Follow Us On

22

January

2025

Wednesday

താളംതെറ്റുന്ന ന്യൂനപക്ഷ ക്ഷേമം

താളംതെറ്റുന്ന  ന്യൂനപക്ഷ ക്ഷേമം

റവ. ഡോ. മൈക്കിള്‍ പുളിക്കല്‍
(ലേഖകന്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയാണ്).

വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര – സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തില്‍ ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ഡയറക്ടറേറ്റുകളും നടപ്പാക്കുന്ന പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍, ധനസഹായങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച സുതാര്യത കുറവുകളും പക്ഷപാതങ്ങളും ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. അതിനിടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ വിതരണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ വഴിയായി നൂറുകണക്കിന് കോടികള്‍ ചെലവഴിക്കപ്പെടുമ്പോഴും അര്‍ഹരായ എത്ര പേരിലേക്ക് ഈ സഹായങ്ങള്‍ എത്തിച്ചേരുന്നുണ്ട് എന്നത് ഒരു ചോദ്യമാണ്.

1992 ല്‍ സ്ഥാപിതമായ ദേശീയ ന്യൂനപക്ഷ കമ്മീഷന് കീഴില്‍ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (NMDFC) നിലവില്‍ വരുന്നത് 1994 ലാണ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അധഃസ്ഥിതാവസ്ഥ പരിഹരിക്കുന്നതിനായി സ്വയം തൊഴിലുകള്‍ തുടങ്ങുന്നതിനും മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും സഹായകമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയായിരുന്നു കോര്‍പ്പറേഷന്റെ ലക്ഷ്യം. പിന്നീട് 2008-ല്‍ വിവിധ മേഖല വികസന പദ്ധതി (MSDP) പ്രാബല്യത്തില്‍ വന്നു. ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ രംഗത്തെ വളര്‍ച്ച തുടങ്ങിയവയാണ് ആ പദ്ധതി ലക്ഷ്യംവച്ചിരുന്നത്. 2012-ല്‍ ആരംഭിച്ച 12-ാം പഞ്ചവത്സര പദ്ധതിയും ഈ മേഖലയില്‍ സവിശേഷമായ ഊന്നല്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ ന്യൂനപക്ഷ ക്ഷേമം ലക്ഷ്യം വച്ചുകൊണ്ടുള്ള നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളതായിക്കാണാം.

ജെ.ബി കമ്മീഷന്‍ റിപ്പോര്‍ട്ട്

ന്യൂനപക്ഷങ്ങള്‍ എന്നാല്‍, മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈനര്‍ എന്നിങ്ങനെ ആറു മതവിഭാഗങ്ങളാണ്. 2006-ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുസഌം മത വിഭാഗത്തില്‍ പെട്ടവരുടെ പ്രത്യേക പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുകയും, ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്യുകയുണ്ടായിരുന്നു. അതേത്തുടര്‍ന്ന് 2007 ല്‍ നിയോഗിക്കപ്പെട്ട പാലോളി കമ്മിറ്റി കേരളത്തിലെ മുസ്ലീം മത വിഭാഗത്തില്‍ പെട്ടവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുകയും കേരള സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമുണ്ടായി. ഇത്തരം റിപ്പോര്‍ട്ടുകള്‍ ന്യൂനപക്ഷ ഫണ്ട് വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍, മുസ്ലീം ഇതര സമൂഹങ്ങളുടെ പിന്നാക്കാവസ്ഥ പ്രത്യേകം പരിഗണിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നുംതന്നെ അതത് സമുദായങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ നടപ്പാക്കപ്പെട്ടിട്ടില്ല. ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഏതെങ്കിലും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

കേന്ദ്ര സഹായത്തോടെയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ പദ്ധതികള്‍ പ്രകാരവും സംസ്ഥാനത്ത് വിവിധ തലങ്ങളിലാണ് ന്യൂനപക്ഷ ഫണ്ട് വിതരണം ചെയ്യപ്പെടുന്നത്. പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പുകള്‍ എന്നിങ്ങനെയുള്ളവയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍. വിവിധ വിഭാഗങ്ങള്‍ക്കുള്ള ഭവന നിര്‍മാണ സഹായങ്ങള്‍, ചികിത്സാ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നിങ്ങനെ വിവിധ ഇനം സാമ്പത്തിക സഹായങ്ങള്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് കീഴിലുണ്ട്.
നിലവില്‍, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനും, ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ ഡോ. അദില അബ്ദുള്ളയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദും ആണ്. മുമ്പ് ഡോ. കെ. ടി. ജലീല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും ഫണ്ട് വിതരണവും മറ്റും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ആ പശ്ചാത്തലത്തില്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യണമെന്ന ആവശ്യം, 2021 ലെ തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ ക്രൈസ്തവ സംഘടനകള്‍ ഉന്നയിച്ചു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ വിവേചനമുണ്ടാകാതെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ ലഭ്യമാകണമെന്നതായിരുന്നു പൊതുവെ ഉയര്‍ന്ന ആവശ്യം. എന്നാല്‍, ആരംഭത്തില്‍ മുഖ്യമന്ത്രി ആ ആവശ്യം അംഗീകരിച്ചെങ്കിലും ഏതാനും മാസങ്ങള്‍ക്ക് ശേഷം വകുപ്പ് കൈമാറുകയുണ്ടായി.

എതിര്‍പ്പുകള്‍

വളരെ ഗുരുതരമായ ചില ക്രമക്കേടുകള്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനമാണ്, ന്യൂനപക്ഷ ക്ഷേമ കമ്മീഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ളത്. ഡോ. കെ.ടി ജലീല്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിയമ (2014) പ്രകാരം, കമ്മീഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ വരുത്തിയ മാറ്റം പ്രധാനമാണ്. മൂന്നംഗ കമ്മീഷനില്‍, ചെയര്‍മാനോ ഒരു വനിത അംഗത്തിനോ പുറമെയുള്ള അംഗം ചെയര്‍മാന്‍ ഉള്‍പ്പെടാത്ത സമുദായത്തില്‍നിന്നായിരിക്കണം എന്ന നിര്‍ദേശം അമന്റ്മെന്റിലൂടെ അട്ടിമറിക്കപ്പെട്ടു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെയും ഡയറക്ടറേറ്റിന്റെയും വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ രാഷ്ട്രീയ സ്വാധീനങ്ങള്‍ വഴി നിയമിതരാകുന്നവരാണ് എന്ന ആരോപണവും ശക്തമാണ്. പിഎസ്സി വഴിയുള്ള നിയമനങ്ങളല്ല ആ ഓഫീസുകളില്‍ നടന്നുവരുന്നത്.

ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ഏറിയപങ്കും ഒരു സമുദായത്തില്‍ നിന്നുള്ളവരാണ് എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു ആരോപണം. ഡെപ്യൂട്ടേഷന്‍, കരാര്‍ വ്യവസ്ഥ തുടങ്ങിയവ വഴിയായുള്ള നിയമങ്ങളാണ് അവിടെ നടന്നുവരുന്നത്. പലപ്പോഴായി കേരളത്തിലെ വിവിധ ജില്ലകളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ന്യൂനപക്ഷ യുവജനങ്ങള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളില്‍ (CCMY) ഏറിയ പങ്കും അപ്രകാരം തന്നെ. മദ്രസ അധ്യാപക ക്ഷേമനിധി, മദ്രസ അധ്യാപകര്‍ക്കുള്ള പ്രത്യേക ധനസഹായ പദ്ധതികള്‍, മദ്രസയുടെ നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായുള്ള പണം വഴിവിട്ട് ചെലവഴിക്കപ്പെടുന്നതായുള്ള ആരോപണങ്ങളുമുണ്ട്. ന്യൂനപക്ഷ ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട് മുമ്പ് നിലവിലു ണ്ടായിരുന്ന 80:20 അനുപാതം (80% മുസ്ലീം, 20% മറ്റു സമുദായങ്ങള്‍) നീതിരഹിതമാണെന്ന വിലയിരുത്തലില്‍ ഹൈക്കോടതി ഇടപെടുകയും ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ആ വിധിക്കെതിരായി സുപ്രീം കോടതിയില്‍ അപ്പീല്‍ പോവുകയാണ് ചെയ്തത്.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് ആദ്യവര്‍ഷം കോടതി നിര്‍ദേശപ്രകാരം മറ്റു വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ചുവെങ്കിലും, പിന്നീട് സാമ്പത്തിക മാന്ദ്യം കാരണമായി പറഞ്ഞുകൊണ്ട് ന്യൂനപക്ഷ ക്ഷേമത്തിനായുള്ള ബജറ്റ് വിഹിതത്തില്‍ സര്‍ക്കാര്‍ വലിയ കുറവ് വരുത്തി. ഒട്ടേറെ സ്‌കോളര്‍ഷിപ്പുകള്‍ തടഞ്ഞുവച്ചു. അതേസമയം, ഒരു സമുദായത്തിന് പതിവായി നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ക്കും സഹായധനത്തിനും കുറവുണ്ടായിട്ടില്ല എന്നും ആരോപിക്കപ്പെടുന്നു. കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ഇത്തരം ആരോപണങ്ങള്‍ക്കിടയില്‍ ഒരു വര്‍ഷത്തോളമായി നിര്‍ജ്ജീവാവസ്ഥയില്‍ തുടര്‍ന്നിരുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കമ്മീഷന്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് പുനഃസംഘടിപ്പിക്കപ്പെട്ടത്.

അഴിമതി ആരോപണങ്ങള്‍

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിപ്രകാരമുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ പ്രകാരം, 830 വ്യാജ സ്ഥാപനങ്ങളുടെ പേരില്‍ 144 കോടിയിലേറെ രൂപയുടെ അഴിമതി 2022 മാര്‍ച്ച് വരെയുള്ള നാല് സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ നടന്നു എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വിവിധ മാധ്യമങ്ങള്‍ പലപ്പോഴായി പുറത്തുവിട്ടിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അന്വേഷണങ്ങള്‍ നടക്കുകയും, ഒടുവില്‍ കേസ് സിബിഐ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. നിരവധി സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ഉദ്യോഗസ്ഥരും തല്‍പ്പരകക്ഷികളും നേരിട്ട് ഇടപെട്ടിട്ടുള്ള രാജ്യവ്യാപകമായ അഴിമതിയാണ് ഇതെന്നാണ് സിബിഐയുടെ പ്രാഥമിക റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

അര്‍ഹതപ്പെട്ട വലിയൊരു വിഭാഗത്തെ മാറ്റിനിര്‍ത്തി ആനുകൂല്യങ്ങള്‍ മൊത്തമായി നേടിയെടുക്കാനുള്ള ചട്ടവിരുദ്ധ നടപടിക്രമങ്ങള്‍ക്കും, രാഷ്ട്രീയ ദുസ്വാധീനങ്ങള്‍ക്കും പുറമെ, വലിയ അഴിമതിയും ഈ മേഖലയില്‍ നടക്കുന്നു എന്നതിന്റെ തെളിവുകളാണ് വെളിയില്‍ വന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ പിന്തുണ ആവശ്യപ്പെടുന്നവരില്‍ ഏറെയും എല്ലായ്‌പ്പോഴും അകറ്റിനിര്‍ത്തപ്പെടുകയാണ്. രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളും നിയമവിരുദ്ധ ഇടപെടലുകളും അഴിമതിയും തുടച്ചുനീക്കി നീതിയും ന്യായവും നടപ്പാകാത്തപക്ഷം ന്യൂനപക്ഷ ക്ഷേമം ഒരു മരീചികയായി തുടരുകതന്നെ ചെയ്യും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?