അമേരിക്കന്‍ കാമ്പസുകളില്‍ സുവിശേഷത്തിന്റെ പ്രഭചൊരിഞ്ഞ പ്രഭാഷകനും, അമ്മമാരുടെ ഉദരങ്ങളിലുള്ള ജീവനുകള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത ചാര്‍ളി കിര്‍ക്ക് എന്ന മുന്നണി പോരാളിയുടെ മരണവാര്‍ത്ത മനുഷ്യസ്‌നേഹികള്‍ വലിയ ഞെട്ടലോടെയാണ് ശ്രവിച്ചത്.
അമേരിക്കയില്‍ ആവര്‍ത്തിക്കപ്പെടുന്ന കൂട്ടവെടിവയ്പ്പിനെക്കുറിച്ച് യുഎസിലെ ഊട്ടാ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് 31-കാരനായ അദ്ദേഹത്തിന്റെ കഴുത്തില്‍ വെടിയേറ്റത്. അമേരിക്കയിലെ കോളജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് രാജ്യത്തെ 15-ല്‍ പരം യൂണിവേഴ്‌സിറ്റികളില്‍ നടത്താനിരുന്ന പ്രോഗ്രാമുകളുടെ തുടക്കമായിരുന്നു അവിടെ നടന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വലിയൊരു ആത്മബന്ധം കിര്‍ക്കിന് ഉണ്ടായിരുന്നു. ആ ചെറുപ്പക്കാരന്റെ നിലപാടുകള്‍ ട്രംപിനെയും ഏറെ ആകര്‍ഷിച്ചിരുന്നു.
പരിശുദ്ധ ദൈവമാതാവിന്റെ തികഞ്ഞ ഭക്തനായിരുന്ന കിര്‍ക്ക് അമേരിക്കന്‍ കോളേജ് കാമ്പസുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. തന്റെ 18-ാം വയസിലാണ് ‘ടേണിംഗ് പോയിന്റ് യുഎസ്എ’ എന്ന കാമ്പസ് കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ഈ സംഘടനക്ക് അമേരിക്കയിലെ 800-ലധികം കോളജ് കാമ്പസുകളില്‍ ഇപ്പോള്‍ ആഴത്തില്‍ വേരുകളുണ്ട്. എക്‌സില്‍ 52 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ചാര്‍ളി കിര്‍ക്കിന്റെ ഓരോ മാസത്തെ പോഡ്കാസ്റ്റുകള്‍ക്ക് ലക്ഷങ്ങളായിരുന്നു ശ്രോതാക്കള്‍. വലിയൊരു രാഷ്ട്രീയ ഭാവിയുള്ള ചെറുപ്പക്കാരനായിട്ടാണ് എല്ലാവരുംതന്നെ അദ്ദേഹത്തെ കണ്ടിരുന്നത്.

പക്ഷേ, അബോര്‍ഷന്‍ തുടങ്ങിയ തിന്മകള്‍ക്കെതിരെയുള്ള നിലപാടുകളില്‍നിന്ന് അല്പംപോലും പിറകോട്ടുപോകാന്‍ അദ്ദേഹം തയാറായിരുന്നില്ല. ജെന്‍ഡര്‍ ഐഡന്റിറ്റി, വിശ്വാസം, കുടുംബ മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവാദം നടത്തുന്നതിന്റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
രാഷ്ട്രീയം, മതം, മാധ്യമങ്ങള്‍, ബിസിനസ്, കാലാ വസ്ഥാവ്യതിയാനം, വിദ്യാഭ്യാസം, കല, വിനോദം എന്നിവയെ സംബന്ധിച്ച് വളരെ കൃത്യമായ കാഴ്ചപ്പാടുകള്‍ സംവാദങ്ങളിലൂടെ കിര്‍ക്ക് യുവജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. ഇവിടെയെല്ലാം അദ്ദേഹത്തെ നയിച്ചത് ക്രൈസ്തവ സഭയുടെ നിലപാടുകളായിരുന്നു.
2024-ല്‍ ജോര്‍ജിയയില്‍ ട്രംപിനൊപ്പം വേദി പങ്കിട്ടപ്പോള്‍ കിര്‍ക്ക് പറഞ്ഞു, ‘അമേരിക്ക ക്രിസ്ത്യന്‍ രാജ്യമാണ്. അത് അങ്ങനെ തന്നെ തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ വര്‍ഗീയ ധ്വനിയോടെ ആയിരുന്നില്ല കിര്‍ക്കിന്റെ ആ വാക്കുകള്‍. മറിച്ച്, ക്രിസ്ത്യന്‍ മൂല്യങ്ങളാണ് അമേരിക്കയെ വേറിട്ടുനിര്‍ത്തുന്നതെന്നും അതങ്ങനെ തുടരണമെന്നുമായിരുന്നു. ‘ക്രിസ്തു രാജാവാണ്’ എന്ന് കിര്‍ക്ക് വിളിച്ചപ്പോള്‍ അവിടെ തടിച്ചുകൂടിയിരുന്ന പതിനായിരങ്ങള്‍ കാതടപ്പിക്കുന്ന വിധത്തില്‍ അത് ഏറ്റുവിളിച്ചത് അതുകൊണ്ടായിരുന്നു.

പ്രസിഡന്റ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ സൈറ്റായ ട്രൂത്ത് സോഷ്യലിലൂടെയാണ് കിര്‍ക്കിന്റെ മരണ വിവരം ലോകത്തെ അറിയിച്ചത്. ‘അമേരിക്കന്‍ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാര്‍ ളിയേക്കാള്‍ നന്നായി മറ്റാരും മനസിലാക്കിയിട്ടില്ല, അല്ലെങ്കില്‍ അത് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല’ എന്നായിരുന്നു ട്രംപ് കുറിച്ചത്. ആ വാക്കുകളില്‍ തന്നെ എല്ലാമുണ്ട്.
കേവലം 31 വയസുമാത്രമാണ് ചാര്‍ളി കിര്‍ക്ക് ഈ ലോകത്തില്‍ ജീവിച്ചത്. ഭാര്യയും രണ്ടു ചെറിയ കുഞ്ഞുങ്ങളുമുണ്ട്. ചാര്‍ളി കിര്‍ക്ക് മുന്നോട്ടുവച്ച ആശയങ്ങളും നിലപാടുകളുമായിരിക്കും അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ അക്രമിയെ പ്രേരിപ്പിച്ചതെന്നു കരുതുന്നവരാണ് ഭൂരിപക്ഷവും. പക്ഷേ, നിങ്ങള്‍ക്കു തെറ്റി, എത്രയൊക്കെ ശ്രമിച്ചാലും കിര്‍ക്ക് ഉയര്‍ത്തിയ ആശയങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് തീര്‍ച്ച.
Leave a Comment
Your email address will not be published. Required fields are marked with *