Follow Us On

17

May

2024

Friday

മക്കളെയോര്‍ത്ത്‌

മക്കളെയോര്‍ത്ത്‌

ജയ്‌മോന്‍ കുമരകം

വിദേശത്തു പഠിക്കാനും ജോലിക്കുമായി പോയൊരു മകനെക്കുറിച്ച് തൃശൂരിലൊരു അമ്മ വിങ്ങിപ്പൊട്ടിയതോര്‍ക്കുന്നു. മകനെക്കുറിച്ചുള്ള ഓര്‍മമൂലം അമ്മക്ക് രാത്രിയില്‍ ഉറക്കം വരുന്നില്ലത്രേ. പല പ്രാവശ്യം മകനെ ഫോണില്‍ വിളിക്കും. ഏതെങ്കിലും തവണ അവന്‍ ഫോണെടുത്തില്ലെങ്കില്‍ അമ്മക്ക് ആധിയാണ്. ഇങ്ങനെ തീ തിന്ന് ദിനരാത്രങ്ങള്‍ തള്ളിനീക്കുകയാണ് ആ അമ്മ. അവരുടെ സങ്കടമത്രയും കേട്ടശേഷം ഞാനവരോട് മക്കളെക്കുറിച്ച് ആകുലപ്പെടരുതെന്നും അവരൊക്കെയും പറന്നുപോകേണ്ട കിളികളാണെന്നുമൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു.

മടക്കയാത്രയില്‍ എന്റെ ഓര്‍മകളെ പത്തുമുപ്പതുകൊല്ലം പിന്നിലേക്ക് കൊണ്ടുപോയി. എനിക്കന്ന് പതിനെട്ടോ ഇരുപതോ വയസ്. വീട് വിട്ടധികം ദൂരെയൊന്നും പോകാത്തകാലം. കോളജും യാത്രയുമൊക്കെയായി പരമാവധി പത്തോ ഇരുപതോ കിലോമീറ്റര്‍. എങ്ങനെ പോയാലും വൈകുന്നേരം ആറുമണിക്കുള്ളില്‍ വീട്ടിലെത്തും. അങ്ങനെ വീടും കോളജുംകൊണ്ടെന്റെ വഴികളെല്ലാം തീര്‍ന്നു. അക്കാലത്താണ് ജീസസ് യൂത്ത് എന്ന ആത്മീയ ശുശ്രൂഷയുടെ ഭാഗമാകുന്നത്. തുടര്‍ന്ന് കുട്ടികളുടെ മിനിസ്ട്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വഴികളും തെളിഞ്ഞു. സംഗതി ഏറെയിഷ്ടമായി. ആ ഗ്രൂപ്പിനൊപ്പം നാടുചുറ്റാം. വീടിനപ്പുറമുള്ള കാഴ്ചകള്‍ കാണാം…ഒരുപാട് പേരെ കാണാം, പരിചയപ്പെടാം.

ആത്മീയ കാര്യങ്ങള്‍ക്കായതിനാല്‍ വീട്ടിലും എതിര്‍പ്പൊന്നും ഉണ്ടായില്ല. എവിടെപ്പോകുന്നു, എന്നുവരും ആരൊക്കെയുണ്ട് കൂടെ ഇങ്ങനെ ചില കാര്യങ്ങള്‍ മാത്രം വീട്ടില്‍ ബോധിപ്പിച്ചാല്‍ മതിയെന്ന് തോന്നി. ഭക്ഷണവും താമസ സൗകര്യവും ചെല്ലുന്ന സ്ഥലങ്ങളില്‍ ക്രമീകരിച്ചിട്ടുള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. യാത്രയോടുയാത്രകള്‍. ഞാനങ്ങനെ വീട്ടില്‍ ഇടയ്ക്കിടെ വന്നും പോയും ഇരുന്നു. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണ്‍ സംവിധാനങ്ങളൊന്നും അന്നില്ലാത്തതിനാല്‍ പലദിവസങ്ങളിലും ഞാന്‍ എവിടെയുണ്ടാകുമെന്നോര്‍ത്ത് അപ്പനും അമ്മയും വല്ലാതെ വിഷമിച്ചിരുന്നുവെന്നത് നേര്. എന്നാല്‍ അന്നൊന്നും അത് അത്ര ഗൗരവമായി കാണാന്‍ എനിക്കാകുമായിരുന്നില്ല…

”ഞാനെന്താ കുഞ്ഞുകൊച്ചാണോ? രണ്ടു ദിവസമല്ലേ ആയുള്ളൂ. ദൂരെങ്ങും പോയില്ലല്ലോ, പിന്നെന്തിനാ ഇത്രേം അന്വേഷിച്ചത്?..” ഇങ്ങനെയുള്ള ന്യായവാദങ്ങളൊക്കെ ഉയര്‍ത്തി ഞാനെന്റെ ഭാഗം ഓക്കേ ആക്കി. അലങ്കോലമായി കിടന്ന എന്റെ പുസ്തകങ്ങള്‍ അമ്മയും അപ്പനും ഭംഗിയായി അടുക്കി വെച്ചാലും അടുത്ത യാത്രക്ക് പോകാനുള്ള മുന്നൊരുക്കത്തിന് വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് വെച്ചാലും അതൊന്നും കാണാതെ പോയി.
ഇന്നെന്റെ മോനും കുറച്ച് ദൂരെയുള്ള കോളജില്‍ പഠനത്തിന് പോയിരിക്കുന്നു. ഹോസ്റ്റലില്‍ താമസമാക്കിയിരിക്കുന്നു. അപ്പോഴാണ് അന്ന് മാതാപിതാക്കളുടെ നെഞ്ചിലെരിഞ്ഞ കനലുകളെക്കുറിച്ച് എനിക്കും മനസിലാകുന്നത്. എന്റെ മനസിലും അവനെക്കുറിച്ചുള്ള നോവുണ്ട്. സമയത്ത് അവന്‍ ക്ലാസിലെത്തുന്നുണ്ടോ? കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടോ? ഒരുപാട് വൈകിയാവുമോ ഉറങ്ങുന്നത്? നല്ല കൂട്ടുകാരാണോ ഒപ്പമുള്ളത്? ഈ ആഴ്ചാവസാനം വീട്ടിലെത്തുമോ?

ഉള്ളിലെ സ്വരം എന്നോട് മന്ത്രിച്ചു. ”മറ്റൊരാളെ ഉപദേശിക്കാനേ നിനക്കാവൂ.. കാരണം നിന്റെ ആകുലതകള്‍ അതിനേക്കാള്‍ വലുതാണ്.” വഴിയിലൊരിടത്ത് ബസ് നിര്‍ത്തി. വിദേശ പഠനത്തിന് വഴിതുറക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡുകള്‍. കുറച്ചുകാലം മാത്രമെന്ന് പറഞ്ഞുപോകുന്ന മക്കളുടെ യാത്രകളെല്ലാം നീണ്ടൊരു യാത്രയുടെ തുടക്കമാണ്. ഉപരിപഠനം, ജോലി… അങ്ങനെയങ്ങനെ അവര്‍ വീട്ടില്‍ നിന്ന് അകന്നകന്നുപോകുന്നു.. അവരുടെ മുറികള്‍ വല്ലപ്പോഴും മാത്രം ജീവനുള്ളതാകുന്നു. കൈപിടിച്ച് നടന്ന കുഞ്ഞുന്നാളുകളും ആഘോഷമാക്കിയ ജന്മദിനങ്ങളും ഇനി നിറമുളള ഓര്‍മകള്‍ മാത്രമായി മാറുന്നു. വരയ്ക്കാനായി വെട്ടിയൊരുക്കിയ കുറെ പെന്‍സിലുകളും കളര്‍ പോയ ഏതാനും ഡ്രസുകളും പൊടിപിടിച്ച മെഡലുകളും എണ്ണമില്ലാത്ത സര്‍ട്ടിഫിക്കറ്റുകളും അവരുടെ മുറിയില്‍ ശേഷിക്കും. കാല്‍ നൂറ്റാണ്ട് മുമ്പ് നമ്മുടെ നാട്ടില്‍ തന്നെയുളള കോളജിലേക്ക് പോയ മക്കളെയോര്‍ത്ത് ആകുലപ്പെട്ടവരെക്കാള്‍ ഭൂമിയുടെ മറ്റൊരു അതിര്‍ത്തിയില്‍ ചേക്കേറിയവരെക്കുറിച്ചുള്ള ഓര്‍മകളുമായി കഴിയണം വര്‍ത്തമാനകാലത്തെ മാതാപിതാക്കള്‍ക്ക്.

മേരിടീച്ചര്‍
മേരി ടീച്ചറായിരുന്നു എന്റെ ഒന്നാം ക്ലാസ് അധ്യാപിക. നാലരപതിറ്റാണ്ട് മുമ്പത്തെ കാര്യമാണിത്. എല്‍.പി. സ്‌കൂളിലെ അധ്യാപകരില്‍ കുട്ടികള്‍ കാണുന്നത് അമ്മത്വമാണല്ലോ. അക്ഷരവും സ്‌നേഹവും അമൃതാക്കി അധ്യാപകര്‍ വിളമ്പുന്ന കാലം. സ്വാഭാവികമായും മേരി ടീച്ചറും ഞങ്ങള്‍ക്കൊരു അമ്മയായിരുന്നു.
ഇന്നത്തെപ്പോലെ വാഹന സൗകര്യങ്ങളോ വഴിയോ ഒന്നുമില്ലാത്ത കാലം. ഒരു കിലോമീറ്റര്‍ നീളം വയല്‍ വരമ്പിലൂടെ പോയാലേ ഞങ്ങള്‍ക്ക് സ്‌കൂളിലെത്താനാവൂ. ഒരു വശത്തു നിറയെ വെളളം കയറിയ വയല്‍. മറുവശത്ത് കുത്തിയൊഴുകുന്ന തോട്. വരമ്പിലൂടെ പോയാല്‍ ഇടയ്ക്കിടെ ചെറിയ മൂന്നാലു തടിപ്പാലങ്ങളുണ്ട്. ഈ പാലവും തോടും ഒറ്റക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മേരി ടീച്ചറിനൊപ്പമാണ് ഞങ്ങളെ മാതാപിതാക്കള്‍ അയച്ചിരുന്നത്. ഒരു ഇടവഴിവക്കില്‍ ഞങ്ങള്‍ കാത്തുനില്‍ക്കും. ടീച്ചര്‍ അതുവഴിയാണ് വരുന്നത്. സമയമാകുമ്പോള്‍ കാണാം ഒരുപാട് കുട്ടികള്‍ക്കൊപ്പം ടീച്ചറും പതിയെ പതിയെ വരുന്നു. മിക്ക കുട്ടികളുടെയും ബാഗും ചോറ്റുപാത്രവുമൊക്കെ വാങ്ങി ടീച്ചര്‍ കൈയില്‍ പിടിച്ചിട്ടുണ്ടാകും. എന്നിട്ട് എല്ലാവരെയും ചേര്‍ത്തുപിടിച്ചൊരു പോക്കുണ്ട്.

ഒറ്റത്തടിപാലം കടക്കുമ്പോള്‍ ടീച്ചറിന്റെ കരം കൂട്ടിനുണ്ടാകും. ഓരോരുത്തരെയായി അക്കരെയെത്തിക്കും. മഴക്കാലത്ത് വീശിയടിക്കുന്ന കാറ്റില്‍ കുടയുടെ ഇടയിലൂടെ തുളച്ചു കയറുന്ന വെള്ളത്തെ പ്രതിരോധിച്ചുള്ള യാത്രകള്‍. കുടയോടൊപ്പം കുട്ടികള്‍ പറന്നുപോകാതിരിക്കാനുള്ള ടീച്ചറിന്റെ പെടാപ്പാട്.
ക്ലാസില്‍ ടീച്ചര്‍ കണിശക്കാരിയാണ്. എല്ലാം കൃത്യമായി പഠിക്കണം. വഴിയിലൂടെ വന്നപ്പോഴുളള ലോഹ്യമൊന്നും അപ്പോള്‍ കാണില്ല. കണക്കും മലയാളവുമെല്ലാം മാറിമാറി പഠിപ്പിക്കും. തറയും പറയും പനയുമെല്ലാം എഴുതി പഠിച്ച ഞങ്ങളെ അക്കങ്ങള്‍ തമ്മില്‍ കൂട്ടാമെന്ന് പഠിപ്പിച്ചതും ടീച്ചറാണ്. ക്ലാസിലെ ഗൗരവമെല്ലാം ദൂരെക്കളഞ്ഞ് തമാശ പറഞ്ഞ് ചിരിപ്പിച്ച് സന്തോഷത്തോടെയാണ് ടീച്ചറൊപ്പമുള്ള മടക്കയാത്ര. ടീച്ചറിന്റെ മകന്‍ ഫെലിക്‌സായിരുന്നു എന്റെ അന്നത്തെ ഏറ്റവും വലിയ ചങ്ങാതി. ഇന്ന് അദേഹം കുടുംബസമേതം അമേരിക്കയിലെ മിയാമിയിലെ ഒരു കമ്പനിയില്‍ ജോലിക്കാരനാണ്.

ഞങ്ങള്‍ കോളജിലേക്ക് പോകുമ്പോഴും ഒരുപറ്റം കുട്ടികളെയും മേയിച്ച് ടീച്ചര്‍ നടന്നു പോകുന്ന കാഴ്ച ഇപ്പോഴും കണ്‍മുന്നിലുണ്ട്. ആയിരക്കണക്കിന് കുട്ടികളാണ് ടീച്ചറിലൂടെ തറപറ കേട്ട് ഉയരങ്ങളിലെത്തിയത്. പലരുമിന്ന് വിദേശങ്ങളിലാണ്. ഏറെപ്പേരും ഉയര്‍ന്ന നിലകളിലെത്തി. മിക്കവരും നാട്ടിലെത്തുമ്പോള്‍ ടീച്ചറെ കാണുമായിരുന്നു. അപ്പോഴെല്ലാം നിറചിരിയോടെ ടീച്ചര്‍ അവരുടെ വളര്‍ച്ചയോര്‍ത്ത് സന്തോഷിക്കും. അനുഗ്രഹിക്കും.
ഇനി ആ മേരി ടീച്ചര്‍ ഇല്ല. ടീച്ചര്‍ മരിച്ചവാര്‍ത്ത ഫെലിക്‌സാണ് എന്നെ അറിയിച്ചത്. ഒരുപാട് നേരം ആ ഓര്‍മകള്‍ മനസില്‍ ഓളം വെട്ടി. പഠന കാലയളവില്‍ എത്രയോപേര്‍ ഞങ്ങളെ വിദ്യ പഠിപ്പിച്ച് കടന്നുപോയിരിക്കുന്നു. പലരുടെയും മുഖം മാഞ്ഞുപോയിരിക്കുന്നു. എങ്കിലും ആദ്യാക്ഷരത്തിന്റെ മധു നുകര്‍ന്നു തന്ന അമ്മടീച്ചറെ ആരും മറക്കില്ല, മേരി ടീച്ചറിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?