റാഞ്ചി: ജാര്‍ഖണ്ഡിലെ വിവിധ സഭാംഗങ്ങളും കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യയും ചേര്‍ന്ന് മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി മനുഷ്യചങ്ങലയും പ്രാര്‍ത്ഥനയോഗവും സംഘടിപ്പിച്ചു. ബാനറുകളും പ്ലാക്കാര്‍ഡുകളും കൈകളിലേന്തി റോഡ് സൈഡില്‍ പതിനായിരത്തിലധികം ആളുകള്‍ നിരന്നു. റാഞ്ചി ആര്‍ച്ചുബിഷപ് ഫെലിക്‌സ് ടോപ്പോ മനുഷ്യചങ്ങലയ്ക്കും പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. സഹായ മെത്രാന്‍ തിയോഡോര്‍ മസ്‌ക്രറിനസും വിവിധ ക്രൈസ്തവസഭാ നേതാക്കളുമടക്കം നിരവധിപേര്‍ അണിചേര്‍ന്നു.
റാഞ്ചി കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനയോഗത്തിന് റാഞ്ചിയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് മരിയാനൂസ് കുജൂര്‍ നേതൃത്വം നല്‍കി. അയല്‍ക്കാരെ സ്‌നേഹിക്കുക എന്ന ബൈബിള്‍ വചനത്തെ അടിസ്ഥനമാക്കി ആര്‍ച്ചുബിഷപ് ടോപ്പോ പ്രസംഗം നടത്തി. ദൈവം നമ്മുടെ സ്‌നേഹപിതാവാണെന്നും അവിടുത്തെ മക്കള്‍ക്കിടയില്‍ ദുഃഖമുണ്ടാകുമ്പോള്‍ ദൈവത്തിനും വിഷമമുണ്ടാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മണിപ്പൂരിലെ അക്രമികള്‍ക്കുവേണ്ടി ദൈവത്തോട് മാപ്പുചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *