പരാന: മുതിർന്നവരുടെ മാമ്മോദീസ സ്വീകരണത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടാകാമെങ്കിലും ഒരു പക്ഷേ, 100 വയസ് പിന്നിട്ട ഒരു മുത്തച്ഛന്റെ മാമ്മോദീസയെ കുറിച്ച് അത്രയൊന്നും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഹൊസെ ലോറങ്കോ എന്ന 104 വയസുകാരന്റെ മാമ്മോദീസാ സ്വീകരണ വാർത്ത സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ വാർത്തയാവുകയാണ്. ബ്രസീലിയൻ സ്വദേശിയാണ് ഹൊസെ ലോറങ്കോ.
പരാന സംസ്ഥാനത്തെ ആൾട്ടോ പിക്കൂരിയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ യൂദാ തദേവൂസിന്റെ നാമധേയത്തിലുള്ള ചാപ്പലിൽ ഇക്കഴിഞ്ഞ ജൂൺ 17നായിരുന്നു മാമ്മോദീസാ സ്വീകരണം. അന്നേദിനംതന്നെ സാവോ ഹൊസെ രൂപതയിലെ തീർത്ഥാടന കേന്ദ്രം വികാരി ഫാ. അന്റോണിയോ മുറിലോയിൽനിന്ന് പ്രഥമ ദിവ്യകാരുണ്യത്തോടൊപ്പം സൈ്ഥര്യലേപനവും സ്വീകരിച്ചു അദ്ദേഹം.
തീർത്ഥാടന കേന്ദ്രത്തിന്റെ സാമൂഹ്യ മാധ്യമത്തിൽ ജൂലൈ 13ന് പ്രസ്തുത ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വാർത്തയായത്. വലിയ പ്രതികരണങ്ങളാണ് ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നത്. ‘മാമ്മോദീസയിലൂടെ നാം പാപത്തിൽ നിന്നും സ്വതന്ത്രരായി, ദൈവമക്കളായി പുനർജനിക്കുന്നു…’ എന്നു തുടങ്ങുന്ന വിശുദ്ധ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിലെ വാക്കുകളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘നമ്മുടെ സമ്മതത്തിനു വേണ്ടി കാത്തുനിൽക്കുന്നതിന് ദൈവത്തിന് മടുപ്പ് തോന്നുന്നില്ല, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,’ എന്നൊരാൾ ഫേസ്ബുക്കിൽ ഹൊസെ ലോറങ്കോയ്ക്ക് ആശംസയായി കുറിച്ചു. ‘ഈ മനോഹര നിമിഷത്തിന് ദൈവത്തിന് സ്തുതിയും, മഹത്വവും ഉണ്ടായിരിക്കട്ടെ,’ എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ കത്തോലിക്കാ വിശ്വാസികളുള്ള രാജ്യംകൂടിയാണ് ബ്രസീൽ.
Leave a Comment
Your email address will not be published. Required fields are marked with *