Follow Us On

13

June

2024

Thursday

ചാള്‍സ് മൂന്നാമന്‍ സഭൈക്യത്തില്‍ എത്തിക്കുമോ?

ചാള്‍സ് മൂന്നാമന്‍  സഭൈക്യത്തില്‍ എത്തിക്കുമോ?

ഫാ. ജെയ്‌സണ്‍ കുന്നേല്‍ എംസിബിഎസ്

ബ്രിട്ടന്റെ നാല്പതാമത്തെ രാജാവായി ചാള്‍സ് മൂന്നാമന്‍ ഓദ്യോഗികമായി സ്ഥാനമേറ്റെടുത്തത് 2023 മെയ് മാസം ആറാം തീയതിയാണല്ലോ. ഈ സ്ഥാനാരോഹണം കത്തോലിക്ക-ആംഗ്ലിക്കന്‍ ബന്ധങ്ങളിലുള്ള ഒരു സുവര്‍ണ രേഖയാണ്. കാരണം നാല് നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഒരു കത്തോലിക്കാ ബിഷപ് ബ്രിട്ടണിലെ രാജാവിന്റെയോ രാജ്ഞിയുടെയോ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത്. എഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് 1953 ല്‍ എലിസബത്ത് രാഞ്ജിയുടെ കിരീടധാരണവേളയില്‍ മാര്‍പാപ്പയുടെ പ്രതിനിധികള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയുടെ പുറത്തിരുന്നുകൊണ്ടാണ് സ്ഥാനാരോഹണ ചടങ്ങ് വീക്ഷിച്ചത്.

അന്നു വെസ്റ്റ്മിന്‍സ്റ്ററിലെ കത്തോലിക്കാ ആര്‍ച്ചുബിഷപ്പായിരുന്നു കര്‍ദ്ദിനാള്‍ ബെര്‍ണാഡ് ഗ്രിഫിനെ ആഗ്ലിക്കന്‍ പ്രതിനിധികള്‍ക്കൊപ്പം ഇരിക്കാന്‍ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം അന്നതു നിരസിക്കുകയാണ് ചെയ്തത്. എഴു പതിറ്റാണ്ടുകള്‍ക്കു ശേഷം, കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം നടന്നപ്പോള്‍, കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് രണ്ട് കര്‍ദ്ദിനാള്‍മാര്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഉണ്ടായിരുന്നു. വെസ്റ്റ്മിന്‍സ്റ്ററിലെ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് രാജാവിനെ അനുഗ്രഹിക്കുകയും, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിനിധിയുമായ കര്‍ദിനാള്‍ പിയട്രോ പരോളിന് കിരീടധാരണത്തിനു സാക്ഷിയാവുകയും ചെയ്തു.
ഒരു ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടധാരണത്തില്‍ അവസാനം പങ്കെടുത്ത കത്തോലിക്കാ മെത്രാന്‍ 1559 ല്‍ ഒന്നാം എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തില്‍ സംബന്ധിച്ച ബിഷപ്പ് ഓവന്‍ ഒഗ്ലെതോര്‍പ്പാണ്.
സ്ഥാനാരോഹണത്തിലൂടെ ഹെന്റി എട്ടാമന്‍ രാജാവിന് 1521 ല്‍ ലിയോ പത്താമന്‍ മാര്‍പ്പാപ്പ നല്‍കിയ ‘വിശ്വാസത്തിന്റെ സംരക്ഷകന്‍’ എന്ന പരമ്പരാഗത പദവിക്കൊപ്പം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവര്‍ണറുടെ റോളും ചാള്‍സു മൂന്നാമനില്‍ വന്നു ചേര്‍ന്നു.

അകല്‍ച്ചയുടെ ആരംഭം
ആറാം നൂറ്റാണ്ടില്‍ ആംഗ്ലോസാക്‌സണ്‍ രാജവംശങ്ങളിലാരംഭിച്ച റോമുമായുള്ള ബന്ധം, പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ സമയത്ത് 1536 ല്‍ ഹെന്റി എട്ടാമന്‍ രാജാവാണ് വിച്ഛേദിച്ചത്. ഹെന്റിയുടെ കത്തോലിക്കയായ മകള്‍ ഒന്നാം മേരി രാജ്ഞിയുടെ കീഴില്‍ ചുരുങ്ങിയ കാലത്തേക്കു ഐക്യം പുനഃസ്ഥാപിച്ചുവെങ്കിലും കത്തോലിക്കാ വിരോധിയായ ഒന്നാം എലിസബത്ത് രാജ്ഞി ഭരണമേറ്റെടുത്തതോടെ ശത്രുത വീണ്ടും വളര്‍ന്നു.
എലിസബത്തിന്റെ പിന്‍ഗാമിയായ ജെയിംസ് ഒന്നാമന്റെ കീഴില്‍ കത്തോലിക്കര്‍ക്കെതിരായ പീഡനം ശക്തമായി. ഇതിനിടെ 1605-ല്‍ രാജാവിനെയും പാര്‍ലമെന്റിനെയും തകര്‍ക്കന്‍ കത്തോലിക്കര്‍ വെടിമരുന്ന് പ്രയോഗിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കിംവദന്തി നാടെങ്ങും ബോധപൂര്‍വം വ്യാപിപ്പിച്ചു. തല്‍ഫലമായി ഇംഗ്ലണ്ടിലെ കത്തോലിക്കരെ മതദ്രോഹികളും രാജ്യദ്രോഹികളുമായി മുദ്രകുത്തുകയും ചെയ്തു. അടുത്ത 250 വര്‍ഷങ്ങള്‍ ഇംഗ്ലീഷ് കത്തോലിക്കരുടെ സ്ഥിതി അത്യന്ത്യം ശോചനീയമായിരുന്നു

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പോലും, കത്തോലിക്കാ സഭയെ രാഷ്ട്ര ജീവിതത്തില്‍ ഒരു അന്യഘടകമായി കണക്കാക്കപ്പെടുകയും, തുല്യ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു. 1850 ല്‍ കത്തോലിക്കാ ഹയരാര്‍ക്കി ഇംഗ്ലണ്ടില്‍ പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും, കത്തോലിക്കര്‍ക്ക് ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് സര്‍വ്വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നതിന് 1871 വരെ കാത്തിരിക്കേണ്ടി വന്നു. 1962-65 ലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമാണ് സഭൈക്യ ശ്രമങ്ങള്‍ക്കു പുതിയ ദിശാബോധം കൈവന്നത്.

സഭൈക്യ സംഭാഷണങ്ങള്‍
1966 ല്‍ പോള്‍ ആറാമന്‍ പാപ്പയും കാന്റര്‍ബറി ആര്‍ച്ചുബിഷപ് മൈക്കിള്‍ റാംസിയും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആംഗ്ലിക്കന്‍ സഭകളുടെ കൂട്ടായ്മയും കത്തോലിക്കാ സഭയും തമ്മിലുള്ള എക്യുമെനിക്കല്‍ സംഭാഷണം ആരംഭിച്ചത്. 1982 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബ്രിട്ടണ്‍ സന്ദര്‍ശിച്ചതോടെയാണ് വത്തിക്കാനും ഇംഗ്ലണ്ടും തമ്മിലുള്ള ഔദ്യോഗിക നയതന്ത്രബന്ധങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കപ്പെടുന്നത്.
എലിസബത്ത് രാജ്ഞി തന്റെ ഭരണകാലത്ത് കത്തോലിക്കരും ആംഗ്ലിക്കന്‍സഭാംഗങ്ങളും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിന് കാര്യമായ ശ്രമങ്ങള്‍ നടത്തി. 2014ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി രാജ്ഞി കൂടിക്കാഴ്ച നടത്തിയിരുന്നു.
കത്തോലിക്കാ സഭയുമായി നല്ല അടുപ്പത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ചാള്‍സ് മൂന്നാമന്‍. 2005 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി, കാമിലയുമായുള്ള തന്റെ വിവാഹം അദ്ദേഹം മാറ്റിവച്ചു. കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന വേളയില്‍ 2019 ഒക്‌ടോബറില്‍ ചാള്‍സ് രാജാവ് വത്തിക്കാന്‍ സന്ദര്‍ശിക്കുകയും ഓസവര്‍ത്താരോ റൊമാനോയിലും ദി ടൈംസ് ഓഫ് ലണ്ടനിലും കര്‍ദ്ദിനാള്‍ ന്യൂമാനെയും അദ്ദേഹത്തെ സ്വാധീനിച്ച കത്തോലിക്കാ മൂല്യങ്ങളെയും പ്രകീര്‍ത്തിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.

2023 മാര്‍ച്ച് 9 ന് പുതിയ രാജാവിനോട് കൂറ് പ്രഖ്യാപിക്കാന്‍ കര്‍ദിനാള്‍ നിക്കോള്‍സ് ചാള്‍സിന്റെ നേതൃത്വത്തില്‍ 12 അംഗ കത്തോലിക്കാ പ്രതിനിധി സംഘം ചാള്‍സ് മൂന്നാമനെ സന്ദര്‍ശിക്കുകയും കത്തോലിക്കാ സഭയുടെ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു. ചര്‍ച്ച് ഓഫ് വെയില്‍സിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഈശോയുടെ യാഥാര്‍ത്ഥ കുരിശിന്റെ തിരുശേഷിപ്പ് ഫ്രാന്‍സീസ് പാപ്പ സമ്മാനമായി നല്‍കിയിരുന്നു. ഈ തിരുശേഷിപ്പ് അടങ്ങിയ കുരിശ് രാജാവിന്റെ കിരീടധാരണ പ്രദിക്ഷണത്തില്‍ ഉപയോഗിച്ചിരുന്നു.

രാജാവിന്റെ സ്ഥാനാരോഹണത്തിനൊരുക്കമായി പ്രത്യേക വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കുകയും പ്രാര്‍ത്ഥനാ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്ത ബ്രിട്ടണിലെ കത്തോലിക്കാ സഭ, മെയ് 3 മുതല്‍ 5 വരെയുള്ള മൂന്നു ദിനങ്ങള്‍ രാജാവിനായി പ്രാര്‍ത്ഥിക്കാന്‍ മാറ്റിവച്ചു. മെയ് എട്ടാം തീയതി രാജ്യവ്യാപകമായി നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ഉപവി പ്രവര്‍ത്തനങ്ങളിലും കത്തോലിക്കര്‍ എല്ലാവരും പങ്കെടുക്കണമെന്നും ബ്രിട്ടീഷ് കത്തോലിക്കാ മെത്രാന്‍ സംഘം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു
വിവിധ സഭകള്‍ ദൈവസ്‌നേഹത്തില്‍ ഒരുമിച്ചു യാത്ര ചെയ്യുമ്പോഴാണ് സഭൈക്യ ശ്രമങ്ങള്‍ ഫലം ചൂടുന്നത്. അതൊരിക്കലും സഭയുടെ ഐശ്ചിക വിഷയമല്ല, ‘നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്!’ (യോഹ 17:11) എന്ന ഈശോയുടെ ആഗ്രഹവും സഭയുടെ മാര്‍ഗവുമാണ്. ബ്രിട്ടനിലെ പുതിയ രാജാവിനും ബ്രിട്ടീഷ് ജനതക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?