ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍ പുറത്തിറക്കിയ ‘എഐ മേഖലയിലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ’ 2025 ലെ പട്ടികയില്‍ ലിയോ 14 ാമന്‍ പാപ്പയും. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാപ്പ പുലര്‍ത്തുന്ന ധാര്‍മിക ആശങ്കകളെ മാസിക അഭിനന്ദിച്ചു. എഐയുമായി ബന്ധപ്പെട്ട ഏറ്റവും സ്വാധീനമുള്ള 25 ചിന്തകരുടെ പട്ടികയിലാണ് ടൈം മാഗസിന്‍ പാപ്പയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലിയോ 14 ാമന്‍ പാപ്പ എന്ന പേര് പാപ്പ തിരഞ്ഞെടുത്തത് പോലും എഐ യുമായി ബന്ധപ്പെട്ട ധാര്‍മിക കാര്യങ്ങള്‍ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെ അടിസ്ഥാനമാക്കിയാണെന്ന് ടൈം ടെക്‌നോളജി ലേഖകന്‍ ആന്‍ഡ്രൂ ചൗ കുറിച്ചു. മാര്‍പാപ്പയായി സ്ഥാനമേറ്റതിന് രണ്ട് ദിവസത്തിന് ശേഷം, കാര്‍ഡിനല്‍സ് കോളേജുമായി പാപ്പ കൂടിക്കാഴ്ച നടത്തിയപ്പോള്‍, ‘ആദ്യത്തെ വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത’ ലിയോ പതിമൂന്നാമന്‍ പാപ്പയുടെ ബഹുമാനാര്‍ത്ഥമാണ് താന്‍ ലിയോ എന്ന് പേര് സ്വീകരിച്ചതെന്ന് പാപ്പ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കൃത്രിമ ബുദ്ധി മേഖലയിലെ സംഭവവികാസങ്ങള്‍ മനുഷ്യന്റെ അന്തസ്സ്, നീതി, തൊഴില്‍ എന്നീ മേഖലകളില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ലിയോ 14 ാമന്‍ എന്ന പേര് സ്വീകരിക്കുന്നതെന്നും പാപ്പ വ്യക്തമാക്കിയിരുന്നു.
ഇലോണ്‍ മസ്‌ക്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്, സെനറ്റര്‍ മാര്‍ഷ ബ്ലാക്ക്ബേണ്‍, സെനറ്റര്‍ ക്രിസ് മര്‍ഫി തുടങ്ങിയ പ്രമുഖരും ടൈമിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നു. എഐ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ കേന്ദ്രീകരിച്ച് ടൈം പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ വാര്‍ഷിക പട്ടികയാണിത്. ഓപ്പണ്‍എഐ ചാറ്റ്ജിപിടി പുറത്തിറക്കിയ 2023-മുതലാണ് ടൈം ഇത്തരത്തിലുള്ള പട്ടിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്.
Leave a Comment
Your email address will not be published. Required fields are marked with *