Follow Us On

23

November

2024

Saturday

പുതിയ റബര്‍ നിയമം കര്‍ഷകന് ഇരുട്ടടിയോ?

പുതിയ റബര്‍ നിയമം  കര്‍ഷകന് ഇരുട്ടടിയോ?

ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍
(രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനറാണ് ലേഖകന്‍)

നിലവിലുള്ള റബര്‍ നിയമം (റബര്‍ ആക്ട് 1947) റദ്ദുചെയ്ത് പുതിയ നിയമം (റബര്‍ പ്രോത്സാഹന വികസന ആക്ട് 2023) പാര്‍ലമെന്റ് പാസാക്കാനൊരുങ്ങുന്നു. വിലത്തകര്‍ച്ചയില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന റബര്‍മേഖലയിലെ ലക്ഷക്കണക്കിന് കര്‍ഷകരെ നിലയില്ലാക്കയത്തില്‍ ചവിട്ടിത്താഴ്ത്തുന്നതാണ് പുതിയ നിയമം. റബറിന് കിലോയ്ക്ക് 300 രൂപ പരിഗണനയിലില്ലെന്നുള്ള കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേലിന്റെ കഴിഞ്ഞ ദിവസത്തെ ലോക്‌സഭയിലെ പ്രഖ്യാപനവുംകൂടി വരുമ്പോള്‍ റബറിന്റെ ഗതി അധോഗതിയിലേക്ക്. റബര്‍ ബോര്‍ഡാകട്ടെ അധികാരങ്ങള്‍ നഷ്ടപ്പെട്ട് റബര്‍ സ്റ്റാമ്പായി മാറും.

റബര്‍ നിയമ ചരിത്രം
1947ലെ റബര്‍ ആക്ട് ഇതിനോടകം പലതവണ ഭേദഗതി ചെയ്തിട്ടുണ്ട്. 1954, 1960, 1982, 1994, 2010 എന്നീ വര്‍ഷങ്ങളിലാണ് പ്രധാനമായും ഭേദഗതികള്‍ നടന്നത്. 1994-ലെ ഭേദഗതിയുടെ പിന്നാമ്പുറം ലോകവ്യാപാരക്കരാറായിരുന്നുവെങ്കില്‍ 2010-ലേത് ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറായിരുന്നു. റബര്‍ ബോര്‍ഡുതന്നെ വേണ്ടെന്നുള്ള നീതി ആയോഗിന്റെ നിര്‍ദ്ദേശങ്ങളും ഡെമോക്ലസിന്റെ വാളുപോലെ റബറിന്റെമേല്‍ തൂങ്ങിനില്‍ക്കുമ്പോഴാണ് റബര്‍ബില്‍ 2023 അവതരിപ്പിക്കപ്പെടുന്നത്. ഇതുവഴി റബറിന്റെ നിയന്ത്രണം സമ്പൂര്‍ണ്ണമായി വാണിജ്യ മന്ത്രാലയത്തിന്റെ കൈകളിലേക്ക് മാറ്റം ചെയ്യപ്പെടും. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ ബില്ല് അവതരിപ്പിക്കുവാന്‍ തീവ്രശ്രമമാണ് നടക്കുന്നത്. ബില്ല് അതേപടി നിയമമായാല്‍ റബര്‍ കര്‍ഷകന്റെ കണക്കു പുസ്തകത്തില്‍ നഷ്ടക്കണക്കുകള്‍ വീണ്ടും എഴുതിച്ചേര്‍ക്കപ്പെടും.

കേരളം പുറന്തള്ളപ്പെടുന്നു
സ്വയംഭരണം നഷ്ടപ്പെട്ട് ഉപദേശകന്റെ റോളിലേക്ക് നിര്‍ദിഷ്ട ബില്ലിലൂടെ റബര്‍ ബോര്‍ഡ് മാറും. റബര്‍ മേഖലയുടെ പ്രോത്സാഹനവും വികസനവും ബോര്‍ഡില്‍ നിക്ഷിപ്തമാണെന്നിരിക്കെ തീരുമാനങ്ങളും നിയന്ത്രണവും ഉത്തരവുകളും വാണിജ്യ വ്യവസായ മന്ത്രാലയം നടപ്പിലാക്കും. റബര്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡിലും വന്‍ അഴിച്ചുപണിയാണ് പുതിയ ബില്ലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 30 അംഗങ്ങളില്‍ കൂടാത്ത റബര്‍ ബോര്‍ഡില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ചെയര്‍മാന്‍, പാര്‍ലമെന്റില്‍ നിന്നുള്ള 3 അംഗങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ വകുപ്പില്‍ നിന്ന് 3 പേര്‍ എന്നിവരെക്കൂടാതെ 20 പേര്‍ റബര്‍ മേഖലയുടെ വിവിധ തലങ്ങളില്‍ ബന്ധപ്പെടുന്നവരും ഉള്‍പ്പെടുന്നു.

20 അംഗങ്ങളില്‍ തമിഴ്നാട് (2), കേരളം (6), ത്രിപുര (2), മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ (2), റബര്‍ പരമ്പരാഗതമല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് (2), റബര്‍ മാനുഫാക്ചേഴ്സ് (2), തൊഴിലാളികള്‍, പ്ലാന്റേഷന്‍ ജീവനക്കാരുടെ പ്രതിനിധികള്‍ (2), വ്യാപാരികള്‍, വ്യവസായികള്‍, ഗവേഷക വിഭാഗത്തില്‍നിന്ന് (2) എന്നിവരുള്‍പ്പെടുന്നു. അതേസമയം റബര്‍ വ്യവസായത്തിലെ പ്രഗത്ഭരെയും വിദഗ്ദ്ധരെയും ആവശ്യമെന്നുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും ഉള്‍പ്പെടുത്താം. നിലവില്‍ ബോര്‍ഡിലെ അംഗങ്ങളുടെ എണ്ണം 24 ആണ്. പുതിയ ബില്ലില്‍ കേരളത്തിന്റെ പ്രാതിനിധ്യം 8 ല്‍ നിന്ന് 6 ആയി കുറയും. ഇതില്‍ രണ്ടുപേരെ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. ബാക്കി നാലുപേര്‍ തൊഴിലാളി, വന്‍കിട കൃഷിക്കാര്‍, ചെറുകിട കൃഷിക്കാര്‍, റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റികള്‍ എന്നിവരെ പ്രതിനിധീകരിക്കും. നിലവിലുള്ള 24 അംഗ ബോര്‍ഡില്‍ 8 പേര്‍ കേരളത്തില്‍ നിന്നുള്ളവരായിട്ടുപോലും റബര്‍ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാതിരുന്നത് യാഥാര്‍ത്ഥ്യമായി മുമ്പിലുള്ളപ്പോള്‍ ബോര്‍ഡിന്റെ ഘടന മാറിയതുകൊണ്ട് കര്‍ഷകന് പുതിയ ബില്ലിലൂടെ ആശ്വാസമൊന്നുമുണ്ടാകില്ലെന്നു വളരെ വ്യക്തമാണ്.

ഗുണമേന്മ പരിശോധനയില്ല
1947-ലെ റബര്‍ ആക്ടിലോ 2022-ലെ കരട് ബില്ലിലോ പരാമര്‍ശിക്കാതെ ബ്ലോക്ക് റബര്‍ ഇക്കുറി റബര്‍ നിര്‍വചനത്തില്‍ ഇടംപിടിച്ചിരിക്കുന്നു. ഇതിനര്‍ത്ഥം രാജ്യാന്തര വിപണിയില്‍ വിലകുറഞ്ഞ ബ്ലോക്ക് റബറിന്റെ അനിയന്ത്രിത ഇറക്കുമതിക്ക് പച്ചക്കൊടിയെന്നുതന്നെ. അതിനേക്കാളുപരി മുന്‍കാലങ്ങളില്‍ ‘ടരൃമു’ റബര്‍ പരാമര്‍ശിച്ചിരിക്കുന്നത് ഇക്കുറി ഒഴിവാക്കി ‘എശലഹറ ഇീമഴൗഹൗാ’ എന്ന് ചേര്‍ത്തിരിക്കുന്നത് ചിരട്ടപ്പാല്‍ അഥവാ കപ്പ് ലമ്പിനെയും ലക്ഷ്യംവെയ്ക്കുന്നുവോ എന്ന സംശയവുമുയരുന്നു. രാജ്യാന്തരവിപണിയില്‍ വിലയും ഗുണനിലവാരവും കുറഞ്ഞ ഇവ രണ്ടും വരുംനാളുകളില്‍ പുതിയ നിയമത്തിലൂടെ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകിയെത്തിയാല്‍ പ്രതിസന്ധിയിലാകുന്നത് പ്രധാനമായും ചെറുകിട റബര്‍ കര്‍ഷകരായിരിക്കും.
റബര്‍ ഉത്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇറക്കുമതിയുടെ കാര്യത്തില്‍ ബില്ലില്‍ മൗനമാണ്. ഈ മൗനം സൃഷ്ടിക്കുന്ന അപകടം വളരെ വലുതാണ്. ഇതിന്റെ പിന്നില്‍ നിഴലിക്കുന്നത് ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നതും ഏര്‍പ്പെടാനൊരുങ്ങുന്നതുമായ സ്വതന്ത്ര വ്യാപാരക്കരാറുകളുടെ സ്വാധീനമാണെന്ന് വ്യക്തം.

റബര്‍ കാര്‍ഷികോത്പന്നമല്ല
റബറിനെ വ്യവസായമാക്കിയുള്ള ബില്‍നിര്‍ദ്ദേശം കര്‍ഷകര്‍ ഗൗരവത്തോടെ കാണണം. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബര്‍ ഒരിക്കലും കാര്‍ഷികോത്പന്നമാകില്ലെന്ന് പുതിയ ബില്ലിലൂടെ വാണിജ്യ മന്ത്രാലയം അരക്കിട്ടുറപ്പിക്കുന്നു. റബറിനെ കാര്‍ഷികോത്പന്നമാക്കുമെന്ന് വാഗ്ദാനം നല്‍കിയവര്‍ക്കും പ്രഖ്യാപനം നടത്തിയവര്‍ക്കും ഇനി പത്തിമടക്കാം. അനന്തരഫലമോ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉത്പാദന ചെലവിന്റെ ഒന്നര ഇരട്ടിയായി അടിസ്ഥാനവില നിശ്ചയിക്കണമെന്ന സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശം കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബറിന്റെ കാര്യത്തില്‍ ഇനിയൊരിക്കലും നടപ്പാകുകയില്ല. 1994ല്‍ ലോകവ്യാപാരക്കരാറില്‍ റബറിനെ വ്യവസായിക അസംസ്‌കൃത വസ്തുവായി നരസിംഹറാവു സര്‍ക്കാര്‍ എഴുതിച്ചേര്‍ത്തപ്പോള്‍ മുതല്‍ നേരിടുന്ന പ്രശ്നം ഇന്നല്ലെങ്കില്‍ നാളെ പരിഹരിക്കപ്പെടുമെന്നും കര്‍ഷകര്‍ കൃഷിഭൂമിയില്‍ ഉത്പാദിപ്പിക്കുന്ന റബര്‍ കാര്‍ഷികോത്പന്നമായിരിക്കുമെന്നും ഇനിയാരും കരുതേണ്ടതില്ല.

വില നിശ്ചയിക്കുന്നതാര്?
റബറിന്റെ വിപണിവില നിശ്ചയിക്കുന്നതാരെന്നുള്ള ചോദ്യത്തിന് പുതിയ ബില്ലില്‍ ഒരിടത്തും ഉത്തരമില്ല. ഉത്പാദനച്ചെലവിന് അനുസരിച്ച് ന്യായവില ലഭ്യമാക്കുവാനുള്ള സൂചനകളൊന്നും ഇല്ലെന്നുമാത്രമല്ല മുന്‍കാല നിയമങ്ങളില്‍നിന്ന് വലിയ ഒരു അട്ടിമറിയും പുതിയ ബില്ലിലുണ്ട്. റബര്‍ ആക്ട് 1947-ല്‍ സര്‍ക്കാരിന് (റബര്‍ ബോര്‍ഡിനല്ല) റബറിന് കുറഞ്ഞ വിലയോ, കൂടിയ വിലയോ രണ്ടും ഒരുമിച്ചോ നിശ്ചയിക്കാവുന്നതാണ്. പ്രസ്തുത കുറഞ്ഞവിലയിലും താഴ്ത്തിയോ, പരമാവധി വിലയില്‍ ഉയര്‍ത്തിയോ റബര്‍ വാങ്ങുകയോ വില്‍ക്കുകയോ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്യുവാന്‍ പാടില്ല. കോടതികളില്‍ ഈ വകുപ്പ് ഉയര്‍ത്തിക്കാട്ടി പലപ്പോഴും കര്‍ഷകര്‍ വിലത്തകര്‍ച്ച നേരിടുമ്പോള്‍ വാദമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ 2023ലെ നിര്‍ദ്ദിഷ്ട ബില്ലില്‍ നിന്ന് ഈ വകുപ്പ് പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നു.

അസംസകൃത വസ്തുവിന്റെയും ഉത്പന്നത്തിന്റെയും വില നിശ്ചയിക്കാന്‍ വ്യവസായികള്‍ക്ക് വളഞ്ഞവഴിയിലൂടെ അനുവാദം നല്‍കുന്നത് ശരിയായ നടപടിയാണോ? റബറിന് താങ്ങുവില നിശ്ചയിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചചെയ്യാമെന്ന് വാണിജ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി 2023 ജൂലൈ 14ലെ കോട്ടയം ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയത് നിലവിലെ 13-ാം വകുപ്പ് റദ്ദുചെയ്യപ്പെട്ടിരിക്കുമ്പോള്‍ തട്ടിപ്പായിരുന്നുവെന്ന് വ്യക്തം.
ലോകത്തിന്റെ മാറ്റങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമനുസരിച്ച് നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങളുണ്ടാവുക എന്നതിനെ നിഷേധിക്കുന്നില്ല. പക്ഷേ മാറ്റങ്ങള്‍ അടിസ്ഥാന ജനവിഭാഗത്തെ അടിച്ചമര്‍ത്തി ഇല്ലാതാക്കി വേണമോ? പുതിയ നിയമത്തിലൂടെ റബര്‍ ഉത്പാദകരെ പരസ്യമായി ഉപേക്ഷിച്ച് വ്യവസായികള്‍ക്കായി വാതില്‍ തുറന്നുകൊടുക്കുകയാണ്. കര്‍ഷക സംരക്ഷണമെവിടെയെന്ന ചോദ്യമാണ് ഇവിടെ ബാക്കിയാകുന്നത്. റബര്‍ കൃഷിയില്‍ മാത്രം ആശ്രയിച്ച് കര്‍ഷകരിനിയും നീങ്ങുന്നത് വലിയ അപകടമായിരിക്കും. വിളമാറ്റകൃഷിയെക്കുറിച്ച് കര്‍ഷകര്‍ ഗൗരവമായി ചിന്തിക്കണം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?