Follow Us On

22

January

2025

Wednesday

ആഴ്ചയിലൊരു ദിവസം സോഷ്യല്‍ മീഡിയ വേണ്ടെന്നുവച്ചുകൊണ്ട് ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരം

ആഴ്ചയിലൊരു ദിവസം സോഷ്യല്‍ മീഡിയ വേണ്ടെന്നുവച്ചുകൊണ്ട് ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരം

2025 ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ആഴ്ചയിലൊരു ദിവസം സോഷ്യല്‍ മീഡിയ വേണ്ടെന്നുവച്ചുകൊണ്ട് ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരം. ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രാപിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പുറപ്പെടുവിച്ച ഡിക്രിയിലാണ് വത്തിക്കാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. റോമിലെ പ്രധാന നാല് പേപ്പല്‍ ബസിലിക്കകള്‍, മറ്റ് തിരഞ്ഞെടുക്കപ്പെട്ട ദൈവാലയങ്ങള്‍ എന്നിവ സന്ദര്‍ശിച്ചുകൊണ്ട് ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്ന് ഡിക്രിയില്‍ പറയുന്നു.

കൂടാതെ ആത്മീയവും ശാരീരികവുമായ കരുണയുടെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടും ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. തടവുകാരെ സന്ദര്‍ശിക്കുക, ഏകാന്തത അനുഭവിക്കുന്ന വൃദ്ധരോടൊപ്പം സമയം ചിലവഴിക്കുക, രോഗികളെയോ വൈകല്യമുള്ളവരെയോ പരിചരിക്കുക, ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുക തുടങ്ങിയവ അവയില്‍ ചിലതാണ്. കരുണയുടെ പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ ക്ലേശമനുഭവിക്കുന്നവരില്‍ വസിക്കുന്ന ക്രിസ്തുവിലേക്ക് തീര്‍ത്ഥാടനം നടത്തുകയാണ് ചെയ്യുന്നതെന്ന് ഡിക്രിയില്‍ പറയുന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ജൂബിലി വര്‍ഷത്തില്‍ ഒരു ദിവസം തന്നെ മരിച്ചവര്‍ക്ക് വേണ്ടി രണ്ട് തവണ ദണ്ഡവിമോചനം സ്വീകരിക്കാന്‍ സാധിക്കുമെന്നും ഡിക്രിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആഴ്ചയിലൊരിക്കലെങ്കിലും സോഷ്യല്‍ മീഡിയയും ടെലിവിഷനും വേണ്ടെന്ന് വയ്ക്കുക, ഉപവാസമനുഷ്ഠിക്കുക.  ദരിദ്രര്‍ക്ക് ആനുപാതികമായ സംഭാവനകള്‍ നല്‍കുക, മതപരമോ സാമൂഹ്യപരമോ ആവശ്യങ്ങള്‍ക്ക്, പ്രത്യേകിച്ചും ജീവന്റെ സംരക്ഷണത്തിന് പിന്തുണ നല്‍കുക, കുടിയേറ്റക്കാര്‍ക്കും ദരിദ്രര്‍ക്കും വയോധികര്‍ക്കും ക്ലേശമനുഭവിക്കുന്ന യുവജനങ്ങള്‍ക്കും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കും പിന്തുണ നല്‍കുക, കൂട്ടായ്മയില്‍ വോളന്റീയറായി ശുശ്രൂഷ ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയും ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്ന് ഡിക്രിയില്‍ പറയുന്നു.

കൂടാതെ നിശ്ചയിക്കപ്പെട്ട ദൈവാലയങ്ങളും, പ്രാദേശിക തലത്തില്‍ കത്തീഡ്രലോ പ്രാദേശിക ബിഷപ് നിശ്ചയിക്കുന്ന ദൈവാലയമോ സന്ദര്‍ശിച്ചുകൊണ്ടും ജൂബിലി  വര്‍ഷത്തില്‍ വിശ്വാസികള്‍ക്ക് ദണ്ഡവിമോചനം സ്വന്തമാക്കാവുന്നതാണ്. ലഘുപാപത്തില്‍ നിന്നുപോലും വേര്‍പെട്ട അവസ്ഥയും കുമ്പസാരവും ദിവ്യകാരുണ്യസ്വീകരണവും  മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഏത് ദണ്ഡവിമോചനവും പ്രാപിക്കാനുള്ള അടിസ്ഥാന മാനദണ്ഡമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?