Follow Us On

23

June

2024

Sunday

എന്തിനാണ് ഇത്തരം പോലീസുകാര്‍?

എന്തിനാണ് ഇത്തരം പോലീസുകാര്‍?

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

കഴിഞ്ഞ ദിവസം രോഗീശുശ്രൂഷയ്ക്കിടെ രോഗിയുടെതന്നെ കുത്തേറ്റ് മരിച്ച ഡോ. വന്ദനയുടെ മുമ്പില്‍ കൈകള്‍ കൂപ്പുന്നു. ഡോക്ടറുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. കുടുംബാംഗങ്ങള്‍ എന്നുപറയാന്‍ ഇനി ആ കുടുംബത്തില്‍ ഡോക്ടറുടെ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. ആ കുടുംബത്തിന്റെ വിളക്കും പ്രതീക്ഷയും പിന്‍തുടര്‍ച്ചയും എല്ലാമായിരുന്നു ഡോ. വന്ദന. ഡോ. വന്ദന ഡോക്ടര്‍മാര്‍ക്കിടയിലെ ഒരു രക്തസാക്ഷിയാണ്. കാരണം ഡ്യൂട്ടിക്കിടെ, രക്തം ചിന്തിയാണ് അവര്‍ മരിച്ചത്.

സത്യത്തില്‍ ഇങ്ങനെ ഒരു മരണം സംഭവിക്കേണ്ടത് അല്ലായിരുന്നു. ഈ സംഭവത്തിന്റെ വിവരങ്ങള്‍ ടെലവിഷനിലൂടെയും മറ്റു വാര്‍ത്തകളിലൂടെയും അറിഞ്ഞവരെല്ലാം ഉള്ളുകൊണ്ട് കുറ്റപ്പെടുത്തുന്നത് ആ രോഗിയെ കൊണ്ടുവന്ന പോലീസുകാരെയാണ്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ചില ന്യായീകരണങ്ങള്‍ പറയുന്നത് കേട്ടു. അയാളെ പ്രതിയായല്ല, രോഗിയായിട്ടാണ് കൊണ്ടുവന്നത് എന്നതാണ് പ്രധാന ന്യായം. എങ്കിലും ചില ചോദ്യങ്ങള്‍ ഉണ്ട്. സാധാരണ മനുഷ്യരെക്കാളും നിരീക്ഷണപാടവവും ശ്രദ്ധയും വിവേകവും വ്യക്തികളെയും സാഹചര്യങ്ങളെയും വിലയിരുത്തുവാനുമൊക്കെയുള്ള കഴിവും പരിശീലനവും പോലീസുകാര്‍ക്കുണ്ട്; ഉണ്ടാകണം എന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. അങ്ങനെ ചിന്തിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് വിലയിരുത്തണം.

ഡോക്ടറെ കുത്തിയ മനുഷ്യനെ അയാളുടെ വീട്ടില്‍പോയി പോലീസ് കൂട്ടിക്കൊണ്ടുവന്നതാണ്. കാലില്‍ പരിക്കുകള്‍ ഉണ്ടായിരുന്നു. അയാള്‍ മദ്യത്തിന്റെ അടിമയാണ് എന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. അങ്ങനെയുള്ള ഒരാളെ കസ്റ്റഡിയിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോള്‍ പോലീസുകാരുടെ നിരീക്ഷണപാടവവും ബുദ്ധിയും വിവേകവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അല്ലായിരുന്നോ? അയാളെയും അയല്‍ക്കാരെയുമൊക്കെ ചോദ്യം ചെയ്തിരുന്നെങ്കില്‍ കുറച്ചു വിവരങ്ങള്‍ കിട്ടുമായിരുന്നില്ലേ? അങ്ങനെ ഒരാളെ കൂട്ടിവരുമ്പോഴും ആശുപത്രിയില്‍ കൊണ്ടുവരുമ്പോഴും പോലീസുകാര്‍ കുറച്ച് മുന്‍കരുതലുകള്‍ എടുക്കേണ്ടതല്ലേ? ഇയാള്‍ കത്രികയുമായി വന്ന് പോലീസുകാരെ കുത്തി. അപ്പോള്‍ ആ പോലീസുകാര്‍ എന്ത് എടുക്കുകയായിരുന്നു? അവരുടെ കൈയില്‍ ഒരു ലാത്തിയോ തോക്കോ ഒന്നുമില്ലേ? പല പോലീസുകാര്‍ അവിടെ ഉണ്ടായിരുന്നല്ലോ. അവരില്‍ ഒരാള്‍ ലാത്തിക്ക് അയാളുടെ കൈക്കിട്ട് ഒരു അടി കൊടുത്തിരുന്നെങ്കില്‍ കത്രിക തെറിച്ചു പോകുമായിരുന്നല്ലോ. രണ്ടുമൂന്ന് പോലീസുകാരും അവിടെയുള്ള സ്റ്റാഫുംകൂടി നോക്കിയാല്‍ അയാളെ കീഴ്‌പ്പെടുത്താമായിരുന്നു.

കൈയില്‍ ഒരു ലാത്തിയോ തോക്കോ ഒന്നും ഇല്ലാതെയാണോ ഇത്തരം ക്രിമിനലുകളെ പിടിക്കാനും വണ്ടിയില്‍ കൊണ്ടുനടക്കാനും ആശുപത്രിയില്‍ കൊണ്ടുവരുവാനും പോലീസുകാര്‍ ശ്രമിക്കുന്നത്. നിരപരാധികളെയും വഴിപോക്കരെയുംവരെ ഓടിച്ചിട്ട് പോലീസുകാര്‍ തല്ലുന്ന രംഗങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഡ്യൂട്ടിയുടെ ഭാഗമായി ആളുകളെ കൈകാര്യം ചെയ്യാന്‍ പോകുമ്പോള്‍ ഇവര്‍ വെറുംകയ്യോടെയാണോ പോകുന്നത്? ഒരു ബുദ്ധിയും ബോധവും ഇല്ലാതെയാണോ പ്രവര്‍ത്തിക്കുന്നത്? നിങ്ങള്‍ക്ക് തോക്ക് തന്നിട്ടില്ലേ എന്ന് ഹൈക്കോടതി ചോദിച്ചുവല്ലോ? അതിനാല്‍ ജനം മനസിലാക്കുന്നത് ഇങ്ങനെയാണ്:

ഒന്ന്, ഈ പോലീസുകാര്‍ക്ക് വിവരമില്ല. രണ്ട്, അവര്‍ക്ക് ആത്മാര്‍ത്ഥതയില്ല. മൂന്ന്, അവര്‍ക്ക് വിവേകം ഇല്ല. നാല്, അവര്‍ക്ക് ധൈര്യമില്ല.അതായത്, വിവരക്കുറവ്, വിവേകക്കുറവ്, ആത്മാര്‍ത്ഥതക്കുറവ്, ധൈര്യക്കുറവ്, ഭയം തുടങ്ങിയ പലതുമാണ് അവരില്‍ ഉള്ളത്. പോലീസുകാരുടെ വിവേകമില്ലാത്ത പെരുമാറ്റത്തിന്റെ ഏക ഉദാഹരണമല്ല ഇത്. കോടതിയില്‍ കൊണ്ടുപോകുന്ന പ്രതികള്‍ രക്ഷപെടുന്ന സംഭവങ്ങള്‍ നാം വായിക്കാറുണ്ട്. അപ്പോള്‍ അകമ്പടി പോലീസിന്റെ മുന്‍കരുതല്‍ എന്തായിരുന്നു? തിരൂര്‍ ബോട്ടപകടം ഉണ്ടാകുന്നതിനുമുമ്പ് പോലീസുകാര്‍ക്ക് അടക്കം അപായസൂചനകള്‍ നല്‍കിയിരുന്നു എന്ന് പറയുന്നു.

ബോട്ടുകാരനെ ഒരു തവണ വിളിച്ച് ഗുണദോഷിക്കുന്നതിലൂടെമാത്രം പോലീസിന്റെ കര്‍ത്തവ്യനിര്‍വഹണം കഴിഞ്ഞോ? പോലീസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒത്തിരി പരാതികള്‍ ഒരുപാട് മനുഷ്യര്‍ക്കുണ്ട്. അതിനാല്‍ പോലീസ് ജാഗ്രത കാണിക്കേണ്ടിടത്ത് കാണിക്കണം. കാര്‍ക്കശ്യം കാണിക്കേണ്ടിടത്ത് കാണിക്കണം. വിവേകം കാണിക്കേണ്ടിടത്ത് കാണിക്കണം. അതിനെല്ലാം മനോഹരമായ ഉദാഹരണമാണ്, അമ്മ കുളിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞിനെ അതിവേഗം വീണ്ടെടുത്ത് രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍. അങ്ങനെ അനേക അവസരങ്ങളില്‍ അനേകര്‍ക്ക് അനുഗ്രഹമായി പ്രവര്‍ത്തിച്ച് ആദരവ് നേടിയ അനേകംപേര്‍ പോലീസ് സേനയില്‍ ഉണ്ട്.

അതിനാല്‍ പോലീസിലെ എല്ലാവരെയും കൂടുതല്‍ മികവുറ്റവര്‍ ആക്കണം. കൂടുതല്‍ ജാഗ്രത, വിവേകം, സാഹചര്യങ്ങളെ നിരീക്ഷിക്കാനും വിലയിരുത്തുവാനുമുള്ള കഴിവ്, ശക്തി കാണിക്കേണ്ടിടത്ത് ശക്തിയും മയം കാണിക്കേണ്ടിടത്ത് മയവും വിട്ടുവീഴ്ച കാണിക്കേണ്ടിടത്ത് വിട്ടുവീഴ്ചയും കാര്‍ക്കശ്യം കാണിക്കേണ്ടിടത്ത് കാര്‍ക്കശ്യവും കാണിക്കാനുള്ള പരിശീലനം, ആയുധം ഉപയോഗിക്കേണ്ടിടത്ത് ആയുധം ഉപയോഗിക്കാനുള്ള അനുവാദം അഥവാ വിവേകം എന്നിവയിലെല്ലാം കൂടുതല്‍ പരിശീലനം ആവശ്യമാണെന്നു തോന്നുന്നു.

എല്ലാത്തരം ജോലികള്‍ ചെയ്യുന്നവരുടെ കൂട്ടത്തിലും കാര്യക്ഷമതയും വിവേകവും കൂടുതല്‍ ഉള്ളവരും കുറവുള്ളവരും ഉണ്ട്. ആത്മാര്‍ത്ഥത കൂടിയവരും കുറഞ്ഞവരുമുണ്ട്. നന്മകള്‍ കൂടുതല്‍ ഉള്ളവരും കുറവ് ഉള്ളവരും ഉണ്ട്. അതിനാല്‍, പോലീസ് സേനയിലും എല്ലാത്തരം സ്വഭാവക്കാരും ഉണ്ടാകും. പക്ഷേ വിവേകമില്ലാത്ത, ആത്മാര്‍ത്ഥത ഇല്ലാത്ത, പോലീസുകാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആപല്‍ക്കരമാണ്.
ഏതായാലും പോലീസ് ഉദ്യോഗസ്ഥരുടെ വിവേകമില്ലായ്മകൊണ്ട്, ഇനിയും രക്തസാക്ഷികള്‍ ഉണ്ടാകരുത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?