Follow Us On

23

January

2025

Thursday

അമ്മയുടെ ബര്‍ത്ത്‌ഡേ സമ്മാനം!

അമ്മയുടെ  ബര്‍ത്ത്‌ഡേ സമ്മാനം!

റവ. ഡോ. റോയ് പാലാട്ടി CMI

ഏതൊരാളുടെയും ജീവിതകാണ്ഡത്തില്‍ രണ്ടുദിനങ്ങള്‍ ഏറെ സവിശേഷമാണ്: ജനനദിവസം, ജനിച്ചതിന്റെ നിയോഗമറിയുന്ന ദിവസം. എന്തിനാണ് ഞാന്‍ ഈ മണ്ണില്‍ ജനിച്ചതെന്ന് അറിയുന്നതാണ് നിയോഗം. മേരിക്കാകട്ടെ ഈ രണ്ടുദിനങ്ങള്‍ തമ്മില്‍ അകലമില്ല. കൃത്യമായ നിയോഗത്തോടെയാണ് അവളുടെ പിറവി. രക്ഷകന്റെ അമ്മയാകണം, വിശ്വാസികളുടെ ജനയിത്രിയാകണം.

ജനിച്ചപ്പോഴേ നിയോഗമറിഞ്ഞിട്ടുള്ള മൂന്നുപേര്‍ മാത്രമേ ഉണ്ടാകാനിടയുള്ളൂ; രക്ഷകനായ ക്രിസ്തു, അവന്റെ അമ്മയായ മറിയം, അവന് വഴിയൊരുക്കിയ സ്‌നാപകയോഹന്നാന്‍. അതുകൊണ്ടുതന്നെ ഈ മൂന്നുപേരുടെ പിറന്നാളുകള്‍ മാത്രമേ തിരുനാളായി നാം ആഘോഷിക്കാറുള്ളൂ. ജനനംതന്നെ രക്ഷാകരകര്‍മത്തിലെ റോളുകള്‍ നിര്‍വഹിക്കാനായിരുന്നു. ജനിക്കുംമുമ്പേ പ്രപഞ്ചം അവര്‍ക്കായി ഒരുങ്ങി. പ്രവചനങ്ങള്‍ അവരെ പൊതിഞ്ഞുനിന്നു. കര്‍മങ്ങള്‍കൊണ്ട് ജീവിതം സാക്ഷ്യപ്പെടുത്തുംമുമ്പേ ജന്മംകൊണ്ട് മാനവരാശിയെ ധന്യമാക്കി.

പാപലേശമേശാതെ അവള്‍ പിറന്നു. രക്ഷകന്റെ യോഗ്യതകളെ മുന്‍നിര്‍ത്തി ഉത്ഭവത്തിന്റെ ആദ്യനിമിഷംമുതല്‍ എല്ലാവിധ മാലിന്യങ്ങളില്‍നിന്നും പരിരക്ഷിക്കപ്പെട്ടു. ”സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും” (ലൂക്കാ 1:48) എന്നവള്‍ പാടിയത് എത്രയോ സത്യം. മരിക്കുംമുമ്പേ ആരെയും ഭാഗ്യവതിയെന്നു വിളിക്കരുത് (പ്രഭാ. 11:28) എന്നു പഠിപ്പിച്ച വേദഗ്രന്ഥംതന്നെ മറിയത്തെ ഭാഗ്യവതിയെന്നു പ്രകീര്‍ത്തിച്ചു. ദൈവദൂതരെ കാണുമ്പോള്‍ മനുഷ്യര്‍ താണുവണങ്ങിയിടത്ത്, ദൂതഗണം ആദരവോടെ വണങ്ങിനിന്നു, മറിയത്തിനുമുമ്പില്‍. അതെ, നമ്മുടെ അമ്മ ഭാഗ്യവതിയാണ്. കൃപാവരങ്ങളുടെ വിതരണക്കാരി.

തപസുചെയ്ത് നേടിയ മകള്‍
ഏറെക്കാലം കാത്തിരുന്നു കിട്ടിയതാണ് യൊവാക്കിം-അന്ന ദമ്പതികള്‍ക്ക് മേരിയെ. ‘യാക്കോബിന്റെ സുവിശേഷം’ എന്ന പേരില്‍ ഒരു അപ്പോക്രിഫല്‍ ഗ്രന്ഥമുണ്ട്. അന്ന ഏറെക്കാലം സന്താനരഹിതയായി കഴിഞ്ഞതിന്റെ വേദനയെക്കുറിച്ച് അതില്‍ പറയുന്നുണ്ട്. യൊവാക്കിമാകട്ടെ, മക്കളില്ലാത്തതിന്റെ നോവില്‍ മനംമടുത്തും ശകാരങ്ങള്‍ കേട്ടും ഒടുക്കം ഒരു ഘോരവനത്തില്‍ തപസിനായി പോയി. ഇതില്‍ മനസു തളര്‍ന്ന അന്ന വീടുവിട്ടിറങ്ങി, ഒരു തോട്ടത്തില്‍ അഭയം പ്രാപിച്ചു. അവള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു: ‘പിതാക്കന്മാരുടെ ദൈവമേ, എന്റെ മാതാവായ സാറായെ വാഴ്ത്തി അവള്‍ക്ക് ഇസഹാക്കിനെ കൊടുത്തതുപോലെ എന്റെ പ്രാര്‍ത്ഥന കേട്ട് എന്നോട് കരുണ തോന്നണമേ.’ അങ്ങനെയിരിക്കെ, വനാന്തരങ്ങളില്‍ പ്രാര്‍ത്ഥനയിലായിരുന്ന യൊവാക്കിമിനെ ദൈവദൂതന്‍ സന്ദര്‍ശിച്ചു: ‘യൊവാക്കിം, നിന്റെ പ്രാര്‍ത്ഥന ദൈവതിരുസന്നിധിയില്‍ സ്വീകരിക്കപ്പെട്ടു. നിന്റെ ഭാര്യയുടെ ഗര്‍ഭപാത്രം തുറക്കപ്പെടും. അത്, പാപത്തിന്റെ സന്തതിയെ പ്രവസിക്കാനുള്ളതല്ല, പിന്നെയോ ദൈവത്തിന്റെ ദാനം ഉള്‍ക്കൊള്ളാനുള്ളതാണ്.’ കാത്തിരിപ്പിനൊടുവില്‍ മറിയം ജനിച്ചു. ‘വരപ്രസാദം’, ‘പ്രിയപ്പെട്ടവള്‍’ എന്നൊക്കെ അര്‍ത്ഥമുണ്ട് ഈ വാക്കിന്.

കൃപാവരങ്ങളുടെ വിതരണക്കാരിയായി ജനിച്ചുവീണ അമ്മയ്ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ബെര്‍ത്ത്‌ഡേ സമ്മാനം എന്തായിരിക്കും? നാം പ്രസാദവരത്തില്‍ ജീവിക്കുക. പ്രസാദവരത്തില്‍ തീര്‍ത്ത സ്‌നേഹത്തിന്റെ പൂമാല അവളെ അണിയിക്കുക, ഈ സെപ്റ്റംബര്‍ എട്ടിന്. അവള്‍ നിങ്ങള്‍ക്കും ചില ബെര്‍ത്ത്‌ഡേ സമ്മാനങ്ങള്‍ കൈമാറും. ചരിത്രത്തില്‍ അവളെ കണ്ടുമുട്ടിയവര്‍ക്ക് മറിയം കൈമാറിയ സമ്മാനങ്ങള്‍ എന്തൊക്കെയാണ്? അമ്മ തന്റെ മക്കള്‍ക്ക് പിറന്നാള്‍ സമ്മാനങ്ങള്‍ നല്‍കാതെ ഇന്നും പറഞ്ഞുവിടില്ല.

ശിമയോന് ലഭിച്ച കൃപ
അവള്‍ക്ക് ലഭിച്ചതാണ് അവള്‍ കൈമാറുന്നത്. കൃപാവരപൂര്‍ണിതയാകാതെ, കൃപാദാനങ്ങള്‍ കൈമാറുക എളുപ്പമല്ല. അത്യുന്നതന്റെ ശക്തി ആവസിച്ചവളല്ലേ മറിയം. രക്ഷകന് പിറവി കൊടുത്ത ദിവസം ആദ്യം സന്ദര്‍ശിച്ചത് ആട്ടിടയന്മാരല്ലേ. അവള്‍ അവര്‍ക്ക് പങ്കുവച്ചത് ആത്മാവിന്റെ ദാനങ്ങളിലൊന്നായ ആനന്ദമായിരുന്നു. വലിയ സന്തോഷത്തോടെ അവര്‍ മടങ്ങിപ്പോയി എന്നു നാം വായിക്കുന്നു (ലൂക്കാ 2:20). പിന്നീടെത്തിയ ജ്ഞാനികള്‍ക്ക് നല്‍കിയ സമ്മാനം എന്തായിരുന്നു? പുതിയ വഴി തിരഞ്ഞെടുക്കാനുള്ള കൃപ (മത്താ. 2:12). ആത്മാവല്ലേ യഥാര്‍ത്ഥ വഴി കാണിച്ചു തരുന്ന ജ്ഞാനത്തിന്റെ ദാതാവ്. ജ്ഞാനികള്‍ക്ക് യഥാവിധം ജ്ഞാനം പകരാന്‍ ആ സന്ദര്‍ശനം കാരണമായി. ദൈവാലയം സന്ദര്‍ശിച്ചപ്പോഴാകട്ടെ, ശിമയോന് ലഭിച്ചത് പരിശുദ്ധാത്മാവിന്റെ മറ്റൊരു വരപ്രസാദമാണ്, ദൈവിക വെളിപാടുകളെ വായിച്ചറിയാനുള്ള കൃപ. ആത്മാവിനാല്‍ പ്രേരിതനായി അദ്ദേഹം ദൈവാലയത്തിലെത്തി (ലൂക്കാ 2:27). അന്നയെന്ന പ്രവാചികയാകട്ടെ, ദൈവസ്തുതിപ്പിന്റെ ലഹരിയിലാകുന്നു (ലൂക്കാ 2:38).

ആത്മാവില്‍ നിറഞ്ഞവള്‍ക്ക് ആത്മാവിനെ പകരാതിരിക്കാനാവില്ല. മംഗലവാര്‍ത്തയ്ക്കുശേഷം യൂദായിലെ കുന്നിന്‍ചെരുവിലേക്ക് തിടുക്കത്തില്‍ യാത്ര തിരിച്ചത് ഈ കൃപാദാനങ്ങള്‍ നല്‍കാനല്ലേ. എലിസബത്തില്‍ ആത്മാവു നിറയുന്നു (ലൂക്കാ 2:41). ഉദരശിശുവായ സ്‌നാപകന്‍ ആനന്ദത്തില്‍ തുള്ളിച്ചാടുന്നു (ലൂക്കാ 2:44). വാഗ്ദാനപേടകത്തിന് മുമ്പില്‍ ദാവീദ് നൃത്തം ചെയ്തതുപോലെ, പുതിയ നിയമത്തിലെ വാഗ്ദാനപേടകമായ മറിയത്തിനുമുമ്പില്‍ സ്‌നാപകന്‍ നൃത്തം ചെയ്യുന്നു. മാത്രവുമല്ല, ആത്മാവിനെ സ്വീകരിക്കാന്‍ പെന്തക്കുസ്തയില്‍ അവള്‍ക്കൊപ്പം സകലരും അണിനിരന്നു (അപ്പ. 1:14).
ആത്മാവിന്റെ കൃപാദാനങ്ങള്‍ വേണമെന്നുണ്ടോ? കൃപാവരപൂരിതയായ മറിയത്തിന്റെ ജന്മദിനത്തില്‍ വരപ്രസാദാവസ്ഥയില്‍ അവളെ സമീപിക്കുക. ഒരു ബെര്‍ത്ത്‌ഡേ ഗിഫ്റ്റ് തരാതെ അവള്‍ നിങ്ങളെ പറഞ്ഞുവിടില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?