Follow Us On

31

October

2024

Thursday

കേരളത്തിലെ സ്ത്രീകള്‍ സന്തുഷ്ടരോ…?

കേരളത്തിലെ സ്ത്രീകള്‍  സന്തുഷ്ടരോ…?

പെണ്‍കുട്ടികള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശം നല്‍കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പുറത്തിറക്കിയ ഇടയലേഖനം കേരളസമൂഹത്തില്‍, വിശിഷ്യാ ക്രൈസ്തവരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. നിയമപരമായി പിതൃസ്വത്തിന് തുല്യാവകാശം ഉണ്ടെങ്കില്‍പ്പോലും ക്രൈസ്തവരുടെ ഇടയില്‍ ഇന്നും സ്വത്തുവിഭജനത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ വിവേചനം നേരിടുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിലേക്കായിരുന്നു ആര്‍ച്ചുബിഷപ് പാംപ്ലാനിയുടെ ലേഖനം വിരല്‍ചൂണ്ടിയത്. ഇതിന്റെ അനന്തരഫലമാണ് സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകളെന്നും അവ എത്രത്തോളം ദോഷകരമായാണ് സമൂഹത്തെ ബാധിക്കുന്നതെന്നും ലേഖനത്തില്‍ മാര്‍ പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ സാമ്പത്തികമേഖല മുതല്‍ വീട്ടുജോലികള്‍ പങ്കിട്ട് ചെയ്യുന്ന കാര്യത്തില്‍വരെ നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ ഇന്നും വലിയ തോതിലുള്ള വിവേചനത്തിന് ഇരയാകുന്നുണ്ട് എന്ന് അടുത്തിടെ കാണുന്ന പല പത്രവാര്‍ത്തകളും നമ്മെ ഓര്‍മിപ്പിക്കുന്നു.

അഞ്ച് വയസു മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദാരുണസംഭവത്തെ തുടര്‍ന്നുഏതാനും ദിവസങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളും ഫോര്‍വേഡുകളും സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ആ ക്രൂരകൃത്യം കേരളസമൂഹത്തെ വല്ലാതെ ഉലച്ചു എന്നതിന്റെ തെളിവായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ ആ കുത്തൊഴുക്ക്. പരിഷ്‌കൃതമെന്ന് അഭിമാനിക്കുന്ന നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ ഇന്നും നേരിടുന്ന ചില വെല്ലുവിളികളെക്കുറിച്ചും വിവേചനങ്ങളെക്കുറിച്ചും ചിന്തിക്കുവാന്‍ ഇത്തരം ദുരന്തങ്ങള്‍ സമൂഹമനസാക്ഷിയെ നിര്‍ബന്ധിക്കുന്നുണ്ട്.

ഇന്ന് ഭൂരിഭാഗം ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നും ഒരാളെങ്കിലും വിദേശത്ത് പഠിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആണ്. പാശ്ചാത്യരാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും അവിടേക്കുള്ള യുവജനങ്ങളുടെ കുത്തൊഴുക്കിന് ഒരു കാരണമായി പലരും ചൂണ്ടിക്കാണിക്കാറുണ്ട്. അഭ്യസ്തവിദ്യരുടെയും സാംസ്‌കാരിക സമ്പന്നരുടെയും നാടായ കേരളത്തില്‍ ഇന്നും സ്ത്രീകള്‍ക്ക് രാത്രിയില്‍ ഒറ്റക്ക് യാത്ര ചെയ്യാന്‍ ഭയക്കണമെന്ന യാഥാര്‍ത്ഥ്യം നമ്മുടെ സംസ്‌കാരത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അനവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. അടുത്ത തലമുറയിലെങ്കിലും ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാകണമെങ്കില്‍ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ബോധപൂര്‍വം നാം പരിശ്രമിക്കേണ്ടതുണ്ട്.

സ്ത്രീപുരുഷ സമത്വത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും അതിപ്രാധാന്യം നല്‍കുന്ന പാശ്ചാത്യ-അമേരിക്കന്‍ നാടുകളില്‍ ജോലി ചെയ്യുന്ന/പഠിക്കുന്ന, മക്കളുള്ളവരുടെ ഭവനങ്ങളില്‍ പോലും അടുക്കളജോലികളും കുട്ടികളുടെ ഉത്തരവാദിത്വങ്ങളും സ്ത്രീകള്‍ക്കുമാത്രമായി മാറ്റി വയ്ക്കപ്പെട്ടിരിക്കുന്നു എന്നത് വിരോധഭാസമാണ്. ചിലകുടുംബങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാമെങ്കിലും നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം കുടുംബങ്ങളിലും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല. ഒരു കുടുംബത്തിലെ അനുദിനജോലികളില്‍ ഭൂരിഭാഗവും സ്ത്രീകളുടെ ഉത്തരവാദിത്വമായി മാറുമ്പോള്‍ അവര്‍ക്ക് നഷ്ടമാകുന്നത് അവരുടെ വ്യക്തിപരമായ സ്വപ്‌നങ്ങള്‍ പിന്തുടരാനുള്ള അവസരങ്ങളും തങ്ങളുടെ ആരോഗ്യം പോലും വേണ്ടവിധം സംരക്ഷിക്കാനുള്ള സമയവുമാണ്.

കൃഷി പ്രധാന വരുമാനമാര്‍ഗവും തൊഴിലുമായിരുന്ന കാലത്ത് പുരുഷന്‍മാര്‍ കൃഷിയിടങ്ങളില്‍ അധ്വാനിച്ചിരുന്നപ്പോള്‍ ഭക്ഷണം പാകം ചെയ്യുന്നതും മറ്റ് വീട്ടുജോലികള്‍ ചെയ്യുന്നതും സ്ത്രീകളുടെ ഉത്തരവാദിത്വമായിരുന്നു. വീട്ടുജോലികള്‍ വേഗംതീര്‍ത്ത് കൃഷിയിടങ്ങളില്‍ പുരുഷനോടൊപ്പം ജോലിചെയ്യേണ്ട സാഹചര്യംപോലും അന്നുണ്ടായിരുന്നു. എന്നാല്‍ കാലം മാറി സ്ത്രീ പുരുഷഭേദമില്ലാതെ മറ്റ് ജോലികള്‍ ചെയ്യുന്നവരുടെ സംഖ്യ വര്‍ധിച്ചുവന്നപ്പോഴും വീട്ടുജോലിയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് കാര്യമായ സഹായമൊന്നും ലഭിച്ചില്ല. ഫലമോ, എല്ലാ കാര്യങ്ങളിലും നീതി നടപ്പാക്കാന്‍ വേണ്ടി മുറവിളി കൂട്ടുന്ന മലയാളിയുടെ ഭവനങ്ങളുടെ അകത്തളങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ നീതി ഇന്ന് നിഷേധിക്കപ്പെടുന്നു.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാള മനോരമ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 85 ശതമാനമാളുകളും പ്രകടിപ്പിച്ച അഭിപ്രായമാണിതെന്ന് അറിയുമ്പോഴാണ് കേരള സമൂഹത്തിലെ അമ്മമാരും ഭാര്യമാരും സഹോദരിമാരും അത്ര സന്തുഷ്ടരല്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ സാധിക്കുക. സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 25 ശതമാനമാളുകള്‍ പുരുഷന്‍മാര്‍ കുടുംബത്തിലെ അനുദിന ജോലികളില്‍ സഹായിക്കാറില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ പുരുഷന്‍മാര്‍ ചെറിയ സഹായങ്ങള്‍ ചെയ്തു തരുമെന്നാണ് 28 ശതമാനം സ്ത്രീകള്‍ അഭിപ്രായപ്പെട്ടത്. ആവശ്യപ്പെട്ടാല്‍ സഹായിക്കാന്‍ പുരുഷന്‍മാര്‍ തയാറാകുമെന്ന് 33 ശതമാനം പേര്‍ പറഞ്ഞപ്പോള്‍ എല്ലാ ജോലികളും സ്ത്രീകളും പുരുഷന്‍മാരും തുല്യമായി പങ്കിട്ടാണ് ചെയ്യുന്നതെന്ന് പറഞ്ഞത് 12.4 ശതമാനം പേര്‍ മാത്രമാണ്.

നമ്മുടെ സമൂഹം കൂടുതല്‍ സ്ത്രീസൗഹൃദമാകേണ്ടിയിരിക്കുന്നു എന്ന് തന്നെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദേശത്ത് എല്ലാ ജോലികളും പങ്കിട്ട് ചെയ്യുകയും സ്ത്രീ സമത്വത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്നവരുടെ കുടുംബങ്ങളില്‍പോലും സ്ത്രീകള്‍ക്ക് അര്‍ഹമായ പിന്തുണയും സഹായങ്ങളും ഇന്നും നിഷേധിക്കപ്പെടുന്നു. നഴ്‌സിംഗും മറ്റ് വിദഗ്ധ ജോലികളും നേടി സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിച്ച സ്ത്രീകള്‍ക്ക് വിദേശത്തായാലും സ്വദേശത്തായാലും കുടുംബങ്ങളില്‍ കൂടുതല്‍ പരിഗണനയും അംഗീകാരവും ലഭിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അത്തരം കുടുംബങ്ങളുടെ സംഖ്യ ഈ നാളുകളില്‍ വര്‍ധിച്ചു വരുന്നത് ഈ പ്രശ്‌നത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാകുന്നുമുണ്ട്. എങ്കിലും ശരാശരി മലയാളിയുടെ കുടുംബത്തിലെ അനുദിനജോലികളുടെ ഭാരം സ്ത്രീകള്‍ കൂടുതലായി ഇന്നും ചുമക്കേണ്ടി വരുന്നു.

അടുക്കളജോലികള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കപ്പെട്ട സംസ്‌കാരത്തില്‍ വളര്‍ന്ന പഴയ തലമുറക്ക് അതില്‍ നിന്നൊരു മാറ്റം പെട്ടന്ന് സാധ്യമാവണമെന്നില്ല. എന്നിരുന്നാലും ധാര്‍മികതയുടെയോ ആത്മീയതയുടെയോ ഏത് മാനദണ്ഡം വച്ച് അളന്നു നോക്കിയാലും കുടുംബത്തിലെ എല്ലാ ജോലികളും ചെയ്യുന്നതില്‍ സ്ത്രീക്കും പുരുഷനും തുല്യ ഉത്തരവാദിത്വമാണുള്ളതെന്ന സത്യം തത്വത്തിലും പ്രായോഗികതലത്തിലും അംഗീകരിച്ചേ മതിയാവു. വളര്‍ന്നുവരുന്ന തലമുറയെ എങ്കിലും മാറി ചിന്തിക്കുവാന്‍ പഠിപ്പിക്കണം. ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും ഭക്ഷണം പാകം ചെയ്യുവാനും വീട് വൃത്തിയായി സൂക്ഷിക്കുവാനുമുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുമുള്ള പരിശീലനം കുടുംബങ്ങളില്‍ ലഭിക്കണം. കുടുംബത്തിലെ പൊതുവായ ജോലികള്‍ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന ബോധ്യം കൂട്ടികള്‍ക്ക് പകര്‍ന്ന് നല്‍കണം. പെണ്‍കുട്ടികളെയും സ്ത്രീകളെയും താഴ്ത്തിക്കെട്ടുകയോ പരിഹസിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫലിതങ്ങളും കാഴ്ചപ്പാടുകളുമൊന്നും നമ്മുടെ കുടുംബാന്തരീക്ഷത്തില്‍ ഒരിക്കലും ഉണ്ടാകരുത്. നീതിയുടെയും തുല്യതയുടെയും സ്ത്രീപുരുഷസമത്വത്തിന്റെയും പാഠങ്ങള്‍ കുടുംബത്തില്‍ നിന്ന് തന്നെ നമ്മുടെ കുട്ടികള്‍ അഭ്യസിക്കാന്‍ ഇടയാകട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?