ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)
എല്ലാവരും അവരവരുടെ നല്ല ഭാവി ആഗ്രഹിക്കുന്നുണ്ട്; അതിനുവേണ്ടി പരിശ്രമിക്കുന്നുണ്ട് എന്നാണല്ലോ സങ്കല്‍പം. എന്നാല്‍ സ്വയം ശിക്ഷിക്കുന്നവരുടെയും സ്വയം നശിപ്പിക്കുന്നവരുടെയും എണ്ണം കൂടിവരുന്ന കാഴ്ചയാണ് നാം കാണുന്നത്. മാധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മള്‍ അറിയുന്ന സംഭവങ്ങള്‍തന്നെയാണ് ഇതിനുള്ള ഉദാഹരണങ്ങള്‍. എന്തുമാത്രം ദുഷ്ടത്തരങ്ങളുടെ കഥകളാണ് നിത്യേനയെന്നവണ്ണം പുറത്തുവരുന്നത്. ഇതില്‍ അധികം സംഭവങ്ങളിലെയും കഥാപാത്രങ്ങള്‍ യുവജനങ്ങളാണ്. അധികംപേരും ജയിലില്‍ ആകുന്നത് താഴെ പറയുന്ന കുറ്റകൃത്യങ്ങള്‍മൂലമാണ് എന്നുതോന്നുന്നു: കള്ളക്കടത്ത്, കള്ളനോട്ട്, ലഹരിവ്യാപാരം, കൊലപാതകം, പോക്‌സോ, മോഷണം, അടിപിടി എന്നിവയാണ്. കേരളത്തില്‍ ഏകദേശം 16 ലക്ഷം കേസുകള്‍ കെട്ടിക്കിടപ്പുണ്ട്. അവയില്‍ 12 ലക്ഷം കേസുകളെങ്കിലും ക്രിമിനല്‍ കേസുകളാണ്. ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ ആറായിരത്തിന് മുകളിലാണ്.
അടുത്തകാലത്ത് പിടിക്കപ്പെടുന്ന അധികം കുറ്റവാളികളും ചെറുപ്പക്കാരാണ്. 2021-ല്‍ കേരളത്തില്‍ 337 കൊലപാതകകേസുകള്‍ ഉണ്ടായി. അഞ്ചുവര്‍ഷത്തിനുള്ളില്‍ 1563 കൊലപാതകകേസുകള്‍ ഉണ്ടായി. 2022-ല്‍ കേരളത്തില്‍ ഉണ്ടായ ലഹരികേസുകള്‍ 26000-ത്തിന് മുകളിലാണ്. സ്വര്‍ണത്തിന്റെ കള്ളക്കടത്തുമായി ബന്ധപ്പെട്ടും നൂറുകണക്കിന് കേസുകളുണ്ട്. 2022-ല്‍ 4586 പോക്‌സോ കേസുകള്‍ കേരളത്തില്‍ ഉണ്ടായി. ഇങ്ങനെ ഓരോ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസുകളുടെയും പിടിക്കപ്പെട്ടവരുടെയുമെല്ലാം കണക്കുകള്‍ ലഭ്യമാണ്. എങ്കിലും ഈ കണക്ക് നീട്ടുന്നില്ല.
ശ്രദ്ധേയമായ ചില കാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. ഒന്നാമത്തെ കാര്യം ഇതാണ്: എത്ര കണ്ടിട്ടും കേട്ടിട്ടും പഠിക്കാത്ത മനുഷ്യര്‍ നമ്മുടെ കൂടെയുണ്ട്. അനേകം പ്രതികള്‍ പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതുമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്നു. ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ഒരു കേസില്‍ പ്രതിയാകുന്നതോടുകൂടി പലരുടെയും ജീവിതത്തിന്റെ നല്ല കാലം അവസാനിക്കുകയാണ്. എന്നിട്ടും ആളുകള്‍ പഠിക്കുന്നില്ല. ഒരേതരം തിന്മകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. രീതികളില്‍ വ്യത്യാസമുണ്ടെങ്കിലും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നു. പോക്‌സോ കേസുകള്‍ ആവര്‍ത്തിക്കുന്നു. ലഹരികേസുകള്‍ ആവര്‍ത്തിക്കുന്നു. മോഷണകേസുകള്‍ ആവര്‍ത്തിക്കുന്നു. കള്ളക്കടത്തു കേസുകള്‍ ആവര്‍ത്തിക്കുന്നു. കള്ളനോട്ട് കേസുകള്‍ ആവര്‍ത്തിക്കുന്നു. അടുത്ത കാലത്ത് കേരളത്തില്‍ നടന്ന വിവിധതരം കുറ്റകൃത്യങ്ങള്‍ ഓര്‍ത്താല്‍ ഇത് മനസിലാകും. എത്ര കണ്ടാലും കേട്ടാലും പാഠം പഠിക്കാത്തവര്‍ ധാരാളം സമൂഹത്തിലുണ്ട്.
രണ്ടാമത്തെ കാര്യം ഇതാണ്: കേസില്‍ പിടിക്കപ്പെടുന്നവരുടെ ഭാവി. തീര്‍ച്ചയായും കുറച്ചുപേര്‍ എങ്ങനെയെങ്കിലും ശിക്ഷയില്‍നിന്ന് രക്ഷപെടും. കുറെപ്പേര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. കോടതിയില്‍നിന്ന് ശിക്ഷ കിട്ടിയാലും കിട്ടിയില്ലെങ്കിലും കേസില്‍ പിടിക്കപ്പെടുന്നതോടുകൂടി അവരുടെ ജീവിതത്തിന്റെ താളം തെറ്റും. അവരുടെ കുടുംബത്തിന്റെ താളവും തെറ്റും. ദുഷ്‌പേര് വ്യക്തിക്കും കുടുംബത്തിനും ഉണ്ടാകും. മനഃസമാധാനം വ്യക്തിക്കും കുടുംബത്തിനും നഷ്ടപ്പെടും. ദൈനംദിന ജീവിതക്രമം താളം തെറ്റും. പലപ്പോഴും കേസിന്റെ ഭാഗമായി പോലിസ്‌സ്റ്റേഷനിലും കോടതിയിലും വക്കീല്‍ ഓഫീസിലും പോകേണ്ടിവരും. കേസ് നടത്തിപ്പിനായി പണം ചെലവു ചെയ്യേണ്ടിവരും. വിചാരണതടവുകാരനായോ ശിക്ഷിക്കപ്പെട്ടവനായോ ജയിലില്‍ കിടക്കേണ്ടിവന്നാല്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ വേറെ.
ശിക്ഷിക്കപ്പെട്ടാണ് ജയിലില്‍ കിടക്കുന്നതെങ്കില്‍ നിരവധി വര്‍ഷങ്ങള്‍വരെ കിടക്കേണ്ടിവരാം. അത് അവരിലും കുടുംബത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. യുവജനങ്ങളാണെങ്കില്‍ അവരുടെ ഭാവിയെ അത് വല്ലാതെ ദോഷത്തിലാക്കും. വിവാഹിതരാണെങ്കില്‍ കുടുംബത്തിന്റെയും മക്കളുടെയും സ്ഥിതി ഭയങ്കരമായിരിക്കും. ഈ അടുത്തകാലത്ത് നടന്ന പ്രമാദമായ പല കേസുകളിലും പ്രതികളായ ചെറുപ്പക്കാരുടെ കാര്യം ഓര്‍ത്തുനോക്കിക്കേ. അവരില്‍ അധികംപേരും വിചാരണതടവുകാരായിത്തന്നെ ദീര്‍ഘകാലം ജയിലില്‍ കിടന്നേക്കാം. ചെയ്ത കുറ്റകൃത്യം വച്ചുനോക്കുമ്പോള്‍ അവരില്‍ അധികംപേരും വര്‍ഷങ്ങളോളം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നേക്കാം.
ചുരുക്കിപ്പറയാം. ജയിലില്‍ കിടക്കാനാണ് പലരുടെയും വിധി. സ്വന്തം ജീവിതവും കുടുംബത്തിന്റെ ജീവിതവും നശിപ്പിക്കാനാണ് പലരുടെയും വിധി. എന്നാല്‍ ഓര്‍ക്കുക: ഈ വിധി സ്വയം വരുത്തിവയ്ക്കുന്ന വിധിയാണ്. മറ്റാരെയും അതിന്റെ പേരില്‍ കുറ്റപ്പെടുത്തുവാന്‍ കഴിയുകയില്ല. സ്വയം കുറ്റം ചെയ്ത്, ശിക്ഷക്ക് സ്വയം വഴിയൊരുക്കി, ജീവിതം ഒന്നുമല്ലാത്തത് ആക്കിത്തീര്‍ക്കുകയാണ്. സത്യത്തില്‍ ഇത് സങ്കടകരമായ ഒരു അവസ്ഥയാണ്. ഇത് കേരളത്തിന്റെമാത്രം സ്ഥിതിയൊന്നുമല്ല എന്നത് നേരുതന്നെ. ലോകത്തില്‍ പലയിടത്തും കാര്യങ്ങള്‍ ഇതിനെക്കാള്‍ മോശവും ആകാം. എന്നാലും അതൊന്നും നമുക്കൊരു മനഃസമാധാനം തരുന്ന കാര്യമല്ലല്ലോ.
എല്ലാവരും നല്ല ഭാവി ആഗ്രഹിക്കുന്നവര്‍ ആണ്. പക്ഷേ അതിനുവേണ്ടി അവലംബിക്കുന്ന മാര്‍ഗങ്ങളിലാണ് അബദ്ധവും തെറ്റും പറ്റുന്നത്. പലരെയും നശിപ്പിക്കുന്നത് തെറ്റായ കൂട്ടുകെട്ടാണ്. ശത്രുവാര്, മിത്രമാര് എന്ന് തിരിച്ചറിയാന്‍ പലര്‍ക്കും പറ്റാറില്ല. ശത്രുവിനെ മിത്രമായും മിത്രത്തെ ശത്രുവായും കാണുന്നവര്‍ ധാരാളം. അതുകൊണ്ട് ശരിക്കുള്ള മിത്രങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുകയുമില്ല, അനുസരിക്കുകയുമില്ല. മിത്രഭാവത്തില്‍ വരുന്ന ശത്രുക്കള്‍ എന്തുപറഞ്ഞാലും അത് വിശ്വസിക്കും; അത് അനുസരിക്കും. അങ്ങനെ കുഴിയില്‍ ചാടിക്കുകയും ചാടുകയും ചെയ്യും. ജ്ഞാനിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഭോഷന്മാരായിത്തീരുന്ന മനുഷ്യര്‍ ധാരാളമുണ്ട് എന്ന് ചുരുക്കം. സ്വയം ജയിലില്‍ പോകുന്ന, സ്വയം ജീവിതം തകര്‍ക്കുന്ന, കുറ്റവാളികള്‍ ഉണ്ടാകാതിരുന്നെങ്കില്‍!
Leave a Comment
Your email address will not be published. Required fields are marked with *