Follow Us On

23

January

2025

Thursday

നിറം മങ്ങുന്ന നീതിപീഠങ്ങള്‍

നിറം മങ്ങുന്ന നീതിപീഠങ്ങള്‍

ഫാ. മാത്യു ആശാരിപറമ്പില്‍

‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ ജനപ്രീതിയില്‍ മികച്ചതായി ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍ നേടുകയുണ്ടായി. ജനത്തെ ഏറെ ചിന്തിപ്പിച്ചതും ചിരിപ്പിച്ചതുമായ ചാക്കോച്ചന്‍ ചിത്രം ഞാന്‍ രണ്ടുപ്രാവശ്യം കണ്ടു. ഒരു വഴിപോക്കനെ പട്ടി കടിച്ചതിന്റെ കാരണം തേടിയുള്ള അന്വേഷണം റോഡിലെ കുഴി ശരിയാക്കാത്ത മന്ത്രിയെ ശിക്ഷിക്കുന്ന അപ്രതീക്ഷിത രംഗത്തിലേക്ക് നയിക്കുന്ന രസകരമായ ചിത്രമാണിത്. ഓരോരുത്തരുടെയും അഭിനയം മികച്ചതാണെങ്കിലും മജിസ്‌ട്രേറ്റായി വരുന്ന കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ അഭിനയം എടുത്തുപറയേണ്ടതാണ്. ആദ്യമായി സിനിമയില്‍ വരികയാണെങ്കിലും അദ്ദേഹം മജിസ്‌ട്രേറ്റിന്റെ റോള്‍ ഉജ്വലമാക്കി. മുറിവേറ്റവന്റെയും വേദനിച്ചവന്റെയും പക്ഷത്തുനിന്ന് നിയമത്തെ വ്യാഖ്യാനിച്ച ആ മജിസ്‌ട്രേറ്റിന്റെ നീതിബോധമാണ് ഇത്രയും ശക്തമായ ഒരു വിധിയിലേക്ക് സംഭവങ്ങളെ എത്തിച്ചത്. ആരും ഇല്ലാത്തവരുടെ അവസാന അഭയം മജിസ്‌ട്രേറ്റാണെന്ന് പല പ്രാവശ്യം സംഭാഷണം ഉയരുന്നുണ്ട് – അത് ഒരേ സമയം താക്കീതും പ്രതീക്ഷയുമാണ്.

മറ്റൊരു ജഡ്ജിയായിരുന്നെങ്കില്‍ തികച്ചും ബാലിശമെന്ന് പറഞ്ഞ് ഫയലില്‍പോലും സ്വീകരിക്കാതെ തള്ളിക്കളയുമായിരുന്നു ഈ സംഭവങ്ങളെ. എന്നാല്‍ ജനപക്ഷത്തുനിന്ന് നിയമവ്യവസ്ഥകളെ വ്യാഖ്യാനിക്കുന്ന നീതിബോധമുള്ള വിധികര്‍ത്താവിന് നന്മയുടെ തരംഗങ്ങള്‍ എന്നും ഉയര്‍ത്താന്‍ കഴിയും. അതായത് ഒരു ജഡ്ജിയുടെ മനോനിലയുടെയും കാഴ്ചപ്പാടുകളുടെയും ചിന്തകളുടെയും പ്രതിഫലനമാണ് ഓരോ വിധിപ്രസ്താവവും.
എന്റെ സുഹൃത്തായ ഒരു ഹൈക്കോടതി ജഡ്ജി പറഞ്ഞു, ഓരോ വിധിപ്രസ്താവനയും ജഡ്ജി എന്ന വ്യക്തിയുടെയും വീക്ഷണത്തിന്റെയും ബോധ്യത്തിന്റെയും പ്രസ്താവന മാത്രമാണ്. അത് അന്തിമ തീര്‍പ്പല്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍നിന്ന് നടത്തുന്ന പ്രസ്താവനകള്‍ മറ്റൊരാളുടെ വീക്ഷണത്തില്‍നിന്ന് വ്യത്യസ്തമാകാം. അതിനാലാണ് കോടതിവിധികള്‍ വിരുദ്ധവും ഉന്നത ഘടകങ്ങളില്‍ വ്യത്യസ്തവുമാകുന്നത്.

ഒരാളുടെ അറിവ്, അനുഭവങ്ങള്‍, പഠനങ്ങള്‍, സാമൂഹ്യവീക്ഷണങ്ങള്‍, ആഭിമുഖ്യങ്ങള്‍ തുടങ്ങിയവയാണ് ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നത്.~ഓരോരുത്തരുടെ ഇഷ്ടങ്ങളെ നിശ്ചയിക്കുന്നതില്‍ വിവിധ ഘടകങ്ങളുടെ സ്വാധീനമുണ്ട്. എല്ലാവര്‍ക്കും ഒരേപോലെയല്ലല്ലോ ജീവിതാനുഭവങ്ങള്‍. അതിനാല്‍ ഈ മാനസികഭാവത്തിലൂടെ കടന്നുപോകുന്ന ജഡ്ജിമാരും വ്യത്യസ്തമായ വിധികള്‍ എഴുതിയേക്കാം. അതിനാല്‍ ഒരു വിധിവാചകവും നൂറുശതമാനം ശരിയും അവസാനത്തേതുമല്ല.

കോടതികളിലും ഈ തത്വശാസ്ത്രമാണ് അവതരിപ്പിക്കപ്പെടുന്നത്. ഒരേ കേസിനെക്കുറിച്ചുള്ള വ്യത്യസ്ത വിധികള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നതിന്റെ കാരണമിതാണ്. കീഴ്‌കോടതികള്‍ ജീവപര്യന്തം തടവിന് വിധിച്ചവനെ മേല്‍ക്കോടതി വെറുതെ വിടുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കുന്നു. വാദത്തിനിടയില്‍ ഒരു ബഞ്ചിലെ ജഡ്ജിമാര്‍ വ്യത്യസ്തമായ അഭിപ്രായം പറയുന്നു.
ഇത്തരം നൂറുകണക്കിന് വാര്‍ത്തകള്‍ നാം അറിയുന്നതിനാല്‍ ഒരു വിധിയും അന്തിമതീര്‍പ്പായി സ്വീകരിച്ച് ആളുകളെ നോക്കിക്കാണരുത്. രാഹുല്‍ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെയും ഗുജറാത്ത് ഹൈക്കോടതിയുടെയും വിധികളെ സുപ്രീംകോടതി തിരുത്തുന്നത് നാം കാണുന്നു. അനുഭവങ്ങളുടെയും അറിവുകളുടെയും വ്യത്യാസത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ നമുക്ക് മനസിലാക്കാം; അംഗീകരിക്കാം. എന്നാല്‍ ജഡ്ജിമാര്‍ മറ്റ് ബാഹ്യസ്വാധീനങ്ങളാല്‍ നിയന്ത്രിക്കപ്പെട്ട് വിധികള്‍ ഉയര്‍ത്തുന്നുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. കോടതികള്‍ നിഷ്പക്ഷവും നീതിപൂര്‍ണവുമായിരിക്കണം.

നിസഹായനായ മനുഷ്യന്റെ അവസാന അടയാളമാണ് കോടതികള്‍. നിയമസംവിധാനങ്ങളും ഭരണകൂടങ്ങളും സാധാരണ ജനത്തെ വരിഞ്ഞുമുറുക്കുമ്പോള്‍, സ്വാര്‍ത്ഥതയുടെ വന്‍മരങ്ങള്‍ അവന്റെമേല്‍ ചാഞ്ഞുവീഴുമ്പോള്‍ ഒരാള്‍ കോടതിയില്‍ അല്ലാതെ മറ്റ് എവിടേക്ക് ഓടിച്ചെല്ലും? കയ്യൂക്കുള്ളവന്‍ കാര്യക്കാരനായി, ബലഹീനനെ ചൂഷണം ചെയ്യുമ്പോള്‍ നിലവിളിക്കുന്നവന്റെ അഭയശില കോടതിവിധികളാണ്. ചവിട്ടിയുറച്ച് നില്‍ക്കുന്ന, മുറുകെ പുണരുന്ന ഈ അഭയശിലകള്‍തന്നെ ഇളകാന്‍ തുടങ്ങിയാല്‍ പിന്നെ മനുഷ്യജന്മംതന്നെ താളരഹിതമാകും. അതിനാലാണ് മഹത്തുക്കള്‍ ഭരണഘടനയും കുറ്റമറ്റ നിയമങ്ങളും അതു നടപ്പിലാക്കുന്ന നിഷ്പക്ഷമായ കോടതികളും രാജ്യത്ത് നിര്‍ബന്ധമാക്കിയത്. ജനാധിപത്യത്തിന്റെ നിലനില്‍പുതന്നെ ഭരണസംവിധാനത്തിലും നീതിന്യായവ്യവസ്ഥയിലുമാണ്. പാര്‍ലമെന്റിനും ഭരണകൂടത്തിനും തെറ്റുപറ്റാതെ അവരെ ഭരണഘടനാപ്രകാരം നേര്‍വഴിക്ക് നയിക്കാനാണ് കോടതികളും നിയമസംഹിതകളും. എന്നാല്‍ നേര്‍രേഖയില്‍ ചരിക്കേണ്ടവതന്നെ വളഞ്ഞുപോകുന്നുണ്ടോ എന്ന് ജനമനസുകളില്‍ സംശയം ഉണരുന്നു.

ഭാരതത്തിന്റെ നീതിന്യായസംവിധാനം വളരെ മഹത്വവും പ്രശംസനീയവുമാണ്. വളരെ ശ്രേഷ്ഠമായ ഭരണഘടനയാണ് നമുക്കുള്ളത്. ഒരു മാലിന്യവും പേറാതെ ഈ കാലത്തോളം ആ സംവിധാനത്തെ കാത്തുപാലിച്ച പ്രഗത്ഭരായ ആയിരക്കണക്കിന് ന്യായാധിപന്മാരുടെ നീണ്ട നിര നമുക്ക് കാണാം. തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങളും ചിന്തകളും ഒരു വിധിയെയും സ്വാധീനിക്കാതെ രാജ്യത്തിന്റെ നിയമസംവിധാനത്തിനും ദരിദ്രജനത്തിന്റെ ക്ഷേമത്തിനുംവേണ്ടി തന്റെ തൂലിക ചലിപ്പിച്ചവരാണ്. തെറ്റു ചെയ്യുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ പ്രഖ്യാപിച്ച ജഡ്ജിമാരാണ് നമ്മുടെ രാജ്യത്തെ ഇത്രയും സുന്ദരമാക്കിയത്. മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയുംവരെ സ്ഥാനഭ്രഷ്ടനാക്കുവാന്‍ ഈ ആദര്‍ശധീരന്മാര്‍ക്ക് കഴിഞ്ഞു. ഒരു അധികാരത്തിനും പണത്തിനും സ്ഥാനമാനങ്ങള്‍ക്കും അവരെ വശീകരിക്കുവാന്‍ കഴിഞ്ഞില്ല.

പക്ഷേ ഈ ദിനങ്ങളില്‍ ഈ ശോഭയേറിയ ചിത്രത്തിന്റെ നിറം മങ്ങിത്തുടങ്ങുകയാണോ എന്ന് സംശയിച്ചുപോകുന്നു. ചില വിധിപ്രസ്താവങ്ങളും ചില ജഡ്ജിമാരുടെ ജീവിതശൈലികളും സംശയങ്ങളുണര്‍ത്തുന്നതാണ്. രാജ്യത്തെ ഏറ്റവും പരമോന്നത സ്ഥാനമായ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആള്‍ ഒരു പാര്‍ട്ടിയുടെ നോമിനിയായി രാജ്യസഭയില്‍ നിശബ്ദനായി ഇരിക്കുന്നത് അത്ഭുതത്തോടെയേ കാണാന്‍ കഴിയൂ. ജഡ്ജിമാരുടെ അനധകൃത സ്വത്തുസമ്പാദനത്തെക്കുറിച്ചും വഴിവിട്ട ജീവിതചര്യകളെക്കുറിച്ചും അനര്‍ഹമായി സ്ഥാനമാനങ്ങള്‍ നേടുന്നതിനെക്കുറിച്ചും പത്രവാര്‍ത്തകളും അന്തിചര്‍ച്ചകളും ഉയരുന്നത് നാം കാണുന്നു. ചായക്കടകളിലെ വെടിവട്ടങ്ങളിലും കള്ളുഷാപ്പിലെ അന്തിചര്‍ച്ചകളില്‍പോലും ന്യായാധിപന്മാര്‍ തമാശകളായി, വിഭൂഷകരായി അവതരിപ്പിക്കപ്പെടുന്നത് ലക്ഷണപിശകാണ്. ”സ്വര്‍ണമെങ്ങനെ മങ്ങിപ്പോയി” (വിലാപങ്ങള്‍ 4:1) എന്ന തിരുവചനംപോലെ ചില കോടതികളും കോടതിവിധികളും ആശങ്കയുണര്‍ത്തുന്നു. ദൂഷിതസ്വാധീനങ്ങളുടെ വലയില്‍പെട്ട് ചിലരെങ്കിലും വിധികള്‍ നടത്താറുണ്ട്. കത്തിജ്വലിക്കുന്ന വിളക്കു കെടുത്തുവാന്‍ ചില കരിവണ്ടുകള്‍ വട്ടമിട്ട് പറന്നാല്‍ മതി.

ക്രിസ്തീയവിശ്വാസികളായ ജഡ്ജിമാര്‍ പുലര്‍ത്തിയ ഔന്നത്യം എടുത്തുപറയേണ്ടിയിരിക്കുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് അബ്രാഹം മാത്യു തുടങ്ങിയ നിരവധി നക്ഷത്രശോഭയേറിയ ന്യായാധിപന്മാര്‍ ക്രിസ്തുസാക്ഷ്യമായി ഇന്നു തിളങ്ങുന്നത് നാം അഭിമാനത്തോടെ കാണണം. ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വൈ. ചന്ദ്രചൂഡ് അന്ധകാരം പരക്കുന്ന സന്ധ്യകളിലെ കാവല്‍വിളക്കായി ഉയര്‍ന്നുനില്‍ക്കുന്നു. എല്ലാവരും ഉപേക്ഷിക്കുന്നവന്റെ അവസാന അഭയമായി മജിസ്‌ട്രേറ്റുമാര്‍ ഉയര്‍ന്നുനിന്നാല്‍ ഇനി ഒരുത്തനും ”ന്നാ താന്‍ കേസ് കൊടുക്ക്” എന്ന് വെല്ലുവിളിക്കില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?