കാക്കനാട്: 2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ച് സീറോമലബാര്‍ സഭ. ഓഗസ്റ്റ് 18 മുതല്‍ 29 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോമലബാര്‍ സഭയുടെ 33-ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തിനുശേഷം മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ച സിനഡനന്തര സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എണ്ണത്തില്‍ നാം കുറഞ്ഞതും യുവതലമുറ വിദേശ രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നതും നമ്മുടെ അതിജീവനത്തിനു വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇവയ്ക്കു പരിഹാരം കാണുന്നതിനും നമ്മുടെ ഇടയില്‍ ശക്തമായ സമുദായ ബോധം ഉളവാക്കുതിനുമായിട്ടാണ് സീറോമലബാര്‍സഭ 2026 സമുദായ ശക്തീകരണവര്‍ഷമായി ആചരിക്കുന്നത്. എല്ലാ രൂപതകളുടെയും നേതൃത്വത്തില്‍ ബോധ വല്ക്കരണ പരിപാടികള്‍ ആരംഭിക്കാനും സമുദായത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുപകരിക്കുന്ന ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാനും സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു.
നൂറ്റാണ്ടുകളായി മിഷനറിപ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്ളവരുടെ ഉന്നമന ത്തിനായി ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ പാടെ തമസ്‌കരിച്ച് അതിനെ കേവലം മതവിഷയം മാത്രമാക്കി ചുരുക്കുന്ന വര്‍ഗീയ അജണ്ടകള്‍ ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രനിര്‍മാണത്തില്‍ ക്രൈസ്തവരുടെ പങ്കിനെ വിസ്മരിച്ചുകൊണ്ടു വിവേചനങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടക്കുന്നതും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായ പ്രേഷിതര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം പോലും പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നതും മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി.
ഒരേ സഭയില്‍ നാമെല്ലാം ഒന്നായിരിക്കുന്നതാണ് ഏറ്റവും വലിയ സുവിശേഷപ്രഘോഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപതകള്‍ സ്ഥാപിക്കാനും അജപാല സൗകര്യങ്ങള്‍ ഏര്‍പ്പെടു ത്താനും സാധിച്ചപ്പോഴും പരിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണത്തെ സംബന്ധിച്ചു നിലനിന്നിരുന്ന വ്യത്യസ്തതകള്‍ നമ്മുടെ ഐക്യബോധത്തെ ദോഷകരമായി ബാധിച്ചിരുന്നു. ഇതിനു പരിഹാരമായിട്ടായിരുന്നു സിനഡു തീരുമാനിച്ചതും ശ്ലൈഹിക സിംഹാസനം അംഗീകരിച്ചതുമായ ഏകീകൃത കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കാന്‍ സഭ ആഗ്രഹിച്ചത്. അതിന്‍പ്രകാരം ഏകീകൃത കുര്‍ബാനയര്‍പ്പണരീതി പൂര്‍ണമായി നടപ്പിലാക്കിയ രൂപതകള്‍ക്കും ഇടവകകള്‍ക്കും മാര്‍ തട്ടില്‍ നന്ദിയറിയിച്ചു.
പരിശുദ്ധ പിതാവ് അന്തിമ തീരുമാനം അറിയിച്ചു കഴിഞ്ഞ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി സീറോമലബാര്‍സഭയില്‍ ഉടനീളം മാറ്റമില്ലാതെ തുടരേണ്ടതാണ്. 2025 ജൂണ്‍ 26-ാം തീയതി എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു മാത്രമായി നല്‍കപ്പെട്ട സര്‍ക്കുലര്‍ ഈ തീരുമാനത്തിന്റെ തുടര്‍ച്ചയാണ്. പ്രസ്തുത സര്‍ക്കുലര്‍പ്രകാരം ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഏകീകൃ തരീതിയില്‍ ഒരു വിശുദ്ധ കുര്‍ബാന വീതം ചൊല്ലി ത്തുടങ്ങിയ അതിരൂപതയിലെ വൈദികരെ സിനഡു നന്ദിയോടെ ഓര്‍മിക്കുന്നു എന്ന് സര്‍ക്കുലറില്‍ പറയുന്നു.
ഏകീകൃത കുര്‍ബാനയര്‍പ്പണരീതി ഘട്ടംഘട്ടമായി നടപ്പിലാക്കി ഐക്യത്തിലേക്കു വളര്‍ത്താനുള്ള ഉത്തരവാദിത്വം മേജര്‍ ആര്‍ച്ചുബിഷപ്പിനെയും അതിരൂപതയ്ക്കു വേണ്ടിയുള്ള വികാരിയെയും സിനഡു ചുമതലപ്പെടുത്തി.
നമ്മുടെ സഭയില്‍ പരിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായതു നമ്മെ ഏറെ വേദനിപ്പിക്കുകയും അനേകര്‍ക്ക് ഉതപ്പിനു കാരണമാകുകയും ചെയ്തിട്ടുണ്ട്. ഇതിനു മാനുഷികമായ പരിഹാരങ്ങള്‍ അപര്യാപ്തമാ ണെങ്കിലും പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും പരിശുദ്ധ കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനുമായി സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച സീറോമലബാര്‍സഭ മുഴുവനിലും ഒരു മണിക്കൂര്‍ വിശുദ്ധകുര്‍ബാനയുടെ ആരാധ നടത്താന്‍ സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു.
ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന വരും, അജപാലന ശുശൂഷയില്‍നിന്ന് വിരമിച്ചവരുമടക്കം 52 മെത്രാന്മാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
Leave a Comment
Your email address will not be published. Required fields are marked with *