ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS
‘ആഗ്രഹിക്കുമ്പോള്‍ നിര്‍ഭാഗ്യങ്ങള്‍പോലും നമ്മെ തേടിവരാന്‍ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്, അല്ലെ …?’
ബെന്ന്യാമിന്റെ ആടുജീവിതത്തിന്റെ ആദ്യ അധ്യായത്തിലെ വരികള്‍.
ആഗ്രഹങ്ങള്‍ അസ്തമിച്ച മനുഷ്യരുടെ മനസുവായിക്കുവാന്‍ ഇടയായപ്പോള്‍ മനസിലായി ആഗ്രഹങ്ങളോടൊപ്പം അവരില്‍ അവസാനിച്ചത് പ്രതീക്ഷകള്‍ ആണെന്ന്. അങ്ങനെയും ചിലരുണ്ട്. എല്ലാം നഷ്ടമായി എന്ന് കരുതി, ജീവിതം തോറ്റുപോയെന്ന് കരുതുന്നവര്‍. ചിലരെ കാണുമ്പോള്‍, അവരുടെ രൂപം കാണുമ്പോള്‍ നമ്മള്‍ മനസില്‍ രൂപപ്പെടുത്തുന്ന ചില ബോധ്യങ്ങളുണ്ട്. അവര്‍ തകര്‍ന്നവരാണ്, പരുക്കന്‍ സ്വഭാവമാണെന്നൊക്കെയുള്ള ചിന്തകള്‍. സത്യത്തില്‍ അതൊന്നും തിരിച്ചറിവുകളല്ല. ആരെയും അടുത്തറിയാത്തതൊന്നും തിരിച്ചറിവുകളല്ല. മനുഷ്യന്‍ അകമേ ഒളിച്ചിരിക്കുന്ന ഒരു അത്ഭുതമാണ്. അകത്തേക്ക് കടക്കും തോറും വെളിപ്പെട്ടു കിട്ടുന്ന വിസ്മയങ്ങള്‍.
ഒരു ട്രെയിന്‍ യാത്രയില്‍ കണ്ട പേരറിയാത്ത ഒരു സുഹൃത്തിനെ ഓര്‍ക്കുന്നു…
ആദ്യ കാഴ്ചയില്‍ പരുക്കന്‍ ഭാവമാണ് എനിക്ക് തോന്നിയത്. ഞാന്‍ ചിരിച്ചിട്ടും അയാള്‍ ആദ്യം എനിക്ക് ഒരു ചിരി തന്നില്ല.
ഞങ്ങളുടെ ഭാഷ ഒന്നായിരുന്നില്ല..,
മലയാളവും, തെലുങ്കും.
ഞങ്ങളുടെ നിറമൊന്നായിരുന്നില്ല…,
കറുപ്പും, വെളുപ്പും.
ഞങ്ങളുടെ മതവും ഒന്നായിരുന്നില്ല..!
യാത്രയും ഒരിടത്തേക്ക് അല്ലായിരുന്നു.
അയാള്‍ ശബരിമല തീര്‍ഥാടനത്തിനായിരുന്നു…
പക്ഷെ, അയാള്‍ക്ക് ട്രെയിനില്‍ ഒരു ഇരിപ്പിടം ഉണ്ടായിരുന്നു.
എനിക്കില്ലായിരുന്നു…!
എന്റെ അസ്വസ്ഥത കണ്ട് അയാള്‍ എന്നെ ഒന്ന് നോക്കി.
ആദ്യം ഒന്നിരിക്കാന്‍ മാത്രം അയാള്‍ സ്ഥലം തന്നു, അയാളുടെ ഇരിപ്പിടത്തില്‍. ആശ്വാസമായി.
പിന്നീട് ഇരുട്ട് കൂടിയപ്പോള്‍ അയാള്‍ തെലുങ്കില്‍, ‘വിരോധമില്ലെങ്കില്‍ അഡ്ജസ്റ്റ് ചെയ്യാം’ എന്നു പറഞ്ഞു. രണ്ടുവശങ്ങളിലെക്കായി തലവച്ച് മയങ്ങി…
അയാള്‍ക്ക് മുന്‍പേ ഞാന്‍ ഇറങ്ങി.
ഉറക്കത്തിലായതിനാല്‍ അയാളെ വിളിച്ചില്ല. അന്ന് ആ പാതിരയ്ക്ക് ക്ഷീണിതനായി ഞാന്‍ നടന്നു നീങ്ങുമ്പോള്‍, അയാളോടുള്ള നന്ദി മാത്രമായിരുന്നു എന്റെ ഉള്ളില്‍.
വ്രതമെടുത്തു മലകയറാന്‍ പോകുന്ന ആ ചങ്ങാതിക്ക് നന്മകള്‍ മാത്രമേ വരൂ… മനുഷ്യനായിരുന്നു അയാള്‍, സുഹൃത്തും.
എനിക്കുറപ്പാണ് ഈ സ്‌നേഹം, കരുണ ഇതൊക്കെ ഒട്ടും അകലങ്ങളിലല്ല …. ഇവിടെയൊക്കെ തന്നെ ഉണ്ട്. ആദ്യ കാഴ്ചയില്‍ ഞാന്‍ കണ്ട ആ പരുക്കന്‍ മനുഷ്യനല്ല നിങ്ങള്‍. ഹൃദയത്തിലേക്ക് കുടിയേറിയ ഒരു വലിയ മനുഷ്യനായി മാറി നിങ്ങള്‍. നന്ദി സുഹൃത്തേ കാരുണ്യത്തിന്റെ സ്പര്‍ശം ജീവിതത്തില്‍ കാണിച്ചതിന്…. നന്ദി.
ഈ അടുത്തു കണ്ട ഏറ്റവും മനോഹരമായ സിനിമയാണ് A Man Called Otto. പറഞ്ഞു വിവരിക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണമായൊരു കഥാപാത്രസൃഷ്ടിയാണ് ‘Otto’. അയാളെ അനുഭവിച്ചറിഞ്ഞാല്‍ മാത്രമേ അതിന്റെ പൂര്‍ണത ലഭിക്കുകയുള്ളൂ. സ്വന്തം ശീലങ്ങളും തീരുമാനങ്ങളും മാത്രമായി സ്വന്തമായൊരു ലോകം സൃഷ്ടിച്ച് അതില്‍ കഴിയുന്ന മനുഷ്യന്‍. അവിടെ മറ്റാര്‍ക്കും പരിഗണനയില്ല.
മറ്റൊരാളുടെ ജീവിതമോ അതിലെ വ്യതിയാനങ്ങളോ സന്തോഷമോ സങ്കടമോ അയാളെ ബാധിക്കുന്ന കാര്യമല്ല. തന്റെ ലോകത്തിന് ചുറ്റും തീര്‍ത്തുവച്ചിരിക്കുന്ന വേലിക്കെട്ടുകള്‍ക്കുള്ളിലേക്ക് ഇടിച്ചു കേറി വരാന്‍ ഒരാളെയും അയാള്‍ അനുവദിക്കുകയുമില്ല. ചുറ്റുമുള്ളവരെല്ലാം അയാള്‍ക്ക് വെറും ‘വിഡ്ഢികള്‍’ മാത്രമാണ്. തന്റേതില്‍ നിന്നും നേര്‍ വിപരീതമായി അടുക്കും ചിട്ടയുമില്ലാത്ത കൃത്യതയില്ലാത്ത ജീവിതം നയിക്കുന്ന വെറും വിഡ്ഢികള്‍. പുറമേ നിന്നുനോക്കുന്ന ഒരാളുടെ കണ്ണില്‍, അയാള്‍ പരുക്കനും മുരടനും തന്നിഷ്ടക്കാരനും അഹങ്കാരിയുമായൊരു വൃദ്ധനായിരിക്കാം. സഹ ജീവികളോട് കരുണയില്ലാത്ത, സഹാനുഭൂതിയില്ലാത്ത ഹൃദയം കല്ലായ മനുഷ്യനായിരിക്കാം. പക്ഷേ അയാള്‍ക്ക് അതിനെല്ലാം അയാളുടേതായ ന്യായങ്ങളുണ്ട്. അയാളെ കൂടുതല്‍ മനസിലാക്കുമ്പോഴാണ്, ഹൃദയം വഹിക്കുന്ന വേദനയുടെ ആഴമറിയുക. ആ മനുഷ്യനെ വരിഞ്ഞിരിക്കുന്ന ശൂന്യതയുടെ കാഠിന്യമറിയുക. ആ മനുഷ്യനോട് ഇഷ്ടം തോന്നുക. അഗാധമായ സ്‌നേഹം തോന്നുക..!
ചിലരെങ്കിലും ഉള്ളില്‍ ഒരായിരം സങ്കടത്തിന്റെ കടലുകള്‍ ഒളിപ്പിച്ചിട്ടുണ്ട്. നമുക്ക് നടന്നുപോകേണ്ടത് ആ ഉള്ളിലേക്കാണ്. നമ്മുടെ ഉറ്റവരുടെ ആഗ്രഹങ്ങളിലേക്ക് ഒന്ന് നടന്നാലോ…! നമ്മള്‍ മാറ്റിനിര്‍ത്തിയിരിക്കുന്ന ചില മനുഷ്യരുണ്ട്. നമ്മള്‍ തിരിച്ചറിയാത്ത ചില മനുഷ്യര്‍. നമ്മള്‍ മനസുകൊണ്ട് അകറ്റി നിര്‍ത്തുന്ന ചിലര്‍. സ്‌നേഹം ഇല്ലാത്തതുകൊണ്ടല്ല, അവരെ തിരിച്ചറിയാത്തതുകൊണ്ടാണ്. അങ്ങനെയുള്ള ചില കടന്നുവരവുകള്‍ക്കുവേണ്ടി ചിലര്‍ കാത്തിരിപ്പുണ്ട്. ആഗ്രഹങ്ങള്‍ തിരിച്ചറിയുന്നത് മനുഷ്യത്വം കൂടിയാണ്. അത് ചിലപ്പോള്‍ അപ്പന് നല്‍കുന്ന ഒറ്റമുണ്ടാകാം, അമ്മക്ക് നല്‍കുന്ന ഫോണ്‍ വിളിയാകാം… ചിലരെങ്കിലും ഈ ആഗ്രഹങ്ങളൊക്കെയും മനസിലിട്ടു താരാട്ട് പാടുന്നുണ്ട്…ചാര്‍ളി ചാപ്ലിന്‍ പറയുന്നപോലെ ‘ജീവിതമെന്നാല്‍ ആഗ്രഹങ്ങളല്ലാതെ മറ്റെന്താണ്…’ ഈ കൊച്ചു ജീവിതത്തില്‍ ക്ലെച്ചുപിടിക്കാതെ വഴിമുട്ടി നില്‍ക്കുന്നവരുമുണ്ടെന്നേ…
ഒരു പുഞ്ചിരികൊണ്ടുപോലും ഹാപ്പിയാകുന്നവരുള്ള നാടാണിത്. ഓര്‍ക്കണം നമ്മുടെ ഉറ്റവരുടെ ആഗ്രഹങ്ങളായിരുന്നു ഇന്നത്തെ ‘നാം’..!
Leave a Comment
Your email address will not be published. Required fields are marked with *