ക്രിസ്തുവിനെ നീ അറിയുമോ എന്ന ചോദ്യത്തിന് മുന്‍പില്‍ പതറിപ്പോയ ശിഷ്യന്‍ എന്ന ചീത്തപ്പേര് കേപ്പയോടൊപ്പം എന്നും ഉണ്ടാവും. മാനവകുലം ഉള്ളിടത്തോളം കാലം പത്രോസിന്റെ ദൈവ നിഷേധവും ലോകം ഓര്‍ക്കും. ഏതെങ്കിലും കാരണത്താല്‍ നീ ദൈവത്തെ നിഷേധിച്ചിട്ടുണ്ടോ എന്ന് നോമ്പ് നിന്നോടും എന്നോടും ആരായുന്നുണ്ട്.
തള്ളിപ്പറഞ്ഞ പത്രോസിനെപ്പോലെ ദൈവമില്ലെന്ന് മൈക്കും വച്ച് തെരുവിലിരുന്നു പ്രഭാഷണമൊന്നും നടത്തിക്കാണില്ല നമ്മള്‍. പലപ്പോഴും ചെയ്യ്തുകൂട്ടുന്ന പ്രവൃത്തികളില്‍ ദൈവനിഷേധത്തിന്റെ അടയാളങ്ങള്‍ കാണുന്നുണ്ടെന്നു നമുക്കൊഴികെ ബാക്കി എല്ലാവര്‍ക്കും ഒരുപാട് മനസിലാവുന്നുണ്ട്.
ദൈവ സാന്നിധ്യസ്മരണ ഒരു ദിവസത്തില്‍ നിനക്ക് എത്ര തവണ നടത്താന്‍ പറ്റി. കുമ്പസാരിച്ച് കുര്‍ബാന സ്വീകരിച്ചിട്ട് നാള്‍ എത്രയായി? തിരുസഭയുടെ കല്പനയും ദൈവകല്പനയും നീ ഗൗനിക്കാറുണ്ടോ? ചോദ്യങ്ങളുടെ എണ്ണം കൂടും തോറും ദൈവ നിഷേധത്തിന്റെ ത്രാസ് താണുപോകുന്നുണ്ട്.
ദൈവത്തെ ഏതു സാഹചര്യത്തിലും മുറുകെ പിടിക്കാമോ എന്നാണ് നമ്മള്‍ നമ്മളോട് ചോദിക്കേണ്ട ചോദ്യം. ഒരു സാഹചര്യത്തിലും ഞാന്‍ എന്റെ ദൈവത്തെ ഉപേക്ഷിക്കാനോ തള്ളിപ്പറയാനോ ശ്രമിച്ചിട്ടില്ലെന്നു ധീരതയോടെ പങ്കുവച്ച ഒരു ചേട്ടനെ പരിചയപ്പെട്ടു കഴിഞ്ഞ ദിവസം. ഭാര്യയുടെ കെട്ടുതാലിപോലും വിറ്റ് കിട്ടിയ തുക വച്ചാണ് കോഴിക്കോട് ഒരു ഹോട്ടല്‍ ആരംഭിച്ചത്. ഹോട്ടലിന്റെ ഏറ്റവും പ്രധാന ഭാഗത്തു തന്നെ ഈശോയുടെ ഒരു ക്രൂശിത രൂപവും നാട്ടി ഏറെ പ്രാര്‍ത്ഥിച്ചാണ് തുടങ്ങിയത്. ഭക്ഷണം കഴിക്കാന്‍ വന്ന പലരും ഈ ക്രൂശിത രൂപം കണ്ടു ഭക്ഷണം കഴിക്കാതെ ഇറങ്ങി പോകുന്നത് കണ്ടുകൊണ്ട് ചിലര്‍ പറഞ്ഞു ആ രൂപം അവിടെ നിന്നും മാറ്റിയാല്‍ കച്ചവടം കൂടുമെന്നൊക്കെ.
അദ്ദേഹത്തിന്റെ സ്‌നേഹിതരും കുടുംബക്കാര്‍പോലും പറഞ്ഞിട്ടും അയാള്‍ ആ രൂപം മാറ്റിയില്ല. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും യാതൊരു പുരോഗതിയുമു ണ്ടായില്ലെന്നു മാത്രമല്ലേ ആ കട അടച്ചു പൂട്ടി അയാള്‍ക്ക് ഒരുപാടു നഷ്ടങ്ങളും സഹിക്കേണ്ടി വന്നു. കട എട്ടുനിലയില്‍ പൊട്ടിയല്ലേ, എന്ന് പരിഹസിച്ചവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാള്‍ ഇങ്ങനെ പറഞ്ഞു: ഒരു കുഞ്ഞു ലാഭത്തിനു വേണ്ടി എനിക്ക് ഉയിരേകിയ എന്റെ ക്രൂശിതനെ നിഷേധിക്കാനോ തള്ളിപറയാനോ ഞാന്‍ ഒരിക്കലും തയാറല്ല. എനിക്ക് ഉയിരുള്ളിടത്തോളം കാലം ഞാന്‍ എന്റെ ദൈവത്തെ നെഞ്ചിലേറ്റും. അവന്‍ എനിക്ക് സമൃദ്ധി തന്നാലും ദാരിദ്ര്യം തന്നാലും എന്റെ ദൈവം എന്റെ രക്ഷകനാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
മരണം വരെ ആ വിശ്വാസം ഞാന്‍ ഏറ്റുപറയുക തന്നെ ചെയ്യും. കോഴിക്കോട് നിന്ന് അഭയാര്‍ത്ഥിയെപ്പോലെ തൃശൂരില്‍ വന്ന് ഒരു ചെറിയ ചായക്കട തുടങ്ങി ആ ക്രൂശിത രൂപം കടയുടെ സെന്ററില്‍ എല്ലാവരും കാണുമാറ് തൂക്കിയിട്ടു. കണ്ടവര്‍ അയാളെ കളിയാക്കി, കിട്ടിയതൊന്നും പോരെ നിനക്ക്. വീണ്ടും ഒരു സാഹാസത്തിനു മുതിരണോ. ഒരു ചെറു ചിരി പാസാക്കി അയാള്‍ ഈശോയോട് വീണ്ടും പറഞ്ഞു. ആര്‍ക്കു വേണ്ടിയും ഒന്നിനു വേണ്ടിയും ഞാന്‍ എന്റെ ക്രൂശിതനെ ഉപേക്ഷിക്കില്ല. ദൈവം അയാളെ ഉയര്‍ത്തി പരിധികളില്ലാതെ. ഇന്ന് തൃശൂര്‍ ജില്ലയില്‍ അറിയപ്പെടുന്ന ഹോട്ടല്‍ ഉടമയായി ആ പാവം ഡേവിസ് ചേട്ടന്‍ മാറുമ്പോള്‍ ദൈവത്തിന്റെ മഹിമ നിറഞ്ഞ സാന്നിധ്യം ആരാണ് അറിയാത്തത്. ഈ കുറിപ്പെഴുതുമ്പോള്‍ എന്റെ ഉള്ളു പിടയുന്നുണ്ട്.
ദൈവത്തെ നെഞ്ചിലേറ്റാന്‍ മറന്നുപോകുന്ന എന്റെ കന്നത്തരങ്ങള്‍ ഓര്‍ത്തുകൊണ്ട്. പുരോഹിത നായിട്ടും ദൈവ പുരുഷനാണെന്നു ഏറ്റുപറയാന്‍ എനിക്ക് ഇപ്പോഴും മടിയാണ്. ളോഹയില്‍ പുരോഹിതരെ കാണാന്‍ ദൈവജനം ആഗ്രഹിച്ചിട്ടും ഒരു സാധാരണക്കാരനെപ്പോലെ നടക്കാന്‍ ശ്രമിക്കുന്നതും ദൈവ നിഷേധമാണെന്ന് ഞാന്‍ അറിയുന്നു. ക്രൂശിതാ… നീ മാപ്പു തരിക. നിന്റെ കുരിശോട് ചേര്‍ന്ന് ജീവിക്കാതെ ദൈവ നിഷേധിയായതിന്. ഇനിയെങ്കിലും ദൈവത്തെ നിഷേധിക്കാതെ ജീവിക്കാന്‍ ക്രൂശിതാ നീ തുണച്ചാലും.
Leave a Comment
Your email address will not be published. Required fields are marked with *