Follow Us On

27

December

2024

Friday

ദൈവമേ എന്നെ ഓര്‍ക്കണമേ

ദൈവമേ എന്നെ ഓര്‍ക്കണമേ

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

ഏറ്റവും നിസഹായാവസ്ഥയില്‍ ബൈബിളിലെ രണ്ട് വ്യക്തികള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ദൈവമേ, എന്നെ ഓര്‍ക്കണമേ. അകാലത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, മരിക്കാന്‍ ഒരുങ്ങിക്കൊള്ളുക എന്ന ദൈവികസന്ദേശം ലഭിച്ച ബൈബിളിലെ ഒരു വ്യക്തി ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ദൈവമേ, അങ്ങയുടെ മുമ്പില്‍ എത്ര വിശ്വസ്തതയോടെയാണ് ഞാന്‍ നന്മ പ്രവര്‍ത്തിച്ചതെന്ന് ഓര്‍ക്കണമേ.

ആദ്യത്തെയാള്‍ സാംസണ്‍ ആണ്. സാംസണ്‍ വലിയ ശക്തനായിരുന്നു. തന്റെനേരെ അലറിക്കൊണ്ടുവന്ന സിംഹക്കുട്ടിയെ വെറുംകയ്യോടെ പിടിച്ച് ചീന്തിക്കളഞ്ഞവനാണ് (ന്യായാധി.14:5-6). ചത്ത ഒരു കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരംപേരെ കൊന്നവന്‍ ആണ് (ന്യായാധി. 15:15). കര്‍ത്താവിന്റെ കല്‍പനപ്രകാരം സാംസണ്‍ നാസീര്‍വ്രതം എടുത്താണ് ജീവിച്ചിരുന്നത്. നാസീര്‍വ്രതം എടുക്കുന്നവര്‍ താഴെ പറയുന്ന നിയമങ്ങള്‍ അനുസരിക്കണമായിരുന്നു: വീഞ്ഞും ശക്തിയുള്ള ലഹരിപാനീയങ്ങളും ഉപയോഗിക്കരുത്. ഇവയില്‍നിന്ന് ഉണ്ടാക്കിയ വിനാഗിരി ഉപയോഗിക്കരുത്. മുന്തിരിയില്‍നിന്ന് ഉണ്ടാക്കിയ ഒരു പാനീയവും കുടിക്കരുത്. പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരി തിന്നരുത്. മുടി വളര്‍ത്തണം. ക്ഷൗരക്കത്തി തലയില്‍ തൊടരുത്. വിശുദ്ധി പാലിക്കണം.

ഈ നിയമങ്ങളെല്ലാം പാലിച്ച് ശക്തനായി സാംസണ്‍ ജീവിക്കുമ്പോള്‍, ശത്രുക്കളായ ഫിലിസ്ത്യര്‍ അദ്ദേഹം സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയെ ഉപയോഗിച്ച് ചതിയില്‍പെടുത്തി. അവള്‍ സാംസന്റെ ശക്തിയുടെ രഹസ്യം ചോര്‍ത്തിയെടുത്തു. തുടര്‍ന്ന് അവള്‍ അദ്ദേഹത്തെ മടിയില്‍ കിടത്തി ഉറക്കി മുടി മുറിച്ചുകളഞ്ഞു. അതോടെ സാംസന്റെ ശക്തി നഷ്ടപ്പെട്ടു. അവള്‍ ഫിലിസ്ത്യരെ വിളിച്ചുവരുത്തി. അവര്‍ സാംസനെ ചങ്ങലയില്‍ ബന്ധിച്ചു, കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, തടവറയിലാക്കി. അങ്ങനെയിരിക്കെ ഫിലിസ്ത്യപ്രഭുക്കന്മാര്‍ തങ്ങളുടെ ദേവനായ ദാഗോന് ബലിയര്‍പ്പിച്ച് സന്തോഷിക്കാന്‍ ഒത്തുകൂടി. സാംസനെ തങ്ങളുടെ കൈകളില്‍ ഏല്‍പിച്ചത് ദാഗോന്‍ ദേവനാണ് എന്നവര്‍ വിശ്വസിച്ചിരുന്നു. കെട്ടിടത്തിന്റെ തൂണുകളില്‍ പിടിച്ചുകൊണ്ട് സാംസണ്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ദൈവമായ കര്‍ത്താവേ എന്നെ ശക്തനാക്കണമേ. ഒരിക്കല്‍കൂടി ദൈവത്തിന്റെ ശക്തി സാംസനില്‍ നിറഞ്ഞു. അദ്ദേഹം ആ കെട്ടിടം തള്ളി മറിച്ചിട്ടു.

ഇസ്രായേല്‍ക്കാരുടെ ബാബിലോണ്‍ അടിമത്തകാലത്ത് ബാബിലോണില്‍ എത്തിയ വ്യക്തിയാണ് നെഹമിയ. അവിടെ രാജാവിന്റെ പാനപാത്രവാഹകനായി അദ്ദേഹത്തിന് ജോലി കിട്ടി. ജറുസലേമിന്റെ തകര്‍ക്കപ്പെട്ട മതില്‍ പുതുക്കിപ്പണിയാതെ കിടക്കുന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു. അതിനാല്‍ അദ്ദേഹം രാജാവിനോട് അനുവാദം വാങ്ങി ജറുസലേമില്‍ എത്തി മതില്‍ പുതുക്കിപ്പണിതു. വിഗ്രഹാരാധന, അന്യജാതിക്കാരുമായുള്ള വിവാഹം തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയിരുന്ന ജനങ്ങളെ നിയമം വായിച്ചുകേള്‍പ്പിച്ച് പഠിപ്പിച്ച് ഇത്തരം തിന്മകളില്‍നിന്ന് പിന്തിരിപ്പിച്ചു. നിയമം പാലിക്കുന്ന സമൂഹമാക്കി അവരെ മാറ്റി. താന്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ എല്ലാം വിവരിച്ചശേഷം നെഹമിയ തന്റെ ഗ്രന്ഥം അവസാനിപ്പിക്കുന്നത് ഒരു ഒറ്റ വാചകപ്രാര്‍ത്ഥനയോടുകൂടിയാണ്: എന്റെ ദൈവമേ, എന്നെ എന്നും ഓര്‍ക്കണമേ (നെഹമിയ 13:31).

മൂന്നാമത്തെ പ്രാര്‍ത്ഥന നടത്തിയത് ഹെസക്കിയ രാജാവാണ്. 25-ാം വയസില്‍ അദ്ദേഹം രാജാവായി. കര്‍ത്താവിന്റെ മുമ്പില്‍ അദ്ദേഹം നീതിമാന്‍ ആയിരുന്നു (2 ദിനവൃത്താന്തം 29:1-2). അദ്ദേഹം രോഗബാധിതനായി മരണത്തോട് അടുത്തു. ഈ വിവരം അദ്ദേഹത്തെ അറിയിക്കുവാന്‍ കര്‍ത്താവ് ഏശയ്യാ പ്രവാചകനെ പറഞ്ഞയച്ചു. ഏശയ്യാ രാജാവിന്റെ അടുത്തുചെന്ന് പറഞ്ഞു: കര്‍ത്താവ് അരുളിചെയ്യുന്നു: നീ വീട്ടുകാര്യങ്ങള്‍ ക്രമപ്പെടുത്തുക. എന്തെന്നാല്‍ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല. ഇതുകേട്ട ഹെസക്കിയ ദുഃഖിതനായി ചുമരിലേക്ക് മുഖം തിരിച്ച് കര്‍ത്താവിനോട് ഒരു ഒറ്റവാചക പ്രാര്‍ത്ഥന നടത്തി: കര്‍ത്താവേ, ഞാന്‍ എത്ര വിശ്വസ്തമായും ആത്മാര്‍ത്ഥമായുമാണ് അങ്ങയുടെ മുമ്പില്‍ നന്മ പ്രവര്‍ത്തിച്ചത് എന്ന് ഓര്‍ക്കണമേ. പിന്നെ അദ്ദേഹം ദുഃഖത്തോടെ കരഞ്ഞു.
സാംസനും നെഹമിയയും കര്‍ത്താവേ എന്നെ ഓര്‍ക്കണമേ എന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍, ഹെസക്കിയ രാജാവ് നന്മ പ്രവര്‍ത്തിക്കാന്‍ താന്‍ കാണിച്ച വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഓര്‍ക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു. ഈ പ്രാര്‍ത്ഥന നടത്തിയ സാംസനെ കര്‍ത്താവ് വീണ്ടും ശക്തിപ്പെടുത്തി. ഹെസക്കിയ രാജാവിന്റെ പ്രാര്‍ത്ഥന കേട്ട് ദൈവം അദ്ദേഹത്തിന്റെ ആയുസ് 15 വര്‍ഷം നീട്ടിക്കൊടുത്തു. നെഹമിയ പ്രത്യേക അനുഗ്രഹങ്ങള്‍ ഒന്നും ചോദിച്ചില്ല; ഒരു ആവശ്യവും കര്‍ത്താവിന്റെ മുമ്പില്‍ വച്ചില്ല. ഒരു അപേക്ഷമാത്രം: എന്നെ എന്നും ഓര്‍ക്കണമേ.

ശക്തി നഷ്ടപ്പെടുന്ന അവസരങ്ങള്‍ നമുക്കുണ്ട്. പ്രതീക്ഷകളും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ നമുക്കുണ്ട്. ചതിക്കപ്പെടുന്ന അവസ്ഥ നമുക്കുണ്ട്. അധ്വാനിച്ചിട്ടും നിലനില്‍ക്കുന്ന നന്മകള്‍ ഉണ്ടാകാത്ത അവസ്ഥയും, ഗുണഭോക്താക്കള്‍ എല്ലാ മറക്കുന്ന അവസ്ഥയും നമുക്കുണ്ട്. അപ്പോള്‍ മനസ് തളരാം, വിശ്വാസം ക്ഷയിക്കാം, പ്രാര്‍ത്ഥന കുറയാം. മടുപ്പ്, വെറുപ്പ് തുടങ്ങിയവ നമ്മെ പിടികൂടാം.
സഹനത്തിന്റെ, രോഗത്തിന്റെ, തകര്‍ച്ചകളുടെ, ചതിക്കപ്പെട്ട അനുഭവത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ വീണ്ടും നമുക്ക് താങ്ങും തണലുമായി ഉള്ളത് ദൈവമാണ്. ദൈവത്തിനെ ഈ അവസ്ഥയില്‍ നമുക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. അതുകൊണ്ട് സഹനത്തിന്റെ കാലത്ത് നമുക്ക് ദൈവത്തെ കൂടുതല്‍ ആശ്രയിക്കാം, ദൈവം നമ്മെ ശക്തിപ്പെടുത്തും.

താന്‍ ചെയ്ത നന്മകളെ ഓര്‍ക്കണമേ; നന്മ പ്രവര്‍ത്തിക്കാന്‍ എത്ര വിശ്വസ്തതയും ആത്മാര്‍ത്ഥതയും കാണിച്ചുവെന്ന് കര്‍ത്താവേ ഓര്‍ക്കണമേ എന്ന് ഹെസക്കിയ പ്രാര്‍ത്ഥിച്ചത് ഓര്‍മയില്‍ ഉണ്ടാകട്ടെ. അദ്ദേഹം ചെയ്ത നന്മകള്‍, അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് മറുപടി കിട്ടാന്‍ കാരണമായി, ആയുസ് നീട്ടിക്കിട്ടി.
നമ്മളും ചെയ്യുന്ന നന്മകളും നന്മ പ്രവര്‍ത്തിക്കാന്‍ കാണിക്കുന്ന വിശ്വസ്തതയും ആത്മാര്‍ത്ഥതയും ദൈവസന്നിധിയില്‍ വിലപ്പെട്ടതാണ്. സ്വര്‍ഗരാജ്യം കിട്ടാനും ഭൗതികനന്മകള്‍ കിട്ടാനുമെല്ലാം ഇവ കാരണമാകും. ഗലാത്തിയാ ലേഖനം 6:9-10 കുറിക്കട്ടെ: നന്മ ചെയ്യുന്നതില്‍ നമുക്ക് മടുപ്പ് തോന്നാതിരിക്കട്ടെ. എന്തെന്നാല്‍ യഥാകാലം നമുക്ക് അതിന്റെ വിളവ് എടുക്കാം.
ഈ പ്രാര്‍ത്ഥനയ്ക്ക് ഇടയ്ക്കിടക്ക് എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ? ദൈവമേ, എന്നെ ഓര്‍ക്കണമേ!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?