Follow Us On

19

May

2024

Sunday

മുന്തിരിത്തോപ്പില്‍ വൈകിയെത്തിയ വേലക്കാരന്‍

മുന്തിരിത്തോപ്പില്‍  വൈകിയെത്തിയ  വേലക്കാരന്‍

 ജെയിംസ് ഇടയോടി

ദൈര്‍ഘ്യമേറിയ ഒരു പ്രയാണത്തിന്റെ നടുക്കടലില്‍ നിന്നാണ് ദൈവം പൊക്കിയെടുത്ത് തന്റെ മുന്തിരിത്തോപ്പിലെ വേലക്കാരനാക്കിയ ആളാണ് ഫാ. ലിനോയ് ജോസ് തരകന്‍ എസ്.ജെ. മഹാരാഷ്ട്രയിലെ വസായ് സെന്റ് മൈക്കിള്‍സ് ഫൊറോനാ ദൈവാലയത്തിലെ അസി. വികാരിയാണ് ഈ വൈദികന്‍. പ്രശസ്തമായ ഒരു കമ്പനിയുടെ പരിശീലന രംഗത്തെ അതികായകനായും സ്റ്റാഫിനെല്ലാം ഓഡര്‍ കൊടുത്ത് അനുസരിപ്പിക്കുന്ന മേലുദ്യോഗസ്ഥനുമായി പ്രവര്‍ത്തിച്ചിരുന്ന ലിനോയ് ദൈവത്തിന്റെ വേലക്കാരനായി മാറിയ യാത്ര ഏവരെയും സ്പര്‍ശിക്കും.

തൃശൂരിന്റെ മണ്ണില്‍ വേരുപാകിയതും എന്നാല്‍ അനേക വര്‍ഷം മുമ്പേ മഹാരാഷ്ട്രയിലെ വസായില്‍ പ്രവാസജീവിതത്തിന് തുടക്കമിട്ട ജോസ് തരകന്‍-റോസലി ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയ ആളാണ് ഫാ. ലിനോയ് ജോസ്. മൂത്തപെണ്‍കുട്ടി കുടുംബസമേതം ഇപ്പോള്‍ യു.കെ-യില്‍ താമസം.
പത്താം ക്ലാസ് പാസായ ലിനോയ് ഒരു ദൈവവിളി ക്യാമ്പില്‍ പങ്കെടുത്തു. ശേഷം ഡാഡിയെ സമീപിച്ച് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. പിതാവ് പറഞ്ഞു ”ആദ്യം കോളജ് പഠനം. ശേഷം ഇഷ്ടമെങ്കില്‍ വൈദികനാകാന്‍ പോകുക.” ആ മറുപടിയില്‍ ആ അധ്യായം അടക്കപ്പെട്ടു.

”ഇതല്ലാ എന്റെ ദൗത്യം, മറ്റെന്തൊ ആണ് എന്നൊരു ശക്തമായ തോന്നല്‍ എന്റെ അന്തരംഗങ്ങളില്‍ ഒരു മിടിപ്പ് പോലെ അനുഭവപ്പെട്ടിരുന്നു.” ജോലി ലഭിക്കുന്നതിനായിട്ടുള്ള കോഴ്‌സുകളിലൂടെ കടന്നുപോയിട്ടുള്ള കാലങ്ങളിലെല്ലാം തന്റെ അനുഭവങ്ങളെക്കുറിച്ച് ഫാ. ലിനോയ് പറയുന്നത് ഇങ്ങനെയാണ്. ഗ്രാജുവേഷന്റെ പഠനകാലത്തില്‍ ആപ്‌ടെക്ക് എന്ന കമ്പനിയില്‍ ലിനോയ് ജോലി ചെയ്തു. പിന്നീട് പൂനയില്‍ കണ്‍വേര്‍ജന്‍സ് എന്ന കമ്പനിയില്‍ ട്രെയിനിങ്ങ് മാനേജരായി.

”ഉയര്‍ന്ന ശമ്പളവും സൗകര്യങ്ങളും. കഠിനാദ്ധ്വാനംകൊണ്ട് കരുത്തുറ്റ മികവ് തെളിയിച്ചു. പദവികളില്‍ ഉയര്‍ച്ച. പണം, പ്രശസ്തി, ആദരവ് ഒന്നിനും കുറവില്ല. ഈ നേട്ടങ്ങളുടെ മുമ്പിലും മനസില്‍ എവിടെയെല്ലാമോ കടുത്ത ശൂന്യത എന്നെ വല്ലാതെ ഞെരുക്കി. വളരെ ഉത്തരവാദിത്വപ്പെട്ട ജോലി. ഒന്നില്‍ നിന്നും പുറത്ത് കടക്കാന്‍ വയ്യാത്ത അവസ്ഥ”; ഫാ. ലിനോയ് പങ്കുവെച്ചു.

ദൈവത്തിന്റെ ഇടപെടല്‍

അവസാനം ജോലിയുടെ നടുവില്‍ നിന്ന് 15 ദിവസത്തെ അവധിക്ക് വേളാങ്കണ്ണിയിലേക്ക് ലിനോയ് വണ്ടി കയറി. മാതാവിന്റെ ചാപ്പലില്‍ ഇരുന്ന് തന്റെ ദൈവവിളിക്ക് ഒരു അടയാളം തന്ന് സ്ഥിരീകരണം ലഭിക്കാനായി ദിവസങ്ങളോളം കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. അങ്ങനെ ഒരു സുപ്രഭാതത്തില്‍, അള്‍ത്താരയുടെ ഇടതു വശത്ത് ഇലട്രോണിക്ക് ബോര്‍ഡില്‍ ചുവന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ മിന്നി മാറിക്കൊണ്ടിരിക്കുന്നത് നോക്കാന്‍ ശക്തമായ പ്രചോദനം ഉണ്ടായി. കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ‘യേശു എന്നെ വിളിക്കുന്നു’ എന്ന് എഴുതിയ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കണ്ണുകളില്‍ ഉടക്കി. ഈ വാക്കുകള്‍ തന്റെ ഹൃദയത്തില്‍ നന്നായി മുഴങ്ങിക്കേട്ടു. കൃത്യമായ പ്രത്യുത്തരം ലഭിച്ചു. കമ്പനിയില്‍ തിരികെയെത്തി. ഏതാനും മാസത്തെ ജോലികൊണ്ട് ഔദ്യോഗികമായ കാര്യങ്ങള്‍ എല്ലാം കൃത്യമായി പൂര്‍ത്തീകരിച്ച് ലിനോയ് എല്ലാവരോടും യാത്ര പറഞ്ഞു.

ഉയര്‍ന്ന ജോലിയും ശമ്പളവും ദൈവം തന്നതുമൂലം മാതാപിതാക്കളുടെ സംരക്ഷണത്തിനും അവരുടെ തുടര്‍ജീവിതത്തിനും നല്ലൊരു തുക നല്‍കാന്‍ ലിനോയ്ക്ക് സാധിച്ചു. എക മകന്‍ എന്ന നിലയില്‍ തന്റെ ചുമതല നിര്‍വഹിക്കാന്‍ അങ്ങനെ കഴിഞ്ഞു. പത്താം ക്ലാസ് പാസായ ഉടനെ സെമിനാരിയില്‍ ചേര്‍ന്നിരുന്നെങ്കില്‍ മാതാപിതാക്കള്‍ക്ക് ഈ സാമ്പത്തിക സുരക്ഷ നല്‍കാന്‍ കഴിയുമായിരുന്നില്ല. എത്ര ഭംഗിയായിട്ടാണ് ദൈവം തന്റെ ജീവിതത്തെ ക്രമപ്പെടുത്തിയതെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

സ്വയം ചെറുതാകല്‍

”2010-ല്‍ പൗരോഹിത്യജീവിതത്തിലേക്ക് തിരിയുമ്പോള്‍ എനിക്ക് 32 വയസ്.  എന്റെ ഇടവക വൈദികരോടുള്ള ആഭിമുഖ്യം എന്നെ സൊസൈറ്റി ഓഫ് ജീസസ് സന്യാസ സമൂഹത്തിലേക്ക് നയിച്ചു. പ്രീ-നോവിഷ്യേറ്റ് കാലത്തെ ഏറ്റവും സീനിയര്‍ മോസ്റ്റ് ആയ പഠിതാവ്. ഭൂരിഭാഗവും പത്താംക്ലാസ് പാസായി എത്തിയവര്‍. ഈ ജനറേഷന്‍ ഗ്യാപ്പ് എനിക്ക് തുടക്കത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. പ്രശ്‌നക്കാരന്‍ ഞാന്‍ തന്നെ, മറ്റാരുമല്ല. സ്വര്‍ഗാധിസ്വര്‍ഗത്തിന്റെ സമാനതകള്‍ വെടിഞ്ഞ് മണ്ണോളം താഴ്ന്ന് മനുഷ്യരൂപമെടുത്ത ക്രിസ്തുവിനെ തന്നെ ഞാന്‍ കൂട്ടുപിടിച്ചു. അതിവിശുദ്ധമായ പൗരോഹിത്യത്തിന്റെ അതി-ജീവന മന്ത്രങ്ങളായ എളിമയുടെയും ലാളിത്യത്തിന്റെയും അനുസരണത്തിന്റെയും അക്ഷരമാലക്രമം ആത്മാവിന്റെ തലത്തില്‍ അഭ്യസിക്കാന്‍ ഞാന്‍ തുടക്കമിട്ടു. പൗരോഹിത്യത്തിന്റെ അസ്തിത്വവും ഇതുതന്നെ. അതിന്റെ ഒന്നാം പാഠം മുതല്‍ ബാക്കി വൈദികനായശേഷം ഇപ്പോഴും പഠനം തുടരുന്നു” ഫാ. ലിനോയ് ജോസ് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.

”പരസ്പര വിരുദ്ധങ്ങളായ രണ്ട് വ്യത്യസ്ഥ തലങ്ങളില്‍- ഭൗതികതയില്‍ നിന്നുള്ള വിടുതലും-ആത്മീയതയിലേക്കുള്ള ലയനവുമാണ് ഞാന്‍ അനുഭവിക്കുന്നത്. ക്രിസ്തുവിനെ കൂട്ടുപിടിച്ചതുകൊണ്ട് ദൈര്‍ഘ്യമേറിയ വൈദികപരിശീലനകാലം ഭൗതിക അറിവുകളെ എല്ലാം അതിശയിക്കുന്ന പ്രബുദ്ധതയുടെയും പ്രബോധനങ്ങളുടെയും ദൈവികജ്ഞാനത്തിന്റെയും വസന്തകാലമായിരുന്നു എനിക്ക്. പരിമളവാഹികളായ സുകൃതപുഷ്പങ്ങള്‍ എന്നില്‍ മൊട്ടിടുന്ന അവസ്ഥ. എന്നെ സംബന്ധിച്ചിടത്തോളം ബിസിനസ് ക്രയവിക്രയങ്ങളുടെ തല മരവിക്കുന്ന വമ്പന്‍ ഇടപാടുകളില്‍നിന്ന് ഹൃദയഗന്ധിയായ ഇഗ്നേഷ്യന്‍ ആത്മീയതയുടെ അഗാധതലങ്ങളിലേക്ക് ഒരു കഠിനപ്രയാണം. ശരിയാംവണ്ണം ഞാനത് ആസ്വദിച്ചു.

ഇപ്പോഴും നവ വൈദികന്‍ എന്ന നിലയില്‍ ഉടച്ച് വാര്‍ക്കലുകള്‍ വ്യക്തിപരമായി വിവിധ തലങ്ങളില്‍ നേരിടുന്നു. ഒരു സാധാരണ വൈദിക വിദ്യാര്‍ത്ഥിക്ക് പ്യൂപ്പ ദിശയില്‍ നിന്നും ചിത്രശലഭത്തിലേക്കുള്ള പരിണാമം സ്വഭാവികമാണ്. എന്നാല്‍ സര്‍വ്വ സ്വാതന്ത്ര്യങ്ങളുടേയും അധികാരത്തിന്റെയും അനന്തവിഹായസില്‍ നിന്ന് നിയതമായ നിയമങ്ങളുടെ ചട്ടക്കൂടുകളിലേക്ക് ഒരു ചുരുങ്ങിക്കൂടല്‍….!!! അല്ലെങ്കില്‍- വിപരീത ദിശയില്‍ ചിത്രശലഭത്തില്‍ നിന്ന് പ്യൂപ്പയിലേക്കുള്ള മറിച്ചുള്ള ഒരു രൂപമാറ്റം; സമുന്നതമായ ഒരു ലക്ഷ്യത്തിന് വേണ്ടിയെങ്കിലും … അതിന് വലിയ നൊമ്പരമുണ്ട്. മുറിക്കപ്പെടലുണ്ട്, പക്ഷേ ദൈവത്തിന് എല്ലാം സാധ്യമാണ്. തെല്ലും പരിഭവവുമില്ല കാരണം കരം പിടിക്കുന്ന കര്‍ത്താവിന്റെ കരുതല്‍ എന്റെ കൂട്ടിനുണ്ട്. അതുകൊണ്ട് എല്ലാ വ്യഥകളും; കര്‍ത്താവിന്റെ കാല്‍വരി യാഗത്തിന് എന്റെ സമര്‍പ്പണമായി ഞാന്‍ ആസ്വദിച്ചു.” ഫാ. ലിനോയ് പറഞ്ഞു.

ദു:ഖവാര്‍ത്ത

2016-ല്‍ ഫാ. ലിനോയ്‌യുടെ പിതാവ് കാന്‍സര്‍ രോഗിയായത് അദ്ദേഹത്തെ വല്ലാതെ അലട്ടി. ”ഞാന്‍ ആകെ തകര്‍ന്നുനിന്ന നിമിഷം. ഡാഡിയെ നോക്കാന്‍ മറ്റാരുമില്ല. ഡാഡിയുടെ ചികില്‍സാ സംബന്ധമായുള്ള നെട്ടോട്ടം. വെല്ലുവിളികളും പ്രതിസന്ധികളും ഒന്നിന് മീതേ ഓരോന്ന്. മമ്മി ഒരു വീട്ടമ്മ മാത്രമാണ്. സഹോദരി ഇംഗ്ലണ്ടിലും. സഹായിക്കാന്‍ ആരുമില്ല. 2018 ഒക്‌ടോബറില്‍ എന്റെ കരങ്ങളില്‍ കിടന്ന് ഡാഡിയുടെ ആത്മാവ് സ്വര്‍ഗത്തിലേക്ക് പറന്നു. പിതാവിന്റെ മരണശേഷം മമ്മിയുടെ സുരക്ഷിതത്വമാണ് ഞാന്‍ നേരിട്ട വലിയ പ്രശ്‌നം. ഞാന്‍ ജനിച്ച് വളര്‍ന്ന ഫ്ലാറ്റിൽ തന്നെ ക്രമീകരണങ്ങള്‍ നടത്തി. ഏത് സാഹചര്യങ്ങളെയും അതിജീവിച്ച് സംരക്ഷണം നല്‍കാന്‍ എന്റെ ദൈവത്തിന് കഴിയുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു. എന്റെ ചിന്തകള്‍ പൂര്‍വ്വകാലത്തിലേക്ക് പോയി. ദൈവം എല്ലാം വളരെ കൃത്യമായി പ്ലാന്‍ ചെയ്തതുപോലെ. ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞ് ഉടനെ സെമിനാരിയില്‍ ചേര്‍ന്നിരുന്നെങ്കില്‍ ഡാഡിയുടെ മരണത്തോടെ എന്റെ വൈദികപഠനവും അവസാനിപ്പിക്കേണ്ടി വന്നേനെ. എല്ലാം ദൈവത്തിന്റെ മഹാകാരുണ്യം, കരുതല്‍” ; അദ്ദേഹം ചൂണ്ടിക്കാട്ടി.

പൗരോഹിത്യത്തിലേക്ക്

43-ാം വയസില്‍ 2021 ജനുവരി 2-നാണ് ഫാ. ലിനോയ് വൈദികപട്ടം സ്വീകരിച്ച് ഈശോസഭ സന്യാസ സമൂഹത്തിലെ അംഗമായത്. അതിന് സാക്ഷിയാകാന്‍ തന്റെ ഡാഡിയില്ലാത്തത് അദ്ദേഹത്തിന് വിഷമമായിരുന്നു. മേലധികാരികളിലൂടെയാണ് ദൈവവിളിക്കുള്ളിലെ ദൈവഹിതം അദ്ദേഹം കണ്ടെത്തുന്നത്. കൃത്യമായ അര്‍ത്ഥത്തില്‍ ആ ശൈശവത്വ മനോഭാവമാണ് സമര്‍പ്പിത ജീവിതത്തിന്റെ കാതലെന്ന് അദ്ദേഹം പറയുന്നു. പ്രൊവിന്‍ഷ്യലിന്റെ നിര്‍ദേശമനുസരിച്ച് അടുത്ത അധ്യായന വര്‍ഷം മുതല്‍ എം.എസ്.ഡബ്ലിയു പഠനം തുടങ്ങുകയാണ്. വൈകിയ ദൈവവിളിയുടെ; വൈഷമ്യങ്ങള്‍ ദൈവകൃപകൊണ്ട് ഫാ. ലിനോയ് അതിജീവിച്ചു. ആ പ്രതിസന്ധികള്‍ കര്‍ത്താവിങ്കലേക്ക് അടുപ്പിച്ചുവെന്നും അവ തന്നെ വളര്‍ത്തിയെന്നും ഫാ. ലിനോയ് ജോസ് തരകന്‍ എസ്.ജെ പറയുന്നു.
ലിനോയ് അച്ചന്റെ വിവിധ ഭാഷകളിലെ ഭക്തിനിര്‍ഭരമായ ദിവ്യബലികളില്‍ വിശ്വാസിസമൂഹം സ്വര്‍ഗത്തിലെ ദൈവത്തെ നേരില്‍ കണ്ട് ആരാധിക്കുന്ന അനുഭൂതിയുണ്ട്. ദിവ്യകാരുണ്യഅസ്തിത്വവുമായി വ്യക്തിപരമായി ഇഴുകി ചേരാത്ത ഒരു ദിവസവും ഈ പുരോഹിതന്റെ ജീവിതത്തിലില്ല. അനുഭവസമ്പത്തിലും പ്രവൃത്തിപരിചയത്തിലും പ്രായോഗികതയിലും വ്യത്യസ്ഥ ഐക്കണായ ഫാ. ലിനോയ് ജോസ് തരകന്‍ എസ്.ജെ സഭയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടാകുമെന്നതിന് സംശയമില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?