Follow Us On

22

January

2025

Wednesday

തിനയും ചെസ്റ്റ്‌നട്ടും കഴിക്കുന്നവര്‍ പറയുന്നത്‌

തിനയും ചെസ്റ്റ്‌നട്ടും  കഴിക്കുന്നവര്‍ പറയുന്നത്‌

ജയ്‌മോന്‍ കുമരകം

മഴക്കാലം തുടങ്ങിയതോടെ വൈറല്‍ പനി, ഡെങ്കി പനി, എലിപ്പനി, ചെള്ളുപനി തുടങ്ങിയ രോഗങ്ങളും പടര്‍ന്നുതുടങ്ങി. പനി ബാധിച്ച് ചില മരണങ്ങളും അടുത്ത നാളില്‍ ഉണ്ടായിട്ടുണ്ട്. ദിവസവും നിരവധിപ്പേരാണ് പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നത്. വൈദ്യശാസ്ത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പുതിയ രോഗങ്ങളാണ് ഇപ്പോള്‍ മനുഷ്യന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കുവേണ്ടി ശിപാര്‍ശ ചെയ്യപ്പെടുന്ന മിക്ക രോഗികളുടെയും യഥാര്‍ത്ഥ രോഗമെന്തെന്ന് വൈദ്യശാസ്ത്രത്തിന് അജ്ഞാതമാണ്. അതുകൊണ്ട് എളുപ്പത്തില്‍ പരിഹാരം നിര്‍ദേശിക്കാനും കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇതിന്റെ അടിസ്ഥാന കാരണമെന്താണ്? പ്രകൃതിയോടുള്ള മനുഷ്യന്റെ കടുത്ത ദ്രോഹം തന്നെയാണത്. തന്റെ അവസാനത്തെ ജീവാമൃതവും നല്‍കി മനുഷ്യനെ നിലനിര്‍ത്താന്‍ പാടുപെടുന്ന പ്രകൃതിയെ മനുഷ്യന്‍ ഓരോ നിമിഷവും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പൂര്‍വികരുടെ തലമുറയ്ക്ക് ആശുപത്രിവാസവും മരുന്നുകളും അപരിചിതമായിരുന്നു. കാരണം, അവര്‍ പ്രകൃതിയെ സ്‌നേഹിച്ചു, പ്രകൃതിയില്‍ നിന്നു സ്വീകരിച്ചു, ഉള്‍ക്കൊണ്ടു ഇതാണ് അവരുടെ ആരോഗ്യത്തിന്റെയും ബുദ്ധിയുടെയും ഉറവിടം.

‘ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി’യെന്ന് ഉല്‍പത്തി 2:15 ല്‍ നാം വായിക്കുന്നു. വചനാനുസൃതം ജീവിച്ചവര്‍ ഭൂമിയെ ഐശ്വര്യസമൃദ്ധമാക്കി. എന്നാല്‍ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്ക് വേണ്ടി വചനത്തെ പൂഴ്ത്തിവെച്ചവര്‍ പ്രകൃതിയെ നശിപ്പിച്ചു. അതിന്റെ ഫലമാണിന്ന് വ്യാപകമാകുന്ന രോഗങ്ങളും ദുരന്തങ്ങളും. ലോകമെങ്ങും ഇപ്പോള്‍ കാലാവസ്ഥ തന്നെ മാറിക്കൊണ്ടിരിക്കുകയല്ലേ? പ്രകൃതിക്ഷോഭവും ദുരന്തങ്ങളും വര്‍ധിച്ചുവരുന്നു. ഭൗമാന്തരീക്ഷത്തിലെ താപനിലയും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ജലത്തിന്റെ ശോഷണമാണ് ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ നിശ്ചയമായും പ്രകൃതിയെ സ്‌നേഹിക്കണം. കാരണം ദൈവസൃഷ്ടിയില്‍, മനുഷ്യന്‍ കഴിഞ്ഞാല്‍ ശ്രേഷ്ഠമായ സൃഷ്ടിയാണ് പ്രകൃതി. പ്രകൃതിയും ജീവജാലങ്ങളും സൃഷ്ടിച്ചശേഷം അതു നല്ലതെന്ന് കണ്ടിട്ടാണ് ദൈവം മനുഷ്യന് ജന്മം കൊടുത്തതെന്ന് വിശുദ്ധ ഗ്രന്ഥം ഓര്‍മിപ്പിക്കുന്നു.

പ്രകൃതിയില്‍നിന്ന് രൂപപ്പെട്ട മനുഷ്യന്‍ അതുകൊണ്ടുതന്നെ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്തിലായിരിക്കണം പ്രകൃതിയെ ‘അമ്മ’ എന്ന് പൂര്‍വികര്‍ വിളിക്കുന്നത്. പ്രകൃതിയില്‍നിന്ന് പഠിക്കുവാനായിരുന്നു ആദിമഗുരുക്കളുടെയെല്ലാം ഉപദേശം. ഭക്ഷണവും പ്രാര്‍ത്ഥനയും ചിന്തയും ജോലിയുമെല്ലാം പ്രകൃതിക്കിണങ്ങി ചെയ്യണമെന്ന് പൂര്‍വ്വികര്‍ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ ആധുനിക മനുഷ്യനാകട്ടെ, പ്രകൃതിയെ ഉപഭോഗ ഉത്പന്നം മാത്രമാക്കി കാണുകയും പ്രകൃതിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകുകയും ചെയ്യുന്നു. ഇത് മനുഷ്യന് ഗുണത്തേക്കാളേറെ ദോഷത്തിന് കാരണമാക്കുന്നു.

ഇന്ന് ചെറിയ ജോലികള്‍ മനുഷ്യനെ ക്ഷീണിതനാക്കുന്നു. ഒരു കിലോമീറ്റര്‍ ദൂരം നടക്കാന്‍ പോലും ആരുമിന്ന് തയ്യാറല്ല. എന്നാല്‍ പഴയ തലമുറയെ നോക്കുക. പ്രകൃതിയുമായി ഇണങ്ങിക്കഴിഞ്ഞിരുന്ന അവരുടെ ആഹാരരീതി തന്നെയാണ് അവരെ കരുത്തരും ശക്തരുമാക്കുന്നത്. അരി, ഗോതമ്പ്, പഴങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഭക്ഷിച്ചിരുന്ന അവര്‍ ദിവസവും അനായാസം പത്തും നാല്പതും കിലോമീറ്റര്‍ ദൂരം നടന്നിരുന്നുവെന്നുകൂടി മനസിലാക്കുക. പ്രകൃതി അവരുടെ ശരീരത്തിന് ബലവും ബുദ്ധിക്ക് കരുത്തും നല്‍കി. ഇറ്റലിയിലെ കര്‍ഷകരുടെ പ്രധാന ഭക്ഷണം ചെസ്റ്റ്‌നട്ട് കഞ്ഞിയും മുന്തിരിവൈനുമായിരുന്നു.

അവര്‍ ദീര്‍ഘായുസുള്ളവരായി കാണപ്പെട്ടു. 16 മണിക്കൂര്‍ കായികമായി അധ്വാനിച്ചിരുന്ന റഷ്യക്കാരുടെ ഭക്ഷണം കറുത്ത തിനകൊണ്ടുണ്ടാക്കിയ റൊട്ടിയും വെളുത്തുള്ളിയുമായിരുന്നു. അവര്‍ക്ക് ജോലിയില്‍ ക്ഷീണമുണ്ടാകാതെ എത്ര മണിക്കൂര്‍ വേണമെങ്കിലും പ്രയത്‌നിക്കാന്‍ കഴിഞ്ഞു. പ്രകൃതിയോട് തുലനപ്പെട്ട് ജീവിക്കുന്ന ഒരു വ്യക്തിക്ക് പൂര്‍ണാരോഗ്യത്തോടെ കഴിയാമെന്ന പ്രകൃതിജീവനകലയുടെ ആചാര്യന്മാരുടെ വാക്കുകള്‍ ഇതിനോട് ചേര്‍ത്തുവായിക്കുക. പ്രകൃതിദത്തമായ ഭക്ഷണപദാര്‍ത്ഥങ്ങളോടുള്ള താല്‍പര്യം നമ്മുടെ കുടുംബങ്ങളില്‍ ഉണര്‍ത്തണം. പ്രകൃതിയുടെ ഔഷധക്കൂടുകളാണ് വായു, ജലം, മണ്ണ് ഇവയെല്ലാം. എന്നാല്‍ മനുഷ്യന്‍ നിര്‍ദ്ദയം ഇവയോട് വര്‍ത്തിക്കുന്നു.

ജലം മലിനമായിക്കൊണ്ടിരിക്കുന്നു. ശുദ്ധജലം ധാരാളമായി ലഭിച്ചുകൊണ്ടിരിക്കുന്ന പുഴകളില്‍നിന്ന് മണലൂറ്റിയും തീരം കൈയേറിയും നാം ശുദ്ധജലത്തെ നശിപ്പിക്കുന്നു. ഫാക്ടറികള്‍ പുറന്തള്ളുന്ന വിഷപ്പുകയാകട്ടെ നമ്മുടെ അന്തരീക്ഷ വായുവിനെ അനുദിനം മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സൂര്യതാപത്തിന്റെ തീക്ഷ്ണത കുറയ്ക്കുന്ന ഓസോണ്‍ പാളികളില്‍ അടുത്തകാലത്ത് വലിയ വിടവുരൂപപ്പെടുന്നതായി ശാസ്ത്രഗവേഷകര്‍ ഞെട്ടലോടെ വെളിപ്പെടുത്തി. അതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്, അന്തരീക്ഷ വായുവിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന വിഷധൂമങ്ങളാണ്.
ലാഭത്തിനുവേണ്ടി കൃഷിയെ നശിപ്പിക്കാതിരിക്കുക. എണ്‍പതിനായിരത്തിലധികം ടണ്‍ കീടനാശിനികള്‍ ഇതിനോടകം ഭൂമിയുടെ മാറിനെ വിഷലിപ്തമാക്കി കഴിഞ്ഞുവെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്പാദിപ്പിക്കുന്നവനും ഉപയോഗിക്കുന്നവനും ഒരു കുടുംബാംഗങ്ങളാണ് എന്ന തിരിച്ചറിവിലേക്ക് നാം എന്ന് കടന്നുവരുമോ അന്നേ നമ്മുടെ സ്വാര്‍ത്ഥതയ്ക്കന്ത്യമാകൂ…

പ്രകൃതിയോട് കാട്ടുന്ന ഈ വെല്ലുവിളി ഇനി എത്രകാലം? എന്ന ഒരു ചോദ്യം മാത്രമേ നമുക്ക് മുന്നില്‍ ശേഷിക്കുന്നുള്ളൂ. പരിഹാരമാകട്ടെ, ‘പ്രകൃതിയിലേക്ക് മടങ്ങുക’ എന്നത് മാത്രമേയുള്ളൂ താനും. നാം പ്രകൃതിയുടെ ഭാഗമാണെന്നും ദൈവം അവയുടെ പരിപാലകനാണെന്നുമുള്ള ബോധ്യത്തിലേക്ക് തിരിയുക. അങ്ങനെയെങ്കില്‍ ദൈവത്തെ സ്‌നേഹിക്കുന്നതുപോലെതന്നെ പ്രകൃതിയെയും സ്‌നേഹിക്കാനാകും.
പ്രകൃതിയില്‍നിന്ന് പഠിക്കുക, ധ്യാനിക്കുക: മഹത്തുക്കളെല്ലാം പ്രകൃതിയില്‍ നിന്നാണ് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. ഗാന്ധിജി തന്റെ ജീവിതം പ്രകൃതിയില്‍നിന്ന് ഉള്‍ക്കൊണ്ടു. ഭക്ഷണവും വിശ്രമവുമെല്ലാം അദ്ദേഹം പരിപൂര്‍ണമായി പ്രകൃതിക്കനുയോജ്യമാക്കി. ശ്രീബുദ്ധനാകട്ടെ, പരസ്പരാശ്രയത്വം എന്ന യാഥാര്‍ത്ഥ്യംപോലും ഉള്‍ക്കൊണ്ടത് വൃക്ഷത്തില്‍ നിന്നാണ്. പ്രകൃതിയെ സ്‌നേഹിച്ചവര്‍ക്കെല്ലാം തങ്ങളുടെ ജീവിതത്തിലൂടെ സമൂഹത്തിന് മുന്നില്‍ നന്മയുടെ മറ്റൊരു മാതൃക തെളിച്ചുകാട്ടാന്‍ കഴിഞ്ഞു.

നമ്മുടെ ജീവിതവും പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുമോ? പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നത് കണ്ടാല്‍ ഒരു ചെറുവിരലെങ്കിലും ഉയര്‍ത്തി അവയോട് പ്രതികരിക്കാന്‍ കഴിയുമോ? വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതപാഠങ്ങള്‍ നമ്മുടെ ജീവിതത്തിലേക്കും പകരണം; ദൈവസൃഷ്ടികളായ മൃഗങ്ങളും പക്ഷികളും ജീവജാലങ്ങളുമൊക്കെ സഹോദരമനസോടെ അസീസി കണ്ടു. അപ്പോള്‍ പ്രകൃതിയുടെ ചലനങ്ങളില്‍ ദൈവസ്തുതികള്‍ മുഴങ്ങുന്നത് കേള്‍ക്കാന്‍ വിശുദ്ധന് കഴിഞ്ഞു. കണ്ണു തുറന്ന് പ്രകൃതിയിലേക്ക് നോക്കിയാല്‍ ദൈവചലനം നമുക്ക് ഇളംകാറ്റിലും അനുഭവിക്കാന്‍ കഴിയും; പ്രകൃതിയെ സ്‌നേഹിക്കുക അതാണ് പ്രധാനം. പ്രകൃതിയെ സ്‌നേഹിക്കാത്തവന് ദൈവത്തെയും മനുഷ്യനെയും സ്‌നേഹിക്കാനാവില്ല. പ്രകൃതിയെ സ്‌നേഹിച്ചുകൊണ്ട് ഒരു പുതിയ സംസ്‌കാരത്തിന് നമുക്കിന്ന് തുടക്കമിടാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?