Follow Us On

30

December

2024

Monday

തമിഴ്മക്കളുടെ മലയാളി അമ്മ

തമിഴ്മക്കളുടെ  മലയാളി അമ്മ

മാത്യു സൈമണ്‍

കോയമ്പത്തൂരിലെ കാരമടയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്‌ഷെപ്പേര്‍ഡ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ സെന്റര്‍ ആന്‍ഡ് ഡിസ്‌പെന്‍സറി, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ സാമൂഹ്യ പുനരുദ്ധാരണമേഖലയില്‍ ഏറെ വേറിട്ടുനില്‍ക്കുന്ന പ്രസ്ഥനമാണ്. സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതയില്‍ കോയമ്പത്തൂര്‍ ജില്ലയിലെ ഗാന്ധിപുരം ലൂര്‍ദ്ദ് ഇടവകയുടെ വികാരിയായിരുന്ന മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളിയുടെ മനസില്‍ രൂപംകൊണ്ട ഗ്രാമവികസനം എന്ന ദര്‍ശനത്തിന്റെ ഫലമായിരുന്നു 1977 ല്‍ എളിയ രീതിയില്‍ രൂപംകൊണ്ട ഈ സെന്റര്‍. 1979 മുതല്‍ ഇതിന്റെ ഭാഗമാണ് സിസ്റ്റര്‍ അനില മാത്യു എഫ്‌സിസി. 1981 ചിറ്റിലപ്പിള്ളി അച്ചന്‍ സ്ഥലംമാറിപ്പോയതുമുതല്‍ ഇന്നു വരെ ഈ പ്രസ്ഥാനത്തിന്റെ സര്‍വ്വസ്വവുമാണ് ഈ സന്യാസിനി. നാലു പതിറ്റാണ്ടായി സിസ്റ്ററിന്റെ ശക്തമായ നേതൃത്വത്തില്‍ വലിയ ഒരു ടീം നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലം അത്ഭുതാവഹമാണ്. കാരമടയില്‍ തുടങ്ങി പിന്നീട് തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങള്‍ ഏറ്റെടുത്ത് പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഗുഡ് ഷെപ്പേര്‍ഡ് എന്ന സ്ഥാപനത്തെ അവരുടെ അമ്മവീടും സിസ്റ്റര്‍ അനിലയെ അവരുടെ അമ്മയുമാക്കി മാറ്റിയത്.

അങ്കമാലിക്കാരിയായ സിസ്റ്ററിന് ഇന്ന് തമിഴൊക്കെ നന്നായി വഴങ്ങും. ആദ്യമായി ഇവിടെ എത്തുമ്പോള്‍ സിസ്റ്ററിന് ഈ പ്രദേശത്തെ രീതികളെക്കുറിച്ച് ഒന്നും അറിയില്ല, ആകെയുള്ളത് പാവപെട്ടവരെ സഹായിക്കണം എന്ന തീവ്രമായ ആഗ്രഹം മാത്രം. അതുതന്നെയാണ് സന്യാസാര്‍ത്ഥിനിയായിരുന്ന പ്പോള്‍ത്തന്നെ തനിക്ക് സാമുഹ്യസേവനമാണ് ഇഷ്ടമെന്ന് മേലധികാരികളോട് പറയാന്‍ സിസ്റ്ററിനെ പ്രേരിപ്പിച്ചതും. തദനുസൃതം മദ്രാസിലെ നവനിര്‍മാണ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ പഠിക്കാന്‍ അവസരം ലഭിച്ചു. 1976 ല്‍ നിത്യവ്രതം സ്വീകരിച്ചു. സാമൂഹ്യസേവനം ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ചെയ്തുതീര്‍ക്കാന്‍ പറ്റാത്ത അത്രയും ഉത്തരവാദിത്വങ്ങളാണ് കാരമടയില്‍ എത്തിയ സിസ്റ്റര്‍ അനിലയെ കാത്തിരുന്നത്. എങ്കിലും താന്‍ പഠിച്ച പാഠങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യമായ പരിശ്രമങ്ങളിലൂടെയും ദൈവാത്മാവിന്റെ നയിക്കപ്പെടലിലൂടെയും ആ നാടിനെ അടിമുടി മാറ്റിയ സിസ്റ്ററിന്റെ ജീവിതത്തില്‍നിന്ന് നമുക്കും ചിലത് പഠിക്കാനുണ്ട്. അവ എന്തൊക്കെയെന്ന് ചോദിച്ചറിയാം.

? സിസ്റ്ററിന്റെ കാരമടയിലെ ആദ്യാനുഭവങ്ങള്‍ പങ്കുവയ്ക്കാമോ?

”ജാതിവ്യവസ്ഥയുടെ ഭീകരരൂപമാണ് അവിടെ കാണാന്‍ കഴിഞ്ഞത്. പലരും മുതലാളിമാരുടെ അടിമകള്‍… ജന്മിമാരായ ഉയര്‍ന്ന ജാതിക്കാരുടെ സ്ഥലങ്ങളായിരുന്നു ഭൂരിഭാഗവും. ആ കൃഷിസ്ഥലത്തെ പണിക്കാരായ താഴ്ന്ന ജാതിക്കാര്‍ വലിയ തോതില്‍ ചൂഷണത്തിന് വിധേയരായിരുന്നു. ജനസംഖ്യയുടെ 60% വും കോളനികളില്‍ താമസിക്കുന്ന ദളിത്- ആദിവാസി വിഭാഗക്കാര്‍. അവിടുത്തെ കാഴ്ചകള്‍ കണ്ട് ആദ്യദിനിങ്ങളില്‍ ശരിക്കും പകച്ചുപോയി. നാമമത്രവസ്ത്രംപോലും ധരിക്കാത്തവര്‍, ആഴ്ചയില്‍ ഒരിക്കല്‍മാത്രം കുളിക്കുന്നവര്‍… ഒന്നരയോ രണ്ടോ സെന്റ് സ്ഥലത്തെ ഒറ്റമുറി ഓലഷെഡ്ഡാണ് വീടുകളായി ഉപയോഗിച്ചിരുന്നത്, അത്ര ദയനീയം..! ആ ഓലമറയ്ക്കുള്ളില്‍ രണ്ടും മൂന്നും കുടുംബങ്ങള്‍ താമസിക്കുന്ന അവസ്ഥ. ശൗചാലയങ്ങള്‍ കാണാനേയില്ല.
ചിന്താതീതമായിരുന്നു അവിടുത്തെ വെള്ളത്തിന്റെ ദൗര്‍ലബ്യം. കിണറും ജലസ്രോതസുകളുമെല്ലാം ജന്മിമാരുടെ അധീനതയിലായതിനാല്‍ ഈ സാധുക്കള്‍ അതെടുത്താല്‍ ചാട്ടവാറടിയുള്‍പ്പെടെ ക്രൂരശിക്ഷകളായിരിക്കും അനന്തരഫലം. കൃഷിസ്ഥലത്തേക്ക് ഒഴുക്കിവിടുന്ന വെള്ളം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടു.

എപ്പോഴെങ്കിലും ഒരു നല്ല വസ്ത്രം ധരിച്ചാല്‍പിന്നെ ശകാരിച്ചോടിക്കും. ബസുകളില്‍ ജന്മിയാത്രചെയ്യുന്നുണ്ടെങ്കില്‍ ഇവര്‍ക്ക് ഇരിക്കാന്‍ അനുവാദമില്ല. ചിരട്ടയിലാണ് ചായക്കടക്കാര്‍ ഇവര്‍ക്ക് ചായകൊടുത്തിരുന്നത്. ഗ്ലാസില്‍ ചായ ഉയര്‍ന്ന ജാതിക്കാരനുമാത്രം.
സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സഹായവും ഉന്നതര്‍ തട്ടിയെടുക്കും. കാരണം ഇവര്‍ക്ക് സാമ്പത്തിക സാക്ഷരതയില്ല. 40 ശതമാനം കുട്ടികളേ സ്‌കൂളില്‍ പോകുന്നുള്ളൂ. കുഞ്ഞുങ്ങള്‍ക്ക് മരുന്നില്ല, കുത്തിവെയ്പ്പില്ല. ഭക്ഷണവും ശുചിത്വവുമില്ലായ്മയും ധാരാളം കുട്ടികളെയും മുതിര്‍ന്നവരെയും അകാലമരണത്തിലേക്ക് തളളിവിട്ടു. തൊഴില്‍ ദുര്‍ലഭമായിരുന്നതിനാല്‍ വരുമാനവും വളരെ കുറവായിരുന്നു. ”

? ആദ്യമായി ആരംഭിച്ചത് ബോധവല്‍ക്കരണ ക്ലാസുകളായിരുന്നോ, അതോ മറ്റേതെങ്കിലും മേഖലയിലും ശ്രദ്ധിച്ചിരുന്നോ?

”പാവങ്ങള്‍ക്ക് എന്തെങ്കിലും വെറുതെകിട്ടുന്നതാണ് ഇഷ്ടം. പക്ഷേ അതുകൊണ്ട് അവര്‍ വളരില്ല. എന്നാല്‍ ദാരിദ്ര്യാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് താല്ക്കാലിക സഹായം അനിവാര്യമാണ്. അത് നല്‍കുന്നതോടൊപ്പം അറിവും നല്‍കി. മീന്‍ കൊടുക്കുന്നതിനേക്കാള്‍ മീന്‍ പിടിക്കാന്‍ പഠിപ്പിക്കുന്നതാണല്ലോ ശരി. അതിന്റെ ആദ്യപടിയായിരുന്നു അവരുടെ മനോഭാവത്തില്‍ മാറ്റം വരുത്തുകയെന്നത്. അവരുടെ അപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് അവര്‍ ബോധവാന്‍മാരായിരുന്നില്ല. ഇത് അവരുടെ വിധിയാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അടിമകളായി കഴിയുന്നതില്‍ തെറ്റൊന്നും അവര്‍ കണ്ടെത്തിയില്ല. ഉയര്‍ച്ചയ്ക്ക് വേണ്ടി ശ്രമിക്കണമെന്നൊന്നും അവര്‍ക്ക് ചിന്തയില്ലായിരുന്നു.

വ്യക്തിത്വ വികസനം, നേതൃത്വപരിശീലനം, സാമ്പത്തിക സാക്ഷരത, സാമ്പത്തിക ശാക്തീകരണം, രാഷ്ട്രീയ ശാക്തീകരണം, ആരോഗ്യപരിപാലനം, സ്ത്രീശാക്തീകരണം എന്നിങ്ങനെ വിവിധ വിഷയങ്ങളിലെ ബോധവത്ക്കരണ ക്ലാസുകള്‍ നിരന്തരം സംഘിടിപ്പിച്ചു. അവരുടെ മനോഭാവത്തില്‍ മാറ്റം വരുത്താനും ആത്മാഭിമാനബോധമുള്ളവരാക്കാനും സാധിച്ചു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിലൂടെ പുറംലോകം എന്തെന്നറിയാത്ത സ്ത്രീജനങ്ങളില്‍ നൂറുകണക്കിന് സ്ത്രീകള്‍ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ തന്മയത്വത്തോടെ പ്രവര്‍ത്തിക്കുവാന്‍ ഇന്ന് പ്രാപ്തരായിട്ടുണ്ട്.”
”ആരോഗ്യമേഖലയിലായിരുന്നു ആദ്യമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. രോഗപ്രതിരോധകുത്തിവെയ്പ്പുകളും ഫസ്റ്റ് എയ്ഡും ഗ്രാമങ്ങളില്‍ എത്തിച്ചു നല്‍കിത്തുടങ്ങി. എത്രമരുന്ന് കൊണ്ടുപോയാലും തികയാത്ത അവസ്ഥയായിരുന്നു അന്ന്. 1982 ല്‍ ഒരു വാഹനം ലഭിച്ചതോടെയാണ് ഡോക്ടര്‍ ഉള്‍പ്പെട്ട മൊബൈല്‍ ക്ലിനിക്കുകള്‍ ആരംഭിച്ചത്.”

അന്ന് നടത്തിയിരുന്ന മാതൃശിശു ആരോഗ്യപദ്ധതി ഈ ഗ്രാമങ്ങള്‍ക്ക് വലിയ അനുഗ്രഹമായിമാറി. കോയമ്പത്തൂര്‍ രൂപതവഴി ലഭിച്ച ഇഞടന്റെ എണ്ണ, പാല്‍പ്പൊടി, ചോളമാവ് എന്നിവ വിതരണം ചെയ്തു. അവ വാങ്ങുവാന്‍ വരുമ്പോള്‍ ആരോഗ്യ സംബന്ധമായ ക്ലാസുകള്‍ നല്‍കി അമ്മമാരെ പ്രബുദ്ധരാക്കുകയും ചെയ്തുവന്നു. തങ്ങളുടെ അറിവില്ലായ്മമൂലം കുട്ടികള്‍ മരിച്ചതോര്‍ത്ത് ആ സമയം പല അമ്മമാരും കരയുന്നത് എനിക്ക് ഓര്‍മയുണ്ട്. അന്ന് സഹായം ലഭിച്ച അമ്മമാര്‍ക്ക് ഇന്ന് മക്കളും കൊച്ചുമക്കളുമായി ജിവിക്കാന്‍ സാധിക്കുന്നതില്‍ പിന്നീടുവന്ന് നന്ദി പറയാറുണ്ട്.”

? സ്ത്രീ ശാക്തീകരണം പ്രധാന പ്രവര്‍ത്തനമായിരുന്നോ?

”അതെ, സ്ത്രീശാക്തീകരണത്തിലായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. അത് നടപ്പിലാക്കിയ പ്രധാന വഴി അയല്‍ക്കൂട്ടങ്ങള്‍ എന്ന സ്വയംസഹായ സംഘങ്ങളാണ്. അതിലൂടെയാണ് അവര്‍ പിന്നീട് വളര്‍ന്നത്. 1500-ഓളം സംഘങ്ങളിലായി 25000 ത്തോളം സ്ത്രീകള്‍ അംഗങ്ങളായുണ്ട്. ഇതിലൂടെ സമ്പാദ്യശീലം പഠിപ്പിച്ചു. ബാങ്കില്‍ പോകാനും ലോണ്‍ എടുക്കാനും പഠിച്ചു. ഇന്ന് കോടിക്കണക്കിന് രൂപയുടെ വായ്പയാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. തന്‍മൂലം കുട്ടികളെ നല്ല രീതിയില്‍ അവര്‍ക്ക് പഠിപ്പിക്കാനായി.”
”തൊഴില്‍ മേഖലയില്‍ ടൈലറിങ്ങ് പരിശീലനം, സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ കമ്പ്യൂട്ടര്‍ പരിശീലനം എന്നിവ നടത്തി. വിദേശ ഏജന്‍സികളുടെ സഹായം വളരെ വലുതായിരുന്നു. അതിലൂടെ ആദ്യമയായി ഒരു റെഡിമേയ്ഡ് യൂണിറ്റ് ആരംഭിക്കാനും കുറെപ്പേര്‍ക്ക് ജോലികൊടുക്കാനും സാധിച്ചു.”

?  മറ്റ് മേഖലയിലെ മാറ്റങ്ങളും ഇപ്പോഴത്തെ സാഹചര്യങ്ങളും?

”അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കു വാന്‍ 1984 മുതല്‍ ശ്രദ്ധിച്ചു തുടങ്ങി. ചെറിയ തോതില്‍ തുടങ്ങിയ ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ 1500 പുതിയ വീടുകള്‍ പണിതീര്‍ത്തു. 750 വീടുകളുടെ അറ്റകുറ്റ പണികള്‍ നിര്‍വ്വഹിച്ചു. 1500 ഓളം ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞു. ഈ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഗുണഭോക്താക്കളുടെ സജീവപങ്കാളിത്തം ഉറപ്പാക്കുവാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ലഘുനിക്ഷേപ പദ്ധതിയിലൂടെ ഗുണഭോക്താക്കളുടെ വിഹിതവും ഇതിലുണ്ടായിരുന്നു. ശ്രമദാനത്തിലൂടെ എല്ലാവരും തന്നെ ഇതില്‍ പങ്കാളികളായി. ചുരുക്കത്തില്‍ വീടിനോട് ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവരുടേതാണെന്ന ബോധ്യവും ആത്മാഭിമാനവും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വസ്തുത.

കിണര്‍ കുഴിച്ച് വെള്ളം വീടുകളില്‍ എത്തിക്കാനുള്ള പദ്ധതിക്ക് ഞങ്ങള്‍ രൂപം നല്‍കി. ആദ്യപടിയെന്നോണം കപാര്‍ട് എന്ന സംഘടനയോടുചേര്‍ന്ന 15 കുഴല്‍ക്കിണറുകള്‍ പല ഭാഗങ്ങളില്‍ കുഴിക്കുകയുണ്ടായി. 150 മഴവെള്ള സംഭരണികള്‍ നിര്‍മിക്കുവാന്‍ കഴിഞ്ഞു.
ഗവണ്‍മെന്റ് വികസന ഏജന്‍സികളുമായി ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ ഗ്രാമങ്ങളില്‍ ഇലക്ട്രിസിറ്റി സൗകര്യമുണ്ടായി. ആവശ്യത്തിന് റോഡുകളുണ്ടായി. ചുരുക്കത്തില്‍ ഗ്രാമങ്ങളിലും നാഗരികത പ്രകടമായി. പുതിയ തലമുറയ്ക്ക് ഇല്ലായ്മയുടെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നില്ല. നൂറുകണക്കിനു കുട്ടികളെ ഫ്രീ ബോര്‍ഡിങ്ങിലേക്ക് അയച്ച് വിദ്യാസമ്പന്നരാക്കാന്‍ സാധിച്ചത് സന്തോഷത്തോടെ ഓര്‍ക്കുന്നു.

സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെയും വിവിധ ഏജന്‍സികളുടെയും സഹായം വലിയ പിന്‍ബലമായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികള്‍ നടപ്പാക്കാനായിരുന്നു ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. ഡിസ്ട്രിക്ട് റൂറല്‍ ഡവലപ്‌മെന്റ് അതോറിറ്റി, അംബേദ്കര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് സെന്റര്‍ എന്നിവ എന്നും ഞങ്ങള്‍ക്ക് കൈത്താങ്ങായിരുന്നു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയ ജര്‍മ്മന്‍ ഗവണ്‍മെന്റും അയര്‍ലന്റ് എംബസിയും കാലാകാലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് സപ്പോര്‍ട്ടും പ്രൊജക്ടുകളും വഴിയാണ് വീടുകള്‍ വച്ചുകൊടുക്കാനും അതുപോലുള്ള മറ്റു സഹായങ്ങളൊക്കെ ചെയ്യാനും സാധിക്കുന്നത്.

പീപ്പിള്‍സ് ബാങ്കുകള്‍ തുടങ്ങിയതുവഴി പണം വെറുതെ കൊടുക്കാതെ തിരിച്ചടവ് നടത്താന്‍ ഞങ്ങള്‍ അവരെ പഠിപ്പിച്ചു. അതായത് ഒരാള്‍ക്ക് ഒരു വീടുവച്ചുകൊടുത്താല്‍ അതിനുവേണ്ടി ചിലവാകുന്ന പണത്തിന്റെ ചെറിയഭാഗം അവരില്‍നിന്നും ഈടാക്കുന്നു. ഇങ്ങനെ തിരിച്ചടക്കുന്ന പണം അവര്‍ക്കുതന്നെ പിന്നീട് ലോണായി നല്‍കുകയും ചെയ്യുന്നു.

വ്യക്തികളില്‍ കൈവന്ന മാറ്റങ്ങളാണ് ഞങ്ങളെ അതിശയിപ്പിക്കുന്നത്. ജനങ്ങളുടെ ജീവിതശൈലിയിലും പ്രവര്‍ത്തന രീതിയിലും പ്രകടമായ മാറ്റം കൈവന്നിട്ടുണ്ട്. സമൂഹത്തിലെ ഉന്നതിയിലുള്ളവരുമായി നിര്‍ഭയം ബന്ധപ്പെടുവാന്‍ ഗ്രാമവാസികള്‍ പ്രാപ്തരായി, ജാതിവ്യവസ്ഥ നിലവിലുണ്ടെങ്കിലും തങ്ങളും മനുഷ്യരാണെന്ന അവബോധം നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍, അവകാശങ്ങള്‍ ചോദിച്ചുവാങ്ങുവാന്‍ അവര്‍ പഠിച്ചു.
ഗ്രാമവാസികളുടെ ഈ ഉയിര്‍ത്തെഴുന്നേല്പിന്റെ പിന്നിലെ ചാലകശക്തി ഗുഡ് ഷെപ്പേര്‍ഡ് സോഷ്യല്‍ സെന്ററാണെന്ന് ഗ്രാമത്തിലെ മേലാളന്മാര്‍ മനസിലാക്കി. ഭീഷണിയൊന്നും ഞങ്ങള്‍ വകവെച്ചില്ല. പ്രവര്‍ത്തനങ്ങള്‍ക്ക് കുറവും വരുത്തിയില്ല. കാരണം, ഞങ്ങളുടെ ശക്തി വിശ്വസ്തരും കഠിനാദ്ധ്വാനികളുമായ ഗ്രാമീണ ജനതയായിരുന്നു.

?  മറ്റ് പ്രദേശങ്ങളിലെ ശാഖകള്‍, പ്രവര്‍ത്തനങ്ങള്‍ ?

”കാരമടയിലും പ്രാന്തപ്രദേശങ്ങളിലും നടത്തുന്ന സാമൂഹ്യ സേവനങ്ങള്‍ നേരില്‍കണ്ട കോയമ്പത്തൂര്‍ കലക്ടര്‍ മുരുകാനന്ദത്തിന്റെ താല്‍പര്യപ്രകാരം വാല്‍പ്പാറയിലെ തേയില തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രതികൂല കാലവസ്ഥയും വന്യമൃഗങ്ങളുടെ ശല്യവും ദുഷ്‌കരമായ ഭൂപ്രകൃതിയും തരണം ചെയ്ത് വാല്‍പ്പാറയില്‍ ഞങ്ങള്‍ പ്രവത്തനം ആരംഭിച്ചു. അവിടെ ആരംഭിച്ചതാണ് കാരുണ്യ സോഷ്യല്‍ സെന്റര്‍. കാരമടയില്‍ ഇന്ന് എന്തൊക്കെയുണ്ടോ അതെല്ലാം ഇന്ന് വാല്‍പ്പാറയിലുമുണ്ട്.

അതുപോലെതന്നെ 2020 ല്‍ എട്ടിമാടി എന്ന സ്ഥലത്തെ സാമൂഹ്യസേവനത്തിന് ആരംഭിച്ചതാണ് ഷെഫി ആരാം സോഷ്യല്‍ സെന്റര്‍. 1999ല്‍ ആംരഭിച്ച കരുണ ഇല്ലം എന്ന സ്ഥാപനം ആരോരുമില്ലാത്തെവരെ സംരക്ഷിക്കുന്നതിനായി ആരംഭിച്ചതാണ്. 1991 ആരഭിച്ച ക്ലെയര്‍ ഭവനം എന്ന ഓര്‍ഫേനേജ്, പൊട്ടിപ്പാളത്തെ ക്ലെയര്‍ ഇല്ലം എന്ന ഇവാഞ്ചലൈസിസ് സെന്റര്‍ തുടങ്ങി നിരവധി ശാഖകള്‍ ഇന്ന് ഗുഡ് ഷെപ്പേര്‍ഡ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ സെന്റര്‍ ആന്‍ഡ് ഡിസ്‌പെന്‍സറിയുടെ കീഴില്‍ ഉണ്ട്”

സഭയും സന്യാസ സഭാധികാരികളും എന്നും ഗുഡ്‌ഷെപ്പേര്‍ഡിന് ഒപ്പമുണ്ട്. കാരമടയില്‍ പുതിയ ദൈവാലയം നിര്‍മിക്കുന്നതിന് പിന്നിലും സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ചിക്കാഗോ മൂവ്‌മെന്റ് അഗാപ്പെയുംകൂടി നല്‍കുന്ന ‘ഗുഡ് സമരിറ്റന്‍ അവാര്‍ഡ്’ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും സിസ്റ്ററിനെ തേടിയെത്തിയിട്ടുണ്ട്. രണ്ടാം നിര നേതൃത്വത്തെ നന്നായി വളര്‍ത്താന്‍ സാധിച്ചത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ മുന്നോട്ട് നയിക്കുന്നതിന് ഏറെ അഭികാമ്യമാണെന്ന് സഭാധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
ദളിത് – ആദിവാസി സഹോദരങ്ങള്‍ക്കുവേണ്ടിയാണ് തന്റെ ജീവിതം മുഴുവനെന്ന് സിസ്റ്റര്‍ പറയാറുണ്ട്. അത് തികച്ചും ശരിയാണെന്ന് സിസ്റ്ററിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വലിയ ജനവിഭാഗം സാക്ഷ്യം നല്കുന്നു. ‘Strive for a Just Socitey’ എന്നതാണ് സിസ്റ്ററിന്റെ ആപ്തവാക്യം.
തുറവൂര്‍ വാതക്കാട് മാടവന മാത്യുവും കൊച്ചുമറിയവുമാണ് സിസ്റ്റര്‍ അനിലയുടെ മാതാപിതാക്കള്‍. ഏഴു സഹോദരങ്ങളുണ്ട്. ഗുഡ് ഷെപ്പേര്‍ഡ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ സെന്റര്‍ ആന്‍ഡ് ഡിസ്‌പെന്‍സറിയുടെയും മറ്റ് സ്ഥാപനങ്ങളുടെയും ജനറല്‍ ഡയറക്ടറാണ് ഇപ്പോള്‍ സിസ്റ്റര്‍ അനില മാത്യു എഫ്‌സിസി.

ഫോണ്‍: 98422 99440, 04254272029

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?