Follow Us On

22

January

2025

Wednesday

മണിപ്പൂരില്‍ കണ്ട യാഥാര്‍ത്ഥ്യങ്ങള്‍

മണിപ്പൂരില്‍  കണ്ട യാഥാര്‍ത്ഥ്യങ്ങള്‍

ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
(സിബിസിഐ പ്രസിഡന്റ്)

2023 മെയ് മൂന്നിന് തുടങ്ങി ഇപ്പോഴും കെട്ടടങ്ങാതെ കനലുകളായി ജ്വലിച്ചു നില്ക്കുന്ന മണിപ്പൂരിലെ കലാപത്തില്‍ സഹിക്കുന്ന ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനും ഭാരതസഭ കാരിത്താസ് ഇന്ത്യയിലൂടെയും സിആര്‍എസിയിലൂടെയും ചെയ്ത സേവനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഇനി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കുന്നതിനുമായാണ് മണിപ്പൂരില്‍ ജൂലൈ 23-24 തീയതികളില്‍ സന്ദര്‍ശനം നടത്തിയത്. സിബിസിഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. ജര്‍വിസ് ഡിസൂസയും കാരിത്താസ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലിയും എന്നോടൊപ്പം ഉണ്ടായിരുന്നു. ഇംഫാലിലെ ആര്‍ച്ചുബിഷപ്‌സ് ഹൗസിലെത്തി മണിപ്പൂര്‍ അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ഡൊമിനിക് ലുമോണ്‍ പിതാവിനെയും വികാരി ജനറല്‍ ഫാ. വര്‍ഗീസ് വേലിയ്ക്കകത്തിനെയും സന്ദര്‍ശിക്കുകയും ഭാരതസഭയുടെ പിന്തുണയും ഐകദാര്‍ഢ്യവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

സഹായഹസ്തവുമായി സഭ
മണിപ്പൂര്‍ കലാപത്തില്‍ 160 ല്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 60,000-ത്തില്‍പരം ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളില്‍, എല്ലാം നഷ്ടപ്പെട്ട്, നിരാശരായി ഇംഫാലിലും ചുരചാന്ദ്പൂരിലും കാംഗ്‌പോക്പിയിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യയിലെ മറ്റു നഗരങ്ങളിലും കഴിയുന്ന മണിപ്പൂര്‍ നിവാസികളുടെ വിവരം ഇംഫാല്‍ ആര്‍ച്ചുബിഷപ് ഡോമിനിക്ക് ലുമോണ്‍ വ്യക്തമാക്കി. ഒട്ടേറെ കുട്ടികള്‍ ഇപ്പോഴും വിദ്യാഭ്യാസ സൗകര്യമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. കാരിത്താസിലൂടെയും കാത്തലിക് റിലീസ് സൊസൈറ്റിയിലൂടെയും ലഭിച്ച അരി, പരിപ്പ്, ഉരുളക്കിഴങ്ങ്, സോപ്പ്, എണ്ണ, സ്ത്രീകള്‍ക്കായുള്ള സാനിറ്ററി കിറ്റ് തുടങ്ങിയവ കൈമാറി. ഇത്തരം സഹായസഹകരണങ്ങള്‍ മണിപ്പൂരിലെ സഭ ഏതെങ്കിലും ജനവിഭാഗങ്ങള്‍ക്കായി മാത്രം പരിമിതപ്പെടുത്തിയിട്ടില്ല; മറിച്ച്, ഇംഫാല്‍ താഴ്‌വരയിലും ചുരചാന്ദ്പൂര്‍, കാംഗ്‌പോക്പി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റ് സ്ഥലങ്ങളിലുമുളള മണിപ്പൂരിലെ സര്‍വ്വജനത്തിനുമായാണ് വിതരണം ചെയ്തത്.

ഭാരത കത്തോലിക്കസഭയുടെ ഭാഗമായുള്ള കമില്ലന്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകളും സിഎംഐ, വിസി, സിഎംസി, എഫ്‌സിസി തുടങ്ങിയ സന്യാസ സമൂഹങ്ങളുടെ നേതൃത്വത്തില്‍ മറ്റു സഭാവിഭാഗങ്ങളുടെ സഹകരണത്തോടെ Therapeutic Trauma Care തുടങ്ങിയ ശാരീരിക-മാനസിക-ആത്മീയ പരിപാലന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങള്‍ നേരില്‍ കണ്ട് ആവശ്യമായ നിത്യോപയോഗസാധനങ്ങളുടെ വിതരണം നടത്തുന്നതിനും, സഭ സഹാനുഭൂതിയോടെയും പ്രാര്‍ത്ഥനയോടെയും കൂടെയുണ്ട് എന്ന് വ്യക്തമാക്കുന്നതിനുമായി ആര്‍ച്ചുബിഷപ് ഡൊമിനിക് ലൂമോണിന്റെ നേതൃത്വത്തില്‍ രണ്ട് വാഹനങ്ങളിലായി ഞങ്ങള്‍ യാത്ര തിരിച്ചു. സിബിസിഐ ടീമിനോടൊപ്പം ആര്‍ച്ചുബിഷപ്പിന്റെ സെക്രട്ടറി ഫാ. സാമുവേല്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ CMI എന്നിവര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി.

കാക്ചിങ് സന്ദര്‍ശനം
കാക്ചിങ് ജില്ലയിലെ മേരി ഇമ്മാക്കുലേറ്റ് സ്‌കൂളും അവിടെ സേവനം ചെയ്യുന്ന ഫാ. സിജോ ഒഴലക്കാട്ട്, എസ്എംഎംഐ സന്യാസസമൂഹത്തിലെ സിസ്റ്റര്‍മാര്‍, ബോര്‍ഡിംഗിലെ കുട്ടികള്‍ എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് കാക്ചിങിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. എല്ലാം നഷ്ടപ്പെട്ട്, നിരാശരായി എത്തിയ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവര്‍ക്കായുള്ള ഭക്ഷ്യ-സാനിറ്ററി-ജീവനോപാധി കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. കമ്മിറ്റി ഫോര്‍ പീസ്& ഹാര്‍മണിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. കത്തോലിക്കാ സഭ തങ്ങള്‍ക്ക് ചെയ്യുന്ന സേവനങ്ങള്‍ക്ക് നിറകണ്ണുകളോടെ അവര്‍ നന്ദി പറഞ്ഞത് ഞങ്ങള്‍ക്ക് മറക്കാനാവില്ല. നാമെല്ലാവരും ഒന്നാണ്, ഒരേ മനുഷ്യരാശിയുടെ ഭാഗമാണ്. ഒരു ഭാഗത്തിന് വേദനിക്കുമ്പോള്‍ അത് ശരീരം മുഴുവന്റെയും വേദനയാണ്. ഈ വേദനക്ക് ഒരു ചെറിയ ശമനമെങ്കിലും ഉണ്ടാക്കുവാനാണ് മണിപ്പൂരിലെ കത്തോലിക്കാ സഭയും ഭാരത കത്തോലിക്കാ സഭയും ആഗോളകത്തോലിക്കാ സഭയും സര്‍വ്വരെയും ഉള്‍ക്കൊണ്ടുകൊണ്ട് ശ്രമിക്കുന്നതെന്ന് ഞാന്‍ അവരോടു പറഞ്ഞു. റിലീഫ് ക്യാമ്പ് നടത്തുന്ന കമ്മിറ്റി ഫോര്‍ പീസിന്റെ പ്രസിഡന്റ് ശൈലേന്ദ്ര സിങ് നന്ദിയും സ്‌നേഹവും അറിയിച്ചത് ഹൃദയസ്പര്‍ശിയായിരുന്നു. തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ച മറ്റു പ്രദേശങ്ങള്‍ കണ്ടപ്പോള്‍ കലാപത്തിന്റെ വ്യാപ്തി ഞങ്ങള്‍ക്ക് മനസിലായി.

തകര്‍ക്കപ്പെട്ട സ്‌കൂളുകള്‍
ചന്ദേല്‍ ജില്ലയിലുള്ള സുഗുണ ഇടവക മണിപ്പൂരിലെ പ്രഥമ ഇടവകയായിരുന്നു. നാഗന്മാരും മെയ്‌തെയ്കളും കുക്കികളും സാഹോദര്യത്തോടെ ഏറെ കാലമായി ഒരുമിച്ചു വസിച്ചു വന്നവരാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, കലാപകാലത്ത് എല്ലാ ഭാഗങ്ങളുടെയും ആക്രമണം ഇവിടെ ഉണ്ടാവുകയും, നാഗന്മാര്‍ ഒഴിച്ചുള്ള മെയ്‌തെയ്കളും കുക്കികളും പരസ്പരം ആക്രമിക്കുകയും ചെയ്തു. ഇന്ന് ആ ഗ്രാമത്തിന്റെയും ഇടവകയുടെയും സ്ഥിതി അതീവ ദുഃഖകരമാണ്. ജനം ഒഴിഞ്ഞ്, കത്തിക്കരിഞ്ഞ വീടുകളും കടകളും തകര്‍ന്നു കിടക്കുന്ന, നിലംപരിശായ മനോഹരമായ വീടുകളും ഏവരെയും വേദനിപ്പിക്കുന്നതാണ്. കത്തിക്കരിഞ്ഞ് തകര്‍ന്ന് നാമവശേഷമായ സുഗുണു സെന്റ് ജോസഫ്‌സ് ഇടവക ദൈവാലയത്തിന്റെയും പൂര്‍ണമായി നശിപ്പിക്കപ്പെട്ട സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും പട്ടാളക്യാമ്പായി മാറിയ എഫ്‌സിസി സന്യാസിനിമാരുടെ സെന്റ് അല്‍ഫോന്‍സ മഠത്തിന്റെയും ഇന്നത്തെ അവസ്ഥ ഹൃദയഭേദകമാണ്. സമീപജില്ലകളിലേതടക്കം ഏറ്റവും മികച്ച സ്‌കൂളായിരുന്നു സുഗുണുവിലേത്. ഇടവകപള്ളി യിലേക്ക് കയറിയപ്പോള്‍ നാലുവര്‍ഷത്തോളം അവിടെ വികാരിയായിരുന്ന ആര്‍ച്ചുബിഷപ് ഡൊമിനിക് ലുമോണ്‍ വികാരഭരിതനായി. ഏകദേശം ആയിരത്തില്‍പ്പരം ക്രിസ്തീയ കുടുംബങ്ങള്‍ ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. ഇന്ന് അത് ഒരു ശവപറമ്പിന് സമാനമായി ജനവാസയോഗ്യമല്ലാത്ത രീതിയില്‍ തകര്‍ന്നു കിടക്കുന്നു.

മണിപ്പൂരിന്റെ ഒരു പരിച്ഛേദമായ ഇവിടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നാശനഷ്ടം നേരിട്ടു. എല്ലാം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട മെയ്‌തേയ് വര്‍ഗക്കാര്‍ കാക്ചിങിലെ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായിരുന്നു. കുക്കികളാകട്ടെ ചുരചാന്ദ്പൂരിലെ അഭയാര്‍ത്ഥി ക്യാമ്പിലും. സര്‍വ്വവും നഷ്ടപ്പെട്ട് നിരാശരായി ഇനി ജീവിതം എങ്ങനെ കരുപിടിപ്പിക്കുമെന്ന ആശങ്കയില്‍ ഈ ജനസമൂഹങ്ങള്‍ വിഭിന്ന അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. ഇനി എന്നെങ്കിലും അവര്‍ക്ക് ഒന്നിച്ചു വസിക്കാനാകുമോ എന്നത് ഉത്തരമില്ലാതെ ചോദ്യമായി അവശേഷിക്കുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആര്‍ച്ചുബിഷപ്പിന്റെ സെക്രട്ടറി ഫാ. സാമുവല്‍ തന്റെ മുന്‍പ്രവര്‍ത്തനമേഖലയായിരുന്ന സുഗുണുവിനെപറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഈ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട എഫ്‌സിസി സഭാംഗങ്ങള്‍ തങ്ങളുടെ മണിപ്പൂരിലെ ആദ്യഭവനത്തെ കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടുന്നതിനും ഞങ്ങള്‍ സാക്ഷികളായി.
പ്രിന്‍സിപ്പലിനെ അന്വേഷിച്ച് കലാപകാരികള്‍

കാഞ്ചിപ്പൂരിലെ കത്തിയമര്‍ന്ന ഹോളി റഡീമര്‍ ഇടവകപ്പളളിയെകുറിച്ചും വൈദികമന്ദിരത്തെകുറിച്ചും വേദനയോടെയാണ് അവിടെയുളളവര്‍ സംസാരിച്ചത്. ഇംഫാലിലെ പ്രസിദ്ധമായ സ്‌കൂളാണ് കാഞ്ചിപ്പൂര്‍ കാത്തലിക് സ്‌കൂള്‍. കുക്കിയായ പ്രിന്‍സിപ്പലിനെ തേടി ആയിരക്കണക്കിന് കലാപകാരികള്‍ എത്തിയതും പള്ളി കത്തിച്ചതും സ്‌കൂള്‍ തകര്‍ത്തതുമൊക്കെ, നാഗവിഭാഗക്കാരനായ ഫാ. ടൈറ്റസ് വേദനയോടെ പങ്കുവച്ചു. പള്ളി കത്തിക്കുകയും സ്‌കൂള്‍ തകര്‍ക്കുകയും ചെയ്ത മെയ് മൂന്നിന് ഫാ. ടൈറ്റസ് അവിടെ ഉണ്ടായിരുന്നു. സിസ്റ്റേഴ്‌സിന്റെ ഭവനത്തില്‍ കയറി പ്രിന്‍സിപ്പല്‍ രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തെ തേടി കലാപകാരികള്‍ കോണ്‍വെന്റില്‍ പല പ്രാവശ്യം ചെന്നതും അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടതും ഞെട്ടലോടു കൂടി മാത്രമേ ആര്‍ക്കും കേള്‍ക്കാനാവുകയുള്ളൂ.

തകര്‍ക്കപ്പെട്ട ദൈവാലയങ്ങള്‍
മണിപ്പൂര്‍ അതിരൂപതയുടെ മാണിക്യമായ പാസ്റ്ററല്‍ സെന്ററാണ് പിന്നീട് സന്ദര്‍ശിച്ചത്. ഇംഫാലിലെ സാംഗയിപ്രൂവിലുള്ള റീജിയണല്‍ പാസ്റ്ററല്‍ ട്രെയിനിങ്ങ് സെന്ററും സെന്റ് പോള്‍ പള്ളിയും പൂര്‍ണ്ണമായി കത്തി നശിച്ചു. അവിടെ ഉണ്ടായിരുന്ന കോഹിമ മുന്‍മെത്രാന്‍ മലയാളിയായ മാര്‍ ജോസ് മുകാലയും പള്ളിവികാരിയും അസിസ്റ്റന്റും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വലതുകരം മുഴുവനായും ഇടതുകരത്തിന്റെ കൈപ്പത്തിയും നശിപ്പിക്കപ്പെട്ട നിലയില്‍ പള്ളിയുടെ മുഖവാരത്തിലുള്ള ഈശോയുടെ തിരുഹൃദയത്തിന്റെ രൂപം സങ്കടത്തോടെ മാത്രമേ നമുക്ക് നോക്കാനാവൂ.
ക്രൈസ്തവര്‍ക്കെതിരെ ചിലരുടെ ഇടയില്‍ പതഞ്ഞുനില്ക്കുന്ന വിരോധത്തിന്റെ അന്തരീക്ഷമാണ് ഈ നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. സാംഗയിപ്രൂവിലെ ട്രെയിനിങ്ങ് സെന്ററും ചുറ്റുമുള്ള കുക്കികളുടെ മനോഹരമായ വസതികളും മികച്ച ഫെയ്ത് സ്‌കൂളും നിഷ്‌കരുണം തകര്‍ക്കപ്പെട്ട് കിടക്കുന്നത് കണ്ടു. പാസ്റ്ററല്‍ ട്രെയിനിങ്ങ് സെന്ററിനോടനുബന്ധിച്ചുള്ള സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളും അവിടെ പഠിപ്പിക്കുന്ന എസ്എബിഎസ് സഭാംഗങ്ങളായ സിസ്റ്റേഴ്‌സിനെയും സന്ദര്‍ശിച്ചു.

ആര്‍ച്ചുബിഷപ് ലൂമെണിന്റെ നേതൃത്വത്തില്‍ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും മണിപ്പൂരില്‍ ഭാരതസഭയും കാരിത്താസും ചെയ്യേണ്ട ഭാവിപരിപാടികളെകുറിച്ച് ചര്‍ച്ച ചെയ്തു. അവിടെവച്ച് തൃശൂര്‍ അതിരൂപതയുടെ പത്ത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കാരിത്താസിന് കൈമാറി.
രാഷ്ട്രീയ തീരുമാനം അനിവാര്യം ഇന്ത്യയുടെ മാണിക്യം എന്ന് ജവഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ച മണിപ്പൂര്‍ ഇന്ന് തിളക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്. എങ്ങനെയാണ് ഈ മനോഹാരിതയിലേക്ക് മണിപ്പൂരിന് മടങ്ങി വരാനാകുക? ഈ ആക്രമണങ്ങളെല്ലാം മാനവികതയോടുള്ള വെല്ലുവിളിയാണ്. ഭവനരഹിതരായവരും അരക്ഷിതരായി പലായനം ചെയ്യപ്പെട്ടവരും എല്ലാ വിഭാഗങ്ങളില്‍ നിന്നുമുണ്ടെങ്കിലും ഏറെപ്പേരും ക്രൈസ്തവരാണ്. ശക്തമായ രാഷ്ട്രീയ തീരുമാനങ്ങള്‍ ഉണ്ടെങ്കിലേ സമാധാനം തിരികെ കൊണ്ടുവരാനാകൂ. സമഗ്രവികസനം ഉണ്ടായെങ്കിലേ കലാപമുഖരിതമായ മണിപ്പൂര്‍ മാണിക്യത്തിന് പഴയ പ്രതാപത്തിലേക്ക് മടങ്ങി എത്താന്‍ സാധിക്കുകയുള്ളൂ. കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ മാനസാന്തരം അനിവാര്യമാണ്. സൗഹാര്‍ദവും സമാധാനവും പുരോഗതിയും കൊണ്ടുവരണമെങ്കില്‍ എല്ലാവരും വിദ്വേഷങ്ങള്‍ മറന്ന് സമഭാവനയോടെ മുന്നേറണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?