ബിഷപ് ഡോ. അലക്‌സ് വടക്കുംതല
മണ്‍കുടത്തോട് ചോദിച്ചു: ”എടോ കുടം, എന്ത് ഏടാകൂടം വന്നാലും തനിക്കെങ്ങനെ സദാ കൂളായി കഴിയാനാവുന്നു? നനഞ്ഞും തണുത്തും ഇരിക്കാനാവുന്നു?” കുടം നല്‍കിയ മറുപടി ഇങ്ങനെ: ”ഞാന്‍ വെറും ഒരു മണ്‍കുടം, എനിക്കെങ്ങനെ കട്ടിയായും കത്തിത്തിളച്ച് ചൂടായും കഴിയാനാവും? വെന്തും വ്യസനിച്ചും വേവലാതിപ്പെട്ടും ഇരിക്കാനാവുമോ? തിളച്ച വെള്ളം എത്ര എന്നിലൊഴിച്ചാലും ഞാന്‍ സാവധാനം തണുത്തുവരും. മണ്ണില്‍നിന്നു വന്നു ഞാന്‍. മണ്ണിലേക്ക് മടങ്ങുന്നു ഞാന്‍, വെറും ഒരു മണ്‍കുടം!”
നാം എവിടെനിന്നു വന്നെന്നും എവിടേക്കാണ് പോകുന്നതെന്നും ചിന്തിച്ചാല്‍ പിന്നെ അധികം അഹങ്കരിക്കാനാവില്ല. ‘ഇത്രയൊക്കെയേയുള്ളൂ’ എന്ന് ഓര്‍ത്തിരുന്നാല്‍ കൂളായി കഴിയും. ”മനുഷ്യാ, നീ മണ്ണാകുന്നു. മണ്ണിലേക്ക് നീ മടങ്ങും” എന്ന ഉല്‍പത്തി വചനം മനസിലെപ്പോഴും സൂക്ഷിക്കണം.
തുളുമ്പാത്ത നിറകുടം
മറിയം എന്നെ അതിശയിപ്പിക്കുന്നു. കാല്‍വരിയില്‍ കദനത്തിന്റെ കൊടുമുടിയില്‍ കയറി നില്‍ക്കുമ്പോഴും അവള്‍ തളരുന്നില്ല, തകരുന്നില്ല. അരുമസുതന്‍ പിടഞ്ഞുമരിക്കുന്ന രംഗം കണ്ടുനില്‍ക്കേണ്ടി വരുമ്പോഴും വ്യാകുലം ഉള്ളി ല്‍ നിറയുമ്പോഴും അവള്‍ തികഞ്ഞ പ്രത്യാശയിലാണ്. കാലിത്തൊഴുത്തില്‍ കാണുന്ന വിവരണം ശ്രദ്ധേയമാണ്. ”മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2:19). അത് കാല്‍വരിയിലും പ്രസക്തമാണ്.
പരമ്പരാഗത ലത്തീന്‍ ഈണങ്ങളില്‍ ഏറ്റവും വിശിഷ്ടമായ ഏഴു ഗാനങ്ങളില്‍ ഒന്നായി പരിഗണിക്കുന്നത് ‘Stabat Mater dolorosa’ (Stood, the Mother full of grief) എന്ന പാട്ടാണ്. അതിന്റെ ആദ്യവരികള്‍ ഇപ്രകാരമാണ്:
‘വ്യാകുലയായ അമ്മ, കുരിശിനു താഴെ മകനോടൊപ്പം അവസാനംവരെ നി ല്‍ക്കുന്നുണ്ടായിരുന്നു. എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് അവള്‍ അവിടെ നിന്നിരുന്നു.’
എല്ലാ സങ്കടങ്ങളിലും സംഘര്‍ഷങ്ങളിലും മറിയം അങ്ങനെയാണ്. കാലിത്തൊഴുത്തിലെ പരിമിതികളിലും കുരിശിനു താഴെ വലിയ വ്യാകുലത്തിലും അവള്‍ ഒരുപോലെ.
വിഖ്യാതനായ ഇംഗ്ലീഷ് കവി ടി.എസ്. എലിയറ്റ് ‘The journey of the Magi’ (പൂജരാജാക്കന്മാരുടെ യാത്ര) എന്ന കവിതയില്‍ പുല്‍ക്കൂട്ടിലെ ദിവ്യപൈതലിന്റെ ജനനം, നൊമ്പരത്താല്‍ മരണമാണ്, നമ്മുടെ മരണംപോലെ എന്നാണ് വ്യാ ഖ്യാനിക്കുന്നത്.
‘I had seen birth and death But I had thought they were different
This birth was hard and bitter agony
Like death, our death’
(ജനനവും മരണവും ഞാന്‍ കണ്ടു
വ്യത്യസ്തമാണവ എന്നു ഞാന്‍ നിനച്ചിരുന്നു
എന്നാല്‍ ഈ ജന്മം, കഠിനം, വന്‍ നൊമ്പരം
മരണംപോലെ, നമ്മുടെ മരണംപോലെ.)
ജറുസലേമിലെ പെസഹാത്തിരുനാളിനുപോയി മടങ്ങുമ്പോള്‍ മകനെ കാണാതാകുമ്പോഴും പിന്നെ കണ്ടെ ത്തി ഭവനത്തില്‍ തിരിച്ചെത്തുമ്പോഴും അവന്റെ വിജ്ഞാനവും വിവേകവും വിശുദ്ധിയും വ്യതിരക്തതയുമൊക്കെ നിരീക്ഷിക്കുമ്പോഴും മറിയത്തിന്റെ മനോഭാവം ഇപ്രകാരമാണ്: ”അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു” (ലൂക്കാ 2:51).
ബൈബിളിന്റെ വിവിധ ആംഗലേയ തര്‍ജമകളില്‍ മറിയം ഹൃദയത്തില്‍ സംഗ്രഹിച്ചു എന്നതിന് ഉപയോഗിച്ചിരുന്ന പദങ്ങളും നാം ശ്രദ്ധിക്കണം. Mary ‘treasured’ അല്ലെങ്കില്‍ ‘preserved’ എന്നോ ‘kept all these, pondering them in her heart’ എന്നുമൊക്കെയാണ് കൊടുത്തിരിക്കുന്നത്. ഗ്രീക്കില്‍ രണ്ട് സമാന പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. ‘syneterei’ അഥവാ ‘dieterei’ എന്നിവയാണ് ആ വാക്കുകള്‍. മാര്‍ക്കോസിന്റെ സുവിശേഷം 6:22-ല്‍ ഹേറോദേസ് രാജാവ്, ഭാര്യ ഹേറോദിയയുടെ ആഗ്രഹപ്രകാരം സ്‌നാപക യോഹന്നാനെ ശിരച്ഛേദം ചെയ്ത് വധിക്കുന്നതിനുമുമ്പ് കാരാഗൃഹത്തില്‍ സൂക്ഷിച്ചിരുന്നതിനെ വിവരിക്കുമ്പോള്‍ കൊടുത്തിരിക്കുന്ന പദം ‘സിനെത്തെറെയ്’ എന്നാണ്. പുറത്തുവരാന്‍ അനുവദിക്കാതെ, സുരക്ഷിതമായി കാത്തുസൂക്ഷിച്ചു എന്ന് ആ പദം വീക്ഷിക്കുന്നു. അതുപോലെ മറിയം എല്ലാം ഭദ്രമായി സൂക്ഷിച്ചു. എല്ലാ സാഹചര്യങ്ങളിലും ഹൃദയത്തില്‍ സംഗ്രഹിച്ചു. ആഴമറിയാനാവാത്ത സാഗരംപോലെ. വികാര വിക്ഷേപങ്ങളുടെ അതിരുകടന്ന പ്രകടനമില്ലാതെ (പ്രത്യക്ഷത്തിലെങ്കിലും), ശാന്തമായി കൂളായി കഴിയുന്നു.
നിറകുടം തുളുമ്പില്ലല്ലോ! മറിയം നന്മയില്‍ നിറഞ്ഞിരുന്നു, നന്ദിയാല്‍ നിറഞ്ഞിരുന്നു. എല്ലാ സാഹചര്യങ്ങളിലും ‘എന്റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു’ (ലൂക്കാ 1:47) എന്നാണ് പറഞ്ഞത്.
ആത്മനിയന്ത്രണത്തിന്റെ
ആദ്യപാഠങ്ങള്‍
അമേരിക്കയിലെ സ്റ്റാന്‍ ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മനഃശാസ്ത്രജ്ഞനായ വാള്‍ട്ടര്‍ മൈക്കിളും കൂട്ടരും നടത്തിയ പരീക്ഷണ-നിരീക്ഷണങ്ങള്‍ ആന്തരിക കരുത്ത് ആര്‍ജിച്ചെടുക്കുന്നതിനെക്കുറിച്ചായിരുന്നു. ‘Standford Marshmallo Experiment എന്നാണ് അത് അറിയപ്പെടുന്നത്. ‘മാര്‍ഷ്മല്ലോ’ എന്ന മധുരമിഠായി നാലുവയസുള്ള ഏതാനും കുട്ടികള്‍ക്ക് കൊടുത്തു. ആരൊക്കെ മിഠായി ഉടനെ കഴിക്കാതെ 15 മിനിറ്റ് ക്ഷമയോടെ കാത്തിരിക്കുന്നുവോ, ആ കുട്ടികള്‍ക്ക് വീണ്ടും ഓരോ മിഠായി വീതം വാഗ്ദാനം ചെയ്തു. ‘താമസിച്ചുള്ള വികാരനിര്‍വൃതി’ എന്നാണ് അതിന് പേരിട്ടത്. കുറച്ചുപേര്‍ ആശയടക്കി കാത്തിരുന്നു. ആ വിജയികളില്‍ 14 വര്‍ഷത്തിനുശേഷം പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ അവരിലെ വൈകാരിക ക്ഷമത ഇരട്ടിച്ചതായും ആത്മനിയന്ത്രണശക്തി കൂടുതലായി തീര്‍ന്നതായും മനസിലായി. സ്വയം നിയന്ത്രിച്ചും ആശയടക്കിയും പരിശീലിച്ചുപോന്നാല്‍ വിവേചനശ ക്തികൊണ്ട് സ്വാഭാവിക വികാരങ്ങളെ നിയന്ത്രിക്കാനും ആകുന്നു. കരുത്തോടെ, കരുതലോടെ, ‘കൂളായി’ ജീവിക്കാനാകുന്നു.
മാനേജ്‌മെന്റ് ഗുരുവും മോട്ടിവേഷണല്‍ പ്രഭാഷകനുമായ പ്രകാശ് അയ്യരുടെ ‘നേതൃത്വത്തിന്റെ രഹസ്യം’ എന്ന പുസ്തത്തിന്റെ മൂന്നാം അധ്യായം ‘കുട്ടി ജിറാഫിന്റെ ജീവിതപാഠങ്ങള്‍’ എന്നാണ്. ജിറാഫുകുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. എന്നാല്‍ സുപ്രധാനങ്ങളായ ജീവിതപാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുവെന്ന് പ്രകാശ് അയ്യര്‍ എഴുതുന്നു. ജിറാഫിന്റെ ജനനംതന്നെ ഭൂകമ്പംപോലുള്ള ദുരനുഭവമാണ്. കുഞ്ഞിനെ, അമ്മ ജിറാഫ് അതിന്റെ ഗര്‍ഭപാത്രം തുറന്ന് പെറ്റിടുന്നത് ഏതാണ്ട് എട്ടടി ഉയരത്തില്‍നിന്നാണ്. ആദ്യവീഴ്ചയുടെ ആഘാതംതന്നെ ആകെ തകര്‍ക്കുന്നപോലെയുള്ള അനുഭവമാണ് ആ കുഞ്ഞിന്. അങ്ങനെ അവശതയോടെ, വേദനയിലും വിങ്ങലിലും അനങ്ങാന്‍പോലുമാവാതെ ശയിക്കുമ്പോള്‍ അമ്മജിറാഫ് കഴുത്തുനീട്ടി, ചുണ്ടടുപ്പിച്ച് ചുടുമുത്തങ്ങള്‍ സമ്മാനിക്കുന്നു. നാവുനീട്ടി വാത്സല്യത്തോടെ ദേഹമാസകലം ഉഴിയുന്നു.
സ്വല്പം ഉഷാറായി എഴുന്നേറ്റു വരുമ്പോള്‍, അവിശ്വസനീയമായ മറ്റൊന്നു സംഭവിക്കുന്നു! അമ്മജിറാഫ് അതിന്റെ കരുത്താര്‍ന്ന, നീണ്ട പുറംകാലുനീട്ടി കട്ടിയിലൊരു തൊഴിയും ചവിട്ടും! പാവം കുഞ്ഞ്! വീണ്ടും നിലത്തുവീണ്, നിസഹായതയോടെ നിലവിളിച്ചു കരയുന്നു. വിവശനായി ചുരുണ്ടുകൂടി താഴെ കിടന്നുഴലുന്ന ആ കുഞ്ഞിനെ അമ്മ, ഒരു ദാക്ഷിണ്യവും കാണിക്കാതെ മറ്റൊരു കാലുനീട്ടി വീണ്ടുമൊരു തൊഴി! ചിലപ്പോള്‍ മറ്റൊന്നുകൂടി. അങ്ങനെയാവുമ്പോള്‍ വിറച്ചും വേദനിച്ചും കാലും കൈയും നീട്ടി തെന്നിമാറാനും സ്വന്തം കാലില്‍ ആദ്യമായി നില്‍ക്കാനും പഠിക്കുന്നു.
അങ്ങനെ ഏതാണ്ട് ഉന്മേഷം കൈവരിക്കുന്ന കുഞ്ഞിന്റെയടുത്ത് അമ്മ വീണ്ടും വരുന്നു. താലോലിക്കാനും ചാഞ്ചക്കം പാടാനുമല്ല; മറ്റൊരു ചവിട്ടുകൂടി കൊടുക്കാന്‍. വീണ്ടും തളര്‍ന്നു വീണാലും പക്ഷേ പെട്ടെന്ന് കുതിച്ചെഴുന്നേല്‍ക്കാനും കുതറിയോടാനും കു ഞ്ഞിനാവുന്നു. അപ്പോള്‍ അമ്മയ്ക്ക് ഹര്‍ഷോന്മാദമായി. കാരണം കുട്ടിജിറാഫ് പ്രധാനപാഠം പഠിച്ചിരിക്കുന്നു: ജീ വിതത്തില്‍ എത്ര വിഷമസന്ധിയില്‍ വീണാലും എങ്ങനെയാണെങ്കിലും എഴുന്നേറ്റ് സ്വന്തം കാലില്‍ നില്‍ക്കാനാവണം.
എന്തിനാണ് ജിറാഫമ്മ ഇപ്രകാരം കുഞ്ഞിനോട് ചെയ്യുന്നത്? അമ്മയ്ക്കറിയാം, ഇളം ജിറാഫിറച്ചി കൂടുതല്‍ ഇഷ്ടപ്പെടുന്ന സിംഹങ്ങള്‍ തൊട്ടടുത്ത ചുറ്റുപാടുകളില്‍ത്തന്നെയുണ്ടെന്ന്. പ്രതിസന്ധികളെ അതിജീവിക്കാനാകണമെങ്കില്‍ സ്വയം ചാടി എഴുന്നേല്‍ക്കാനും കുതിച്ചോടാനും കുട്ടിപ്രായത്തില്‍ത്തന്നെ സാധിക്കണം.
കുട്ടി ജിറാഫുകളുടെ സൗഭാഗ്യം ന മ്മില്‍ പലര്‍ക്കുമില്ലെന്നാണ് പ്രകാശ് അയ്യര്‍ കുറിക്കുന്നത്. നാം ആരെങ്കിലും വീണാല്‍, ഒന്നു തളര്‍ന്നാല്‍, അതോടെ എല്ലാം തീരുന്നു! നാം നമ്മുടെ കംഫര്‍ട്ട് സോണില്‍ കഴിയുമ്പോള്‍ തൊഴിക്കാന്‍ നമുക്കാരുമില്ല! അങ്ങനെ തൊഴിയേറ്റ് വിഷമിച്ചവരും എന്നാല്‍ തളരാതെ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് ഉഷാറായി കഴിയുന്നവര്‍ക്കുമാണ് വിജയം.
ഉത്ഥാനവിജയം നമ്മിലും
ജര്‍മന്‍ മിസ്റ്റിക്കും ഫ്രാന്‍സിസ്‌കന്‍ വൈദികനുമായിരുന്നു ജൊഹാന്‍ ഷെഫ്‌ലര്‍ (1624-1677). 1654-ല്‍ കത്തോലിക്കാ വിശ്വാസിയായി മാറി. പിന്നീട് ആഞ്ചെലൂസ് സിലേസിയൂസ് എന്ന നാമം സ്വീകരിച്ച അദ്ദേഹം എഴുതിയ The Cherubinic Wanderer എന്ന ഏതാനും വരികള്‍ ഇപ്രകാരമാണ്:
The Cross on Golgotha
Thou lookest to in vain,
Unless within thine heart
It be set up again.
(നീ നോക്കും ഗാഗുല്‍ത്താ
കുരിശുപോലും
പാഴാണതെന്നോര്‍ക്കണം നീ
നിന്‍ ഹൃത്തിനുള്ളില്‍ വീണ്ടുമിന്നും
സ്ഥിരമൊരു സ്ഥാനം അതിനില്ലായെങ്കില്‍!)
പരിമിതികള്‍ക്കു നടുവില്‍, കാലികള്‍ക്കു നടുവില്‍ പാതിരാവില്‍ വന്നു പിറന്ന ക്രിസ്തു, നമ്മിലും പിറവിയെടുത്താല്‍ പരിമിതികളെല്ലാം പുഞ്ചിരിയോടെ സ്വീകരിക്കാനാവും. അതിജീവിക്കാനാവും. കൂരിരുള്‍ രാവിലും കാ ര്‍മേഘ പാളികള്‍ക്കപ്പുറം ഒരു മിന്നും താരകം നമുക്ക് കണ്ടെത്താനാവും. കാല്‍വരി കുരിശിനോട് കൂട്ടുകൂടി അനുദിന കുരിശുകള്‍ക്കും കഷ്ടപ്പാടുകള്‍ക്കുമപ്പുറം ക്രിസ്തുവില്‍ കടാക്ഷമുറപ്പിക്കുന്നവര്‍ക്ക് മറ്റുള്ളവരോടുള്ള കരുതലില്‍ കഴിയാനാവും.
എപ്പോഴും ‘കൂളായി’ ജീവിക്കാനാവും. ഡാഡി കൂള്‍, മമ്മി കൂള്‍, മണ്‍കുടം പോലെ എല്ലാരും കൂള്‍. എപ്പോഴും കൂള്‍!
Leave a Comment
Your email address will not be published. Required fields are marked with *