ജോസഫ് മൈക്കിള്‍
യുകെയിലെ ബെര്‍മിംഗ്ഹാമില്‍ നടക്കുന്ന ഏകദിന ധ്യാനത്തെക്കുറിച്ചുള്ള അറിയിപ്പ് നല്‍കുന്നതിനായിരുന്നു ഇംഗ്ലീഷുകാരിയുടെ വീട്ടില്‍ ലീഫ്‌ലെറ്റ് ഇട്ടത്. അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞായിരുന്നു അവരുടെ താമസം. പ്രോഗ്രാമിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് താല്പര്യം തോന്നി. അതിനുശേഷം ആ സെന്ററില്‍ നടക്കുന്ന മറ്റു പ്രോഗ്രാമുകളിലും സംബന്ധിക്കാന്‍ തുടങ്ങി. വിവാഹമോചനത്തിന്റെ വക്കില്‍ നിന്നും ദമ്പതികള്‍ വീണ്ടും ഒന്നിച്ചു. തുടര്‍ന്ന് 10 ദിവസം താമസിച്ചുള്ള ധ്യാനത്തില്‍ കുടുംബസമേതം പങ്കെടുത്തു. ഉന്നത പദവി വഹിച്ചിരുന്ന അവര്‍ ജോലി രാജിവച്ച് പിന്നീട് മുഴുവന്‍ സമയ ശുശ്രൂഷകയായി. ബെര്‍മിംഗ്ഹാം രൂപതയില്‍ ജിപ്‌സികള്‍ക്കായി നടത്തുന്ന ശുശ്രൂഷകളുടെ ചുമതല ബിഷപ് ഇപ്പോള്‍ ഏല്പിച്ചിരിക്കുന്നത് അവരെയാണ്.
ബെര്‍മിംഗ്ഹാമിലെ ശുശ്രൂഷകള്‍ക്ക് തുടക്കംകുറിച്ചതും ആ ധ്യാനം നയിച്ചതും ഫാ. സോജി ഓലിക്കലായിരുന്നു. ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ ഈ വൈദികനുണ്ട്. 2009 മുതല്‍ 2020 വരെയുള്ള 11 വര്‍ഷക്കാലമായിരുന്നു യുകെയിലെ അദ്ദേഹത്തിന്റെ ശുശ്രൂഷകള്‍. വിശ്വാസം തണുത്തുറഞ്ഞുപോയ ഒരു ദേശത്ത് യുവജനങ്ങളുടെയും കൗമാരക്കാരുടെയും ഇടയില്‍ പുതിയ ഉണര്‍വ് സൃഷ്ടിക്കാന്‍ സോജിയച്ചന് കഴിഞ്ഞു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നടത്തുന്ന ശുശ്രൂഷകളില്‍ 1000-ത്തോളം പേര്‍ പങ്കെടുത്തിരുന്നു എന്നത് യുകെയിലെ സാഹചര്യത്തില്‍ ചെറിയ കാര്യമില്ല. സോജിയച്ചന്റെ യുകെയിലെ ശുശ്രൂഷകളിലൂടെ വളര്‍ന്നവരില്‍ രണ്ടു പേര്‍ ഇപ്പോള്‍ വൈദികരും നാല് പേര്‍ സെമിനാരി വിദ്യാര്‍ത്ഥികളുമാണ്.
യുകെയില്‍നിന്നും തിരിച്ചെത്തിയപ്പോള്‍ പഞ്ചാബ് മിഷനിലേക്കായിരുന്നു അടുത്ത നിയോഗം. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി ഫാ. സോജി ഓലിക്കല്‍ ചുമതല ഏറ്റെടുത്തത് നാലു മാസങ്ങള്‍ക്കുമുമ്പാണ്. യുകെയിലെ അനുഭവങ്ങളും കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തില്‍ കാലികമായി ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചും സണ്‍ഡേ ശാലോമിനോടു മനസുതുറക്കുകയാണ് ഫാ. സോജി ഓലിക്കല്‍.
? യുവജനങ്ങള്‍ വിശ്വാസത്തില്‍നിന്ന് അകലുന്നു എന്നു പറയുന്ന കാലത്ത് യുകെയില്‍ യുവജനങ്ങളുടെ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചത് എങ്ങനെയാണ്
യുകെയില്‍ എത്തി അധികം കഴിയുന്നതിനുമുമ്പ് സീറോമലബാര്‍ സഭയുടെ ഒരു സെന്ററില്‍ കുട്ടികളെ കാണുന്നതിനുവേണ്ടി നില്ക്കുകയായിരുന്നു. കുര്‍ബാനയ്ക്കുവരുന്ന കൗമാരക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. കൂട്ടുകാര്‍ വരാത്തതിന്റെ കാരണം തിരക്കിയപ്പോള്‍ ലഭിച്ച മറുപടി വലിയ വിഷമം ഉണ്ടാക്കി. സീറോമലബാര്‍ കുര്‍ബാനയക്ക് സമയം കൂടുതലാണ്, വിരസത ജനിപ്പിക്കുന്നു… എന്നൊക്കെയായിരുന്നു അവരുടെ ഉത്തരങ്ങള്‍. ഈ പ്രശ്‌നത്തിന് പരിഹാരം തേടി പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു.
10 ദിവസം മാറിയിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള ഒരു ബോധ്യം ലഭിച്ചു. ടീമായി പ്രാര്‍ത്ഥിക്കാനാണ് ദൈവാത്മാവ് പ്രചോദിപ്പിച്ചത്. 10 ദിവസത്തെ പ്രാര്‍ത്ഥനയെക്കുറിച്ച് അറിയിപ്പു നല്‍കിയപ്പോള്‍ പ്രതീക്ഷകള്‍ക്കപ്പുറം 300 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഒമ്പതാം ദിവസം ജപമാലചൊല്ലുന്നതിനിടയില്‍ സുഗന്ധാഭിഷേകവും വലിയ അടയാളങ്ങളും സംഭവിച്ചു. കുട്ടികള്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യണമെന്ന് ബോധ്യം ലഭിച്ചത് അവിടെവച്ചായിരുന്നു. പിന്നീട് യുവജനങ്ങള്‍ക്കായുള്ള ശുശ്രൂഷകള്‍ ആരംഭിച്ചു. തുടര്‍ന്ന് യുകെയുടെ പലഭാഗങ്ങളില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രോഗ്രാമുകള്‍ നടത്തി. ഇംഗ്ലീഷുകാരായ കുട്ടികളും പങ്കെടുക്കാന്‍ തുടങ്ങി. ഇപ്പോഴും ആ ശുശ്രൂഷകള്‍ അവിടെ നല്ല രീതിയില്‍ നടക്കുന്നുണ്ട്.
? യുകെയിലെ തദ്ദേശീയരായ കുട്ടികളെ എങ്ങനെയാണ് ധ്യാനത്തിലേക്ക് ആകര്‍ഷിച്ചത്
പ്രോഗ്രാമുകളില്‍ പങ്കെടുത്ത മലയാളികളായ കൗമാരക്കാര്‍ സ്‌കൂളുകളില്‍ പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ ആരംഭിച്ചു. വെള്ളിയാഴ്ചകളില്‍ ഉപവാസമെടുത്ത് പ്രാര്‍ത്ഥിക്കുന്ന കുട്ടികള്‍വരെ ഉണ്ടായിരുന്നു.
ഇതറിഞ്ഞ അധ്യാപകര്‍ ഇംഗ്ലീഷുകാരായ കുട്ടികള്‍ക്ക് ധ്യാനം നടത്താന്‍ ആവശ്യപ്പെട്ടു. ആദ്യകുര്‍ബാന സ്വീകരണത്തിനുശേഷം ദൈവാലയത്തില്‍ പോകാത്തവരും വിശുദ്ധ കുര്‍ബാന സ്വീകരിക്കാത്തവരുമായിരുന്നു അവരില്‍ പലരും. അവര്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. കുട്ടികളുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ കണ്ട് അവരുടെ മാതാപിതാക്കള്‍ ധ്യാനത്തിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കാന്‍ തുടങ്ങി.
? യുകെയില്‍ തദ്ദേശീയരെ വിശ്വാസ ത്തില്‍ വളര്‍ത്താന്‍ മലയാളി സമൂഹത്തിനു കഴിയുന്നുണ്ടോ
വിശ്വാസവും തീക്ഷ്ണതയുമുള്ള മലയാളികള്‍ തദ്ദേശീയരുടെ വിശ്വാസത്തെ വളര്‍ത്തുന്നുണ്ട്. മലയാളികള്‍ സ്ഥിരമായി ദൈവാലയത്തില്‍ പോകുന്നതും പ്രാര്‍ത്ഥിക്കുന്നതും ആത്മീയ കാര്യങ്ങളില്‍ ഇടപെടുന്നതും ഇംഗ്ലീഷുകാരെ ആകര്‍ഷിക്കുന്നു. ആളുകള്‍ ചെല്ലാത്തതുമൂലം അടയ്ക്കാന്‍ തീരുമാനിച്ചിരുന്ന ദൈവാലയങ്ങളില്‍ മലയാളികള്‍ എത്തി, വിശ്വാസികളെക്കൊണ്ടു ദൈവാലയങ്ങള്‍ നിറഞ്ഞ സംഭവങ്ങളുണ്ട്. അതുമാത്രമല്ല, അതിനുശേഷം ആ ദൈവാലയങ്ങള്‍ പുതുക്കിപ്പണിതു. വിശ്വാസത്തില്‍ മലയാളികളെക്കാളും ഒരുപടികൂടി മുമ്പിലാണ് ഗോവയില്‍നിന്നും എത്തുന്നവര്‍.
? ഇംഗ്ലണ്ടിലെ ഇടവക വൈദികര്‍ തദ്ദേശീയരാണോ, പുതിയ തലമുറ യില്‍നിന്നും സമര്‍പ്പിത ദൈവവിളി കള്‍ ഉണ്ടാകുന്നുണ്ടോ
ഭൂരിഭാഗം വൈദികരും ഇംഗ്ലീഷുകാരാണ്. ആഫ്രിക്കക്കാരും ഏഷ്യക്കാരുമായ വൈദികരുമുണ്ട്. ഉന്നത പദവികള്‍ വേണ്ടെന്നുവച്ച് വൈദികരാകുന്നവരുടെ എണ്ണം യുകെയില്‍ വര്‍ധിക്കുകയാണ്. ചാര്‍ട്ടേട് അക്കൗണ്ടന്റ് പദവി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന ഒരു വൈദികനെ അറിയാം. അദ്ദേഹം മെഡ്ജുഗോറിയയില്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത് ഉണ്ടായ ദൈവാനുഭവമാണ് സെമിനാരിയില്‍ ചേരാന്‍ കാരണമായത്. ഇതുപോലെ ശക്തമായ സമര്‍പ്പിത ദൈവവിളികള്‍ അവിടെ ഉണ്ടാകുന്നുണ്ട്.
? കരിസ്മാറ്റിക് നവീകരണത്തിലേക്ക് അച്ചന്‍ എത്തിയത് എങ്ങനെയായിരുന്നു
കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ പഠിക്കുമ്പോഴാണ് നവീകരണത്തിലേക്ക് വന്നത്. ബ്രദര്‍ തോമസ് പോള്‍ സെമിനാരിക്കാര്‍ക്കുവേണ്ടി നടത്തിയ അഞ്ചു ദിവസത്തെ ധ്യാനം ജീവിതത്തെ മാറ്റിമറിക്കുന്നതായി. വിശുദ്ധ കുര്‍ബാന അനുഭവമായി മാറിയത് ധ്യാനത്തിലൂടെയായിരുന്നു. മറ്റൊന്ന് അതിലൂടെ ലഭിച്ച വചനാഭിഷേകമാണ്. വചനം എഴുതിപ്പഠിക്കുക, കാണാതെ പഠിക്കുക എന്നതൊക്കെ ആനന്ദമായി. ഫിലോസഫി കാലത്ത് ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു. വചനവായന ആരംഭിച്ചതുമുതല്‍ പഠനത്തിലും മുമ്പിലെത്തി. സെമിനാരിക്കാലത്തുതന്നെ കുട്ടികള്‍ക്കുള്ള ധ്യാനങ്ങള്‍ നടത്താന്‍ തുടങ്ങി. 2001-ല്‍ ഡിസംബറില്‍ പൗരോഹിത്യം സ്വീകരിച്ചു. ആദ്യ ഉത്തരവാദിത്വം അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം കോയമ്പത്തൂരില്‍ ഇടവക വികാരിയായി സ്ഥലം മാറ്റം ലഭിച്ചു. തുടര്‍ന്ന് 2009 ഓഗസ്റ്റില്‍ യുകെയിലേക്ക് പോയി.
? 12 വര്‍ഷം വേദപാഠം പഠിച്ച കുട്ടികള്‍ വിശ്വാസം ഉപേക്ഷിച്ചു മറ്റുപലതിന്റെ പിന്നാലെ പോകുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ദീര്‍ഘകാലം യുവജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചൊരാള്‍ എന്ന നിലയില്‍ എങ്ങനെയാണ് ഇതിനെ വിലയിരുത്തുന്നത്
പഠനങ്ങള്‍ ബുദ്ധിയുടെ തലത്തില്‍നിന്നും ഹൃദയത്തിലേക്ക് വരാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ആഴമേറിയ ദൈവ വിശ്വാസം ഉണ്ടാകുക എന്നതാണ് പ്രധാനം. അതു ലഭിക്കാതെ വരുമ്പോഴാണ് വിശ്വാസം ഉപേക്ഷിക്കുന്നത്. ദൈവാനുഭവം ലഭിക്കുന്ന രീതിയില്‍ ധ്യാനങ്ങള്‍ വേദപാഠത്തിന്റെ ഭാഗമാകണം. കുട്ടികള്‍ക്ക് ദൈവാനുഭവം ലഭിക്കുന്ന രീതിയിലുള്ള മറ്റു ശുശ്രൂഷകളും ഒരുക്കണം.
? അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിന്റെ പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ്. അതിനാല്‍ത്തന്നെ ഇപ്പോള്‍ വഹിക്കുന്ന ചുമതലയും വലുതാണ്. എങ്ങനെയാണ് ഈ ഉത്തരവാദിത്വത്തെ കാണുന്നത്
പാലക്കാട് രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ വട്ടായിലച്ചന്‍ ആരംഭിച്ച് പരിശുദ്ധാത്മാവ് നയിച്ചുകൊണ്ടിരിക്കുന്ന ഒരു ശുശ്രൂഷയാണ് സെഹിയോന്‍ ധ്യാനകേന്ദ്രം. വൈദികരുടെ ഒരു ടീമുണ്ട്. കോര്‍ഡിനേഷന്‍ നിര്‍വഹിക്കേണ്ടതു മാത്രമേയുള്ളൂ.
? സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ പുതിയ ശുശ്രൂഷകള്‍ അടുത്ത കാലത്ത് ആരംഭിച്ചിട്ടുണ്ടോ
എല്ലാ രണ്ടാം ശനിയാഴ്ചകളിലും കുട്ടികള്‍ക്കുമാത്രമായുള്ള ഏകദിന ധ്യാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ള വചനശുശ്രൂഷ, കുമ്പസാരം, ഷെയറിംഗ് തുടങ്ങിയവയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ എല്ലാ മാസവും പങ്കെടുക്കുന്നു. കൂടാതെ അവധിക്കാലങ്ങളില്‍ കുട്ടികള്‍ക്കുള്ള ധ്യാനങ്ങളും തുടങ്ങിയിട്ടുണ്ട്. സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ഇപ്പോള്‍ രണ്ടു സെന്ററുകളാണ് ഉള്ളത്. സെഹിയോന്‍ ധ്യാനകേന്ദ്രവും തൊട്ടടുത്തുള്ള കല്‍ക്കുരിശുമലയും. കല്‍ക്കുരിശുമലയില്‍ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ഏകദിന ധ്യാനങ്ങളുണ്ട്. സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ താമസിച്ചുള്ള ധ്യാനങ്ങള്‍ക്കുപുറമെ എല്ലാ വെള്ളിയാഴ്ചകളിലും ഏകദിന ധ്യാനങ്ങളുണ്ട്. ആദ്യ വെള്ളിയാഴ്ചകളിലെ ശുശ്രൂഷകള്‍ക്ക് ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനാണ് നേതൃത്വം നല്‍കുന്നത്.
? ഒരു കാലഘട്ടത്തില്‍ ബൈബിള്‍ കണ്‍വന്‍ഷനുകള്‍ കേരളത്തില്‍ എല്ലായിടത്തും ഉണ്ടായിരുന്നു. പഴയതുപോലെ ബൈബിള്‍ കണ്‍വന്‍ഷനുകള്‍ സജീവമാകണമെന്ന് കരുതുന്നുണ്ടോ
കോവിഡിനുശേഷം ബൈബിള്‍ കണ്‍വന്‍ഷനുകള്‍ സജീവമാകുന്നുണ്ട്. കോവിഡിന്റെ കാലത്ത് ആത്മീയ മേഖലകളില്‍ തളര്‍ച്ച സംഭവിച്ചിട്ടുണ്ടെങ്കിലും ആത്മീയ വളര്‍ച്ചയ്ക്ക് അക്കാലത്തെ പ്രയോജനപ്പെടുത്തിയവരും ഉണ്ട്. പ്രാര്‍ത്ഥനയിലും കൃപയിലും വളര്‍ന്നവരുണ്ട്. വീട്ടിലിരുന്ന രണ്ടു വര്‍ഷങ്ങള്‍ മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കുവേണ്ടി മാറ്റിവച്ചെന്നു പറയുന്ന ശുശ്രൂഷകരെയും കണ്ടിട്ടുണ്ട്. അധ്യാപനം പോലുള്ള ഉത്തരവാദിത്വം വഹിക്കുന്ന പല സമര്‍പ്പിതരും ഇക്കാലം പ്രാര്‍ത്ഥനയ്ക്കായി നീക്കിവച്ചതറിയാം.
? നവീകരണ മുന്നേറ്റം കൂടുതല്‍ ശക്തിപ്പെടണമെന്ന് അങ്ങേയ്ക്കു തോന്നിയിട്ടുണ്ടോ
സുവിശേഷവല്ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. യേശുവിനെപ്പറ്റി കേള്‍ക്കാത്തവരും അറിയാത്തവരുമായ അനേകര്‍ ഇപ്പോഴുമുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറയുന്നത് വിശ്വാസം പകര്‍ന്നുകൊടുക്കുമ്പോഴാണ് വിശ്വാസത്തിന് ശക്തി ലഭിക്കുന്നതെന്നാണ്. ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നതിനൊപ്പം വിശ്വാസം പകരാനും കഴിയണം. പലവിധത്തില്‍ യേശുവിനെ പകര്‍ന്നുനല്‍കാന്‍ കഴിയും.
? വടക്കേ ഇന്ത്യയില്‍ സുവിശേഷ പ്രഘോഷണത്തിന് ഇപ്പോള്‍ നിരവധി തടസങ്ങള്‍ ഉയരുകയാണല്ലോ. എങ്ങനെ ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയും
വടക്കേന്ത്യന്‍ ഗ്രാമങ്ങള്‍ സുവിശേഷത്തിനുവേണ്ടി കൊതിക്കുകയാണ്. തീഷ്ണതയുള്ളവര്‍ വടക്കേന്ത്യയില്‍ പോയാല്‍ ധാരാളം പേരെ യേശുവിനായി നേടാന്‍ കഴിയും. അവിടെ പോയി സുവിശേഷം പ്രസംഗിച്ചും മധ്യസ്ഥ പ്രാര്‍ത്ഥന നടത്തിയും ആ മിഷനില്‍ പങ്കുചേരാം.
? കുട്ടികളെയും യുവജനങ്ങളെയും കേന്ദ്രീകരിച്ചുള്ള കൂടുതല്‍ ശുശ്രൂഷകള്‍ വേണമെന്നു തോന്നുന്നുണ്ടോ
കുട്ടികളെ കൂടുതല്‍ ഗൗരവത്തോടെ കാണണം. അവരെ വിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശുശ്രൂഷകള്‍ ആവശ്യമാണ്. പ്രാര്‍ത്ഥനയില്‍ വളരാനുള്ള അവസരം സൃഷ്ടിക്കണം. അങ്ങനെയുള്ള അവസരം ലഭിച്ചാല്‍ അതു പ്രയോജനപ്പെടുത്തുന്ന ധാരാളം കുട്ടികള്‍ ഉണ്ടാകും. യുവജനങ്ങള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷകള്‍ വളരെ പ്രധാനപ്പെട്ടതാണ്. യുവജനങ്ങള്‍ പ്രാര്‍ത്ഥനാനുഭവത്തിലേക്ക് വന്നാല്‍ ഇടവകകള്‍ സജീവമാകും.
? യുവജന ധ്യാനങ്ങളില്‍ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വേണമെന്നു തോന്നിയിട്ടുണ്ടോ
പരിശുദ്ധാത്മാവിന്റെ അഭിഷേകം വന്നുകഴിഞ്ഞാല്‍ പ്രാര്‍ത്ഥന അനുഭവമായി മാറും. ടെക്‌നിക്കുകള്‍കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. പരിശുദ്ധാത്മാവിന്റെ നിറവും അഭിഷേകവും അവര്‍ക്ക് ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
പാലക്കാട്, കാഞ്ഞിരപ്പുഴ, ഓലിക്കല്‍ മാത്യു-ത്രേസ്യാമ്മ ദമ്പതികളുടെ നാല് മക്കളില്‍ മൂത്തമകനാണ് ഫാ. സോജി ഓലിക്കല്‍. രണ്ടു സഹോദരന്‍മാരും ഒരു സഹോദരിയുമാണ്. സോജിയച്ചന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിന് പോയിരുന്നു. ധ്യാനം കഴിഞ്ഞ് തിരിച്ചുവന്നതുമുതല്‍ വീട്ടിലെ പ്രാര്‍ത്ഥനയുടെ രീതികള്‍ ആകെ മാറി. ജപമാല, സ്തുതിപ്പ്, ബൈബിള്‍ വായന… തുടങ്ങിയ എല്ലാറ്റിനും പുതിയ കാഴ്ചപ്പാടുവന്നു. മറ്റു പ്രാര്‍ത്ഥനകളും ഹൃദയത്തെ സ്പര്‍ശിക്കുന്ന വിധത്തിലേക്ക് മാറി. വൈദികനാകണമെന്ന ആഗ്രഹത്തെ വീട്ടിലെ അന്തരീക്ഷം പരിപോഷിപ്പിച്ചുവെന്ന് സോജിയച്ചന്‍ പറയുന്നു.
സുവിശേഷത്തിന് മുമ്പില്‍ ഉയരുന്ന തടസങ്ങളെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെയാണ് ഫാ. സോജി ഓലിക്കല്‍ കാണുന്നത്. എല്ലാക്കാലത്തും സുവിശേഷം പറയുന്നതിന് നിയന്ത്രണങ്ങളുണ്ട്. ആദിമസഭയില്‍ പീഡനങ്ങള്‍ ഉണ്ടായപ്പോള്‍ പീഡനങ്ങള്‍ അവസാനിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിച്ചില്ല. മറിച്ച്, യേശുക്രിസ്തുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നതിനായിട്ടാണ് പ്രാര്‍ത്ഥിച്ചത്. യേശുവിന്റെ നാമത്തിന്റെ ശക്തി വെളിപ്പെടാന്‍വേണ്ടി പ്രാര്‍ത്ഥിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ ദൈവം ഇടപെടുകതന്നെ ചെയ്യും. സുവിശേഷ പ്രഘോഷണത്തിന്റെ മുമ്പില്‍ ഉയര്‍ത്തപ്പെടുന്ന തടസങ്ങളെ കണ്ട് ഭയപ്പെടേണ്ടതില്ലെന്നാണ് ഫാ. സോജി ഓലിക്കലിന്റെ വാക്കുകള്‍.
Leave a Comment
Your email address will not be published. Required fields are marked with *