ കരുതി നടക്കുന്ന പടയാളികളെപ്പോലെ നിന്നിലും ആയുധങ്ങളുണ്ടോ എന്നാണ് നോമ്പില്‍ ചോദിക്കേണ്ടത്. ആയുധ ങ്ങള്‍ക്കെല്ലാം രണ്ട് ലക്ഷ്യമാണുള്ളത്. ഒന്ന് സ്വയരക്ഷയ്ക്കും അപരനെ രക്ഷിക്കാനും രണ്ട്  അപരനെ മുറിവേല്പിക്കാനും അതില്‍ ആനന്ദം കണ്ടെത്താനും.

സ്വയരക്ഷയ്ക്ക് വേണ്ടി ആയുധങ്ങള്‍ കൈയിലേന്തുന്നത് രാഷ്ട്രം അംഗീകരിക്കുന്നുണ്ട്. രാജ്യം കാക്കുന്ന പടയാളികളുടെ കൈയിലുള്ള ആയുധങ്ങള്‍ നമ്മുടെയും രാജ്യത്തിന്റെയും രക്ഷക്കുള്ളതാണ്. ഇടയന്റെ കൈയിലെ വടി ഒരായുധമാണെന്നാണ് പറയുന്നത്. തന്നെയും തന്നെ  ഭരമേല്പിച്ചിരിക്കുന്ന അജഗണത്തേയും ചെന്നായ്ക്കളില്‍ നിന്നും മറ്റു ഭീകരജീവികളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഈ ആയുധങ്ങളൊക്കെ ആവശ്യമാണ്…

പക്ഷേ പലരും ഈ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് മറ്റുള്ളവരെ മുറിപ്പെടുത്തി സന്തോഷം കണ്ടെത്തുന്നതാണെന്നതാണ് സങ്കടം. മൂന്നാം ക്ലാസില്‍ പഠിക്കുന്ന സഹപാഠിയെ തോക്ക് കൊണ്ട് കൊലപ്പെടുത്തിയ  അതേ ക്ലാസിലെ വിദ്യാര്‍ത്ഥിയെക്കുറിച്ചുള്ള വാര്‍ത്ത ആരെയാണ് ഭയപ്പെടുത്താത്തത്.. മറ്റുള്ളവരെ മുറിപ്പെടുത്തു ന്നതില്‍ ഒരുതരം ആനന്ദം കണ്ടെത്തുന്ന മനസ് നമുക്കുണ്ടെങ്കില്‍, ഈ നോമ്പുകാലത്ത് അത് ഉപേക്ഷിച്ചേ തരമുള്ളൂ… ക്രിസ്തു മൊഴി ഓര്‍മയില്ലേ? വാളെടുക്കുന്നവന്‍ വാളാല്‍. പത്രോസ് വാള്‍ എടുത്തപ്പോള്‍ അത് ഉറയില്‍ ഇടാനാണ്  ക്രിസ്തു ആവശ്യപ്പെടുന്നത്.. ചങ്ങാതി, നിന്റെ കൈയില്‍ ആയുധം വല്ലതുമുണ്ടോ?? പൗലോസ് ശ്ലീഹാ പറയുന്നതുപോലെ ചില ആയുധങ്ങള്‍ ഈ നോമ്പ് കാലത്ത് നമുക്ക് ധരിച്ചു തുടങ്ങാനും ആവശ്യമില്ലാത്ത ചില ആയുധങ്ങള്‍ നശിപ്പിച്ചു കളയാനും ഈ നോമ്പില്‍ നമുക്ക് തീരുമാനം എടുക്കാം.

അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തു നില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റി ക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ ക്കു സാധിക്കും (എഫേസോസ് 6 : 13).
ദൈവത്തിന്റെ ആയുധങ്ങള്‍ അല്ലാത്ത മറ്റ് ആയുധങ്ങളെല്ലാം  നീ ഉപേക്ഷിക്കാത്തിടത്തോളം കാലം നീയും അവനെ പിടിക്കാന്‍ വന്ന പടയാളികളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. നമുക്ക് ദൈവത്തിന്റെ എല്ലാ ആയുധങ്ങളും കരങ്ങളിലേന്തി ഒരു നല്ല പടയാളിയെപ്പോലെ ഈശോയ്ക്ക് വേണ്ടി ജീവിച്ചു മരിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?