Follow Us On

18

January

2025

Saturday

സീലോഹ കുളത്തിന്റെ കല്‍പ്പടവുകള്‍ കണ്ടെത്തി ഇസ്രായേലി ഗവേഷകര്‍

സീലോഹ കുളത്തിന്റെ കല്‍പ്പടവുകള്‍ കണ്ടെത്തി ഇസ്രായേലി ഗവേഷകര്‍

ജെറുസലേം: രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശു ക്രിസ്തു അന്ധന് കാഴ്ചശക്തി നല്‍കിയെന്ന് വിശ്വസിക്കപ്പെടുന്ന സീലോഹാ കുളത്തിന്റെ കല്‍പ്പടവുകള്‍ ജെറുസലേമിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഇതുവരെ ചരിത്രത്തിൽ മറഞ്ഞുകിടന്നിരുന്ന ഈ കുളത്തിന്റെ പടവുകൾ ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി, ഇസ്രായേല്‍ നാഷ്ണല്‍ പാര്‍ക്ക്സ് അതോറിറ്റി, സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ഉദ്ഖനനത്തിനിടയിലാണ് കണ്ടെത്തിയത്.സുവിശേഷത്തിൽ വിവരിക്കുന്ന ഓരോ സംഭവങ്ങളും ചരിത്ര സത്യമാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍.

ക്രൈസ്തവരും, യഹൂദരും വിശുദ്ധ സ്ഥലമായി കരുതുന്ന സീലോഹ കുളം ഉടൻതന്നെ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് ഇസ്രായേൽ ഗവണ്മെന്റ് അറിയിച്ചു. ചരിത്ര സ്ഥലമായ ജെറുസലേമിലെ ദാവീദിന്റെ നഗരത്തില്‍, പ്രത്യേകിച്ച്, സീലോഹാ കുളത്തിലും, തീര്‍ത്ഥാടന പാതയിലും നടക്കുന്ന ഉദ്ഖനനം ക്രൈസ്തവരുടെയും യഹൂദരുടെയും പുരാതന പൈതൃകത്തിന്റെയും, ജെറുസലേമിനോട് ഇരു വിഭാഗങ്ങൾക്കുമുള്ള സ്ഥായിയായ ബന്ധത്തിന്റെയും സ്ഥിരീകരണമാണെന്ന് ‘സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷ’ന്റെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടറായ സീവ് ഓറന്‍സ്റ്റെയിന്‍ ഫോക്സ് ന്യൂസിനോട് പറഞ്ഞു.

ക്രിസ്തുവിനു മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ ഹെസെക്കിയ രാജാവിന്റെ കാലത്താണ് സീലോഹാ കുളം നിര്‍മ്മിക്കപ്പെട്ടതെന്നാണ് ബിബ്ലിക്കല്‍ ആര്‍ക്കിയോളജി സൊസൈറ്റി പറയുന്നത്. ഗിഹോണ്‍ നീരുറവയില്‍ നിന്നും ഈ കുളത്തിലേക്ക് വെള്ളം എത്തിക്കുവാന്‍ ദാവീദിന്റെ നഗരത്തിനു താഴെക്കൂടി 1750 അടി നീളമുള്ള തുരങ്കം പണിതിരിക്കുന്നു. പല ഘട്ടങ്ങളായി നടന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ശേഷം ഏതാണ്ട് 1.25 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന വലിയൊരു കുളമായി ഇവിടം രൂപാന്തരപ്പെടുകയാണുണ്ടായതെന്നാണ് അനുമാനം.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ വിവരിക്കപ്പെടുന്ന ജന്മനാ അന്ധനായ മനുഷ്യന്റെ കണ്ണിൽ ചെളിയുണ്ടാക്കി പുരട്ടിയ യേശു അവനോട് സീലോഹാ കുളത്തില്‍ പോയി കഴുകുവാൻ നിര്‍ദ്ദേശിക്കുന്നു. പിന്നാലെ അവന്‍ സുഖം പ്രാപിക്കുന്നു. സീലോഹ കുളത്തില്‍ നിന്ന് തുടങ്ങി തീര്‍ത്ഥാടന പാതയിലൂടെ തെക്കു -പടിഞ്ഞാറേ മതിലുകളുടെ നടക്കല്ലുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന അര മൈലോളം വരുന്ന ഈ സ്ഥലം വിശുദ്ധ ഗ്രന്ഥത്തിന്റെ പാരമ്പര്യം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍, ആര്‍ക്കും സ്പര്‍ശിക്കുവാനും, നടക്കുവാനും കഴിയുന്ന വിധത്തിൽ ഈ ചരിത്രസ്ഥലം കണ്ടെത്തിയത് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നും സീവ് ഓറന്‍സ്റ്റെയിന്‍ കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?