Follow Us On

23

January

2025

Thursday

പെരുകുന്ന ആത്മഹത്യകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

പെരുകുന്ന ആത്മഹത്യകള്‍  ഉയര്‍ത്തുന്ന വെല്ലുവിളികള്‍

 ഡോ. സിബി മാത്യൂസ്
(ലേഖകന്‍ മുന്‍ ഡിജിപിയാണ്).

സെപ്റ്റംബര്‍ മാസം ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം, ആത്മഹത്യാ പ്രതിരോധമാസമായി ലോകരാജ്യങ്ങള്‍ ആചരിച്ചിരുന്നു. മനുഷ്യരാശിയുടെ ഭാവിക്കും നിലനില്‍പ്പിനുതന്നെയും ഭീഷണിയാവുന്ന ദുരന്തങ്ങളില്‍ ഒന്നായിട്ടാണ് ആത്മഹത്യാവിപത്തിനെ ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. ‘പ്രവര്‍ത്തനത്തിലൂടെ പ്രത്യാശ പകരുക’ എന്നതായിരുന്നു ഇതിനെ പ്രതിരോധിക്കുവാന്‍ ഉയര്‍ത്തിയ മുദ്രാവാക്യം.

ഭാരതവും കേരളവും ശ്രദ്ധിക്കണം
പ്രതിവര്‍ഷം എട്ടുലക്ഷത്തില്‍പരം വിലപ്പെട്ട മനുഷ്യജീവനുകളാണ് ‘ആത്മഹത്യ’ എന്ന ദുരന്തത്തിലൂടെ ലോകത്ത് നഷ്ടപ്പെടുന്നത്. ഇതില്‍ ഉദ്ദേശം അറുപതു ശതമാനം അമ്പതു വയസിനുതാഴെ, പ്രവര്‍ത്തനശേഷിയും കാര്യക്ഷമതയുമുള്ള പ്രായക്കാരാണ് എന്നത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു. 2021 -ല്‍ ഭാരതത്തിലാകമാനം ആത്മഹത്യ ചെയ്തവരുടെ എണ്ണം 1,64,033 ആയിരുന്നു. ലോകരാജ്യങ്ങളില്‍ ആകെ സംഭവിച്ചതിന്റെ 20.5 ശതമാനം. മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക എന്നീ അഞ്ചു സംസ്ഥാനങ്ങളാണ് ആത്മഹത്യകളുടെ കാര്യത്തില്‍ എണ്ണംകൊണ്ട് മുമ്പില്‍. എന്നാല്‍ ജനസംഖ്യാനുപാതികമായി സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍, തെലുങ്കാനയും കേരളവുമാണ് മുന്നില്‍. ഭാരതത്തിന്റെ ആകെ ജനസംഖ്യയുടെ 2.75 ശതമാനം മാത്രമാണ് കേരളത്തില്‍ ഉള്ളതെങ്കിലും ആത്മഹത്യകളുടെ 5.8 ശതമാനം കേരളത്തിലാണ് സംഭവിക്കുന്നത്. 2021 -ല്‍ 9,549 സംഭവങ്ങള്‍; ഇപ്പോഴത്തെ ഭരണകക്ഷി, ‘എല്ലാം ശരിയാക്കു’മെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ 2016 മുതല്‍ 2021 വരെ കേരളത്തിലുണ്ടായത് 50,417 ആത്മഹത്യകളാണ് (ഭാരത സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ദേശീയ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിച്ച ഡേറ്റാ).

സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിയണം
ആത്മഹത്യാ പ്രതിരോധ നടപടികള്‍ എന്നു പറയുവാന്‍ തക്കവണ്ണം കേരള സര്‍ക്കാര്‍ എന്തുചെയ്തു? കുടുംബകലഹം, സാമ്പത്തിക ക്ലേശം, കടബാധ്യത, കാന്‍സര്‍, കിഡ്‌നിരോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ മുതലായവയാണ് ആത്മഹത്യകളുടെ പ്രധാന കാരണങ്ങളായി സാമൂഹ്യശാസ്ത്ര ഗവേഷകര്‍ വിലയിരുത്തുന്നത്. പിഞ്ചുകുട്ടികളെ നിഷ്‌ക്കരുണം കൊന്നിട്ട്, മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളുടെ എണ്ണവും കൂടിവരികയാണ്. ആത്മഹത്യാപ്രതിരോധത്തിനായി ആരോഗ്യപരിപാലന കേന്ദ്രങ്ങളില്‍, സാമൂഹ്യക്ഷേമ കേന്ദ്രങ്ങളില്‍, എത്ര ‘കൗണ്‍സലിങ്ങ്’ സെന്ററുകള്‍ (സര്‍ക്കാര്‍ വക) പ്രവര്‍ത്തനമാരംഭിച്ചു? ആഗോള കമ്പോള വ്യവസ്ഥയുടെ ആഘാതംമൂലം തകര്‍ന്നടിയുന്ന എത്ര കര്‍ഷക കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി സര്‍ക്കാരിന് ആശ്വാസം നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്?

പ്രതിസ്ഥാനത്ത് ലഹരിയും
മദ്യാസക്തി, മയക്കുമരുന്നുകളുടെ വ്യാപകമായ വിപണനം എന്നിവയും മാനസികരോഗങ്ങളുടെ ആധിക്യവും തമ്മിലുള്ള പരസ്പരബന്ധം ശക്തമാണ്. 2016 -നുശേഷം മയക്കുമരുന്നുകേസുകളുടെ എണ്ണത്തില്‍ 87.47 ശതമാനം വര്‍ധനയുണ്ടായതായും 2022-ല്‍ മാത്രം 26,629 കേസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതായും ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ (2023 ഫെബ്രുവരി 6) പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. മദ്യത്തിന്റെ വ്യാപാരത്തിലൂടെ 2022-23 വര്‍ഷം കേരള സര്‍ക്കാരിന് നികുതിയിനത്തില്‍ മാത്രം ലഭിച്ചത് 16,100 കോടി രൂപയായിരുന്നു. 640 ബാര്‍ ഹോട്ടലുകള്‍, ബിവറേജസ് കോര്‍പ്പറേഷന്‍ വക 346 വില്‍പ്പനകേന്ദ്രങ്ങള്‍, കൂടാതെ 3,500 കള്ളുഷാപ്പുകള്‍. കേരളത്തില്‍ മദ്യം പുഴയായി ഒഴുകുകയാണ്. ഓരോ ബാര്‍ഹോട്ടലും പ്രതിവര്‍ഷം ലൈസന്‍സ് ഫീസായി സര്‍ക്കാരിലേക്ക് നല്‍കേണ്ടത് 35 ലക്ഷം രൂപയാണ്. എന്നിട്ടും അവര്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു!

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
ഓരോ ആത്മഹത്യയും കുടുംബങ്ങള്‍ക്കു നല്‍കുന്ന സാമൂഹികമായ ആഘാതം വളരെ വലുതാണ്. നിരാലംബരാകുന്ന കുട്ടികള്‍, ഹൃദയം തകര്‍ന്നു ജീവിക്കേണ്ടി വരുന്ന വൃ ദ്ധരായ മാതാപിതാക്കള്‍, ഇവരുടെയൊക്കെ സംരക്ഷണം ആരാണ് ഏറ്റെടുക്കുക? ഏതു വിധേനയും വരുമാനം വര്‍ധിപ്പിക്കണം എന്നുമാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെ ജനക്ഷേമതല്‍പ്പരമായ ഭരണകൂടം എന്നു പറയുവാനാവുമോ? സര്‍ക്കാരിന് ഏറ്റെടുക്കുവാന്‍ ആവാത്ത സാമൂഹ്യസുരക്ഷാപദ്ധതികള്‍ മത/സാമൂഹ്യ സംഘടനകള്‍ക്ക് സ്വന്തനിലയില്‍ ഏറ്റെടുത്തു നടത്തുവാന്‍ കഴിയുമോ? ഓരോ വര്‍ഷവും പതിനായിരത്തിനടുത്ത് എത്തുന്ന ആത്മഹത്യകളെ ഇനിമേല്‍ അവഗണിക്കാനാവുമോ? കേരള സമൂഹമനഃസാക്ഷി നേരിടേണ്ട ചോദ്യങ്ങളാണ് ഇവയൊക്കെ…

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?