Follow Us On

15

January

2025

Wednesday

അനീതിക്കെതിരെ നിലകൊണ്ട ശബ്ദം

അനീതിക്കെതിരെ  നിലകൊണ്ട ശബ്ദം

ജസ്റ്റിസ് കുര്യന്‍ ജോസഫ്

പുണ്യശ്ലോകനായ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ പ്ലാസിഡസ് ടോപ്പോ പിതാവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്നത് അദ്ദേഹം സ്വീകരിച്ച ആപ്തവാക്യമാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ 40-ാം അധ്യായം മൂന്നാം വാക്യം: ”കര്‍ത്താവിനു വഴിയൊരുക്കുവിന്‍.” അത് സ്‌നാപക യോഹന്നാനെക്കുറിച്ചുള്ള പ്രവചനമായിരുന്നു.
എങ്ങനെയാണ് കര്‍ത്താവിന് വഴി ഒരുക്കുന്നതെന്ന്, വഴി ഒരുക്കുവാന്‍ പറഞ്ഞവന്‍ വീണ്ടും വിവരിക്കുന്നുണ്ട്. കര്‍ത്താവിന്റെ വഴി ഒരുക്കപ്പെടണമെന്നുണ്ടെങ്കില്‍ ആ വഴി നേരെയാകാതെ സാധിക്കുകയില്ല. കാരണം നേരായ വഴിയിലൂടെ മാത്രമേ കര്‍ത്താവിന് സഞ്ചരിക്കാന്‍ സാധിക്കൂ.
എല്ലാ പ്രവചകന്മാരും ഇപ്രകാരം തങ്ങളുടെ പ്രവാചക ശബ്ദത്തിലൂടെ വിവരിച്ചിട്ടുള്ളത്, ഓരോരോ കാലഘട്ടത്തില്‍ സംഭവിച്ചിട്ടുള്ളത്, സംഭവിക്കാനിരിക്കുന്നതോ ആയിട്ടുള്ള വളഞ്ഞ വഴികളെക്കുറിച്ചുള്ള അവരുടെ വേദനകളും ആ വളഞ്ഞ വഴികള്‍ രക്ഷയിലേക്ക് എത്തുകയില്ല എന്നുള്ള ധീരമായ ശബ്ദവും രക്ഷ പ്രാപിക്കാന്‍ വളഞ്ഞ വഴികള്‍ നേരെയാകണം എന്നുള്ള ആഹ്വാനവും ശാസനയുമായിരുന്നു.

അപ്രകാരം വഴി ഒരുക്കുന്നതുവഴിയായി താഴ്‌വരകള്‍ നികത്തപ്പെടും. താഴ്‌വരകള്‍ നികത്തപ്പെടണമെങ്കില്‍ കുന്നും മലയും നിരത്തപ്പെടണം. മനുഷ്യരുടെ ഇടയിലുള്ള വിവേചനങ്ങള്‍ വലിപ്പ-ചെറുപ്പ വ്യത്യാസങ്ങള്‍, അസമത്വങ്ങള്‍ ഇവയൊന്നും ദൈവരാജ്യത്തിന്റെ മൂല്യങ്ങളല്ല. അവയെല്ലാം നിലനില്‍ക്കുന്നിടത്തോളം കാലം ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിതമാകുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ മൂല്യത്തിലെ ഏറ്റവും സവിശേഷമായ മൂല്യം സമത്വമാണ്. ആര്‍ക്കും വ്യത്യാസമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന അവസ്ഥയാണ് ദൈവരാജ്യം.

ടെലസ്‌ഫോര്‍ പ്ലാസിഡസ് ടോപ്പോ പിതാവിനെ സംബന്ധിച്ചിടത്തോളം അതിഗോത്ര വിഭാഗത്തില്‍ ജനിച്ച ഒരു വ്യക്തിയായിരുന്നു. തന്റെ ദൗത്യമെന്താണെന്ന് അദ്ദേഹം നന്നായി തിരിച്ചറിഞ്ഞിരുന്നു. അനീതിയുടെയും അസമത്വത്തിന്റെയും പുറംതള്ളപ്പെടലിന്റെയും അടിച്ചമര്‍ത്തലിന്റെയും വേദനകളും ദുഃഖങ്ങളും അനുഭവിക്കുന്ന ഒരു അതിഗോത്ര വിഭാഗത്തിന് നീതി ലഭ്യമാകണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് നീതി നിഷേധിച്ച സമൂഹത്തിന്റെ കുന്നുകളും മലകളും നിരത്തി, അവര്‍ക്ക് നീതി ലഭ്യമാകാന്‍ തക്കവണ്ണം അവകൊണ്ട് താഴ്‌വരകള്‍ നികത്തപ്പെടണം എന്നദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സമതലത്തിലേക്ക് വന്നത്. മുപ്പതാമത്തെ വയസിലാണ് അദ്ദേഹം വൈദികനാകുന്നത്.

ഒമ്പതു വര്‍ഷം കഴിഞ്ഞ് മെത്രാനായി. 33 വര്‍ഷം മെത്രാന്‍ ശുശ്രൂഷയില്‍ തുടര്‍ന്നു. 2003-ല്‍ കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടു. 2018-ല്‍ മെത്രാന്‍പദവിയില്‍നിന്നും വിരമിച്ചു. അപ്പോഴും കര്‍ദിനാള്‍ പദവി തുടര്‍ന്നു. അവസാന കാലഘട്ടത്തില്‍ അനാരോഗ്യത്തിന്റെ നാളുകള്‍ ഒഴിച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ എപ്പോഴും ഏശയ്യാ പ്രവാചകന്റെ ശബ്ദം മനസില്‍ സൂക്ഷിച്ചിരുന്നു എന്നാണ് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. എനിക്ക് അദ്ദേഹവുമായി അടുത്തിടപഴകാന്‍ കഴിഞ്ഞത് റോമില്‍ വച്ചുനടന്ന ഏഷ്യന്‍ ബിഷപ്‌സ് സിനഡില്‍ ഒരുമിച്ച് പങ്കെടുത്തപ്പോഴാണ്. ഒരു മാസത്തോളം നീണ്ടുനിന്ന സിനഡായിരുന്നു അത്. ജീസസ് യൂത്തിന്റെ ഭാഗമായിട്ടുള്ള ബീന മനോജും ഞാനുമായിരുന്നു അല്മായരായി ഇന്ത്യയില്‍നിന്നും പങ്കെടുത്തത്. ഒട്ടേറെ പിതാക്കന്മാരും വൈദികരും സിസ്റ്റേഴ്‌സും അതില്‍ ഉണ്ടായിരുന്നു.

പിതാവുമായി അടുത്തിടപഴകിയപ്പോള്‍ അദ്ദേഹത്തിന്റെ ലാളിത്യവും നേര്‍ക്കാഴ്ചയും ഉള്‍ക്കാഴ്ചയും എനിക്ക് നന്നായി ബോധ്യപ്പെട്ടു. തന്റെ മുമ്പിലുള്ള ആ വലിയ ദൗത്യം എന്താണെന്ന് വെളിവാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളും സമീപനങ്ങളും. ദൈവം ഉള്ളില്‍ വസിക്കുന്നില്ലെങ്കില്‍ നമ്മുടെ വികാര വിചാരങ്ങളിലോ സമീപനങ്ങളിലോ ദൈവിക സ്വഭാവം പ്രകടിപ്പിക്കാന്‍ സാധിക്കില്ലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ പ്രവാചക ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാ മനുഷ്യരെയും ദൈവത്തി ന്റെ രക്ഷയിലേക്ക് നയിക്കുക എന്നുള്ള ഓരോ ക്രിസ്ത്യാനിയുടെയും ദൗത്യ ത്തെ മുന്നില്‍ കണ്ടുകൊണ്ട് അദ്ദേഹത്തിന്റെ ജിവിതത്തിലൂടെ കര്‍ത്താവിന്റെ വഴിയൊരുക്കുവാന്‍ പോയി. അവിടംകൊണ്ടും അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ വ്യക്തത തീരുന്നില്ല. കാരണം അദ്ദേഹം സ്‌നാപകയോഹന്നാന്റെ ശാസന ഉള്‍ക്കൊണ്ടുകൊണ്ട്, നല്ല ഫലങ്ങള്‍ ലഭിച്ചില്ലായെങ്കില്‍, ആ മരങ്ങളെല്ലാം വെട്ടി തീയിലെറിയപ്പെടുമെന്നും മാനസാന്തരമുണ്ടായെങ്കില്‍, അതിന് യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കണമെന്നും കര്‍ശനമായ താക്കീതും അദ്ദേഹം നല്‍കി.

നമ്മുടെ വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും നമ്മള്‍ പുറപ്പെടുവിക്കുന്ന ഫലങ്ങള്‍ ക്രിസ്തുവിന് യോജിച്ച ഫലങ്ങളാണോ? ക്രിസ്തു ആഗ്രഹിക്കുന്ന ഫലങ്ങളാണോ? ആ ഫലങ്ങളിലൂടെ ആര്‍ക്കെങ്കിലും ക്രിസ്തുവിനെ അറിയാനും മനസിലാക്കാനും കഴിയുന്നുണ്ടോ? അതോ ക്രിസ്തുവില്‍ നിന്നും മനുഷ്യര്‍ അകന്നുപോകുകയാണോ ചെയ്യുന്നത്? ടെലസ്‌ഫോര്‍ പിതാവിനെക്കുറിച്ച് അനുസ്മരിക്കുമ്പോള്‍ എന്റെ മനസില്‍ തിങ്ങി-വിങ്ങി വരുന്ന ഒരു വേദനയാണ് ഇത്.
എന്താണ് ഞങ്ങള്‍ ചെയ്യേണ്ടതെന്ന ജനങ്ങളുടെ ചോദ്യത്തിന് സ്‌നാപകയോഹന്നാന്‍ പറഞ്ഞ മറുപടിതന്നെ ടെലസ്‌ഫോര്‍ ടോപ്പോ പിതാവ് തന്റെ ജീവിതത്തിലൂടെ ആ സമൂഹത്തോട് സംവദിക്കുകയായിരുന്നു. നമ്മള്‍ എങ്ങനെയാണ് പരസ്പരം കരുതേണ്ടതെന്നും പങ്കുവയ്‌ക്കേണ്ടതെന്നും. ജീവിതത്തിലൂടെ ദൈവചനം പ്രഘോഷിക്കണമെന്നും അതിനായി ദൈവം നല്‍കിയിട്ടുള്ള ഭൗതിക സൗകര്യങ്ങള്‍ പങ്കുവയ്ക്കണമെന്നും തന്റെ പ്രത്യേക ദൗത്യനിര്‍വഹണ മേഖലയായ റാഞ്ചിയില്‍ അദ്ദേഹം തെളിയിച്ചു.

രണ്ടുതവണ സിബിസിഐയുടെ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലും ഇപ്രകാരമുള്ള തന്റെ ജീവിതസന്ദേശം നല്‍കുകയുണ്ടായി. ഒരു അതിഗോത്രവിഭാഗത്തില്‍നിന്നും വന്ന് സഭയുടെ മുഖ്യധാരയില്‍ സഭയുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന കര്‍ദിനാള്‍ പദവിയിലേക്കുവരെ ദൈവം ഉയര്‍ത്തിയ അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ സാംഗത്യമാണ് അദ്ദേഹത്തെ അനുസ്മരിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടത്. നമ്മുടെ ജീവിതത്തില്‍ കര്‍ത്താവിലേക്കുള്ള വഴികള്‍ നേരെയാക്കുന്ന കാര്യത്തില്‍ നാം പുറകോട്ടു പോകുകയാണോ, കര്‍ത്താവിന്റെ വഴിക്കുപകരം നമ്മള്‍ നമ്മുടെ വഴിയാണോ നേരെയാക്കാനായി പരിശ്രമിക്കുന്നത്? എന്റെ വഴികളല്ല കര്‍ത്താവേ, നിന്റെ വഴിയാണ് നേരേയാകേണ്ടത് എന്നുള്ള മനഃസാക്ഷി പരിശോധന നമുക്ക് നല്‍കുന്ന ഒരു അഴിച്ചുപണിയലും നമ്മെ ദൈവരാജ്യത്തി ന്റെ യഥാര്‍ത്ഥ ചൈതന്യത്തിലേക്ക് നയിക്കും.

അതിനാല്‍ വീണ്ടും നാം പരിശുദ്ധാത്മാവിലും അഗ്നിയാലും സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കുന്നു. അഗ്നി ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് എരിയാനും എരിയിക്കാനും സാധിക്കുകയുള്ളൂ. പ്രവാചക ശബ്ദത്തിലൂടെ നമുക്ക് നല്‍കപ്പെട്ട ഈ അഗ്നി നമ്മുടെ ജീവിതത്തിലൂടെ തെളിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥ യൊടെ ടെലസ്‌ഫോര്‍ പിതാവിന്റെ സ്മരണയ്ക്കുമുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?