Follow Us On

15

January

2025

Wednesday

മദ്യവരുമാനം അധാര്‍മിക വരുമാനം

മദ്യവരുമാനം അധാര്‍മിക വരുമാനം

കെ.ജെ. മാത്യു
(മാനേജിംഗ് എഡിറ്റര്‍)

 

സുതാര്യമല്ലാത്ത, സത്യസന്ധമല്ലാത്ത, അധാര്‍മികമായ ഒരു വരുമാനം ഒരു വ്യക്തിക്കും ഭൂഷണമല്ല, അതുപോലെതന്നെ ഒരു സംസ്ഥാനത്തിനും. കുറച്ചുനാളത്തേക്ക് അത് നല്ലതായി തോന്നിയേക്കാം. പക്ഷേ ആത്യന്തികമായി നാശത്തിനും തകര്‍ച്ചക്കും മാത്രമേ കാരണമാകുകയുള്ളൂ. ഒരു ഭവനം പണിയുമ്പോള്‍ അടിത്തറയുടെ കാര്യം നാം വളരെ ശ്രദ്ധിക്കും, എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ മൊത്ത വികസനസൗധത്തിന്റെ അടിത്തറയെക്കുറിച്ച് നാം പലപ്പോഴും ചിന്തിക്കാറില്ല. സത്യസന്ധമായ മാര്‍ഗത്തില്‍ സമ്പാദിച്ച പണംകൊണ്ട് പണിയുന്ന ഭവനം സുരക്ഷിതമായിരിക്കും, കാരണം അത് പണിയപ്പെട്ടിരിക്കുന്നത് പാറമേല്‍ ആണ്. എന്നാല്‍ അധാര്‍മിക സമ്പത്തുകൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന ഭവനങ്ങളും വികസനസൗധങ്ങളും അല്പംപോലും സുരക്ഷിതമല്ല. അവ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീണേക്കാം. കാരണം അവയൊക്കെ പടുത്തുയര്‍ത്തിയിരിക്കുന്നത് വെറും മണല്‍പുറത്താണ്. അവ നല്‍കുന്ന സന്തോഷങ്ങള്‍ നൈമിഷികങ്ങളാണ്, ഒരിക്കലും ശാശ്വതങ്ങളല്ല.

ഇതെഴുതുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ വരുമാന ശ്രോതസിനെക്കുറിച്ച് ഒരു ധാരണയുണ്ടാകാനാണ്. അതില്‍ നല്ലൊരു ശതമാനം മദ്യവില്പനയിലൂടെയാണ് ലഭിക്കുന്നത്. കഴിഞ്ഞ 24 മാസംകൊണ്ട് 24,540 കോടി രൂപ മദ്യവില്പനകൊണ്ട് സര്‍ക്കാരിന് വരുമാനമായി ലഭിച്ചെന്നാണ് കണക്ക്. പ്രതിമാസ വരുമാനം ഏകദേശം 1023 കോടി രൂപ. ഇതിലേറെയും സാധാരണക്കാരന്റെയും കൂലിപ്പണിക്കാരന്റെയും ദിവസക്കൂലിയാണ്. അതിനാല്‍ അനേക കുടുംബിനികളുടെ കണ്ണീരില്‍ കുതിര്‍ന്ന നോട്ടുകളാണ് സംസ്ഥാനഖജനാവിലേക്ക് ഒഴുകിയെത്തുന്നത്. അത്താഴപ്പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളുടെ ഗദ്ഗദങ്ങളും അതിന് അകമ്പടി സേവിക്കുന്നുണ്ട്. ഇതുകൊണ്ട് പടച്ചുണ്ടാക്കുന്ന വികസന സൗകര്യങ്ങള്‍ ദീര്‍ഘകാല നന്മ ജനത്തിന്, സംസ്ഥാനത്തിന് നല്‍കുമോ?

ഇല്ലെന്നുതന്നെയാണ് കേരളത്തിന്റെ വര്‍ത്തമാനകാല അവസ്ഥ വിശകനം ചെയ്താല്‍ ലഭിക്കുന്ന ഉത്തരം. ദൈവത്തിന്റെ സ്വന്തംനാട് എന്ന പേരില്‍ പുകള്‍പെറ്റിരുന്ന നമ്മുടെ സംസ്ഥാനം ഒരു കാലത്ത് വളരെ മനോഹരമായിരുന്നു, പ്രകൃതിഭംഗികൊണ്ടും മനുഷ്യരുടെ ഹൃദയാവര്‍ജകമായ പെരുമാറ്റംകൊണ്ടും വിദേശസഞ്ചാരികള്‍ക്ക് ഇവിടം സുരക്ഷിതമായ ഒരു സങ്കേതമായിരുന്നു. ഭയമില്ലാതെ ജനങ്ങള്‍ നിരത്തിലൂടെ നടന്നുനീങ്ങി. കുഞ്ഞുങ്ങള്‍ക്ക് അവരുടെ കളിമുറ്റങ്ങള്‍ സുരക്ഷിതമായിരുന്നു. മാതാപിതാക്കള്‍ മക്കളുടെ സ്‌നേഹപരിചരണങ്ങള്‍ സ്വീകരിച്ച് സന്തോഷത്തോടെ ഭവനങ്ങളില്‍ വസിച്ചു.
എന്നാല്‍ മദ്യത്തിന്റെ ലഭ്യതയും വില്പനയും വര്‍ധിച്ചപ്പോള്‍ കേരളത്തിന്റെ സൗന്ദര്യം അപ്രത്യക്ഷമായി. അവളെ തിരിച്ചറിയുവാന്‍ വയ്യാത്ത രീതിയില്‍ വിരൂപയായി മാറി. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം പരസ്യങ്ങളില്‍മാത്രം ഒതുങ്ങി.

കേരളത്തില്‍ വരുന്ന വിദേശസഞ്ചാരികള്‍, പ്രത്യേകിച്ചും വനിതകള്‍, വളരെ ആശങ്കയോടെയാണ്, ഭയപ്പാടോടെയാണ് നടന്നുനീങ്ങുന്നത്. കാരണം ഏതു സമയത്തും അവര്‍ കയ്യേറ്റം ചെയ്യപ്പെട്ടേക്കാം. മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ടുപോകുവാന്‍ മദ്യലഹരിയിലുള്ള കാലന്മാര്‍ വരുന്ന കാലം. കലികാലം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. മദ്യം കുടിച്ച് ലക്കുകെട്ട മക്കളുടെ കരങ്ങളാല്‍ പലവിധത്തില്‍ – കത്തികൊണ്ടും തൂമ്പകൊണ്ടും എന്തിനേറെ ഗ്യാസ് സിലിണ്ടര്‍കൊണ്ടുമൊക്കെ – ദാരുണമായി വധിക്കപ്പെടുന്ന മാതാപിതാക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍കൊണ്ട് പത്രത്താളുകള്‍ നിറയുന്ന കാലം. ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ്?

മദ്യം കഴിച്ച് ആന്തരികാവയവങ്ങള്‍ നശിച്ച് അകാലത്തില്‍ മരിക്കുന്ന യുവാക്കള്‍. അതുമൂലം അനാഥമാക്കപ്പെട്ട വിധവകളും കുഞ്ഞുങ്ങളും. അപ്പന്റെ സ്ഥിര മദ്യപാനംമൂലം വിദ്യാഭ്യാസത്തിന്റെ വാതില്‍ കൊട്ടിയടക്കപ്പെട്ട മക്കള്‍. കുടുംബനാഥന്റെ അനുദിന വരുമാനം മദ്യം കുടിച്ച് നശിപ്പിക്കുന്നതുകൊണ്ട് ഒരു വിവാഹാന്തസിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കാതെ കണ്ണീരും കൈയുമായി കഴിയുന്ന എണ്ണമറ്റ യുവതികള്‍. ഇതൊക്കെയാണ് കോടികള്‍ ഖജനാവിലേക്ക് വരുമാനം നല്‍കുന്ന മദ്യവില്പനയുടെ ബാക്കിപത്രം. വളരുന്ന കേരളത്തിന്റെ ബഹുവര്‍ണ ചിത്രങ്ങളോടൊപ്പം ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും കാണാതെ പോകരുത്.

വികസനത്തിന് പണം വേണ്ടേ എന്ന് ചോദിക്കാം. പക്ഷേ എളുപ്പമുള്ള എന്നാല്‍ നാശകരമായ ഈ മാര്‍ഗത്തെക്കാള്‍ മറ്റു നല്ല മാര്‍ഗങ്ങള്‍ സ്വീകരിക്കാമല്ലോ. അത് ഒരു ഉട്ടോപ്യന്‍ ആശയമല്ലെന്ന് നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട് തെളിയിക്കുന്നു. ആ മേഖലയില്‍ സുധീരമായ ഒരു സ്റ്റെപ്പ് അവര്‍ എടുത്തിരിക്കുന്നു. ഒറ്റയടിക്ക് 500 ചില്ലറ മദ്യവില്പനശാലകളാണ് അവിടെ നിര്‍ത്തലാക്കിയത്. വരുമാനത്തിലുള്ള ആ കുറവ് വിദേശനിക്ഷേപം ആകര്‍ഷിച്ച് നികത്തുവാന്‍ അവര്‍ ശ്രമിക്കുന്നു. രാജ്യത്ത് വിദേശനിക്ഷേപമെത്തുന്ന മുന്‍നിരയിലുള്ള സംസ്ഥാനമായി തമിഴ്‌നാട് മാറിക്കഴിഞ്ഞു.

സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചിച്ച് എത്രയോ നൂതനവും ഇതുവരെ കണ്ടെത്താത്തുമായ വരുമാന മാര്‍ഗങ്ങള്‍ ഇനിയും കണ്ടെത്തുവാന്‍ സാധിക്കും. അത്തരത്തിലുള്ള വരുമാന മാര്‍ഗങ്ങള്‍ ഉറപ്പുള്ളതും ധാര്‍മികവുമായ ഒരു അടിത്തറ നമ്മുടെ സംസ്ഥാനത്തിന് നല്‍കും. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരാതെ, അവന്റെ കുടുംബജീവിതത്തെ തകര്‍ക്കാതെ എല്ലാവര്‍ക്കും ഗുണകരവും ശാശ്വതഫലങ്ങള്‍ പുറപ്പെടുവിക്കുന്നതുമായ ഒരു വികസന സംസ്‌കാരം രൂപപ്പെടുത്തുവാന്‍ അപ്പോഴാണ് സാധ്യമാകുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?