Follow Us On

01

July

2025

Tuesday

യുകെയില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ പിന്തുണച്ച എംപിക്ക് വിശുദ്ധ കുര്‍ബാന നിരസിച്ചു

യുകെയില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ പിന്തുണച്ച എംപിക്ക് വിശുദ്ധ കുര്‍ബാന നിരസിച്ചു

ലണ്ടന്‍: യുകെയുടെ ജനപ്രതിനിധിസഭയായ  ഹൗസ് ഓഫ് കോമണ്‍സില്‍  നടന്ന വോട്ടെടുപ്പില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ അനുകൂലിച്ച് വോട്ട് ചെയ്ത ലിബറല്‍ ഡെമോക്രാറ്റ് എംപി ക്രിസ് കോഗ്ലാന് ഇടവക വൈദികന്‍ വിശുദ്ധ കുര്‍ബാന നിരസിച്ചു. സറേയിലെ ഡോര്‍ക്കിംഗിനെയും ഹോര്‍ലിയെയും പ്രതിനിധീകരിക്കുന്ന കോഗ്ലാന്‍ കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച് മാരകപാപത്തിലായതിനാല്‍ വിശുദ്ധ കുര്‍ബാന നല്‍കാന്‍ സാധിക്കില്ലെന്ന് വൈദികന്‍ ദിവ്യബലി മധ്യേ വ്യക്തമാക്കുകയായിരുന്നു.

ഡോര്‍ക്കിംഗിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളിയിലെ വികാരിയായ ഫാ. ഇയാന്‍ വെയ്ന്‍ വോട്ടെടുപ്പിന് മുമ്പ് തന്നെ കോഗ്ലാന് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കത്തെഴുതിയിരുന്നു. മാരകരോഗികള്‍ക്ക് ഡോക്ടറിന്റെ സഹായത്തോടെ ആത്മഹത്യ ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമത്തെ അനുകൂലിച്ച് ‘അതെ’ എന്ന വോട്ട് ചെയ്താല്‍ അത് സഭാ പഠനത്തിന്റെ ‘വ്യക്തമായ ലംഘനം’ ആയിരിക്കുമെന്നും കൊലപാതകത്തെ അനുകൂലിക്കുന്ന അത്തരമൊരു തീരുമാനം പാപത്തില്‍ ‘ശാഠ്യപൂര്‍വ്വം തുടരുന്ന’ തിന് തുല്യമായതിനാല്‍ അദ്ദേഹത്തിന് കുര്‍ബാന നല്‍കുന്നത് ‘വിവാദത്തിന് കാരണമാകുമെന്നു’മാണ് ഫാ. വെയ്ന്‍ മുന്നറിയിപ്പ് നല്‍കിയത്.

വോട്ടെടുപ്പിന് ശേഷമുള്ള ഞായറാഴ്ച, വോട്ടെടുപ്പില്‍ അവരുടെ ജനപ്രതിനിധി സ്വീകരിച്ച നിലപാടുമൂലം എംപിക്ക് കുര്‍ബാന നല്‍കാന്‍ സാധിക്കില്ലെന്ന് ഫാ. വെയ്ന്‍ പരസ്യമയായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ വൈദികന്റെ നടപടികളെ വിമര്‍ശിച്ച കോഗ്ലാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു നിയമനിര്‍മാതാവിന്റെ വോട്ടിനെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്ന നിലപാടാണ് സ്വീകരിച്ചത്.  വൈദികനെതിരെ അരുണ്ടല്‍ – ബ്രൈറ്റണ്‍ ബിഷപ് റിച്ചാര്‍ഡ് മോത്തിന് പരാതി നല്‍കുകയും ചെയ്തു. ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന ബിഷപ്   മോത്ത്, തന്റെ രൂപതയിലെ കത്തോലിക്കരോട് ബില്ലിനെ എതിര്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അവരുടെ എംപിമാര്‍ക്ക് കത്തെഴുതാന്‍ ആവശ്യപ്പെട്ടിരുന്നു.

ദയാവധത്തിലേക്ക് ഒരുപടികൂടെ അടുക്കുന്ന ഈ നിയമത്തെ ബ്രിട്ടനിലെ കത്തോലിക്കാ നേതാക്കള്‍ എതിര്‍ക്കുന്നത് തുടരുകയാണ്. ഹൗസ് ഓഫ് കോമണ്‍സില്‍ പാസായ ബില്ലുകള്‍ ഹൗസ് ഓഫ് ലോര്‍ഡ്സ് തടയുന്ന പാരമ്പര്യമില്ല. എന്നിരുന്നാലും, ബില്ല് നേരിയ ഭൂരിപക്ഷത്തിലാണ് പാസായത് എന്നതുകൊണ്ടും , അത് ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയുടെ ഭാഗമല്ലാത്തതുകൊണ്ടും, ഹൗസ് ഓഫ് ലോര്‍ഡ്സില്‍ മെഡിക്കല്‍ പ്രൊഫഷണലുകളുടെ ഗണ്യമായ സാന്നിധ്യമുള്ളതുകൊണ്ടും ബില്‍ നിയമമാകുന്നത് തടയപ്പെട്ടേക്കാം എന്ന പ്രതീക്ഷയിലാണ് വിശ്വാസികളും പ്രോ ലൈഫ് ലോകവും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?