Follow Us On

18

April

2024

Thursday

കുടിയിറക്കപ്പെട്ടവരോടൊപ്പം നിരാഹാരമിരുന്ന ബിഷപ്‌

കുടിയിറക്കപ്പെട്ടവരോടൊപ്പം  നിരാഹാരമിരുന്ന ബിഷപ്‌

ഫാ. റോക്കി റോബി കളത്തില്‍
(ലേഖകന്‍ കോട്ടപ്പുറം രൂപതാ പിആര്‍ഒയാണ്)

ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ഓര്‍മയില്‍ നിന്ന് മാഞ്ഞുപോകാത്ത ചുരുക്കം ചില മുഖങ്ങളുണ്ട്. അങ്ങനെയൊരു മുഖമാണ് കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാന്‍ ജോസഫ് കാരിക്കശേരി പിതാവിന്റേത്. ഫ്രാന്‍സിസ് പാപ്പ തന്റെ രാജി സ്വീകരിച്ചതിനെ തുടര്‍ന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലക്ക് ചുമതല കൈമാറി നിറഞ്ഞ സംതൃപ്തിയോടെ പിതാവ് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

പാവപ്പെട്ടവരുടെ പക്ഷം
സൗമ്യമായ ഇടപെടലുകളും വിനയാന്വിതമായ പെരുമാറ്റവും വാത്സല്യം നിറഞ്ഞ വാക്കുകളും നിഷ്‌കളങ്കത നിഴലിക്കുന്ന പുഞ്ചിരിയും ആരോടും അനായാസം ഇടപഴകാന്‍ കഴിയുന്ന വ്യക്തി പ്രാഭവവുമെല്ലാം ആദ്യ കൂടികാഴ്ചയില്‍ തന്നെ ആരെയും കാരിക്കശേരി പിതാവിലേക്ക് ആകര്‍ഷിക്കും. മദ്യം, ലഹരി തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെ പ്രവാചക ധീരതയോ ടെ ശബ്ദമുയര്‍ത്തിയും പ്ലാസ്റ്റിക്കിനും ഫ്‌ളെക്‌സിനുമെതിരെ ബോധവല്‍ക്കരണം നടത്തിയും കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ അനുഗ്രഹീതമെന്ന് നിരന്തരം ഓര്‍മപ്പെടുത്തിയും പാവപ്പെട്ടവരോട് പക്ഷം ചേര്‍ന്നും അവര്‍ക്കു വേണ്ടി ശബ്ദിച്ചും ഈ ഇടയശ്രേഷ്ഠന്‍ ജനഹൃദയങ്ങളില്‍ ഇടംനേടി.

വരാപ്പുഴ അതിരൂപത സഹായ മെത്രാനായിരിക്കെ മൂലമ്പിള്ളി കുടിയിറക്ക് പ്രശ്‌നത്തില്‍ കുടി യിറക്കപ്പെട്ടവരോടൊപ്പം മറൈന്‍ ഡ്രൈവില്‍ നിരാഹാരമിരുന്ന് ജനങ്ങളുടെ വേദനകളില്‍ കൂടെ നില്‍ക്കുന്ന ഇടയനായി. മനുഷ്യനെയും പ്രകൃതിയെയും ജീവജാലങ്ങളെയും കൃഷിയെയും ചെടികളെയും പൂക്കളെയും സ്‌നേഹിച്ചും പരിപാലിച്ചും പിതാവ് അസീസിയിലെ വി. ഫ്രാന്‍സിസിന്റെ ചൈതന്യം പരത്തി. മൂന്ന് പതിറ്റാണ്ടു നീണ്ട ഇടവക അജപാലന പശ്ചാത്തലത്തില്‍നിന്ന് പൗരോഹിത്യ പൂര്‍ണ്ണതയിലേക്ക് ഉയര്‍ത്തപ്പെട്ടതുകൊണ്ടാകണം എന്നും അജഗണങ്ങളുടെ മധ്യേ അവരിലൊരാളായി നില്‍ക്കുന്നതിലാണ് പിതാവ് ഏറ്റവും അധികം സന്തോഷിച്ചത്. ആഘോഷങ്ങളില്‍നിന്നും ആരവങ്ങളില്‍നിന്നും സ്വീകരണങ്ങളില്‍നിന്നും അകലം പാലിച്ച് കൊട്ടിഘോഷങ്ങളും അലയടികളുമില്ലാതെ സ്വച്ഛമായി ശാന്തസുന്ദരമായ അരുവിയായി ഒഴുകാനാണ് പിതാവ് എന്നും ആഗ്രഹിച്ചത്. വരാപ്പുഴ അതിരൂപതയിലെ കര്‍ത്തേടം സെന്റ് ജോര്‍ജ് ഇടവകയില്‍ പരേതരായ കാരിക്കശേരി ഫ്രാന്‍സിസ് – ആഗ്‌നസ് ദമ്പതികളുടെ മകനായി 1946 ഫെബ്രുവരി 13 ന് ജനിച്ച പിതാവ് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ.ജോസഫ് കേളന്തറയില്‍ നിന്ന് 1973 ഡിസംബര്‍ 19 ന് പൗരോഹിത്യം സ്വീകരിച്ചു.

ജനഹൃദയങ്ങള്‍ തൊട്ടറിഞ്ഞ അജപാലകന്‍
ഇടവകകളിലും സ്ഥാപനങ്ങളിലും ഒരുപോലെ തിളങ്ങിയ ഫാ. ജോസഫ് കാരിക്കശേരി പല സുപ്രധാന ചുമതലകള്‍ക്കും നിയോഗിക്കപ്പെട്ടു. അങ്ങനെ വരാപ്പുഴ അതിരൂപതയിലെ സന്യസ്തര്‍ക്കുള്ള എപ്പിസ്‌കോപ്പല്‍ വികാരി, കളമശേരി ഹോളി ഏയ്ഞ്ചല്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, കളമശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരി റെക്ടര്‍, ആന്മീയ പിതാവ്, അതിരൂപത ഉപദേശക സമിതി അംഗം, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആത്മീയോപദേഷ്ടാവ് എന്നീ നിലകളിലും സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. ഇടവകകളില്‍ ജനഹൃദയങ്ങളെ തൊട്ടറിഞ്ഞ അജപാലകനായിരുന്നു. ദൈവപരിപാലനയുടെ തണലില്‍ ജീവിച്ച അദ്ദേഹത്തിന് ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നൂറു ശതമാനം വിശ്വസ്തത യോടെ പൂര്‍ത്തിയാക്കാനും സാധിച്ചു.

ഫാ. ജോസഫ് കാരിക്കശേരിയുടെ വിശുദ്ധിയും കര്‍മ്മശേഷിയും കാര്യക്ഷമതയും കണ്ടറിഞ്ഞ ആര്‍ച്ചുബിഷപ്പ് ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ അദ്ദേഹത്തെ വരാപ്പുഴ അതിരൂപതയുടെ വികാരി ജനറലായി ഉയര്‍ത്തി. ആ ചുമതല വഹിക്കുമ്പോഴാണ് 2006 നവംബര്‍ 25 ന് ബുക്‌സെന്റുമിന്റെ സ്ഥാനികമെത്രാനും വരാപ്പുഴ അതിരൂപത സഹായ മെത്രാനുമായി നിയമിതനായത്. 2006 ഡിസംബര്‍ 28 ന് വല്ലാര്‍പാടം ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ചുബിഷപ് ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ മോണ്‍. ജോസഫ് കാരിക്കശേരിയെ മെത്രാനായി വാഴിച്ചു. ആര്‍ച്ചുബിഷപ് ഡോ. ഡാനിയലിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് 2009 ഒക്ടോബര്‍ 26 ന് ഡോ.ജോസഫ് കാരിക്കശേരി വരാപ്പുഴ അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി.
ഭാരതത്തില്‍ വിശ്വാസത്തിന്റെ ആദ്യ തിരിതെളിഞ്ഞ കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ സ്ഥാപിതമായ, കോട്ടപ്പുറം രൂപതയുടെ ദ്വിതീയമെത്രാനായി 2010 ഡിസംബര്‍ 18 ന് നിയമിതനായി. 2011 ഫെബ്രുവരി 13 ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടന്ന തിരുകര്‍മ്മ മധ്യേ കോട്ടപ്പുറം മെത്രാനായി ഡോ. കാരിക്കശേരി സ്ഥാനാരോഹണം ചെയ്തു.

പ്രളയകാലത്തെ രക്ഷകന്‍
ചുമതലയേറ്റതിനു ശേഷം വളരെ വേഗത്തില്‍ രൂപതയിലെ എല്ലാ ഇടവകകളിലും കാരിക്കശേരി പിതാവ് ഇടയ സന്ദര്‍ശനം നടത്തി. യുവജനങ്ങളുമായി സംവദിച്ചു. അല്മായ പ്രസ്ഥാനങ്ങള്‍ക്ക് പിതാവ് വലിയ പ്രോത്സാഹനമാണ് നല്‍കിയത്. ഇടവക സന്ദര്‍ശനങ്ങള്‍ ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരങ്ങളാക്കി അദ്ദേഹം മാറ്റി.

2018 ലെ പ്രളയകാലത്ത് ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കാന്‍ മുന്നിട്ടിറങ്ങി. പ്രളയത്തില്‍ തകര്‍ന്ന നിരവധി ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. രൂപതയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം ലഭിച്ചവരുടെ തുടര്‍പഠനത്തിനായി പണം സമാഹരിക്കാനും സ്‌കോളര്‍ഷിപ്പ് സ്ഥാപിക്കാനും മുന്നിട്ടിറങ്ങി. രൂപതയുടെ പാസ്റ്ററല്‍ സെന്ററായ വികാസ് – ആര്‍ബര്‍ടൈന്‍ ആനിമേഷന്‍ സെന്ററില്‍ കൂടുതല്‍ സൗകര്യങ്ങള്‍ക്കായി പുതിയ ചാപ്പലും മള്‍ട്ടി പര്‍പ്പസ് ഹാളും നിര്‍മ്മിച്ചു. സ്ഥിര വരുമാനത്തിനായി മെത്രാസന മന്ദിരത്തിനു സമീപം ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ചിരുന്ന ഷോപ്പിംങ്ങ് കോംപ്ലക്‌സിന്റെ പണി പൂര്‍ത്തീകരിക്കുയും കോട്ടപ്പുറത്ത് പാസ്റ്ററല്‍ സെന്ററിനു സമീപം പുതിയ ഷോപ്പിങ്ങ് കോംപ്ലക്‌സ് പണിതുയര്‍ത്തുകയും ചെയ്തു.

രൂപതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ട് തൃശൂരില്‍ മുളങ്കുന്നത്തുകാവിലും സമ്പാളൂരിലും കോട്ടപ്പുറത്തുമൊക്കെയായി രൂപതയ്ക്കായി സ്ഥലങ്ങള്‍ വാങ്ങി. മുളങ്കുന്നത്തുകാവില്‍ ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായി സാന്‍ജോസ് ഭവന്‍ ലേഡീസ് ഹോസ്റ്റല്‍ നിര്‍മിച്ചു. സാന്‍ജോസ് ഭവനു സമീപം ബഹുനില ഷോപ്പിംഗ് കോപ്ലക്‌സിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.
2012 ല്‍ കോട്ടപ്പുറം രൂപതയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ബിഷപ് ഡോ. കാരിക്കശേരിയാണ് നേതൃത്വം നല്‍കിയത്. പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട കോട്ടപ്പുറം രൂപതയിലെ വലിയ ഇടയനെന്ന ദൗത്യത്തിനിടയില്‍ രൂപതയുടെ ആത്മീയ-ഭൗതിക വളര്‍ച്ചക്ക് ശക്തമായ നേതൃത്വമാണ് ജോസഫ് കാരിക്കശേരി പിതാവ് നല്‍കിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?