Follow Us On

24

November

2024

Sunday

ബാക്കാ താഴ്‌വരയിലെ രണ്ടു തരം അനുഭവങ്ങള്‍

ബാക്കാ താഴ്‌വരയിലെ രണ്ടു തരം  അനുഭവങ്ങള്‍

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

സങ്കീര്‍ത്തനം 84:5-7 വചനങ്ങള്‍ ആദ്യമേ ഉദ്ധരിക്കട്ടെ. അധികംപേര്‍ക്കും ഈ വചനം പരിചയം ഉണ്ടാകണമെന്നില്ല. പക്ഷേ നമ്മെ സ്വാധീനിക്കുവാന്‍ കഴിവുള്ള വചനങ്ങളാണ്. ഇനി ആ വചനങ്ങള്‍ വായിക്കുക: അങ്ങയില്‍ ശക്തി കണ്ടെത്തിയവര്‍ ഭാഗ്യവാന്മാര്‍. അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികള്‍ ഉണ്ട്. ബാക്കാ താഴ്‌വരയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ അതിനെ നീരുറവകളുടെ താഴ്‌വരയാക്കുന്നു. ശരത്കാലവൃഷ്ടി അതിനെ ജലാശയങ്ങള്‍കൊണ്ട് നിറക്കുന്നു. അവര്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു.

ഈ വചനഭാഗം മനസിലാക്കാന്‍ കുറച്ച് പഴയനിയമ പശ്ചാത്തലം ആവശ്യമുണ്ട്. അതിനാല്‍ ആദ്യമേ അത് പറയാം. ഒന്ന്, പെസഹാ, രണ്ട് പന്തക്കുസ്താ തിരുനാള്‍ (വിളവെടുപ്പ് തിരുനാള്‍), മൂന്ന് കൂടാരത്തിരുനാള്‍. ഇവ മൂന്നും തീര്‍ത്ഥാടനം ആവശ്യമായ തിരുനാളുകളാണ്. പഴയ നിയമകാലത്ത് യഹൂദര്‍ക്ക് രണ്ടുതരം ആരാധനാലയങ്ങളാണ് ഉണ്ടായിരുന്നത് – സിനഗോഗുകളും ദൈവാലയവും. സിനഗോഗുകള്‍ ധാരാളം ഉണ്ടായിരുന്നു. അവിടെ വിശ്വാസികള്‍ ഒന്നിച്ചുകൂടി പഴയ നിയമത്തിന്റെ ഒരു ഭാഗം വായിക്കും; ഒരാള്‍ അതിന് വ്യാഖ്യാനം നല്‍കും. പിന്നെ പ്രാര്‍ത്ഥിക്കും. പൊതുകാര്യങ്ങള്‍ എല്ലാം അറിയിക്കും. അങ്ങനെ അവര്‍ പിരിയും. എന്നാല്‍ സിനഗോഗുകളില്‍ പക്ഷികളെയോ മൃഗങ്ങളെയോ ധാന്യങ്ങളോ കത്തിച്ചുള്ള ബലിയര്‍പ്പണം ഉണ്ടായിരുന്നില്ല.

ബലിയര്‍പ്പണം നടത്താന്‍ അനുവാദം ഉണ്ടായിരുന്നത് ദൈവാലയത്തിലാണ്. ലോകത്ത് എല്ലായിടത്തും ഉണ്ടായിരുന്ന യഹൂദര്‍ക്കായി ഒരു ദൈവാലയം മാത്രമേ ഉണ്ടായിരുന്നുള്ളൂ – അതാണ് സോളമന്‍ പണിയിച്ച ജറുസലേം ദൈവാലയം. ക്രിസ്തുവിനുമുമ്പ് 957-ലാണ് ഈ ദൈവാലയം പണിപൂര്‍ത്തിയാക്കി പ്രതിഷ്ഠിച്ചത്. ക്രിസ്തുവിനുമുമ്പ് 586-ല്‍ ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ ഈ ദൈവാലയം നശിപ്പിച്ചു. പിന്നീട് അവിടെ ദൈവാലയം പുതുക്കി പണിയുന്നതുവരെ യഹൂദര്‍ക്ക് ദൈവാലയമോ ബലിയര്‍പ്പണമോ ഉണ്ടായിരുന്നില്ല. പിന്നീട് ക്രിസ്തുവിനുമുമ്പ് ദൈവാലയത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചു. ആ ദൈവാലയത്തെയാണ് യേശു ശപിച്ചതും. അതിനുശേഷം ഇന്നുവരെ യഹൂദര്‍ക്ക് ലോകത്തില്‍ ഒരിടത്തും ഒരു ദൈവാലയം ഇല്ല; അതിനാല്‍ ബലിയര്‍പ്പണങ്ങളും ഇല്ല. ഇപ്പോള്‍ ഉള്ളത് സിനഗോഗുകള്‍മാത്രം.

മേല്‍ വിവരിച്ച മൂന്ന് സിനഗോഗുകളില്‍ പരമാവധി യഹൂദര്‍ ജറുസലേമില്‍ വന്ന് പങ്കെടുക്കണം എന്നായിരുന്നു നിയമം. അതിനാല്‍, ഈ മൂന്ന് തിരുനാളുകള്‍ക്കും ധാരാളം പേര്‍ ജറുസലേമില്‍ വന്നിരുന്നു.
രണ്ടാമത് മനസിലാക്കേണ്ട ഒരു കാര്യം ഇതാണ്: ജറുസലേമിന്റെ മറ്റൊരു പേരാണ് സീയോന്‍. സീയോന്‍ പുത്രീ, ആനന്ദിക്കുക, എന്തെന്നാല്‍ നിന്റെ രാജാവ് കഴുതപ്പുറത്തുകയറി നിന്റെ അടുത്തേക്ക് വരുന്നു എന്നൊക്കെയുള്ള വചനങ്ങള്‍ ഓര്‍ക്കുക.

മൂന്നാമത് മനസിലാക്കേണ്ടത്, എന്താണ് ഈ ബാക്കാ താഴ്‌വര എന്നതാണ്. ബൈബിളില്‍ ഈ വാക്ക് ഒരു തവണ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഇനി ഈ ബാക്കാ താഴ്‌വരയുടെ പ്രത്യേകതകള്‍ പറയാം. വിവിധ സ്ഥലങ്ങളില്‍നിന്ന് ജറുസലേമിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ മരുഭൂമിയിലൂടെ കടന്നുപോകണം. മരുഭൂമിയില്‍ വെളളവും തണലും ഭക്ഷണവും ലഭ്യമല്ല. യാത്രക്കാര്‍ നടന്ന് മടുക്കും. അങ്ങനെ നടക്കുമ്പോള്‍ അവര്‍ ഒരു സ്ഥലത്ത് മരുപ്പച്ചപോലെ ഒരു സ്ഥലം കാണും. ദാഹിച്ചു വലഞ്ഞ അവര്‍ വെള്ളത്തിനായി അങ്ങോട്ടു പോകുന്നു. ആ സ്ഥലത്തിന്റെ പേരാണ് ബാക്കാ താഴ്‌വര. സത്യത്തില്‍ ബാക്കാ താഴ്‌വര മരുപ്പച്ചയല്ല; മരീചികയാണ്. മരുപ്പച്ചയാണെന്ന് വിചാരിച്ച് വളരെ ദൂരം വഴിമാറി നടന്ന് ബാക്കാ താഴ്‌വരയില്‍ എത്തുമ്പോഴാണ്, അത് മരുപ്പച്ചയല്ല എന്നും മരീചിക ആണെന്നും മനുഷ്യര്‍ മനസിലാക്കുക. അവര്‍ക്ക് ഉണ്ടാകുന്ന വിഷമം ആലോചിച്ചു നോക്കുക. വീണ്ടും അവര്‍ അത്രയും ദൂരം പുറകോട്ട് നടന്ന് ജറുസലേമിലേക്ക് പോകേണ്ട പാതയില്‍ എത്തണം. അവര്‍ക്ക് എത്ര നിരാശ, എത്ര സങ്കടം, എത്ര തളര്‍ച്ച, എത്ര അധിക നടത്തം.

പ്രിയപ്പെട്ടവരേ, ഈ അറിവുകളെല്ലാം മനസില്‍ വച്ചുകൊണ്ട് സങ്കീര്‍ത്തനം 84:5-7 വചനങ്ങള്‍ വായിക്കണം. അവിടെ സുപ്രധാനമായ ഒരു വെളിപ്പെടുത്തല്‍ ദൈവം നല്‍കുന്നുണ്ട്. ചില മനുഷ്യര്‍ക്ക് അത് വലിയ ആശ്വാസവും പ്രത്യാശയും സന്തോഷവും നല്‍കും. കാര്യം ഇതാണ്: ദൈവത്തില്‍ ശക്തി കണ്ടെത്തിയവര്‍ മരുപ്പച്ചയാണെന്ന് കരുതി മരീചികയില്‍ എത്തുമ്പോള്‍ ദൈവം അവര്‍ക്കുവേണ്ടി അവിടെ ചില അത്ഭുതങ്ങള്‍ ചെയ്യും.
എന്താണ് ആ അത്ഭുതങ്ങള്‍?
ഒന്ന്, ദൈവത്തെ ആശ്രയിക്കുന്ന അവരെ ഓര്‍ത്ത് ദൈവം അവിടെ നീരുറവകള്‍ പുറപ്പെടുവിക്കും. ദൈവം ആ പ്രദേശത്തെ നീരുറവകള്‍കൊണ്ട് നനക്കും. അവിടെ അപ്പോള്‍ അന്തരീക്ഷം തണുക്കും. മരങ്ങള്‍ മുളക്കും, തണല്‍ ഉണ്ടാകും, ഫലങ്ങള്‍ ഉണ്ടാകും, സര്‍വോപരി വേണ്ടത്ര കുടിവെള്ളം കിട്ടും. ഇത് ദൈവം എല്ലാവര്‍ക്കുംവേണ്ടി ചെയ്യുന്ന അത്ഭുതങ്ങള്‍ അല്ല; ദൈവത്തില്‍ ആശ്രയിക്കുകയും ദൈവത്തില്‍ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടിമാത്രം ചെയ്യുന്ന അത്ഭുതങ്ങളാണ്.

അതിനാല്‍ നമ്മള്‍ മരീചിക കണ്ട് ഭയപ്പെടേണ്ട, എല്ലാം തീര്‍ന്നുവെന്ന് കരുതണ്ട. പകരം ദൈവത്തെ ആശ്രയിക്കുക; ദൈവത്തില്‍ ശക്തി കണ്ടെത്തുക. അപ്പോള്‍ ദൈവം നിങ്ങള്‍ക്കുവേണ്ടി നീരുറവകള്‍ ഒഴുക്കും; മരങ്ങള്‍ വളര്‍ത്തും, ഫലങ്ങള്‍ പുറപ്പെടുവിക്കും. അവരുടെ ജീവിതം കൂടുതല്‍ സുന്ദരമാകും.
ജീവിതം പലപ്പോഴും ബാക്കാ താഴ്‌വരയില്‍ നമ്മെ എത്തിക്കാറില്ലേ? എന്നിട്ട് മടുപ്പും നിരാശയും തോന്നിയിട്ടില്ലേ. ഒന്നു ശ്രദ്ധിക്കണേ: അല്പംകൂടി ദൈവത്തെ കൂടെ നിര്‍ത്തുക; ദൈവത്തില്‍നിന്ന് ശക്തി സ്വീകരിക്കുക. മരീചികയായ ബാക്കാ താഴ്‌വരയെ ദൈവം നിങ്ങള്‍ക്കുവേണ്ടി മരുപ്പച്ചയാക്കി മാറ്റും. അതെ, വിജയവും സംരക്ഷണവും തന്ന് ദൈവം മുന്നോട്ട് നയിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?