കാഞ്ഞിരപ്പള്ളി: പൊന്‍കുന്നം ചെങ്കലിലുള്ള എയ്ഞ്ചല്‍സ് വില്ലേജിലേക്ക് സ്വര്‍ഗം ഇറങ്ങിവന്ന വലിയ അഭിഷേകത്തിന്റെ സുദിനം! തൂവെള്ള ഉടുപ്പുകളണിഞ്ഞു, തലയില്‍ വെള്ളപൂമുടിയും കയ്യില്‍ പൂച്ചെണ്ടുകളുമായി അവര്‍ എത്തി. മാതാപിതാക്കളുടെ വിരല്‍ തുമ്പില്‍ പിടിച്ചും, വീല്‍ ചെയറില്‍ ഇരുന്നും നിറഞ്ഞ പാല്‍പുഞ്ചിരിയുമായി…ഇവിടുത്തെ 5 മാലാഖ കുട്ടികളുടെ ഹൃദയങ്ങളില്‍ ആദ്യമായി ഈശോയെ സ്വീകരിച്ച ദിവസം.
പലപ്പോഴും ഈ മക്കള്‍ സ്വന്തം ഇടവകകളില്‍പോലും സ്വീകാര്യരല്ല. ഇവരുടെ ഒച്ചയും നടപ്പും ഇരുപ്പും നോട്ടവും എല്ലാം പലര്‍ക്കും അരോചകമാണ്. അതുകൊണ്ട് അവരുടെ ആദ്യ കുര്‍ബാന സ്വീകരണം പലപ്പോഴും വളരെ വൈകിയാണ് നടത്തുക. എന്നാല്‍ എയ്ഞ്ചല്‍സ് വില്ലേജില്‍ അവര്‍ക്കുവേണ്ടി മാത്രം ഒരു പ്രാര്‍ത്ഥനാ ദിനം. ജപമാലയും, ദിവ്യകാരുണ്യ ആരാധനയും കുമ്പസാരവും വിശുദ്ധ കുര്‍ബാനയും ആദ്യകുര്‍ബാന സ്വീകരണവും സൗഖ്യ പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷയും മാതാപിതാക്കളുടെ ഷെയറിങ്ങും എല്ലാംകൂടി ഒരു ആത്മീയ വിരുന്ന്. ഇവിടെ അവരുടെ ഒച്ചയും ബഹളവും മധുര സംഗീതമാണ്.
ഈ മക്കളെ അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ഒരുകൂട്ടം മനുഷ്യ സ്‌നേഹികള്‍ ഇവിടെയുണ്ട്. എയ്ഞ്ചല്‍സ് വില്ലേജ് ഡയറക്ടര്‍ ഫാ. റോയ് മാത്യു വടക്കേല്‍ അച്ചന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റി സേവ്യറിന്റെ കൂടെ 45 സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചേര്‍സ് ഈ മക്കളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമായി ഇവിടെയുണ്ട്.
സ്വന്തം ഭവനത്തിലെ സ്വാതന്ത്ര്യത്തോടെ 150-ഓളം സ്‌പെഷ്യല്‍ കുടുംബങ്ങ ളാണ് ഇവിടെ പുതുതായി പണിത ചപ്പലില്‍ ഒത്തുകൂടിയത്. വിശുദ്ധ ബലി മധ്യേ 5 കുട്ടികള്‍ ആദ്യമായി ഈശോയെ സ്വീകരിച്ചു. ഇവിടെ ഒത്തുകൂടിയ ഓരോരുത്തരുടെയും പ്രാര്‍ത്ഥന ഈ 5 മക്കള്‍ ഈശോയെ സ്വീകരിക്കാന്‍ അവരുടെ വായ് ഒന്ന് തുറക്കണമേ എന്നു മാത്രമായിരുന്നു. അങ്ങനെ അവര്‍ ഈശോ ഉള്ളില്‍ വസിക്കുന്ന മാലാഖാമാരായി! ഏകദേശം 150 കുടുംബങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ ഈ പ്രാര്‍ത്ഥനാ ശുഷ്രൂഷയില്‍ പങ്കെടുത്തു.
ഇനിയുള്ള മാസങ്ങളിലെ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഇതുപോലെ ശുഷ്രൂഷകള്‍ ഉണ്ടായിരിക്കുമെന്ന് എയ്ഞ്ചല്‍സ് വില്ലേജ് ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേലും കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പോസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കലും അറിയിച്ചു. ഉച്ചഭക്ഷണത്തോടെ മടങ്ങാം. ഭിന്നശേഷി കുട്ടികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും, ഈ മേഖലയില്‍ ശുശ്രൂഷ ചെയ്യാന്‍ താല്പര്യമുള്ള ഏവര്‍ക്കും ഇവിടേക്ക് കടന്നുവരാം.
രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങിയ യാതൊരു ചെലവുകളുമില്ല. ഈ എയ്ഞ്ചല്‍സ് കുടുംബ ആത്മീയ സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിന്റെ കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ തെങ്ങുംപള്ളിയുമായി 9495609222 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Leave a Comment
Your email address will not be published. Required fields are marked with *