Follow Us On

22

December

2024

Sunday

വിശുദ്ധനാട് കത്തുമ്പോള്‍…

വിശുദ്ധനാട് കത്തുമ്പോള്‍…

ഇത് കുറിക്കുമ്പോള്‍ ഗാസ മുനമ്പിലെ ഏതോ അജ്ഞാത കേന്ദ്രങ്ങളില്‍ ഭീകരരുടെ തടവില്‍ കഴിയുന്ന നൂറോളം ഇസ്രായേല്‍ക്കാര്‍ ഏത് നിമിഷവും വധിക്കപ്പെട്ടേക്കാമെന്ന അവസ്ഥയിലാണുള്ളത്. ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ ഇസ്രായേലില്‍ അവരുടെ കുടുംബാംഗങ്ങള്‍ കാത്തിരിക്കുന്നു, തങ്ങളുടെ പ്രിയപ്പെട്ടവര്‍ അപകടമൊന്നും കൂടാതെ തിരികയെത്തുമെന്ന പ്രതീക്ഷയോടെ. ഈ തടവുകാര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ലോകത്തിലെ സഹൃദയരായ മനുഷ്യര്‍ മുഴുവന്‍ അവര്‍ക്ക് ഒന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥനയിലാണ്. മറുവശത്ത് ഇരുപത്തിമൂന്ന് ലക്ഷത്തോളം വരുന്ന ഗാസയിലെ ജനങ്ങള്‍ക്കുള്ള വൈദ്യുതിയും വെള്ളവും ഇന്ധനവും ഇസ്രായേല്‍ തടഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു.

ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ കഴിയുന്ന ഇവര്‍ക്ക് ഗാസ വിട്ടുപോകാന്‍ അന്ത്യശാസനവുണ്ട്; സ്വന്തമായതെല്ലാം ഉപേക്ഷിച്ച് എവിടേക്കുപോകും…? ഇതിനിടെ ഇസ്രായേലിന്റെ ബോംബുകളും മിസൈലുകളും അവരുടെ ചുറ്റിലുമായി പതിക്കുകയും നിരവധിയാളുകള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. കൂടാതെ മൂന്ന് ലക്ഷത്തോളം ഇസ്രായേലി സൈനികര്‍ ഏത് നിമിഷവും ഗാസയില്‍ പ്രവേശിക്കാന്‍ തയാറായി സര്‍വ്വസന്നാഹങ്ങളോടെ തയാറായിരിക്കുന്നു. ഹമാസിന്റെ റോക്കറ്റാക്രമണം ഇസ്രായേലിലും തുടരുന്നു. ചുരുക്കത്തില്‍ ഏത് നിമിഷവും മരണം മുന്നില്‍ക്കണ്ടുകൊണ്ടാണ് ഇസ്രായേലിലെയും ഗാസയിലെയും ജനങ്ങള്‍ ജീവിക്കുന്നത്. കുട്ടികളും സ്ത്രീകളുമടങ്ങുന്ന അവരുടെ വിലാപം ലോകമനഃസാക്ഷിയെ നൊമ്പരപ്പെടുത്തുന്നു. ആദ്യം സൂചിപ്പിച്ച ബന്ദികളായ നൂറിലധികം വരുന്ന ഇസ്രായേല്‍ക്കാരുടെ ജീവനാണ് ഗാസ ഭരിക്കുന്ന ഹമാസ് തീവ്രവാദികളുടെ പ്രധാന പിടിവള്ളി. അവര്‍ അവരുടെ ജീവന്‍ വച്ച് ഇസ്രായേലിനോട് വിലപേശുന്നു. ഇതില്‍ ആര് ജയിച്ചാലും തോറ്റാലും ഇരകളാക്കപ്പെടുന്നത് നിഷ്‌കളങ്കരായ സാധാരണ മനുഷ്യരായിരിക്കും.

ഏറെ കാലമായി പുകഞ്ഞുകൊണ്ടിരുന്ന ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ സമാനതകളില്ലാത്ത ദിനമായിരുന്നു കഴിഞ്ഞ ഒക്‌ടോബര്‍ ഏഴ്. ഇസ്രായേലിലെ പ്രധാന അവധി ദിനങ്ങളിലൊന്നും സാബത്ത് ദിനവുമായിരുന്ന അന്നേ ദിനം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലൂടെ ഹമാസ് എന്ന പാലസ്തീനിയന്‍ തീവ്രവാദ സംഘടന ഇസ്രായേലിനെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. ഇസ്രായേലിലെ പ്രധാന നഗരങ്ങളിലേക്ക് തുടര്‍ച്ചയായി റോക്കറ്റ് ആക്രമണം നടത്തിയ തീവ്രവാദികള്‍ ഗാസാ അതിര്‍ത്തിയിലെ വേലിക്കെട്ടുകള്‍ തകര്‍ത്ത് ഇസ്രയാലിന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് നരനായാട്ട് നടത്തുകയും നൂറിലധികം പേരെ ബന്ദികളാക്കുകയും ചെയ്തുകൊണ്ട് തിരികെ ഗാസയിലേക്ക് കടക്കുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയുമെല്ലാം പൈശാചികമായി കൊലപ്പെടുത്തി, ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു കുറഞ്ഞ സമയത്തിനുള്ളില്‍ ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ കാണിച്ചുകൂട്ടിയ ക്രൂരതകള്‍. പ്രതിരോധശേഷിയിലും സൈനികശേഷിയിലും ഇസ്രായേലിന് ഒരിക്കലും ബദലാകാന്‍ കഴിയാതിരുന്ന പലസ്തീനിയന്‍ ജനതയോട് അന്താരാഷ്ട്രതലത്തില്‍ പ്രകടിപ്പിച്ചിരുന്ന അനുഭാവം നഷ്ടപ്പെടുത്താന്‍ ആ ആക്രമണം നിമിത്തമായി. നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍, ഹമാസ് ആ ആക്രമണത്തിലൂടെ അവരുടെ തന്നെ ശവക്കുഴി തോണ്ടുകയായിരുന്നു.

ഇസ്രായേലിനെ ആക്രമിച്ചതിലൂടെ ഹമാസ് തീവ്രവാദികള്‍ ചെയ്ത മറ്റൊരു ക്രൂരത മനുഷ്യഹൃദയങ്ങളില്‍ വെറുപ്പ് വിതച്ചുകൊണ്ട് ലോകത്തെ രണ്ടായി വിഭജിച്ചു എന്നതാണ്. അവര്‍ ചെയ്ത മനുഷ്യത്വം മരവിപ്പിക്കുന്ന ക്രൂരതകള്‍ കണ്ട് ഒരു നിമിഷത്തേക്കെങ്കിലും പകച്ചുപോയ ലോകം വളരെ വേഗംതന്നെ മതത്തിന്റെയും ചരിത്രപരമായ ഭൂമിയുടെ അവകാശത്തിന്റെയും പേര് പറഞ്ഞു രണ്ടായി തിരിഞ്ഞു. കൊല്ലപ്പെട്ട കുട്ടികളടക്കമുള്ളവരും കൊല്ലപ്പെടാനായി തടവിലാക്കപ്പെട്ടവരും ഭക്ഷണവും വെള്ളവുമില്ലാതെ ഏത് നിമിഷവും കൊല്ലപ്പെടാനായി വിധിക്കപ്പെട്ടവരുമൊക്കെ വളരെ വേഗം ഞങ്ങളും നിങ്ങളുമായി. മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും മനുഷ്യരും രാജ്യങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇരുപക്ഷമായി തിരിഞ്ഞ് വാക്കുകള്‍കൊണ്ട് സമാന്തരമായ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ മനുഷ്യത്വത്തിന് എന്തോ സംഭവിച്ചിരിക്കുന്നു എന്ന് തോന്നുംവിധം പരസ്പരം വാക്കുകള്‍കൊണ്ട് മുറിവേല്‍പ്പിക്കുന്നു.

തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ ഇസ്രയേലിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ക്രൈസ്തവരായ നമുക്ക് കടമയുണ്ട്. കാരണം തിന്മയുടെ പ്രവര്‍ത്തനമാണ് അവിടെ നടന്നിരിക്കുന്നത്. കുട്ടികളടക്കം നിരപരാധികളായ ആയിരങ്ങള്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടു. തടവിലാക്കപ്പെട്ടു. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥന അവിടംകൊണ്ട് അവസാനിക്കരുത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളായ ആയിരങ്ങള്‍ ഗാസയിലും കുടുങ്ങി കിടക്കുകയാണ്. ഒരുപക്ഷേ പുറത്തേക്ക് പോകുവാനും സ്വതന്ത്രമായി ജീവിതം നയിക്കുവാനും ആഗ്രഹുള്ളവര്‍. എന്നാല്‍ ഇന്ന് അവര്‍ക്ക് അതിനുള്ള സാധ്യതകളില്ല, സാഹചര്യമില്ല. വിലപിക്കുന്നവരോടൊപ്പം വിലപിക്കുവാന്‍ വചനം നമ്മെ പഠിപ്പിക്കുന്നു. ഈ യുദ്ധം സൃഷ്ടിച്ചിരിക്കുന്നത് വിലാപത്തിന്റെ ദിനങ്ങളാണ്. അതില്‍ വലിയ വേദനയിലൂടെയും വിലാപത്തിലൂടെയും കടന്നുപോകുന്ന ഇസ്രായേലിലെയും പലസ്തീനിലെയും ആയിരക്കണക്കിന് ആളുകളുണ്ട്.

ഇസ്രയേലിലെയും പലസ്തീനിലെയും ഭീകരതയും യുദ്ധവും അവസാനിപ്പിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ലോകം ചെവിക്കൊണ്ടിരുന്നെങ്കില്‍! ‘ഭീകരതയും യുദ്ധവും ഒരു പ്രശ്‌നവും പരിഹരിക്കില്ല, മറിച്ച് നിരപരാധികളായ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതങ്ങളും മരണവും മാത്രമേ നല്‍കൂ. ഇരകളുടെ ബന്ധുക്കളോട് ഞാന്‍ ഐകദാര്‍ഢ്യം പ്രകടിപ്പിക്കുന്നു, ഭീകരതയും വേദനയും അനുഭവിക്കുന്ന എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിക്കുകയാണ്. ദയവായി ആക്രമണങ്ങളും ആയുധങ്ങളുടെ ഉപയോഗവും നിര്‍ത്തട്ടെ. തീവ്രവാദവും യുദ്ധവും പരിഹാരങ്ങളൊന്നും കൊണ്ടുവരുന്നില്ല, മറിച്ച് നിരവധി നിരപരാധികളുടെ മരണത്തിനും കഷ്ടപ്പാടുകള്‍ക്കും മാത്രമേ കാരണമാകുകയുള്ളൂ. എല്ലാ യുദ്ധങ്ങളും പരാജയമാണ്. ഇസ്രയേലിലും പലസ്തീനിലും സമാധാനമുണ്ടാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം’ എന്നും മാര്‍പാപ്പ ഓര്‍മിപ്പിക്കുകയുണ്ടായി.

യുക്തിയോ സമാധാന ചര്‍ച്ചകളോ ഒന്നും ഫലം കാണാത്ത ഈ സമയം ക്രൂശിതനിലേക്ക് നമുക്ക് കണ്ണുകള്‍ തിരിക്കാം. യേശുവിന്റെ മനുഷ്യാവതാര മരണോത്ഥാന രഹസ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വിശുദ്ധനാട് ഇന്ന് കലാപഭൂമിയാണ്. യേശുവിനെ രക്ഷകനായി മനസിലാക്കുകയോ അറിയുകയോ ചെയ്യാത്തവരാണ് ഇരുപക്ഷത്തുമുളളവര്‍ എന്നതുകൊണ്ട് തന്നെ ക്രൈസ്തവരുടെ ഉത്തരവാദിത്വം വര്‍ധിക്കുന്നു. അവര്‍ക്കുവേണ്ടി കൂടി ദൈവത്തോട് മാപ്പപേക്ഷിക്കാനും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാനുമുള്ള ചുമതല നമുക്കുണ്ട്. വലിയ വേദനയോടെ തന്നെ ദൈവത്തിന്റെ മുമ്പില്‍ വിശുദ്ധനാടിനുവേണ്ടി പ്രാര്‍ത്ഥിക്കാം. വിവരിക്കാനാവാത്ത സഹനങ്ങളിലൂടെ കടന്നുപോകുന്ന അവിടുത്തെ മനുഷ്യരെ സമര്‍പ്പിക്കാം. സമാധാനത്തിന്റെ രാജകുമാരനായ യേശുവിന്റെ ശക്തി – ശത്രുക്കളോട് ക്ഷമിക്കാന്‍ കൃപ നല്‍കുന്ന ശക്തി – വിശുദ്ധ നാട്ടില്‍ വ്യാപരിക്കട്ടെ. ഇരുപക്ഷങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ശത്രുത അവസാനിച്ച് സൗഹൃദവും സ്‌നേഹവും സാധ്യമാകട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?