സ്വന്തം ലേഖകന്‍
കോഴിക്കോട്
കേരളത്തിലെ ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാതെ സംസ്ഥാന ഗവണ്‍മെന്റ് പൂട്ടിവച്ചിരിക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയരുകയാണ്. സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായിരുന്നു ജസ്റ്റിസ് ജെ.ബി കോശി അധ്യക്ഷനും മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ടു സമര്‍പ്പിച്ച് അഞ്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ പേരില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
പരാതികള്‍ അഞ്ച് ലക്ഷത്തോളം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്കു നല്‍കുന്ന സഹായങ്ങള്‍ അര്‍ഹമായ വിധത്തില്‍ ക്രൈസ്തവര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന ഗവണ്‍മെന്റ് കമ്മീഷനെ നിയോഗിച്ചത്. ഗവണ്‍മെന്റ്ആത്മാര്‍ത്ഥമായിട്ടാണ് ഈ വിഷയത്തെ സമീപിക്കുന്നതെന്നായിരുന്നു ക്രൈസ്തവര്‍ കരുതിയത്. എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളും പൂര്‍ണമായി കമ്മീഷനോടു സഹകരിച്ചു എന്നതിന്റെ തെളിവുകൂടിയാണ് കമ്മീഷന് ലഭിച്ച അഞ്ച് ലക്ഷത്തോളം പരാതികള്‍.
എന്നാല്‍, ഇതുവരെയും ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുകയും റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഗവണ്‍മെന്റ് പുറത്തുവിടുകയോ ചെയ്തിട്ടില്ല. റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ക്രൈസ്തവ സഭകളുമായി കൂടിയാലോചനകള്‍ ഉണ്ടായതുമില്ല. 500-ലധികം നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പരിഗണനയക്ക് റിപ്പോര്‍ട്ട് വിട്ടിരിക്കുകയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ന്യൂനപക്ഷ കമ്മീഷന്റെ നിലപാടുകള്‍ ക്രൈസ്തവര്‍ക്ക് ഒട്ടും അനുകൂലമല്ലെന്ന ആക്ഷേപം നേരത്തെതന്നെയുണ്ട്. 2019-ല്‍ ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തി ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെപ്പറ്റി റിപ്പോര്‍ട്ടു തയാറാക്കിയെങ്കിലും അത് എവിടെയുമെത്തിയില്ല. പിന്നീടതില്‍ തുടര്‍നടപടികള്‍ ഉണ്ടായതുമില്ല.
തണുപ്പന്‍ സമീപനം
ക്രൈസ്തവരുടെ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ വിവേചനം, മലയോര മേഖലകളില്‍ ജീവിക്കുന്നവര്‍, കുട്ടനാട്ടില്‍ ജീവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ എന്നിവ പഠിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനായിരുന്നു കമ്മീഷനോട് ആവശ്യപ്പെട്ടത്. അതോടൊപ്പം, ലത്തീന്‍ കത്തോലിക്കര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഏറെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ജനവിഭാഗമാണ് കേരളത്തിലെ ക്രൈസ്തവര്‍. ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ കൃത്യമായി പഠിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണെങ്കില്‍ സമൂഹത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തില്‍ ഏറെ സഹായകരമാകുമായിരുന്നു.
കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ ജനവിഭാഗമാണ് ക്രൈസ്തവര്‍. ഈ സമൂഹത്തിന്റെ തളര്‍ച്ച സംസ്ഥാനത്തിന്റെ പുരോഗതിയെ പിന്നിലേക്കു നയിക്കുമെന്ന യാഥാര്‍ത്ഥ്യം ഗൗരവത്തോടെ കാണേണ്ടതാണ്. ഗവണ്‍മെന്റിന്റെ കൈത്താങ്ങ് വളരെ അത്യാവശ്യമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ മെല്ലപ്പോക്ക്. മറ്റു മതവിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നമായിരുന്നെങ്കില്‍ ഗവണ്‍മെന്റ് ഇത്തരമൊരു തണുപ്പന്‍ സമീപനം സ്വീകരിക്കുമായിരുന്നോ?
ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കുമായി ജുഡീഷ്യല്‍ കമ്മീഷനുകളെ ഗവണ്‍മെന്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കാലംകുറെയായി. പൊതുഖജനാവില്‍നിന്നും ലക്ഷങ്ങള്‍ പൊടിച്ചും അനേകരുടെ സമയവും അധ്വാനവും ചെലവഴിച്ചും തയാറാക്കിയ നിരവധി കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ തുടര്‍നടപടികള്‍ ഇല്ലാതെ സെക്രട്ടറിയേറ്റിലെ അലമാരകളില്‍ പൊടിപിടിച്ചിരിപ്പുണ്ട്. ക്രൈസ്തവരുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രമായിട്ടാണോ ഗവണ്‍മെന്റ് ഈ ജുഡീഷ്യല്‍ കമ്മീഷനെയും കണ്ടിരുന്നതെന്ന് സംശയിക്കുന്നവരെ കുറ്റംപറയാന്‍ കഴിയാത്ത സാഹര്യമാണ് ഉള്ളത്.
Leave a Comment
Your email address will not be published. Required fields are marked with *