ജയിംസ് ഇടയോടി
സിസ്റ്റര്‍ ജോയ്‌സ് ലിസാ എസ്എച്ച് നാസിക് മിഷനില്‍ എത്തിയിട്ട് 33 വര്‍ഷങ്ങളായി. ഈ നാടിന്റെ മുഖഛായ മാറ്റുന്നതില്‍ നിര്‍ണായകമായി മാറിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സിസ്റ്ററിന് കഴിഞ്ഞു. 76-ാം വയസിലും യുവത്വത്തിന്റെ കരുത്തോടെയാണ് സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍. മഹാരാഷ്ട്രയിലെ നാസിക് തന്ത്രപ്രധാനമായ സൈനിക മേഖലയാണ്. നഗരകേന്ദ്രീകൃത വികസനമായതുകൊണ്ടുതന്നെ നിരക്ഷരതയും തൊഴിലില്ലായ്മയും ദാരിദ്ര്യ വും സാധാരണക്കാരുടെ കൂടെപ്പിറപ്പുകളായിരുന്നു. അവിടേയ്ക്കാണ് അക്ഷരജ്ഞാനത്തിന്റെ മെഴുകുതിരി വെട്ടവുമായി 33 വര്‍ഷങ്ങള്‍ക്കുമുമ്പ് കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിന്‍സിലെ തിരുഹൃദയ സന്യാസിനികള്‍ എത്തിയത്. വിദ്യ പകര്‍ന്നുനല്‍കിയതിനൊപ്പം സാമൂഹ്യമേഖലയിലും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളായിരുന്നു അവര്‍ കാഴ്ചവച്ചത്. തിരുഹൃയഭക്തിയുടെ പ്രചാരണവും സാധുജനസേവനവും വരദാനമായി സ്വീകരിച്ച ഈ സന്യാസിനികള്‍ സമൂഹസ്ഥാപകനായ ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ ലളിതജീവിതവും പരസ്‌നേഹ പ്രവര്‍ത്തനങ്ങളും പ്രവൃത്തിപഥത്തിലെത്തിച്ചപ്പോള്‍ കല്യാണ്‍ രൂപതയിലെ നാസിക് മിഷന്റെ മുഖഛായ മാറുകയായിരുന്നു.
10 മൈല്‍ നടന്ന ദിവസങ്ങള്‍
ജോയിസമ്മ എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന സിസ്റ്റര്‍ ജോയ്‌സ് ലിസാ എസ്എച്ചിനെയാണ് ആ മിഷന്റെ ഉത്തരവാദിത്വം തിരുഹൃദയ സമൂഹം ഏല്പിച്ചത്. കേരളത്തിലെ ഒരു സ്‌കൂളില്‍ അധ്യാപികയായിരുന്നു സിസ്റ്റര്‍ ജോയിസ് പത്താംക്ലാസിലെ കുട്ടികളെ 100% വിജയിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുമ്പോഴാണ് പുതിയ നിയോഗം സിസ്റ്ററിനെ തേടിയെത്തിയത്. സഭ പുതിയ ഉത്തരവാദിത്വം ഏല്പിച്ചപ്പോള്‍ എല്ലാം ദൈവത്തിന് വിട്ടുകൊടുത്ത് സിസ്റ്റര്‍ നാസിക്കിലേക്ക് ട്രെയിന്‍ കയറി. ഒരു പുതുയുഗപ്പിറവിക്ക് അവിടെ തുടക്കംകുറിക്കുകയായിരുന്നു. അവര്‍ നാസിക്കിലെത്തുമ്പോള്‍ മുമ്പില്‍ ഉയര്‍ന്നുനിന്നിരുന്നത് പ്രതിസന്ധികളുടെ വലിയൊരു നിരയായിരുന്നു.
ഇത്തരമൊരു മിഷനെ നയിക്കുന്നതിനുള്ള പരിശീലനം ദൈവം ചെറുപ്പത്തില്‍ത്തന്നെ സിസ്റ്ററിന് നല്‍കിയിരുന്നു. ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്തുള്ള വലിയതോവാള എന്ന ഗ്രാമത്തിലായിരുന്നു സിസ്റ്റര്‍ ജനിച്ചുവളര്‍ന്നത്. ചന്ദ്രന്‍കുന്നേല്‍ തറവാട്ടില്‍ കല്ലക്കാവുങ്കല്‍ കുടുംബാംഗമായ കുര്യന്‍- ഏലിക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമത്തെ ആളാണ് അച്ചാമ്മ എന്ന സിസ്റ്റര്‍ ജോയ്‌സ്. 1966-ല്‍ പത്താം ക്ലാസ് പാസായ ഉടനെ തിരുഹൃദയ സന്യാസ സമൂഹത്തില്‍ ചേരുകയായിരുന്നു. തുടര്‍ന്ന്, ബിഎ, ബിഎഡ്, ജര്‍മന്‍ ഭാഷാ പരിശീലനം എന്നിവ പൂര്‍ത്തിയാക്കി അധ്യാപികയായി.
സ്‌കൂള്‍ പഠനകാലത്ത് രാവിലെ വൈകുന്നേരവുമായി 10 മൈല്‍ നടന്നാണ് സ്‌കൂളില്‍ പോയിരുന്നത്. വലിയൊരു പദ്ധതിക്കുവേണ്ടി ദൈവം അതിലൂടെ തന്നെ പരിശീലിപ്പിക്കുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം സിസ്റ്റര്‍ തിരിച്ചറിഞ്ഞത് നാസിക്കില്‍ എത്തിയപ്പോഴായിരുന്നു. പുല്ലും കാടും മൂടിക്കിടക്കുന്ന സ്ഥലം. വിജനദേശത്തെയും വരണ്ടപ്രദേശങ്ങളെയും ഫലഭൂവിഷ്ടമാക്കാന്‍ കഴിവുള്ള കര്‍ത്താവില്‍ മാത്രം അവര്‍ ശരണം വച്ചു. ദൈവം പലരിലൂടെയും വഴിയൊരുക്കി. എല്ലാ ആവശ്യങ്ങളിലും തുറന്നമനസോടെ എപ്പോഴും സഹായത്തിനെത്തിയത് അടുത്തുണ്ടായിരുന്ന ഉര്‍സുലൈന്‍ സിസ്റ്റേഴ്‌സ് ആയിരുന്നു. ഇപ്പോഴും ഏതു കാര്യത്തിലും അവരുടെ സഹായം ലഭിക്കുന്നുണ്ടെന്ന് ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് ഓര്‍ക്കുന്നതെന്ന് സിസ്റ്റര്‍ ജോയ്‌സ് പറയുന്നു.
കൂട്ടായ്മയുടെ വിജയം
1990-ല്‍ സിസ്റ്റര്‍ ജോയിസിന്റെ നേതൃത്വത്തില്‍ ‘സേക്രട്ട് ഹാര്‍ട്ട് ഓഫ് നാസിക്ക്’ എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചു. നാസിക്കിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുകയായിരുന്നു ലക്ഷ്യം. ജനങ്ങളുമായുള്ള സമ്പര്‍ക്കം വിപുലപ്പെടുത്തി മൂല്യാധിഷ്ഠിതമായ സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസ രംഗമാണ് ഏറ്റവും അനുയോജ്യമെന്ന തിരിച്ചറിവില്‍ മനോഹര്‍ മാര്‍ക്കറ്റ് എന്ന സ്ഥലത്ത് ഒരു ഫഌറ്റില്‍ കെ.ജി. ക്ലാസുകള്‍ക്ക് തുടക്കമിട്ടു. ക്രമാനുഗതമായി കുട്ടികളുടെ എണ്ണം കൂടി വന്നുകൊണ്ടിരുന്നു. നാസിക്കിലെ പ്രശസ്തമായ തിരുഹൃദയ കോണ്‍വെന്റ് ഹൈസ്‌കൂളിന്റെ തുടക്കം അതായിരുന്നു.
ഇപ്പോള്‍ സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജോയിസിന്റെ നേതൃത്വത്തില്‍ സിസ്റ്റര്‍ മരിയ സെബാസ്റ്റ്യന്‍ (മദര്‍ സുപ്പിരിയര്‍), സിസ്റ്റര്‍ ടെസി ആന്റോ (പ്രിന്‍സിപ്പല്‍) സിസ്റ്റര്‍ ടീനാ, സിസ്റ്റര്‍ റിറ്റി തെരേസ്, സിസ്റ്റര്‍ റാണി, സിസ്റ്റര്‍ അലീസാ സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ലിസ് റാണി, സിസ്റ്റര്‍ കൃപാ മരിയാ എന്നിവരുള്‍പ്പെട്ട 85ഓളം അധ്യാപകര്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്നു. 33 വര്‍ഷത്തെ സേവന പാരമ്പര്യവുമായി തിരുഹൃദയ കോണ്‍വെന്റ് ഹൈസ്‌കൂള്‍ നാസിക്കിന്റെ മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അത് കൂട്ടായ്മയുടെ വിജയംകൂടിയാണ്. അമ്പര്‍നാഥ്, കോള്‍ഗാവ് എന്നിവിടങ്ങളിലും തിരുഹൃദയ സന്യാസ സമൂഹത്തിന് ഓരോ സ്‌കൂളുകള്‍ കൂടിയുണ്ട്.
മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍
”എല്ലാ വിധത്തിലും പരിമിതികളുടെ കാലമായിരുന്നത്. വിശുദ്ധ കുര്‍ബാനക്കുള്ള തിരുവസ്തുക്കള്‍ ഒരു പെട്ടിയിലാക്കി ഞങ്ങള്‍ സിസ്റ്റേഴ്‌സും വൈദികരോടൊപ്പം വില്ലേജ് സന്ദര്‍ശനത്തിന് പോകും. അഞ്ചും ആറും മണിക്കൂറുകള്‍ യാത്ര ചെയ്തുവേണം മിക്ക വില്ലേജുകളിലും എത്താന്‍. വീടുകളില്‍ കട്ടില്‍ അള്‍ത്താരയാക്കിയാണ് ദിവ്യബലി അര്‍പ്പിച്ചിരുന്നത്. ഒരു ദിവസം രാവിലെ പോയാല്‍ പിറ്റേദിവസം അതിരാവിലെയാണ് തിരികെ എത്തുക. ഇവിടുത്തെ പ്രവാസി മലയാളികളില്‍ ഭൂരിഭാഗവും ചെറിയ ബിസിനസോ ജോലിയോ ചെയ്യുന്നവരായിരുന്നു. അവരുടെ അടുത്തു ചെല്ലുന്നത് അവര്‍ക്ക് വലിയ സന്തോഷമായിരുന്നു. ലാസര്‍ഗാവ് ഗ്രാമത്തില്‍ ഒരു വീട്ടിലായിരുന്നു എല്ലാവരും ഒത്തുകൂടിയിരുന്നത്. ആളുകളെയെല്ലാം കുമ്പസാരിപ്പിച്ചിട്ടായിരുന്നു അച്ചന്‍ വി.കുര്‍ബാന അര്‍പ്പിച്ചിരുന്നത്.
ഭവനസന്ദര്‍ശനങ്ങളും കഴിഞ്ഞ് നാസിക്കില്‍ തിരികെ എത്തുമ്പോള്‍ സമയം വളരെ വൈകുമായിരുന്നു. എങ്കിലും സിസ്റ്റേഴ്‌സ് പിറ്റേദിവസം രാവിലെ സ്‌കൂളിലും എത്തുമായിരുന്നു.” മനസില്‍നിന്നും മായാതെ നില്ക്കുന്ന ആദ്യകാലത്തെ അനുഭവങ്ങള്‍ സിസ്റ്റര്‍ ജോയ്‌സ് പങ്കുവച്ചു.
സെന്റ് തോമസ് മിഷനറി സൊസൈറ്റിയിലെ വൈദികരായ ഫാ. പീറ്റര്‍ കാവുംപുറം, ഫാ. ജോര്‍ജ് കാവുകാട്ട്, ഫാ. മാത്യു മുത്താശേരി, ഫാ. ജോയി പുന്നക്കുഴി എന്നിവരുടെ നിസ്തുല സേവനങ്ങള്‍ നാസിക്കിലെ ക്രൈസ്തവ സമൂഹത്തിന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ നാസിക്കിലെ ഏഴ് ഇടവകളില്‍ കല്യാണ്‍ രൂപതയിലെ മൂന്ന് വൈദികരാണ് നാസിക്ക് സോണിന്റെ പാസ്റ്ററല്‍ ചുമതല വഹിക്കുന്നത്; സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസി ആന്റോ എസ്എച്ച് പറഞ്ഞു.
വിദ്യാഭ്യാസം
ഇപ്പോള്‍ ഇവിടെ പഠിക്കുന്ന കുട്ടികളില്‍ പലരുടെയും മാതാപിതാക്കള്‍ ഈ സ്‌കൂളില്‍ പഠിച്ച് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠിക്കാന്‍ സാഹചര്യങ്ങളോ കഴിവില്ലാത്തവരായിരുന്നു അവര്‍. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരു ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനവശ്യമായ സഹായം ചെയ്തുവരുന്നു. ഗ്രാമസന്ദര്‍ശനത്തിനായി വില്ലേജുകളില്‍ ചെല്ലുമ്പോള്‍ ആളുകള്‍ പറയും, ”സിസ്റ്റേഴ്‌സ് വന്ന് സ്‌കൂള്‍ തുടങ്ങിയതുകൊണ്ടാണ് ഞങ്ങളുടെ മക്കള്‍ പഠിച്ച് ജോലിക്കാരായത്.” എല്ലാ മിഷന്‍ കേന്ദ്രങ്ങളിലും ബാലികാ ഭവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട് അവിടെ പഠിച്ച് പലരും വിവിധ തൊഴില്‍ മേഖലയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. അനുഭവിച്ചറിഞ്ഞ ദൈവത്തെ പ്രഘോഷിക്കാനും അതനുസരിച്ച് ജീവിക്കാനും ഇവിടുത്തെ ഗ്രാമവാസികള്‍ക്ക് ഇഷ്ടമാണ്.
പ്രതിസന്ധികള്‍
നാസിക്കിലെ പ്രവാസി ക്രൈസ്തവ സമൂഹത്തില്‍ നിന്നും വൈദികാന്തസ് തിരഞ്ഞെടുത്തവരാണ് ബ്രദര്‍ റോഷന്‍ മനമേല്‍, ബ്രദര്‍ ക്ലീറ്റസ് ഒലക്കേങ്കല്‍, ബ്രദര്‍ നോയല്‍ ജോസഫ് കളപ്പുരക്കല്‍ എന്നിവര്‍. നാസിക് ജില്ലയിലെ സിംഗാര്‍ എന്ന സ്ഥലത്ത് നിന്ന് രണ്ട് മക്കള്‍ മാത്രമുള്ള ഒരു കുടുംബത്തില്‍ നിന്ന് ലിന്റാ ലിന്‍സണ്‍ തിരുഹൃദയസന്യാസ സമൂഹത്തില്‍ ചേര്‍ന്നു. മലയാളം ഒട്ടും അറിയില്ലാത്ത അവള്‍ കേരളത്തില്‍ ഭാഷ പഠിച്ച് പരിശീലനം നല്ല നിലയില്‍ പൂര്‍ത്തിയാക്കി വരുന്നുവെന്നത് തിരുഹൃദയ സമൂഹത്തിന്റെ സേവനങ്ങളുടെ പ്രതിഫലനമായി എടുത്തുകാണിക്കാമെന്ന് സിസ്റ്റര്‍ ജോയിസ് പറയുന്നു.
അന്യനാട്ടില്‍ പരിമിതമായ സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതുപോലെ വളര്‍ത്തിയെടുത്ത മൂന്ന് സ്‌കൂളുകള്‍ ഇന്ന് ഈ നാടിന്റെ ജീവനാഡിയാണ്. അതിനായി നടത്തിയ കഠിനാധ്വാനം വാക്കുകള്‍ക്ക് അതീതമാണ്. വില്ലേജോഫീസുകള്‍ മുതല്‍ വിവിധ ഗവണ്‍മെന്റ് ഓഫീസുകള്‍ എത്രയോ തവണ കയറി ഇറങ്ങി. ദൈവതിരുമുമ്പില്‍ മുട്ടുമടക്കി പ്രാര്‍ത്ഥിച്ചു നേടിയ ആത്മവിശ്വാസത്തിലായിരുന്നു യാത്രകള്‍. ഓഫീസുകളില്‍ മുഖം തിരിച്ചവരും, തിരസ്‌കരിച്ചവരും അനവധി. എന്നാല്‍, ദൈവം ഒപ്പം ഉണ്ടായിരുന്നതിനാല്‍ പ്രതിസന്ധികള്‍ പലവിധത്തില്‍ പരിഹരിക്കപ്പെട്ടു.
വണ്ടിക്കൂലിക്ക് പണമില്ല, യാത്ര കാല്‍നടയായി
എത്ര കഷ്പ്പാടുകള്‍ സഹിക്കേണ്ടിവന്നാലും ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ എത്ര കഠിനാധ്വാനം ചെയ്യാനും സിസ്റ്റര്‍ ജോയ്‌സിന് മടിയില്ല. സ്‌കൂള്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, സ്‌കൂളുകളുടെ അംഗികാരത്തിന് വേണ്ടി ഓട്ടം, ഇതിനിടയില്‍ സാമ്പത്തിക പ്രതിസന്ധിയും സിസ്റ്ററിനെ ആദ്യകാലങ്ങളില്‍ ഏറെ വലച്ചു. വണ്ടിക്കൂലിക്ക് പണമില്ലാത്തതിനാല്‍ നടന്നുപോയ നിരവധി അവസരങ്ങള്‍ ആദ്യ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അധ്വാനത്തിന്റെ തിരക്കുകള്‍ക്കിടയിലും മേലധികാരികളുടെ നിര്‍ദേശങ്ങള്‍ അണുവിട തെറ്റാതെ പാലിക്കാന്‍ ഈ സമര്‍പ്പിത എപ്പോഴും ശ്രദ്ധിച്ചിരുന്നു. മൂന്ന് സ്‌കൂളുകളുടെയും മേല്‍നോട്ടം സിസ്റ്റര്‍ ജോയ്‌സിന്റെ കരങ്ങളില്‍ സുരക്ഷിതമാണ്.
വലിയൊരു സമൂഹത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിരിക്കുന്നു. അധ്യാപിക, പ്രിന്‍സിപ്പല്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, രണ്ടു പ്രാവശ്യം ജനറല്‍ കൗണ്‍സിലര്‍, രണ്ടു തവണ മിഷന്‍ കൗണ്‍സിലര്‍ എന്നീ പദവികള്‍ പലപ്പോഴായി നിര്‍വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ നാസിക് മിഷന്‍ സുപ്പിരിയര്‍, സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. തനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതു ദൈവാനുഗ്രഹംകൊണ്ടു മാത്രമെന്നാണ് സിസ്റ്റര്‍ ജോയ്‌സ് പറയുന്നത്. അതിന് തൊഴുകൈകളോടെ തിരുഹൃദയനാഥന് ഹൃദയംകൊണ്ട് നന്ദി പറയുകയാണ് ഈ സമര്‍പ്പിത. പ്രായത്തിന്റെ അവശകള്‍ക്ക് അവധി നല്‍കി സമര്‍പ്പണ ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ ചുമലിലേറ്റി 76-ാം വയസിലും കൂടുതല്‍ തീക്ഷ്ണ തയോടെ മുന്നേറുകയാണ് സിസ്റ്റര്‍ ജോയ്‌സ്. ദൈവം വഴിനടത്തിയ അനുഭവങ്ങളുടെ ഓര്‍മകളായിരിക്കാം സിസ്റ്ററിന്റെ ഊര്‍ജ്ജം.
Leave a Comment
Your email address will not be published. Required fields are marked with *