Follow Us On

23

April

2024

Tuesday

മൗനംകൊണ്ട് ചരിത്രം രചിച്ച യൗസേപ്പ്‌

മൗനംകൊണ്ട്  ചരിത്രം രചിച്ച യൗസേപ്പ്‌

റവ. ഡോ. റോയ് പാലാട്ടി CMI

രക്ഷാകര ചരിത്രത്തിന്റെ ഭാഗമാണ് നാം. റോളുകള്‍ വ്യത്യസ്തമാണ്. വാചാലമായും മൂകമായും നിയോഗം പൂര്‍ത്തിയാക്കുന്നവരുണ്ട്. യൗസേപ്പിന്റേത് ഗാഢമൗനത്തിന്റേതാണ്. ദൈവശബ്ദം കേള്‍ക്കാനും അതിനൊത്ത് പ്രതികരിക്കാനും ഈ മൗനം ആവശ്യമെന്നു ദൈവം കണ്ടിട്ടുണ്ടാകാം. വളര്‍ത്തുന്നവന്‍ എന്നും വര്‍ധിപ്പിക്കുന്നവന്‍ എന്നും യൗസേപ്പിനര്‍ത്ഥമുണ്ട്. വളര്‍ത്തുന്നവര്‍ പലരും മൗനത്തിന്റെ വഴിയിലാണെന്ന് പറയേണ്ടതില്ലല്ലോ. ദൈവം തന്റെ കൈകളില്‍ ഏല്‍പിച്ച മകനെ വളര്‍ത്താനും ഭാര്യയെ പരിരക്ഷിക്കാനും ഒരപ്പന്‍ നടത്തുന്ന നിരന്തര പോരാട്ടത്തിന്റെ കഥയല്ലേ യൗസേപ്പിന്റേത്.
മറിയത്തെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയെ ദൈവസുതനുവേണ്ടി ഒരുക്കിയ ദൈവം, പരിപാലിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന യൗസേപ്പിനെയും തിരഞ്ഞെടുക്കാന്‍ മറന്നില്ല. ജന്മം നല്‍കി മാത്രമല്ല ഒരാള്‍ അപ്പനാകുന്നത്, കര്‍മം ചെയ്തുകൊണ്ടുകൂടിയാണ്. കര്‍മം ചെയ്ത് അപ്പന്മാരാകുന്നവരിലൊക്കെ യൗസേപ്പിന്റെ നിഴലുണ്ട് എന്നോര്‍ക്കുക. പിതാക്കന്മാര്‍ ജനിക്കുകയല്ല, സൃഷ്ടിക്കപ്പെടുകയാണെന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നത്.

വളര്‍ത്തുന്നവര്‍ അനുഭവിക്കുന്ന വേദന നാം അറിയാതെ പോകരുത്. മാതാപിതാക്കള്‍കൊണ്ട വെയിലാണ് മക്കള്‍ അനുഭവിക്കുന്ന തണല്‍ എന്നു പറയുന്നത് എത്രയോ ശരിയാണ്. വേദം ഓതിക്കൊടുത്തും ആശാരിപ്പുരയില്‍ ജോലികള്‍ അഭ്യസിപ്പിച്ചും യൗസേപ്പ് മകനെ വളര്‍ത്തി. ഏതൊരു യൂദകുഞ്ഞും പിതാവിനെ വിളിക്കുന്നതുപോലെ അബ്ബായെന്നു പലവട്ടം യൗസേപ്പിനെ നോക്കി അവന്‍ വിളിച്ചു. ആ ചങ്കില്‍ ചാഞ്ഞുകിടന്നു. വിശ്വസ്തതയോടെ തന്റെ നിയോഗം പൂര്‍ത്തിയാക്കി. വളര്‍ത്തുന്ന കരങ്ങള്‍ പലപ്പോഴും നാടകത്തിലെ അണിയറ ശില്പികളുടേതുപോലെയാണ്. എന്നാല്‍ സമാനതകളില്ലാത്ത ശുശ്രൂഷയാണിത്. രക്ഷാകര ചരിത്രമെന്ന നാടകത്തില്‍ നമുക്ക് കിട്ടുന്ന റോളുകള്‍ നമ്മെ വലിയവരാക്കണമെന്നില്ല, പക്ഷേ അതെങ്ങനെ ചെയ്തുതീര്‍ത്തു എന്നത് നമ്മെ വിശുദ്ധരാക്കും. ഒന്നും സംസാരിക്കാതെ എല്ലാം മനോഹരമായി പ്രവര്‍ത്തിച്ച് ദൈവഹിതത്തിന് കീഴ്‌വഴങ്ങുന്ന യൗസേപ്പിനെ കാണുക.

സ്വര്‍ഗത്തിലെ അബ്ബായെ ഭൂമിക്കു പറഞ്ഞുകൊടുക്കുക എന്നതായിരുന്നല്ലോ യേശുവിന്റെ മിഷന്‍. അബ്ബായെന്നു പറയുമ്പോഴൊക്കെ ഭൂമിയില്‍ തന്നെ വളര്‍ത്തിയ യൗസേപ്പിനെയും യേശു ഓര്‍ത്തിരിക്കുമോ? നമ്മുടെ സ്വന്തം വഴികളിലേക്ക് മക്കളെ ചുരുക്കാനാണ് പലപ്പോഴും മാതാപിതാക്കള്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ ദൈവം അവരെക്കുറിച്ച് കാണിച്ചുതരുന്ന വഴികളിലേക്ക് അവരെ പറത്തിവിടാനാണ് ശ്രമിക്കേണ്ടത്. അതു വെല്ലുവിളിയും സാഹസികതയുമൊക്കെ ആവശ്യപ്പെടുന്നുണ്ട്. യൗസേപ്പിതാവില്‍ ഈ സാഹസികത കാണാം. ഇതിനാകണമെങ്കില്‍, ദൈവഹിതത്തെ ആശങ്ക കൂടാതെ പുണരാനുള്ള ആവേശം വേണം. ദൈവികസന്ദേശങ്ങളെല്ലാം ഗൗരവമായി അവനെടുത്തു.

മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ പറഞ്ഞു, സ്വീകരിച്ചു (മത്താ. 1:20). കുഞ്ഞിന്റെയും അമ്മയുടെയും പ്രാണനെ രക്ഷിക്കാന്‍ രായ്ക്കുരാമാനം ഈജിപ്തിലേക്ക് ഓടി രക്ഷപെടാന്‍ പറഞ്ഞു, പോയി (മത്താ. 2:13). യൂദാ ദേശത്തേക്ക് മടങ്ങാന്‍ പറഞ്ഞു, യാത്ര തിരിച്ചു (മത്താ. 2:19). ഇടയ്ക്കുവച്ച്, യാത്രയുടെ ദിശ മാറ്റി നസ്രത്തിലേക്ക് പോകാന്‍ കല്പിച്ചു, അനുസരിച്ചു (മത്താ. 1:22). ആത്മീയ ജീവിതത്തിന്റെ ആദ്യപടിയും അവസാനപടിയും അനുസരണമാണെന്നു പഠിക്കാന്‍ മറ്റാരെയും നോക്കേണ്ടതില്ല, ഇനിമുതല്‍. യൗസേപ്പിനെ നോക്കിയാല്‍ മതി. കഠിന യാതനകളും ക്ലേശങ്ങളും മാനസിക സംഘര്‍ഷങ്ങളും ഏറെ അനുഭവിക്കുമ്പോഴും ദൈവം കരങ്ങളില്‍ വച്ചുതന്ന കുഞ്ഞിനെയും കൂട്ടുതന്ന ഭാര്യയെയും പരിരക്ഷിക്കാന്‍ പോരാടുകയാണ് ഈ നല്ലയപ്പന്‍. ദൈവം ജീവിതത്തിന്റെ വിരുന്നുമേശയില്‍ യൗസേപ്പിന് വിളമ്പി നല്‍കിയത് മനോഹര വിഭവങ്ങള്‍ മാത്രമായിരുന്നില്ല. എന്നിട്ടും പരാതിയോ പരിഭവമോ ഇല്ലാതെ സ്വീകരിച്ചു. മകനെ അതു സ്വീകരിക്കാന്‍ അഭ്യസിപ്പിച്ചു. ജീവിതത്തില്‍ നല്‍കപ്പെടുന്ന നുകങ്ങള്‍ എങ്ങനെ വഹിക്കാമെന്ന് അപ്പനെ നോക്കി മനുഷ്യനായ ഈശോ പഠിച്ചിരിക്കുമോ? അതെ, വെന്തുതീര്‍ന്ന ചോറിനു കീഴെ കത്തിയെരിഞ്ഞ കനലുകള്‍ ഉണ്ട്.

വളര്‍ത്തുന്ന കരങ്ങള്‍ കത്തിയെരിയാതെ തരമില്ല. പക്ഷേ, ആ കരങ്ങളിലാണ് മാനവരാശിയുടെ എക്കാലത്തെയും ആനന്ദമായ രക്ഷകന്‍ വളര്‍ന്നു വലുതായത്. നിത്യജീവന്റെ അപ്പം വേവിച്ചെടുത്തത്. നമ്മുടെ കുടുംബങ്ങളിലും സഭയിലുമൊക്കെ ഇതുതന്നെ. യൗസേപ്പിനെ ഓര്‍ത്താല്‍ ദൈവം വളര്‍ത്തുന്നവരെയും പരിപാലിക്കുന്നവരെയും ഓര്‍ക്കാതിരിക്കുമോ? സ്വീകാര്യതയ്ക്കും അംഗീകാരത്തിനുമായി പരക്കം പായുന്ന നമ്മുടെ മനസുകളെ യൗസേപ്പിനു സമാനമാക്കാന്‍ പ്രാര്‍ത്ഥിക്കാം. നമുക്കും യൗസേപ്പിന്റെ അടുത്തേക്കു പോകാം!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?