Follow Us On

23

June

2024

Sunday

ബാഗ്ദാദിലെ മറക്കാന്‍ കഴിയാത്ത ഓര്‍മകള്‍

ബാഗ്ദാദിലെ മറക്കാന്‍  കഴിയാത്ത ഓര്‍മകള്‍

 ജറാള്‍ഡ് ബി മിറാന്‍ഡ

മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍നിന്നും അപ്പസ്‌തോലിക് നൂണ്‍ഷ്യോയായി (വത്തിക്കാന്‍ സ്ഥാനപതി) നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് പനംതുണ്ടില്‍. ഖസാക്കിസ്ഥാനിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോയായാണ് നിയമനം. സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ ചാര്‍ജ് ഡി അഫയേഴ്‌സായി സേവനമനുഷ്ഠിച്ചുവരവേയാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. വത്തിക്കാനിലായിരുന്നു മെത്രാഭിഷേക ശുശ്രൂഷകള്‍ നടന്നത്.
മാര്‍ ഈവാനിയോസ് കോളജ് മുന്‍ പ്രഫസര്‍ പി.വി. ജോര്‍ജിന്റെയും മേരിക്കുട്ടിയുടെയും മകനായി 1972-ല്‍ തിരുവനന്തപുരം കവടിയാറില്‍ ജനിച്ചു. പാളയം സമാധാന രാജ്ഞി ബസിലിക്കാ ഇടവകാംഗമാണ്. 1998-ല്‍ ആര്‍ച്ചുബിഷപ് സിറിള്‍ മാര്‍ ബസേലിയോസില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. 2003-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. 2003-2005 കാലഘട്ടത്തില്‍ റോമിലെ പൊന്തിഫിക്കല്‍ അക്കാദമിയില്‍ നയതന്ത്രത്തില്‍ പരിശീലനവും 2005-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും കാനന്‍നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.

കെനിയ, വത്തിക്കാന്‍, കോസ്റ്ററിക്ക, ഗ്വിനിയ, മാലി, ഇറാക്ക്, ജോര്‍ദ്ദാന്‍, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ അംഗമായും സെക്രട്ടറിയായും ജെറുസലേം, ഇസ്രായേല്‍ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2009-2012-വരെ ഗ്വിനിയയിലെ മിഷണറീസ് ഓഫ് ചാരിറ്റി സഭയിലും 2012-2016 കാലഘട്ടത്തില്‍ ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയില്‍-അമേരിക്കന്‍ മിലിറ്ററി ക്യാമ്പിലും വൈദിക ശുശ്രൂഷ നിര്‍വഹിച്ചു. 2016-2020 വരെ വിയന്നയിലെ വിവിധ സഭകള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. ബഹുഭാഷാ പണ്ഡിതനും മികച്ച നയതന്ത്രജ്ഞനുമാണ് ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് പനംതുണ്ടില്‍. ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍ ഭാഷകളില്‍ പാണ്ഡിത്യമുണ്ട്. അദ്ദേഹം സണ്‍ഡേ ശാലോമിനോട് സംസാരിക്കുന്നു.
? മലങ്കര കത്തോലിക്കാ സഭയില്‍നിന്നും വത്തിക്കാന്‍ അംബാസഡറായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണല്ലോ അങ്ങ്. ഈ നിയമനത്തെ എങ്ങനെ നോക്കിക്കാണുന്നു.

• ദൈവത്തോടും അധികാരികളോടും പ്രത്യേകിച്ച്, പരിശുദ്ധ പിതാവ് എന്നിലര്‍പ്പിച്ച വിശ്വാസത്തിനും പരിഗണനയ്ക്കും നന്ദി പറയുന്നു. ഞാന്‍ കൂടുതല്‍ എളിമപ്പെടാനും ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കാനും ദൈവം എന്നെ വിളിച്ചിരിക്കുന്നു എന്ന ഉത്തമ ബോധ്യമുണ്ട്. അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയുടെ പ്രഥമ കര്‍ത്തവ്യം പരിശുദ്ധ പിതാവ് ഭരമേല്‍പിച്ച ദൗത്യങ്ങള്‍ വിശ്വസ്തതയോടെ നിറവേറ്റുക എന്നതാണ്.
പ്രാദേശിക സഭയെ മാര്‍പാപ്പയുമായി ഗാഢമായി ബന്ധിപ്പിക്കുന്ന പാലമാണ് ന്യൂണ്‍ഷ്യോമാര്‍. പ്രാദേശിക സഭയ്ക്ക് പാപ്പയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്നത് പരമപ്രധാനമാണ്. മെത്രാന്മാരെ തിരഞ്ഞെടുക്കാന്‍ മാര്‍പാപ്പയെ സഹായിക്കുക എന്ന ദൗത്യവും ന്യൂണ്‍ഷ്യോയ്ക്കുണ്ട്. പ്രാദേശിക സഭയുടെ ചലനവും സ്പന്ദനവും സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. പ്രാദേശിക സഭയുടെ ശുശ്രൂഷകളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ന്യൂണ്‍ഷ്യോ താമസിക്കുന്ന ഭവനം ന്യൂണ്‍ഷ്യേച്ചര്‍ എന്നാണറിയപ്പെടുന്നത്. അനേകം രാജ്യങ്ങള്‍, വിവിധ കത്തോലിക്കാ റീത്തുകള്‍, സഹോദര ക്രൈസ്തവ സഭകള്‍, വ്യത്യസ്ത മതങ്ങള്‍, വിഭിന്നങ്ങളായ സംസ്‌കാരങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ ഇവ പിന്തുടരുന്നവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ഓരോ ന്യൂണ്‍ഷ്യോയും വിളിക്കപ്പെട്ടിരിക്കുന്നു. ഖസാക്കിസ്ഥാനൊപ്പം കിര്‍ക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ രാജ്യങ്ങളുടെ ചുമതലയുമുണ്ട്. മതസൗഹാര്‍ദത്തിന്റെ ഇടമാണ് ഖസാക്കിസ്ഥാന്‍.

? ബാഗ്ദാദിലെ അമേരിക്കന്‍ മിലിട്ടറി ക്യാമ്പിലെ അനുഭങ്ങള്‍ പങ്കുവയ്ക്കാമോ.

•ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കന്‍ മിലിട്ടറി ക്യാമ്പിലെ വൈദികശുശ്രൂഷ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. യുദ്ധം തകര്‍ത്ത ബാഗ്ദാദിലെ സാധാരണക്കാരുടെ വിശ്വാസദൃഢത എന്നെ അമ്പരപ്പിച്ചിട്ടുണ്ട്.
ക്രൈസ്തവര്‍ താമസിച്ചിരുന്ന ഗ്രാമങ്ങളില്‍നിന്നും ഐഎസ് തീവ്രവാദികള്‍ അവരെ ഓടിച്ചു. സമ്പാദ്യങ്ങളും വീടും ഉപേക്ഷിച്ച് അവര്‍ പലായനം ചെയ്തു. ഒന്നും രണ്ടുമല്ല എണ്‍പതിനായിരത്തിനും ഒരുലക്ഷത്തി ഇരുപതിനായിരത്തിനും ഇടയ്ക്ക് ക്രൈസ്തവര്‍. എല്ലാം നഷ്ടപ്പെട്ടവര്‍, ആശങ്കകളും അസ്വസ്ഥതകളും ഭയവും നിറഞ്ഞ അന്തരീക്ഷം. ഇനിയെന്ത് എന്ന ആകുലചിന്തയുടെ കൂടാരങ്ങളിലാണവര്‍. വലിച്ചുകെട്ടിയ ചാക്കുകഷണങ്ങള്‍ മേല്‍ക്കൂരയാക്കിയവര്‍.
അവരെ സന്ദര്‍ശിച്ചു, അവരുടെ സങ്കടങ്ങളും വേദനകളും കേട്ടു. മറുപടി പറയാന്‍ വാക്കുകളില്ലായിരുന്നു. ഉള്ളതെല്ലാം നഷ്ടപ്പെട്ടവരോട് എന്താണ് പറയുക? ഈശോ തരുമെന്നോ ദൈവം സ്‌നേഹമാണെന്നോ ഒന്നും പറയാനുള്ള സാഹചര്യവും സന്ദര്‍ഭവുമല്ല. ഒരു ടെന്റിലേക്ക് കയറി. ടെന്റല്ലത്, വലിച്ചുകെട്ടിയ ചാക്കുകഷണം.

മാതാപിതാക്കളും രണ്ടു പെണ്‍മക്കളും. എന്താണവരോട് പറയേണ്ടതെന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍ ഗൃഹനാഥന്‍ പറഞ്ഞ വാക്കുകള്‍ എന്നെ അമ്പരപ്പിച്ചു. ”അച്ചാ, ഈശോ വഴിനടത്തും…” ദൃഢസ്വരത്തിലായിരുന്നു ആ വാക്കുകള്‍. എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഗദ്ഗദത്താല്‍ വാക്കുകള്‍ മുറിഞ്ഞു. എല്ലാം നഷ്ടപ്പെട്ട ഒരു സാധാരണക്കാരന്റെ തീക്ഷ്ണമായ വിശ്വാസത്തിനുമുന്നില്‍, വൈദികനായ എന്റെ വിശ്വാസം എവിടെ എന്ന് അറിയാതെ സ്വയം ചോദിച്ചു. ബോംബ് സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും പതിവായ ഇറാക്കില്‍ സൈന്യത്തിന്റെ സുരക്ഷിത വലയത്തിലായിരുന്നു യാത്രകള്‍. യാത്രകള്‍ക്ക് സൈന്യത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നു. ബാഗ്ദാദില്‍ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിനു സമീപം ദൈവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ടു വൈദികര്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു.

? കോവിഡ് ഭീതി വിതച്ച കാലത്ത് അങ്ങ് ഇസ്രയേലിലായിരുന്നല്ലോ. അക്കാലത്ത് വിശുദ്ധ നാട്ടിലെ അന്തരീക്ഷം എങ്ങനെയായിരുന്നു

• ജറുസലെമിലായിരുന്നു വത്തിക്കാന്‍ സ്ഥാനപതി കാര്യാലയം. കോവിഡ് ഭീതി പരത്തിയ സമയം, വിശുദ്ധ നാട്ടില്‍ തീര്‍ത്ഥാടകര്‍ ഒഴിഞ്ഞ കാലം. ഒലിവുമലയിലും ഗാഗുല്‍ത്തായിലും ഗത്‌സെമനിലും കര്‍ത്താവിന്റെ ദിവ്യപാദങ്ങള്‍ പതിഞ്ഞ വിശുദ്ധ ഭൂമിയിലൂടെ എന്നും പ്രാര്‍ത്ഥനാപൂര്‍വം നടക്കാനും ദിവ്യബലിയര്‍പ്പിക്കാനും കഴിഞ്ഞു. ഇപ്പോഴത്തെ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലിയോ പോള്‍ദോ ജിറേല്ലിയും ജറുസലെമിലുണ്ടായിരുന്നു.
സൈപ്രസിലെ വത്തിക്കാന്റെ ആദ്യപ്രതിനിധിയാണ് ഞാന്‍. നേരത്തെ സ്വന്തമായി ഭവനം ഇല്ലായിരുന്നു. ഫ്രാന്‍സിസ്‌കന്‍ വൈദികരുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. പുതിയ ഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. സൈപ്രസില്‍ 70 ശതമാനത്തോളം ഓര്‍ത്തഡോക്‌സ് വിശ്വാസിസമൂഹമാണ്. അവരുമായും ഇതര മതങ്ങളുമായും ഊഷ്മളമായ ബന്ധമാണ് വത്തിക്കാനുള്ളത്.

? ന്യൂണ്‍ഷിയേച്ചറിലെ അജപാലന ദൗത്യങ്ങള്‍ വിശദീകരിക്കാമോ.

• നമ്മുടെ ചാപ്പലില്‍ ആയിരിക്കും നയതന്ത്ര പ്രതിനിധികളും അവരുടെ കുടുംബാംഗങ്ങളും കുര്‍ബാനയ്‌ക്കെത്തുന്നത്. അവിടെ വൈദികശുശ്രൂഷയിലാണെങ്കില്‍ അവരുടെ കുട്ടികളുടെ ആദ്യകുര്‍ബാന, കുമ്പസാരം, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകളില്‍ അവരെ ആത്മീയമായി ഒരുക്കേണ്ട ചുമതലയുണ്ട്. സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനം ചെയ്യുമ്പോള്‍ 2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സൈപ്രസ് സന്ദര്‍ശിച്ചിരുന്നു. സംഭാഷണത്തിനിടയ്ക്ക് ആരുടെയെങ്കിലും വിഷമം പറഞ്ഞാല്‍ കസേര നമുക്കുനേരെ നീക്കി അക്കാര്യം സൗമനസ്യത്തോടെ കേള്‍ക്കും. ഒരിക്കല്‍ കണ്ട് സംസാരിച്ചാല്‍ അവരുടെ പേരുപോലും ഓര്‍ത്തെടുക്കാനുള്ള അസാമാന്യ ഓര്‍മശക്തി പരിശുദ്ധ പിതാവിനുണ്ട്.

? കാല്‍നൂറ്റാണ്ടുകാലത്തെ വൈദിക ശുശ്രൂഷകളെ എങ്ങനെയാണ് വിലയിരുത്തുന്നത്.

• വൈദികനായി കുറച്ചുകാലം മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഒന്നരവര്‍ഷം പെരിനാട്, ളാഹ, മണിയാര്‍, തോണിക്കടവ്, കൊച്ചുകുളം ദൈവാലയങ്ങളില്‍ ശുശ്രൂഷ ചെയ്തു. ആറുമാസം വൈദികര്‍ ഇല്ലാത്ത ഇടവകകളിലും. ഇടവക ജീവിതത്തിന്റെ ആത്മീയസന്തോഷം അനുഭവിക്കുവാന്‍ പൗരോഹിത്യ സ്വീകരണത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ സാധിച്ചു. അതോര്‍ക്കുന്നതുതന്നെ വലിയ ആത്മീയ പ്രചോദനമാണ്.

? ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വൈദികരുടെ പേരു ചോദിച്ചാല്‍, ആരുടെ പേരാണ് പറയുക.

• മിലാനിലെ മോത്താ ബിസ്‌ക്കോണ്ടി ഇടവകയിലെ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തപ്പോള്‍ അവിടുത്തെ വികാരിയായിരുന്ന ഫാ. ഡോണ്‍ ക്ലൗഡിയോ ഗാലി, ജസ്യൂട്ട് വൈദികന്‍ ഫാ. ജാന്‍ ഡൊമിനിക്കോ മ്യൂച്ചി എന്നിവരെ ഒരിക്കലും മറക്കാന്‍ കഴിയില്ല. ദൈവമക്കളുടെ ആന്തരികസ്വാതന്ത്ര്യവും ദൈവത്തോടുള്ള അത്യഗാധമായ വിശ്വാസത്തെയുംകുറിച്ചുള്ള ഫാ. ഡോ ണ്‍ ക്ലൗഡിയോ ഗാലിയുടെ അജപാലനവീക്ഷണവും നിരീക്ഷണങ്ങളും അത്യാകര്‍ഷകവും ആരെയും വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശക്തവുമാണ്.
നിരവധി ശ്രദ്ധേയമായ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഫാ. ജാന്‍ ഡൊമിനിക്കോ മ്യൂച്ചിയുടെ ദൈവശാസ്ത്ര വീക്ഷണങ്ങളും മികവുറ്റതാണ്. ദൈവശാസ്ത്രത്തെക്കുറിച്ച് തെളിനീരുറവപോലെ ലളിതമായി വ്യാഖ്യാനിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്.

? അങ്ങയുടെ ദൈവവിളിയെക്കുറിച്ച്.

• ചെറുപ്പം മുതല്‍ വൈദികന്‍ ആകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് ആ ആഗ്രഹം വളര്‍ന്നു വികസിച്ചു. ഒരിക്കലും പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തിരുവനന്തപുരം കവടിയാറില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഒന്നുമുതല്‍ നാലുവരെ തൊട്ടടുത്തുള്ള നിര്‍മലാ ഭവന്‍ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു പഠിച്ചത്. അവിടെ കുര്‍ബാനയ്ക്ക് പോകും, അള്‍ത്താരബാലനായിരുന്നു. പതിനഞ്ചാം വയസില്‍ സെമിനാരിയില്‍ ചേരുന്നതുവരെ അള്‍ത്താരയിലെ ശുശ്രൂഷകള്‍ തുടര്‍ന്നു. അള്‍ത്താരശുശ്രൂഷ വൈദികനാകാനുള്ള മോഹത്തെയും കൂടുതല്‍ പരിപോഷിപ്പിച്ചു.
അമ്മയുടെ സഹോദരന്‍ ചെങ്കോട്ടയില്‍ എസ്‌വിഡി സഭയില്‍ വൈദികനായിരുന്നു. അച്ചന്‍ വരുമ്പോള്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും ദിനങ്ങളായിരുന്നു വീട്ടില്‍. അതും വൈദികാന്തസിനോട് കൂടുതല്‍ താല്‍പര്യം തോന്നാന്‍ കാരണമായി. ഓരോ വൈദികജീവിതവും മേല്‍പട്ട ശുശ്രൂഷകളും ആനന്ദത്തിന്റേതാണ്. ദൈവരാജ്യത്തിനുവേണ്ടി ആത്മാക്കളെ നേടുമ്പോള്‍ ഉണ്ടാകുന്ന സ്വര്‍ഗീയമായ സന്തോഷത്തിന്റെ ഉത്സവം.

? വീട്ടിലെ അന്തരീക്ഷം ദൈവവിളിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ.

• മാതാപിതാക്കള്‍ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയിലെ സജീവ പ്രവര്‍ത്തകരായിരുന്നു. പിതാവ് മാര്‍ ഇവാനിയോസ് കോളജ് പ്രഫസറായിരുന്നു. കുടുംബപ്രാര്‍ത്ഥന വീട്ടില്‍ നിര്‍ബന്ധമായിരുന്നു. എന്നും സന്ധ്യയ്ക്ക് ജപമാല ചൊല്ലുമായിരുന്നു. കുടുംബത്തെ സ്‌നേഹത്തിന്റെ ഇഴമുറിയാത്ത കണ്ണികളില്‍ ഒന്നിച്ചു ചേര്‍ക്കുന്ന വിശിഷ്ടമായ പ്രാര്‍ത്ഥനയാണ് ജപമാല. ജപമാല ചൊല്ലുമ്പോള്‍ പരിശുദ്ധ അമ്മവഴിയായി സ്‌നേഹത്തിന്റെ സ്വര്‍ഗീയ പുഷ്പങ്ങള്‍ സ്വര്‍ഗത്തിന്റെ പൂന്തോട്ടമായ ഭവനങ്ങളില്‍ വിടര്‍ന്ന് പരിമളം പരത്തും.

പ്രാര്‍ത്ഥനയുടെ ചൈതന്യം കുടുംബങ്ങളില്‍ നിറയണമെന്നാണ് ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് പനംതുണ്ടിലിന്റെ വാക്കുകള്‍. ദൈവത്തെ അറിയുക എന്നത് ഓരോ മനുഷ്യന്റെയും ആവശ്യമാണ്. മക്കള്‍ വേണ്ടെന്ന ചിന്ത ദൈവികപദ്ധതിക്കെതിരാണ്. ദൈവത്തോട്, ദൈവിക പദ്ധതികളോട് ചേര്‍ന്നുനിന്നാല്‍ മനുഷ്യന് ആകാശത്തോളം വളരാന്‍ കഴിയുമെന്നാണ് ഡോ. പനംതുണ്ടില്‍ പറയുന്നത്. വിശ്വാസികളുടെ പിതാവായ അബ്രാഹമിന്റെ ജീവിതമാണ് അതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അബ്രാഹത്തിന്റെ സന്തതികള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരികള്‍പോലെയും വളര്‍ന്നു. ദൈവവുമായി വ്യക്തിപരമായ ബന്ധം ഓരോ മനുഷ്യനും അനിവാര്യമാണെന്ന് ഡോ. പനംതുണ്ടില്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?